പ്രണയ സാഫല്യത്തിന്റെ 26–ാം വർഷം, സിനിമപോലെ ഷാരൂഖ്–ഗൗരി ജീവിതം!

ഷാരൂഖും ഗൗരിയും

ബിടൗണിലെ പെര്‍ഫെക്റ്റ് ദമ്പതികൾ എന്നു വേണമെങ്കിൽ ഷാരൂഖ് ഖാനെയും ഭാര്യ ഗൗരി ഖാനെയും വിളിക്കാം. 1991 ഒക്ടോബർ 25ന് വിവാഹിതരായ ഇരുവരും ഇന്ന് ഇരുപത്തിയാറാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. ഷാരൂഖിന്റെയും ഗൗരിയുടെയും പ്രണയവും വിവാഹവുമെല്ലാം അക്ഷരാർഥത്തിൽ ഒരു സിനിമാക്കഥയ്ക്കു തുല്യമായിരുന്നു. 

ഒരു കോമൺ സുഹൃത്തിന്റെ പാർട്ടിയിൽ പങ്കെടുക്കുന്നതിനിടെയാണ് ഷാരൂഖ് ഗൗരിയെ കാണുന്നത്. കണ്ടമാത്രയിൽ തന്നെ താരത്തിന് ഗൗരിയോടു പ്രണയവും േതാന്നി, അന്നു ഷാരൂഖിന്റെ പ്രായം വെറും പതിനെട്ടായിരുന്നു. ഒരാൺകുട്ടിക്കൊപ്പം നൃത്തം ചെയ്യുകയായിരുന്നു ഗൗരിയോട് നാണക്കാരനായിരുന്നെങ്കിലും സർവധൈര്യവുമെടുത്ത് തനിക്കൊപ്പം നൃത്തം ചെയ്യുന്നോ എന്നു ഷാരൂഖ് ചോദിച്ചു. എടുത്തടിച്ചതു പോലെ താൽപര്യമില്ലെന്ന് ഗൗരിയുടെ മറുപടി വന്നു, കൂട്ടത്തിൽ താൻ തന്റെ ബോയ്ഫ്രണ്ടിനെ കാത്തു നിൽക്കുകയാണെന്നൊരു വാചകവും. പക്ഷേ ഗൗരി പറഞ്ഞതു കള്ളമായിരുന്നുവെന്നു മാത്രമല്ല ഒപ്പം കളിച്ചിരുന്ന ആ പയ്യൻ അവളുടെ സഹോദരനുമായിരുന്നു. പിന്നീട് അറിഞ്ഞപ്പോൾ ഗൗരിയെ തപ്പിപ്പിടിച്ച് തന്നെയും ഒരു സഹോദരനാക്കാമോ എന്നു ചോദിച്ചിരുന്നുവെന്ന് ഒരു അഭിമുഖത്തിൽ ഷാരൂഖ് പറഞ്ഞിരുന്നു. 

രാളില്ലാതെ മറ്റൊരാൾക്കു ജീവിക്കാൻ കഴിയില്ലെന്നു ബോധ്യം വന്ന ആ നിമിഷത്തിലാണ് അവർ വിവാഹിതരാകാൻ തീരുമാനിക്കുന്നത്...

ഷാരൂഖിന്റെ പ്രകൃതവും ആത്മവിശ്വാസവും സ്റ്റൈലിഷ് ലുക്കുമൊക്കെ ഗൗരിയെ ആകർഷിച്ചിരുന്നു, പതിയെ ഗൗരിയും തനിക്കിഷ്ടമാണെന്ന് അറിയിച്ചു. പ്രണയിച്ചു കൊണ്ടിരിക്കെയാണ് ഷാരൂഖ് എത്രമാത്രം പൊസസീവ് ആണെന്ന് ഗൗരി തിരിച്ചറിയുന്നത്. ഗൗരി മറ്റ് ആൺസുഹൃത്തുക്കളോട് മിണ്ടുന്നത്പോലും ഷാരൂഖിന് ഇഷ്ടമല്ലായിരുന്നു. ഇതു മനസ്സിലായതോടെ ബന്ധം അവസാനിപ്പിക്കാൻ ഗൗരി തീരുമാനിച്ചു. ഷാരൂഖിനൊപ്പം തന്റെ പിറന്നാൾ ആഘോഷിച്ചതിന്റെ പിറ്റേനാൾ ഗൗരി ഷാരൂഖിനെ അറിയിക്കാതെ സുഹൃത്തുക്കൾക്കൊപ്പം മുംബൈയിൽ നിന്നു പോയി. 

ഗൗരിയുടെ വേർപിരിയൽ ഷാരൂഖിനു താങ്ങാവുന്നതിനും അപ്പുറമായിരുന്നു. അമ്മയോട് വളരെ അടുപ്പമുണ്ടായിരുന്ന ഷാരൂഖ് സംഭവിച്ചതെല്ലാം തുറന്നു പറഞ്ഞു. ഗൗരിയെ കണ്ടെത്താനായി പോകാനുള്ള പണം അമ്മ നൽകി. ഷാരൂഖും സുഹൃത്തുക്കളും ചേർന്ന് നഗരം മുഴുവൻ തിരഞ്ഞെങ്കിലും ഗൗരിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ , വിശ്രമിക്കാതെ ന‌ടത്തിയ ആ തിരച്ചിലിനൊടുവിൽ ഒരു ബീച്ചിൽ വച്ചു ഗൗരിയെ കണ്ടെത്തി. കണ്ടമാത്രയിൽ പരസ്പരം അവർ പുണർന്ന് കരഞ്ഞു. ഒരാളില്ലാതെ മറ്റൊരാൾക്കു ജീവിക്കാൻ കഴിയില്ലെന്നു ബോധ്യം വന്ന ആ നിമിഷത്തിലാണ് അവർ വിവാഹിതരാകാൻ തീരുമാനിക്കുന്നത്. 

ഷാരൂഖും ഗൗരിയും മക്കളായ ആര്യനും സുഹാനയ്ക്കും അബ്റാമിനുമൊപ്പം

പ്രണയം വീട്ടിൽ അറിഞ്ഞെങ്കിലും ഇരുവരും ഇരുമതത്തിൽ പെട്ടവരായത് തുടക്കത്തിൽ ചില പ്രശ്നങ്ങൾ സൃഷ്ടിച്ചു. അതിലുപരി ഇരുവർക്കും വിവാഹിതരാകാൻ മാത്രം പക്വതയില്ലെന്നായിരുന്നു വീട്ടുകാരുടെ വാദം. മറ്റൊരു മതത്തിൽപെട്ട, സിനിമാ മേഖലയില്‍ നിന്നുള്ള യുവാവിനു വിവാഹം കഴിപ്പിക്കാൻ വീട്ടുകാർക്കു തീരെ താൽപര്യമില്ലായിരുന്നുവെന്നു ഗൗരി പറഞ്ഞിട്ടുണ്ട്. പക്ഷേ അഞ്ചു വർഷത്തോളം പൊന്നുപോലെ കൊണ്ടു നടന്ന പ്രണയം ആർക്കു വേണ്ടിയും വിട്ടുകൊടുക്കാൻ ഷാരൂഖ് തയാറല്ലായിരുന്നു. ഒടുവിൽ മക്കളുടെ ഇഷ്ടത്തിനു മുന്നിൽ ആ മാതാപിതാക്കൾ വഴങ്ങുക തന്നെ ചെയ്തു. 1991 ഒക്ടോബർ 25ന് ഷാരൂഖ് ഗൗരിയുടെ കഴുത്തിൽ മിന്നണിയിച്ചു. 

ഇന്ന് വിവാഹം കഴിഞ്ഞ് ഇരുപത്തിയഞ്ചു വർഷത്തിനിപ്പുറവും ഇരുവരും അഗാധമായി പ്രണയിച്ചു കൊണ്ടേയിരിക്കുകയാണ്. ആര്യൻ, സുഹാന, അബ്റാം എന്നീ മൂന്നുമക്കളുടെ മാതാപിതാക്കളുമായി. ഈഗോയുടെയും തെറ്റിദ്ധാരണകളുടെയും പുറത്ത് വിവാഹ മോചനത്തിന് ഇറങ്ങിപ്പുറപ്പെടുന്നവർക്കൊരു മാതൃകയാണ് ഈ ദമ്പതികൾ. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam