ദാമ്പത്യം എപ്പോഴും വിജയകരമായി തന്നെ പോകണമെന്നില്ല, പാതിവഴിയിൽ രണ്ടുവഴിക്കു നീങ്ങുന്ന കുടുംബ ജീവിതങ്ങൾക്കും നാം സാക്ഷ്യം വഹിക്കാറുണ്ട്. ഒന്നായി ജീവിച്ചവർ രണ്ടു ധ്രുവങ്ങളിലേക്കു നീങ്ങുന്നതോടെ പലപ്പോഴും മാനസികമായും അകലാറുണ്ട്, അവർ മറ്റൊരു വിവാഹം കഴിച്ചു പുതിയ കുടുംബ ജീവിതം തുടങ്ങിയാൽപ്പോലും പരസ്പരം ക്ഷമിക്കാതെ പഴിചാരുന്നവര്‍ ഏറെയാണ്. അത്തരക്കാർ കണ്ടിരിക്കേണ്ട ഒരു ഫേസ്ബുക് പോസ്റ്റാണ് ഇന്നു വൈറലാകുന്നത്. മുൻ ഭർത്താവിന്റെ ഭാര്യയെ ജീവനോളം സ്നേഹിക്കുന്ന ആ സ്ത്രീയുടെ പേര് ഹെയ്‌ലി.
മുൻഭർത്താവിന്റെ ഇപ്പോഴത്തെ ഭാര്യയായ ഡക്കോട്ടയെ പ്രകീർത്തിച്ചുള്ളതാണ് ഹെയ്‌ലിയുടെ ഫേസ്ബുക് പോസ്റ്റ്. തന്റെ മകളെ ജന്മം നൽകിയ കുഞ്ഞിനെപ്പോലെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഡക്കോട്ടയോട് എന്നെന്നും കടപ്പെട്ടിരിക്കുമെന്നു പറയുന്നു ഹെയ്‌ലി. മകളെ വളർത്തുന്ന, അവൾക്കു നല്ലപാഠങ്ങൾ ചൊല്ലിക്കൊടുക്കുന്ന ഡക്കോട്ട ഒരിക്കലും അവളുടെ രണ്ടാനമ്മയാണെന്നു തനിക്കു തോന്നിയിട്ടില്ലെന്നും അവരെ അവൾ മമ്മി എന്നു വിളിക്കുന്നതിൽ തനിക്കൊരു പ്രശ്നവും തോന്നാറില്ലെന്നും ഹെയ്‌ലി പറയുന്നു.
തന്റെ മകൾക്ക് നല്ല ഒരമ്മയെ കിട്ടിയതിൽ താൻ ഭാഗ്യവതിയാണെന്നും ഡക്കോട്ട എന്നും തന്റെ സുഹൃത്തായിരിക്കുമെന്നും ഹെയ്‌ലി പറയുന്നു. മനം തുറന്നെഴുതിയ ഹെയ്‌ലിയുടെ ഫേസ്ബുക് പോസ്റ്റിനു മറുപടിയുമായി ഡക്കോട്ടയും വന്നു. തന്നെ സ്വീകരിച്ച, റേച്ചൽ എന്ന മകളെ സ്വന്തം കുഞ്ഞിനെപ്പോലെ സ്നേഹിക്കാൻ അനുവദിക്കുന്ന ഹെയ്‌ലിയോട് എത്ര നന്ദി പറഞ്ഞാലും തീരില്ലെന്നാണ് ഡക്കോട്ട പറഞ്ഞത്. ഹെയ്‌ലിയുടെ ഫേസ്ബുക് പോസ്റ്റിലേക്ക്...
''ആളുകൾ പലപ്പോഴും എന്നോടു ചോദിച്ചിട്ടുണ്ട്, എങ്ങനെയാണ് മുൻഭർത്താവും അദ്ദേഹത്തിന്റെ ഭാര്യയും ഞാനും എന്റെ ഭർത്താവും ഇത്ര സുഗമമായി രക്ഷകർത്തൃത്വം നിറവേറ്റുന്നതെന്ന്. എന്റെ ഉത്തരം ലളിതമാണ്, എന്തെന്നാൽ ഞങ്ങൾ മകളെ അത്രത്തോളം സ്നേഹിക്കുന്നു. ഞങ്ങളെല്ലാം അവളെ ഒരുപോലെ സ്നേഹിക്കുന്നു, ആർക്കും അതിനെ തടയാനുമാകില്ല.
എന്റെ മകൾ അവളുടെ രണ്ടാനമ്മയെയും മമ്മി എന്നാണു വിളിക്കുന്നത്. എനിക്കതിൽ യാതൊരു പ്രശ്നവുമില്ല, കാരണം മകൾ അവളെ അത്രത്തോളം സ്നഹിക്കുന്നുണ്ട്. അവൾക്കു വേണ്ടി എല്ലാസമയവും കൂടെയുണ്ട്, അവളെ പരിചരിക്കുന്ന, അവൾക്കൊപ്പം കളിക്കുന്ന, എങ്ങനെ പെരുമാറണമെന്നു പഠിപ്പിക്കുന്ന, ജീവിതത്തെക്കുറിച്ചു പഠിപ്പിക്കുന്ന, ഉറങ്ങുംമുമ്പ് കെട്ടിപ്പിടിച്ച് ഉമ്മകൾ നൽകുന്ന, ഒരമ്മയെപ്പോലെ എല്ലാം ചെയ്യുന്ന അവളുടെ മമ്മി. ജന്മം നല്‍കാത്ത ഒരു കുഞ്ഞിനെ സ്വന്തമായി കണ്ട് അവളുടെ അമ്മയാകാൻ വളരെ കുറച്ചു മാത്രമേ കഴിയൂ.
എന്റെ കുഞ്ഞിനെക്കൊണ്ട് വേറൊരു സ്ത്രീയെ മമ്മി എന്നു വിളിപ്പിക്കില്ലെന്ന് പല സ്ത്രീകളും പറയുന്നതു കേട്ടിട്ടുണ്ട്. പക്ഷേ അതു നിങ്ങളുടെ സ്വാർഥതയാണ്. നിങ്ങളുടെ മകളെ സ്വന്തം കുഞ്ഞിനെപ്പോലെ സ്നേഹിക്കാനും അവരെ വളർത്താനും ഉതകുന്ന ഒരു സ്ത്രീയെ നിങ്ങളുടെ മുൻഭർത്താവിനു കിട്ടിയാൽ എന്തുകൊണ്ട് അവർ സ്നേഹിക്കുന്ന ആ സ്ത്രീയെ മമ്മി എന്നു വിളിക്കാൻ മാത്രം അനുവദിക്കുന്നില്ല? ഞാനൊരിക്കലും എന്റെ മകളോടു പറഞ്ഞിട്ടില്ല രണ്ടാനമ്മയെ മമ്മി എന്നു വിളിക്കരുതെന്ന്, കാരണം അതവളെ ഒരുപാടു വേദനിപ്പിക്കും.
മകൾ മാത്രമല്ല അവളുടെ രണ്ടാനമ്മയെ സ്നേഹിക്കുന്നത്, എനിക്കും അവരെ ഒരുപാടിഷ്ടമാണ്. അവൾ എന്റെ നല്ല സുഹൃത്തുക്കളിലൊരാളാണ് പല കാര്യങ്ങളിലും ഞാൻ അവളെ ആശ്രയിച്ചിട്ടുണ്ട്. എനിക്കറിയാവുന്ന കരുത്തരായ സ്ത്രീകളിലൊരാളാണ് അവൾ, ഞാൻ എന്നും അവളോടു കടപ്പെട്ടിരിക്കും. ഒന്നിലധികം രക്ഷിതാക്കൾക്കിടയിൽ സമാധാനപൂർണമായ പാരന്റിങ് സാധ്യമല്ലെന്ന് എന്നോടു പറയരുത്, കാരണം എനിക്കറിയാം അതു സാധ്യമാണെന്ന്, ഞാൻ എന്നും അതു ചെയ്യുന്നുമുണ്ട്.
ചിത്രത്തിലുള്ളത് ഞങ്ങളുടെ മകളും അവളുടെ രണ്ട് അമ്മമാരുമാണ്. സ്കൂളിലെ ആദ്യദിനത്തിൽ അവളെ കൈകോർത്തുപിടിച്ച് സ്കൂളിലേക്കു നയിക്കുക്കയാണവർ''. ഹെയ്‌ലിയുടെ ഹൃദ്യമായ ഫേസ്ബുക് പോസ്റ്റിനു മറുപടിയുമായി മുൻഭർത്താവിന്റെ ഭാര്യയായ ഡക്കോട്ട പിറ്റ്മാനും രംഗത്തെത്തി. തന്നെ വാനോളം പുകഴ്ത്തിയ, ഇത്രമേൽ സ്നേഹിക്കുന്ന ഹെയ്‌ലിക്കു സ്നേഹത്തിൽ ചാലിച്ച മറുപടിയാണ് ഡക്കോട്ട നൽകിയത്.
'' ഞാൻ നിന്നെ ഒരുപാടു സ്നേഹിക്കുന്നുണ്ട്, നിന്നെ എന്റെ ജീവിതത്തിൽ ലഭിച്ചതുതന്നെ അനുഗ്രഹമായാണു കാണുന്നത്. നിങ്ങളില്ലായിരുന്നുവെങ്കിൽ ഞാൻ എങ്ങനെ പല കാര്യങ്ങളെയും തരണം ചെയ്യുമായിരുന്നുവെന്ന് എനിക്കറിയില്ല. എന്നെ സ്വീകരിക്കുന്നതിലും റേച്ചലിനെ എന്റെ സ്വന്തം മകളെപ്പോലെ സ്നേഹിക്കാൻ അനുവദിക്കുന്നതിലും ഒരുപാടു നന്ദി. നിങ്ങൾ എന്റെ കുടുംബം തന്നെയാണ്. ഒരുപാട് അമ്മമാർക്കൊന്നും ഇങ്ങനെയാകുവാൻ കഴിയില്ല. നിനക്കും റേച്ചലിനും എത്ര നന്ദി പറഞ്ഞാലും തീരില്ല.''
Read more: Lifestyle Malayalam Magazine