'പ്രണവ് എന്റെ കൊച്ചു മകൻ 'ഹൃദയം തുറന്ന് കവിയൂർ പൊന്നമ്മ 

സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ നായകനായ ചിത്രം ആദി , തീയറ്ററുകളിൽ തരംഗം തീർത്ത് മുന്നേറുമ്പോൾ പ്രണവിനോടുള്ള തന്റെ വാത്സല്യം പങ്കുവയ്ക്കുകയാണ് മലയാള സിനിമയുടെ  സ്വന്തം അമ്മയായ കവിയൂർ പൊന്നമ്മ. കുറച്ചുകാലമായി വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയാണ്, എങ്കിലും പ്രണവിന്റെ ആദ്യ ചിത്രം താൻ തീയറ്ററിൽ പോയി തന്നെ കാണുമെന്ന് കവിയൂർ പൊന്നമ്മ പറയുന്നു. 

കവിയൂർ പൊന്നമ്മയുടെ ആലുവയ്ക്കടുത്തുള്ള ശ്രീപീഠം എന്ന വീട്ടിലേക്ക് ചെന്നാൽ ആദ്യം കണ്ണിൽ ഉടക്കുക മോഹൻലാലിന്റെ കുടുംബ ചിത്രമാണ്. കുസൃതിച്ചിരിയുമായി നിൽക്കുന്ന പ്രണവും വിസ്മയയും ഭാര്യ സുചിത്രയും ഒത്തുള്ള മോഹൻലാലിന്റെ ആ കുടുംബചിത്രത്തിൽ നിന്നും ആരംഭിക്കുന്നു കവിയൂർ പൊന്നമ്മക്ക് പ്രണവിനോടുള്ള പൗത്ര വാത്സല്യത്തിന്റെ കഥ.

'' പ്രണവ് എനിക്ക് കൊച്ചു മകനാണ്. അവനെ ചെറുപ്പം മുതലേ ആ നിലയ്ക്കാണ് കണ്ടു വരുന്നത്. അത്തരത്തിലുള്ള സ്നേഹവും വാത്സല്യവും ആവോളം നൽകിയിട്ടുമുണ്ട്. അവൻ സിനിമയിൽ അഭിനയിക്കുന്നു എന്ന് കേട്ടപ്പോഴേ എനിക്ക് ഉറപ്പായിരുന്നു അരങ്ങേറ്റ ചിത്രം തന്നെ കേമമായിരിക്കും എന്ന്. അച്ഛന്റെ പ്രതിഭ മകനും ലഭിച്ചിട്ടുണ്ട് എന്ന് അവൻ ആദിയിലൂടെ തെളിയിക്കുകയും ചെയ്തു. സിനിമയെക്കുറിച്ച് എല്ലാവരും നല്ല അഭിപ്രായങ്ങൾ പറയുന്നത് കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. ഒരച്ഛമ്മയുടെ സന്തോഷം !

പുതിയതായി ഇറങ്ങുന്ന സിനിമകൾ കാണാൻ ആഗ്രഹം ഉണ്ടെങ്കിലും അധികം പുറത്തൊന്നും പോകാറില്ല. എന്നാൽ പ്രണവിന്റെ ചിത്രം ഞാൻ കാണും. ആദി തീയറ്ററിൽ പോയി തന്നെ കാണണം എന്നാണ് എന്റെ  ആഗ്രഹം. ഉടനെ കാണുകയും ചെയ്യും. ഏറെ പ്രതിഭയുള്ള കുട്ടിയാണ് പ്രണവ്. ലാൽ എനിക്ക് മകനെ പോലെയാണ്, കാലങ്ങളായുള്ളതാണ് ആ കുടുംബവുമായുള്ള ബന്ധം. അതുകൊണ്ട് തന്നെ പ്രണവിന്റെ സിനിമ പ്രവേശനവും ആദ്യ ചിത്രത്തിൻറെ വിജയവും ഏറെ സന്തോഷം നൽകുന്നു .

ഡ്യൂപ്പില്ലാതെയാണ് അവൻ സിനിമയിൽ ആക്ഷൻ രംഗങ്ങൾ ചെയ്തത് എന്നത് കൂടുതൽ കൗതുകം ഉണർത്തുന്നു. ചെറുപ്പകാലം മുതൽക്കേ ഓട്ടവും ചാട്ടവും യാത്രകളും ഒക്കെ തന്നെയാണ് പ്രണവിന്റെ ലോകം. സമപ്രായക്കാരായ മറ്റു കുട്ടികളെ അപേക്ഷിച്ച് പ്രണവിന് ഒരു ശാന്ത പ്രകൃതമാണുള്ളത്. അത് തന്നെയാണ് അവനെ വ്യത്യസ്തനാക്കുന്നതും  ' കവിയൂർ പൊന്നമ്മ പറയുന്നു. 

Read more: Lifestyle Malayalam MagazineBeauty Tips in Malayalam