എന്റെ എല്ലാം നിന്റേതല്ല, ജീവിതപങ്കാളിയെ ഈ കാര്യങ്ങളിൽ വിലയിരുത്തരുതേ...

കഴിഞ്ഞ കാലത്തെ പ്രണയത്തെ ഓര്‍ത്ത് ആരും കുറ്റബോധപ്പെടേണ്ട കാര്യമില്ല

വിവാഹം ജീവിതത്തിലെ നിര്‍ണ്ണായക ചുവട് വയ്പാണ്. വിവാഹത്തിന് മുന്‍പേ ഭാവി ജീവിത പങ്കാളിയെ അറിയാനും മനസ്സിലാക്കാനും എല്ലാവരും ശ്രമിക്കാറുണ്ട്. ഇങ്ങനെയുള്ള ശ്രമത്തില്‍ താഴെ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനമാക്കി അവരെ വിലയിരുത്താനോ അവരെക്കുറിച്ച് മുന്‍ധാരണകള്‍ ഉണ്ടാക്കാനോ നിങ്ങള്‍ ശ്രമിക്കരുത്. കാരണം ഇനി പറയാന്‍ പോകുന്ന 7 കാര്യങ്ങള്‍ അവരുടെ വ്യക്തിത്ത്വത്തെ നിര്‍ണ്ണയിക്കുന്നവ ആകണമെന്നില്ല. 

1. കന്യകാത്വം

ഇത് പ്രധാനമായും പുരുഷന്‍മാര്‍ക്കുള്ള മുന്നറിയിപ്പാണ്. ഏതാനും തുള്ളി രക്തത്തിന്റെ പേരിലാകരുത് നിങ്ങള്‍ നിങ്ങളുടെ ഭാവി പങ്കാളിയെ വിലയിരുത്തുന്നത്. അവരുടെ സ്വഭാവമോ, അവരുടെ ബന്ധങ്ങളോ ഒന്നും ഇതിനെ അടിസ്ഥാനമാക്കിയുള്ള മുന്‍ധാരണയുടെ പേരില്‍ വിലയിരുത്താതിരിക്കുക. 

2. മുന്‍പുണ്ടായിരുന്ന ബന്ധങ്ങള്‍

കഴിഞ്ഞ കാലത്തെ പ്രണയത്തെ ഓര്‍ത്ത് ആരും കുറ്റബോധപ്പെടേണ്ട കാര്യമില്ല. അത് പോലെ തന്നെയാണ് തന്റെ ഭാവി പങ്കാളി മുന്‍പ് പ്രണയിച്ചിരുന്നല്ലോ എന്നോര്‍ത്ത് വിലയിരുത്തേണ്ടതും ഇല്ല. പ്രണയം വളരെ സ്വാഭാവികമായി സംഭവിക്കുന്ന മനോഹരമായ അനുഭവമാണ്. അതിനെ എല്ലാവരുടെയും ജീവിതത്തിന്റെ ഒരു ഭാഗമായി മാത്രം കാണുക.

3. അവര്‍ അവര്‍ക്കായി മാറ്റി വക്കുന്ന സമയം

വിവാഹം കഴിഞ്ഞാല്‍ എന്റെ എല്ലാം നിന്റേതെന്ന് പറയാന്‍ എല്ലാം എളുപ്പമാണ്. പക്ഷെ ഇടയ്ക്കെങ്കിലും ഒറ്റക്കിരിക്കാന്‍, ആ ഏകാന്തത ആസ്വദിക്കാന്‍ ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. ജീവിതപങ്കാളി ഒറ്റക്കിരിക്കാന്‍ ആവശ്യം പ്രകടിപ്പിച്ചാല്‍ അതിനെ തന്റെ കുഴപ്പമായോ, തന്റെ സാമീപ്യം മടുത്തിട്ടാണെന്ന് വിചാരിക്കുകയോ ഒന്നും വേണ്ട. അവര്‍ ആ സമയത്ത് അവര്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ അത് എഴുത്തായാലും, യോഗയായാലും. സംഗീതമായാലും അവര്‍ ആസ്വദിച്ച് ചെയ്യുന്നതില്‍ സന്തോഷിക്കുക

4.അവരുടെ മാതാപിതാക്കള്‍

വിവാഹം കഴിഞ്ഞാല്‍ എല്ലാം നമ്മുടേത് മാത്രം എന്ന് ചിന്തിക്കുന്നത് പിന്നീടുള്ള കാര്യങ്ങള്‍ അത്ര ശുഭകരമാക്കില്ല. രണ്ട് പേരും രണ്ട് വ്യക്തിത്ത്വങ്ങളാണെന്നും അവര്‍ക്ക് അവരവരുടെ മാതാപിതാക്കളോട് സ്നേഹവും മാതാപിതാക്കളുടെ കാര്യത്തില്‍ ഉത്തരവാദിത്ത്വവും ഉണ്ടെന്ന് മനസ്സിലാക്കുക. ഏതെങ്കിലും സമയത്ത് നിങ്ങളേക്കാള്‍ പ്രധാന്യം മാതാപിതാക്കള്‍ക്ക് നല്‍കിയാലും ആ സാഹചര്യത്തിന്റെ ആവശ്യം മനസ്സിലാക്കാന്‍ ശ്രമിക്കുക.

5. സ്വാതന്ത്ര്യം

ഇക്കാര്യത്തിലും രണ്ട് വ്യക്തികളുടെ ജീവിതമാണെന്ന ബോദ്ധ്യത്തോടെ സമീപിക്കുന്നതാണ് ഉചിതം. നിങ്ങള്‍ വിവാഹം കഴിക്കുന്നവര്‍ അത് സ്ത്രീയായലും പുരുഷനായാലും ഒരു സ്വതന്ത്രനായ മനുഷ്യനെയാണ്. അവരുടെ സ്വാതന്ത്ര്യത്തെയും തിരഞ്ഞെടുപ്പുകളെയും നിങ്ങള്‍ അംഗീകരിക്കുക വേണ്ടത്. 

6. അവരുടെ വരുമാനം

ജീവിത പങ്കാളിയുടെ വരുമാനത്തെ നിങ്ങളുടെ മാത്രം വരുമാനമായി കാണാതിരിക്കുക. അതായത് വരുമാനം മാത്രം പ്രതീക്ഷിച്ച് ഒരാളെ വിവാഹം കഴിക്കാതിരിക്കുക എന്നര്‍ത്ഥം. അവരുടെ വരുമാനം എന്നത് നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രം ചിലവഴിക്കാനോ, സമ്പാദിക്കാനോ ആണെന്ന് കരുതരുത്. വരുമാനത്തിന്റെ പങ്ക് അവര്‍ അവരുടെ സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കുന്നവരായിരിക്കും. സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര പോകാനോ, അച്ഛനും, അമ്മയ്ക്കും നല്കാനോ ഒക്കെയായി അവര്‍ വരുമാനത്തിന്റെ ഒരു ഭാഗം ഉപയോഗിക്കുന്നതിനർഥവും അവര്‍ നിങ്ങളെ സ്നേഹിക്കുന്നില്ലെന്നോ, ഒരുമിച്ചുള്ള ജീവിതം ഇഷ്ടപ്പെടുന്നില്ലെന്നോ അല്ല.

7. വീട്ട് ജോലികള്‍ പങ്കിടുക

ഒരു പോലെ പുറത്ത് പോയി ജോലി ചെയ്യുന്ന പങ്കാളിയാണെങ്കിലും വീട്ടിലെത്തിയാല്‍ സ്ത്രീകള്‍ അവിടുത്തെ ജോലി കൂടി ചെയ്യണമെന്ന പൊതു ധാരണ ഇപ്പോഴും മാറിയിട്ടില്ല, കൂടെ വരാന്‍ പോകുന്ന ജീവിത പങ്കാളിയെക്കുറിച്ച് ഇത്തരം ധാരണകള്‍ ഉണ്ടെങ്കില്‍ അത് മാറ്റുക. വീട്ട് ജോലി ഒരുമിച്ചുള്ള ഉത്തരവാദിത്ത്വമാണെന്നും സ്ഥിരം ചെയ്യുന്ന ആള്‍ക്ക് അസുഖം വന്നാലോ, ഓഫീസില്‍ നിന്നെത്താന്‍ താമസിച്ചാലോ മാത്രം ചെയ്യേണ്ട മഹാമനസ്കത അല്ലെന്നും തിരിച്ചറിയുക

Read more on : Lifestyle Magazine, Viral stories