കാമുകിയുടെ മൃതശരീരത്തിൽ താലിചാർത്തി യുവാവ്, മരണത്തിനു മുന്നിലും തോൽക്കാത്ത പ്രണയം

കാമുകിയു‌ടെ മൃതശരീരത്തിൽ താലിചാർത്തുന്ന യുവാവ്

ഒന്നിച്ചൊരു ജീവിതം സ്വപ്നം കണ്ട് ജീവന്റെ ജീവനായി പ്രണയിച്ചു കൊണ്ടിരിക്കുന്ന നാളുകളിലൊന്നിൽ രണ്ടിലൊരാൾ വിടപറഞ്ഞാലോ? അത്തരമൊരു അവസ്ഥയ്ക്കു സാക്ഷ്യം വഹിച്ചിരിക്കുകയായിരുന്നു തമിഴ്നാട്ടുകാരനായ ഒരു യുവാവ്. എന്നാൽ കാമുകിയുടെ മൃതശരീരത്തിനു താലിചാർത്തി തന്റെ ആഗ്രഹം സാക്ഷാത്കരിച്ചിരിക്കുകയാണ് ആ കാമുകൻ. കണ്ടുനിന്ന ഓരോരുത്തരുടെയും കരളലിയിക്കുന്ന ആ ദൃശ്യങ്ങളാണ് ഇന്നു സമൂഹമാധ്യമത്തിൽ വൈറലാകുന്നത്.

മരണത്തിനു പോലും തങ്ങളുടെ പ്രണയത്തെ വേർപെടുത്താനാവില്ലെന്ന് തെളിയിക്കുന്ന കാഴ്ചയാണത്. യുവാവ് നിർവികാരനായി താലി ചാർത്തുന്നതും ബന്ധുക്കളും സുഹൃത്തുക്കളും ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. ചിലർ ഇത് തടയാനും ശ്രമിക്കുന്നുണ്ട്. മൃതദേഹത്തിനരികിൽ നിന്ന് മാറാതെ നിന്ന യുവാവ് പോക്കറ്റിൽ നിന്ന് താലിഎടുക്കുന്നതും യുവതിക്ക് ചാർത്തുന്നതും വിഡിയോയിലുണ്ട്. യുവതിയുടെ നെറ്റിയിൽ സിന്ദൂരം ചാർത്താനും യുവാവ് മറന്നില്ല. 

ഇതെല്ലാം കണ്ട് വിങ്ങിപ്പൊട്ടുകയാണ് ചുറ്റും നിൽക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളും. തമിഴ്നാട്ടിൽ വിഡിയോ സമൂഹമാധ്യമങ്ങൾ വഴി അതിവേഗം പ്രചരിക്കുകയാണ്. എന്നാൽ ഇത‍് എപ്പോൾ നടന്നുവെന്നും ആരാണ് ഇതിലുള്ളതെന്നും വ്യക്തമല്ല. ഇതിനിടെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഈ വിഡിയോയുടെ ആധികാരികതയെ ചോദ്യം ചെയ്തും ചിലര്‍ രംഗത്തു വന്നിട്ടുണ്ട്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam