ക്രിസ്മസ്സിനെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ സന്തോഷത്തിന്റെയും ആഘോഷങ്ങളുടെയും ഭക്ഷണ സമൃദ്ധിയുടെയും പാതിരാകുർബാനയുടെയും കുടുംബാംഗങ്ങളുടെ കൂടിച്ചേരലുകളുടെയുമൊക്കെ ഒരു സീസൺ എന്നു തന്നെയാണ് ആദ്യം മനസ്സിലേക്കു വരുന്നത്. എല്ലാ കൊല്ലവും ആവർത്തിച്ചു വരുന്ന ഒരേ ചടങ്ങുകൾ.
അതിലെന്തെങ്കിലും മാറ്റമുണ്ടായത് ഈ രാജ്യത്തു വന്നതിന് ശേഷമാണ്. ഒരു നവംമ്പർ മാസത്തിലാണ് ഞാൻ നാടുവിട്ട് ഈ രാജ്യത്ത് എത്തിച്ചേരുന്നത്.
ജർമ്മനിയിലെ മ്യൂണിച്ചിൽ കണക്ഷൻ ഫ്ലൈറ്റിനു വേണ്ടി കാത്തിരുന്നപ്പോൾ മുതൽ തണുപ്പ് കാലത്തിന്റെ ഓർമ്മപ്പെടുത്തലുമായി പകലെപ്പോഴോ പെയ്ത മഞ്ഞിന്റെ കൂമ്പാരങ്ങൾ അവിടവിടെ കാണാമായിരുന്നു. മഞ്ഞ് എന്ന് പറഞ്ഞാൽ ക്രിസ്മസ് എന്നാണ് അന്നൊക്കെ ആദ്യം മനസ്സിൽ വരുന്നത്.
നവംബറിലേ തന്നെ പ്രൗഡിയോടെ അണിഞ്ഞൊരുങ്ങിയ അയർലണ്ട് ഒരു അത്ഭുതമായിരുന്നു അന്ന്! ഷോപ്പിങ് മാളുകളും പ്രധാന വഴിയോരങ്ങളും മാത്രമല്ല, ഓരോ വീടും അതി മനോഹരമായിത്തന്നെ ദീപാലാങ്കാരങ്ങളും നക്ഷത്രങ്ങളും സാന്താക്ലോസ്സുമാരും റെയിൻ ഡീർ ഉം എൽഫും ലെപ്രക്കോൺസും കൊണ്ടു നിറഞ്ഞു നിൽക്കും.
ടെലിവിഷനിലാണെങ്കിൽ ക്രിസ്മസ് വിഷയമായുള്ള സിനിമകളും പരസ്യങ്ങളും നിറഞ്ഞോടും.
കുട്ടികൾ വീടിന്റെ ചിമ്മിനിയ്ക്കരികിലായി വച്ചിട്ടുള്ള സാന്തായുടെ സോക്സിൽ നിവേദങ്ങൾ സമർപ്പിക്കുന്ന തിരക്കിലാവും.
ക്രിസ്മസ് ബണ്ണികൾ ചോക്ലേറ്റ് രൂപത്തിൽ ഷോപ്പുകളിൽ നിരന്നിരിക്കും.
നവംബറിലേ തുടങ്ങുന്ന ക്രിസ്മസ് ഷോപ്പിങ്ങുകൾ, പ്രിയപ്പെട്ടവർക്കായി വാങ്ങിക്കൂട്ടുന്ന ഗിഫ്റ്റുകൾ അങ്ങനെ എല്ലാരും ഉത്സാഹത്തിമിർപ്പിലായിരിക്കും എന്നത് അന്നൊരു ആശ്ചര്യമായിരുന്നു.
ഞാനന്ന് ജോലി ചെയ്തിരുന്നിടത്ത് സ്ഥിരം എനിക്കു കിട്ടുന്ന ചില രോഗികൾ ഉണ്ടായിരുന്നു. ഏറ്റവും സന്തോഷത്തിൽ അവിടത്തെ അന്തേവാസികളെ കണ്ടിട്ടുള്ളത് ക്രിസ്മസ് സമയത്താണ്.
മക്കളും മരുമക്കളും കൊച്ചുമക്കളും എല്ലാം സമ്മാനങ്ങളുമായി അവരെ കാണാൻ വരുന്നതും സമയം ചെലവഴിക്കുന്നതും പുറത്തു ഡിന്നറിനായി കൊണ്ടുപോകുന്നതും ഏറ്റവും കൂടുതൽ ക്രിസ്മസ് സമയത്ത് നടക്കുമെന്നതിനാലാണ് അവർക്ക് ഈ സമയം ഏറ്റവും പ്രിയപ്പെട്ടതാകുന്നത്.
ഏറ്റവും ആഡംബര പൂർണ്ണമായ ഒരു സ്ഥലമാണതെങ്കിലും, മുഖം ഏറ്റവും തെളിയുന്നത് പ്രിയപ്പെട്ടവരുടെ കൂടെയായിരിക്കുമെന്നുള്ളത് കണ്ടനുഭവിച്ചിട്ടുള്ളതാണ്.
അവിടെയും ചിലർ ഒറ്റപ്പെടും. പറയത്തക്ക ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാത്തവർ.
അതിലിപ്പോഴും ഓർത്തുവയ്ക്കുന്ന ഒരു മുഖമാണ് "അമേലിയ" എന്ന എൺപത്തിയഞ്ചു വയസ്സുകാരിയുടേത്.
ഇംഗ്ലീഷുകാരിയായ അവർ ഒരു ഐറിഷുകാരനെ വിവാഹം കഴിച്ച് അയർലണ്ടിലേക്കു വന്നതായിരുന്നു 1950 കളിലോ മറ്റോ. കുഞ്ഞുങ്ങളില്ലാത്ത അവർ വിധവയുമായിരുന്നു.
ആദ്യ ദിവസങ്ങളിൽ അവരുടെ മുറിയിലേക്കു ചെല്ലുമ്പോൾ ഒന്നു ചിരിക്കുക കൂടി ചെയ്യുമായിരുന്നില്ല. പൊതുവെ അവർ ഒരു കർക്കശക്കാരിയാണെന്നതും എത്ര നന്നായി ചെയ്തു കൊടുത്താലും ഒരു കുറ്റം കണ്ടുപിടിക്കും എന്നുള്ള അവരുടെ സ്വഭാവം പൊതുവെ ഒരു സംസാരവിഷയമായിരുന്നു.
പുതുതായി ചെന്ന എനിക്ക് അവരുടെ പേരുതന്നെ കിട്ടുകയും ചെയ്തു.
ചെറിയ ചില സഹായങ്ങളേ അവർക്ക് ആവശ്യമുള്ളൂ.
ആദ്യ ദിവസം അവർ ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നതിനിടെ കയറിച്ചെന്ന ഞാൻ ചോദിക്കുന്നു.
"ഡു യു മൈൻഡ് ഇഫ് ഐ മേക്ക് എ കപ് ഓഫ് ടീ ഫോർ യു.?"
(നിനക്കു വേണ്ടി ഞാനൊരു കപ്പ് ചായ ഉണ്ടാകട്ടെ എന്ന ആ ചോദ്യത്തിന് കൂർപ്പിച്ചൊരു നോട്ടമല്ലാതെ വേണമെന്നോ വേണ്ടായെന്നോ മറുപടി വന്നില്ല.)
കൈകൾക്ക് ചെറിയ ഒരു വിറയൽ ഉള്ളതുകൊണ്ട് അവർക്ക് ഒരു സഹായം കൂടിയേ തീരൂ.
അവരുടെ അനുവാദത്തിന് കാത്തു നിൽക്കാതെ റ്റീ പോട്ടിൽ നിന്ന് ചായയും അതിലേക്കു പാലും ചേർത്ത് ഒരൂഹത്തിൽ ഒരു ടീസ്പ്പൂൺ പഞ്ചസാരയും ചേർത്തുവച്ചു.
ചെറിയ കൈ വിറയലോടെ അവരതെടുത്ത് കുടിച്ചു.
വീണ്ടും കുടിച്ചു നോക്കി.
എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്,
"ദിസ് ഈസ് ദ ബെസ്റ്റ് കപ് ഓഫ് ടീ,ഐ എവർ ഹാഡ് " എന്ന് എന്നെ നോക്കി ചിരിച്ചുകൊണ്ടു പറഞ്ഞു.
എന്റെ പെറ്റമ്മ പോലും സമ്മതിക്കാത്ത ഒരു കാര്യം എവിടെയോ ഉള്ള ഒരു മദാമ്മയെക്കൊണ്ട് പറയിച്ച കാലത്തിന്റെ തമാശയോർത്ത് ഞാനൊരു നിമിഷം പുളകം കൊണ്ടു. എനിക്കവരെ കെട്ടിപ്പിടിച്ച് ഉമ്മ വച്ചാലോ എന്നുവരെ തോന്നിപ്പോയി.
ഇന്ത്യൻ ചായ ഉണ്ടാക്കുന്ന വിധമൊക്കെ പറഞ്ഞു കേൾപ്പിച്ചിട്ടാണ് ഞാനന്നു മുറിക്ക് പുറത്തു പോന്നത്.
പിന്നെപ്പിന്നെ കക്ഷിക്ക് ഓരോ വിശേഷങ്ങൾ കേൾക്കുന്നതിൽ താൽപര്യമായി.
എന്തെങ്കിലും പുതിയ വിശേഷങ്ങൾ അവരുടെ അടുത്തുപറയുക എന്നത് എന്റെയും ഒരു സന്തോഷമായി.
മിക്കവാറും അടുത്തിടെ കണ്ട സിനിമകളോ, നാട്ടിലെ വിശേഷങ്ങളോ, ആഘോഷങ്ങളോ അങ്ങനെയൊക്കെയാകും സംസാരങ്ങൾ.
എന്തായാലും പിന്നീടങ്ങോട്ട് എന്നോട് മുഖം കനപ്പിച്ച് ഒന്നും പറയാനിട വന്നിട്ടില്ല.
ചിലപ്പോഴെല്ലാം പാചകത്തെക്കുറിച്ച് സംസാരിക്കും. അമേലിയ ഒരു നല്ല കുക്ക് ആയിരുന്നു.
ഷെപ്പേർഡ്സ് പൈയും ആപ്പിൾ ടാർട്ടും ഒക്കെ ഉണ്ടാക്കുന്നതിനെക്കുറിച്ച് പറയുമ്പോൾ ചിക്കൻ കറിയെപ്പറ്റിയും പോർക്കും കൂർക്കയെയും ഒക്കെ പൊക്കിപ്പറഞ്ഞ് ഞാൻ ബാലൻസ് ചെയ്തു നിൽക്കും.
എന്റെ പാചക നൈപുണ്യം കട്ടൻ ചായ / കട്ടൻ കാപ്പി ആ ലെവലിൽ നിൽക്കുന്ന സമയമാണ് അന്ന്.
നാട്ടിൽ വച്ച് ബുദ്ധി കൂർമ്മതയും കർമ്മ കുശലതയുമൊന്നും അത്രയും വേണ്ടാത്ത മുറ്റമടി, മുറി തൂക്കൽ എന്നീ പ്രാചീനാചാരങ്ങൾ ചെയ്യുമെന്നൊഴിച്ച്,
അടുക്കളയിൽ കയറി വായയ്ക്ക് രുചിയുള്ളതൊന്നും ഉണ്ടാക്കിയതായി എന്റെ നേരിയ ഒരോർമ്മയിൽ പോലും ഇല്ലായിരുന്നു.
പക്ഷേ, ബീഫ് വരട്ടിയതിൽ ഇച്ചിരി അരപ്പു കൂടിയാലോ കുറഞ്ഞാലോ, അല്ലെങ്കിൽ പോർക്കും ചക്കയും വയ്ക്കുമ്പോൾ ചക്കയുടെ അളവ് ആനുപാതികമായി അല്‍പമൊന്നു കൂടിയാലോ മീനും മാങ്ങയും കറി വയ്ക്കുമ്പോൾ തലപ്പാല് ഇച്ചിരെ കുറഞ്ഞാലോ ഞൊടിയിട കൊണ്ടു മനസ്സിലാക്കാനുള്ള അത്ഭുത സിദ്ധി എന്റെ നാസാരന്ധ്രങ്ങൾക്കും രുചി മുകുളങ്ങൾക്കും വളരെ ചെറുപ്പത്തിലേ സിദ്ധിച്ചിരുന്നു എന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു.
അതുകൊണ്ട് തേങ്ങാപ്പാലൊഴിച്ച് ഉരുളക്കിഴങ്ങ് ഒക്കെ ഇട്ടുവയ്ക്കുന്ന നാടൻ ചിക്കൻ കറിയെയൊക്ക പറഞ്ഞ് അമേലിയയെ കൊതിപ്പിക്കുക എന്നത് എന്റെ ക്രൂരവിനോദങ്ങളിലൊന്നായിരുന്നു.
അങ്ങനെ ആ വർഷത്തെ, (ഇവിടത്തെ എന്റെ ആദ്യത്തെ )ക്രിസ്തുമസ് വന്നു.
മേൽപ്പറഞ്ഞ എല്ലാ മേളാങ്കങ്ങളോടും കൂടി എല്ലാവരും ക്രിസ്മസ് ആഘോഷങ്ങളിലേക്ക് കടന്നു.
ക്രിസ്മസിന്റെ തലേന്ന് ഉണ്ടായ വലിയ പാർട്ടിയിൽ എല്ലാവരും ആഹ്ലാദത്തോടെ പങ്കുചേർന്നു.
പിരിയുന്നതിന് മുമ്പ് അമേലിയ എനിക്കൊരു ഗിഫ്റ്റും തന്നു.
ചെറിയൊരു ക്രിസ്റ്റൽ ക്രിബ്.
അതിന്റെ ഒരു സന്തോഷത്തിൽ ഞാൻ തിരിച്ച് പറഞ്ഞു.
" ഞാനും നിനക്കായി ഒരു സമ്മാനം തരുന്നുണ്ട്. "
ഒരു നിമിഷം ചിന്തിച്ചിട്ട് അവർ പറഞ്ഞു.
"എനിക്ക് നാളെ നീ ഒരു ചിക്കൻ കറി ഉണ്ടാക്കി തരുമോ?"
ഒരു നിമിഷം എനിക്ക് ചെറിയ ഒരു ക്ഷീണം അനുഭവപ്പെട്ടു.
ചെറിയ തലകറക്കവും.
തൊണ്ടയിൽ ഒരു ചെറിയ പിടുത്തം പോലെ തോന്നുകയും ചെയ്തു എന്നു ഞാൻ സ്മരിക്കുന്നു.
പാവം, എന്റെ വാചക കസർത്ത് കേട്ട് പാചക ശിരോമണിയാണെന്ന് തെറ്റിദ്ധരിച്ച് വശമായിരിക്കുന്നു.
ഇതൊന്നും എനിക്കറിയില്ല എന്നു പറഞ്ഞാൽ, വിശ്വാസ വഞ്ചനക്കുറ്റം ചുമത്തി ഇവരുടെ തനി സ്വഭാവം നാളെ മുതൽ എന്റടുത്ത് കാണിക്കാൻ തുടങ്ങും.
എന്തായാലും ഒരു കൈ നോക്കാൻ തീരുമാനിച്ചു. വീട്ടിൽ വിളിച്ച് റെസിപ്പി എഴുതി മേടിച്ചു.
ക്രിസ്മസ്സിന്റെ അന്നു ഞാൻ ചിക്കൻ കറി ഉണ്ടാക്കാൻ തീരുമാനിച്ചു.
ഉച്ചയ്ക്ക് ട്രഡീഷണൽ ടർക്കി ഡിന്നർ ആയത് കൊണ്ട് എന്റെ പരീക്ഷണം വൈകീട്ട് ആക്കി.
ഞാൻ അന്ന് ആദ്യമായി ചിക്കൻ കറി ഉണ്ടാക്കി എന്നു മാത്രമല്ല, മഞ്ഞു പെയ്യുന്നതും ആദ്യമായി അന്നാണ് കാണുന്നത്.
കുറേയേറെ വർഷങ്ങൾക്കു ശേഷം ആ വർഷമാണ് ഒരു " വൈറ്റ് ക്രിസ്മസ് " ഉണ്ടാകുന്നതെന്ന് ആളുകൾ പറയുന്നുണ്ടായിരുന്നു.
വൈകീട്ട് ചിക്കൻ കറിയുടെ നിർമ്മാണ പ്രവർത്തനങ്ങളിലേയ്ക്ക് ഞാൻ തിരിഞ്ഞു.
എഴുതി വച്ച പോലെയും തിന്നുന്ന പോലെയും അത്ര എളുപ്പമല്ല കാര്യങ്ങൾ എന്ന് ആദ്യ കുറച്ച് മിനിട്ടുകൾക്കുള്ളിൽ വിയർത്തു നിന്ന് കൊണ്ടു ഞാൻ തിരിച്ചറിഞ്ഞു.
പക്ഷേ, സ്വതവേയുള്ള ഒരു മനോധൈര്യത്തിൽ ഞാൻ വല്ല വിധേനയും കറി അവസാന സ്റ്റേജിൽ എത്തിച്ചു. വേഗത്തിൽ എഴുതി എടുത്തതായത് കൊണ്ട് ഒരു Outline Story പോലെയാണ് പാചകക്കുറിപ്പിന്റെ എഴുത്ത്.
റെസിപ്പിയുടെ അവസാനം " പാല് ചേർക്കുക " എന്നും കണ്ടു.
അതും ചേർത്ത് ഒരു തിളകൂടി വന്ന ചിക്കൻ കറി താളിച്ച് മാറ്റി വച്ചു.
ചെറുതായി ചൂടാറിയപ്പോൾ ചോറും കറിയുമായി അവരുടെ മുറിയിൽ ചെന്നു.
മാനേജരുടെ കൈയിൽ നിന്നുംനേരത്തെ അനുവാദം കിട്ടിയിരുന്നതു കൊണ്ട് അമേലിയ കാത്തിരിക്കുന്നുണ്ടായിരുന്നു.
അവർ ചോറും കറിയും ആവേശത്തോടെ കഴിക്കുന്നത് ആത്മ നിവൃതിയോടെ ഞാൻ നോക്കി നിന്നു.
എനിക്കു കരച്ചിൽ വന്നു.
പിറ്റേന്ന് നേരം പരാ പരാ വെളുത്തപ്പം നാട്ടിലേക്ക് വിളിച്ച് മാതാവിനോട് കറി വച്ച കാര്യം പറഞ്ഞു.
"നിങ്ങൾക്ക് തേങ്ങാപ്പാല് അവിടെ കിട്ടോ?" എന്നു മാതാവ്
"എന്തൂട്ടിനാ ഇപ്പ തേങ്ങാപ്പാല്....?" ഞാൻ തിരിച്ച് ചോദിക്കുന്നു.
" അപ്പൊ നീ ചിക്കൻ കറീല് തേങ്ങാപ്പാലൊഴിച്ചില്ലേ? അവസാനം അതൊഴിക്കണന്ന് ഞാൻ പറഞ്ഞ് തന്നാർന്നല്ലോ?"മാതാവ്.
"ഓഹ്... " റെസിപ്പി ഒന്ന് കൂടി നോക്കി.
ദാണ്ടെ ഏറ്റവും താഴെ "പാലു ചേർക്കുക "
ശരിയാണല്ലോ.....
ഞാൻ പാല് ചേർത്തതാണല്ലോ....
പക്ഷേ വെപ്രാളത്തിൽ ചേർത്തത് പശൂന്റെ പാലാന്ന് മാത്രം...!
ഒരു നിമിഷം അത് കഴിച്ച അമേലിയയെക്കുറിച്ചോർത്തപ്പം ഒന്നു ഭയന്നു.
മിക്കവാറും വയറിളക്കമോ ഛർദ്ദിയോ പിടിപെട്ടിട്ടുണ്ടാകുമെന്ന ഒരു സ്വാഭാവിക സാദ്ധ്യതയെ തള്ളിക്കളയാൻ മനസ്സനുവദിച്ചില്ല.
ഡ്യൂട്ടിക്ക് ചെന്നപ്പം,നൈറ്റ് ഷിഫ്ടിലുള്ളവരോട് മയത്തിൽ ചോദിച്ചു.
അവിടെ പ്രശ്നങ്ങളൊന്നും ഉണ്ടായതായി റിപ്പോർട്ടിലില്ല.
ശങ്കിച്ച് അവരുടെ മുറിയിൽ ചെന്നു.
ആൾ മുറിയിലില്ല.
ടോയ്ലറ്റിൽ നിന്നും അസാധാരണ ശബ്ദകോലാഹലങ്ങൾ ....
പരീക്ഷിണയായി അമേലിയ ഇറങ്ങി വന്നു.
"യുവർ ചിക്കൻ കറി വാസ് റ്റൂ സ്പൈസി...
എന്റെ വയറ് പുകയുന്നു"
ഹോ... എരിവ് ആണ് പ്രശ്നക്കാരൻ.
എരിവിന്റെ അസ്വസ്ഥതയേ കക്ഷിക്കുള്ളൂ.
എങ്കിലും ചിരിച്ച് കൊണ്ടവർ പറഞ്ഞു.
"എനിക്കിഷ്ടമായി നിന്റെ "ടൈഫൂൺ " ചിക്കൻ കറി. ഇനിയും എനിക്ക് ഉണ്ടാക്കി തരണം
സമാധാനമായി.
പ്രശ്നങ്ങളൊന്നും പിന്നെ ചിക്കൻ കറി ഉണ്ടാക്കിയില്ല.
കുറച്ച് നാളിന് ശേഷം ഞാൻ പുതിയ ജോലിസ്ഥലത്തേയ്ക്ക് പോന്നു.
പിന്നീടൊരു ദിവസം വിളിച്ചപ്പോൾ അറിഞ്ഞു ഒരു തണുത്ത പ്രഭാതത്തിൽ ശാന്തമായ ഉറക്കത്തിലെന്ന പോലെ അമേലിയ കടന്ന് പോയി എന്ന്.
ഇപ്പോഴും ചില ക്രിസ്മസ് സമയങ്ങളിൽ അമേലിയയും ടൈഫൂൺ ചിക്കൻ കറിയും ക്രിസ്റ്റൽ ക്രിബുമെല്ലാം ഓർമ്മയിൽ വന്ന് പോകും.
ഒരു ചിരിയോടെ....
ഒരു വേദനയോടെ....
ചില ശേഷിപ്പുകൾ!
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam