ഒരു സുജാത, കുറെ ‘സുജാത’മാരും

ആലുവ സ്വദേശി ശ്രീലതയുടെ സഹായി മണിമേഖലയ്ക്ക് മലയാളം അത്ര പോര. അതുകൊണ്ടുതന്നെ മലയാള സിനിമയും  കാണാറില്ല. പക്ഷേ മണിമേഖലയ്ക്ക് ഒരു മലയാള നടിയെ മാത്രം അറിയാം. ‘പച്ചക്കറി അക്ക’യെന്നാണു വിളിക്കുന്നത്. പച്ചക്കറി അക്കയോട് മണിമേഖലയ്ക്കു സ്നേഹം മാത്രമല്ല, ബഹുമാനവുമുണ്ട്. കാരണം ഇതുവരെ വച്ചുണ്ടാക്കിയതൊക്കെ വിഷമുള്ള പച്ചക്കറിയായിരുന്നതെന്ന ബോധ്യം  വന്നത് ഈ അക്കയുടെ ‘ഹൗ ഓൾഡ് ആർ യൂ ’സിനിമ കണ്ടിട്ടാണ്. 

ഇപ്പോൾ പച്ചക്കറി കൃഷി കൂടി തുടങ്ങിയ മണിമേഖലയെന്ന ആരാധിക  മഞ്ജുവാരിയരെ  നേരിട്ടു കണ്ടപ്പോൾ തമിഴിലങ്ങ് പേശി. നാഗർകോവിലിലെ കുട്ടിക്കാലവും പാട്ടിയും കല്യാണിയും തുടങ്ങിയുള്ള വീട്ടുജോലിക്കാരെയും സ്നേഹത്തോടെ ഓർത്ത് മഞ്ജു നല്ല തമിഴിൽ മണിമേഖലയോടും സംസാരിച്ചു. 

ഒരുപാട് സുജാതമാരെ കെട്ടിപ്പിടിച്ചും മുത്തം കൊടുത്തും  സുജാത സ്നേഹത്തിന്റെ, കരുതലിന്റെ നല്ല ഉദാഹരണമായി മാറി. അടുക്കളയിൽ നിന്ന് അരങ്ങത്തെത്തിയതിന്റെ പകപ്പിൽ നിന്നവർക്ക് മുന്നിൽ  മഞ്ജു കൊച്ചനുജത്തിയെപ്പോലെ ചേർന്നു നിന്നു.

നമുക്കു ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ നമുക്കുവേണ്ടി ചെയ്തു തരുന്ന വീട്ടുജോലിക്കാരെ സഹായികളെന്നു മാത്രമേ വിളിക്കാവൂ എന്ന് ‘മെയ്ഡ് ഫോർ ഈച്ച് അദർ’ സെൽഫി മത്സരത്തിലെ വിജയികളുമൊത്തുള്ള വേദിയിൽ മഞ്ജു വാരിയർ പറഞ്ഞു. മലയാള മനോരമയും  മഞ്ജു നായികയായ ‘ഉദാഹരണം സുജാത ’സിനിമയും ചേർന്നാണ് പുതുമയാർന്ന മൽസരമൊരുക്കിയത്. 

വീട്ടമ്മമാരും അവരുടെ സഹായികളുമായി 20 പേരാണ് സെൽഫി മത്സരത്തിൽ വിജയികളായത്. ബഹുമാനവും സ്നേഹവും മാത്രമാണു ജോലിക്കാരോടുള്ളതെന്നും അവരുടെ ജീവിതം   സുജാതയിലൂടെ അനുഭവിച്ചറിഞ്ഞെന്നും മഞ്ജു  പറഞ്ഞു. ഒരു ദിവസം തന്നെ ആറും ഏഴും വീടുകളിൽ  ഓടിനടന്നു ജോലി ചെയ്തു മകളെ വളർത്തുന്നവളാണ്  മഞ്ജുവിന്റെ സുജാത .  

20 വർഷം മുൻപ് പ്രസവത്തോടെ സ്പൈനൽ കംപ്രഷൻ വന്നു നെഞ്ചിനു താഴേക്കു തളർന്നുപോയ കേരള യൂണിവേഴ്സിറ്റി മുൻ ബാസ്കറ്റ് ബോൾ ക്യാപ്റ്റൻ ഫാൻസി ബാബുവിനു മിനി ഒരു വീട്ടുജോലിക്കാരി മാത്രമല്ല, തുണ കൂടിയാണ്. ഭർത്താവിനും മക്കൾക്കും ഒപ്പം മിനി നൽകുന്ന പിന്തുണയും ഫാൻസിക്കു കരുത്തു പകരുന്നുണ്ട്. വീൽചെയറിൽ ഇരുന്നും പാചകം ഉൾപ്പടെയുള്ള ജോലികൾ ആസ്വദിച്ചു ചെയ്യുന്ന ഫാൻസിക്ക് എല്ലാ സൗകര്യങ്ങളും എത്തിച്ചുകൊടുക്കുകയാണു മിനിയുടെ ജോലി. 

നാൽപതു  വർഷം മുൻപു വീട്ടിലെത്തിയ ചിന്നയെ സോഫി കല്യാണം കഴിഞ്ഞു വന്നപ്പോൾ മുതൽ കാണുന്നതാണ്. എന്തിനും ഏതിനും ചിന്ന സോഫിക്കൊപ്പമുണ്ട്. സുജാതയുടെ വിശേഷങ്ങളുമായി മഞ്ജു മുന്നിലെത്തിയപ്പോൾ ചിന്നയ്ക്ക് ഒരേ വാശി; മഞ്ജു  വീട്ടിൽ വരണം. നല്ല മാമ്പഴപ്പുളിശേരി ഉണ്ടാക്കിക്കൊടുക്കാമെന്നായിരുന്നു പ്രലോഭനം.

ഓരോരുത്തർക്കും ജീവൻ തുടിക്കുന്ന ഓരോ കഥകൾ  സുജാതയോടു പറയാനുണ്ടായിരുന്നു. ചിലർക്ക് മഞ്ജുവിനെ ഒന്നു കണ്ടാൽ മാത്രം മതിയായിരുന്നു. ചിലർ കൈയിൽ തൊട്ടു, കവിളിൽ ചുംബിച്ചു. ഒരു വീട്ടിൽ തന്നെ 40 വർഷത്തിലേറെയായി ജോലി ചെയ്യുന്നവർ വരെ പരിപാടിക്ക് എത്തിയിരുന്നു. വീട്ടമ്മമാർക്കു മിക്സിയും സഹായികൾക്ക്  10000 രൂപ വീതം കാഷ് അവാർഡും സമ്മാനമായി നൽകി. 

Read more- Lifestyle Trending News in Malayalam