മോട്ടിവേഷണൽ സ്പീക്കർ, അവതാരക, നടി, കേളീഹെയർ സ്റ്റൈലുമായെത്തിയ പേളീ മാണിക്കു വിശേഷണങ്ങള്‍ ഏറെയാണ്. ഉരുളയ്ക്കുപ്പേരിയെന്ന പോലെ അവതരണത്തിലൂടെ പ്രേക്ഷക മനസ്സുകളിലിടം നേടിയ താരമാണ് പേളി മാണി. വേദിയിൽ സദാ പൊട്ടിച്ചിരിച്ചും തമാശ പറഞ്ഞും കാണുന്ന പേളി എപ്പോഴും സന്തുഷ്ടയായിരിക്കുമെന്നാണ് പ്രേക്ഷകരുടെ ധാരണ. എന്നാൽ അങ്ങനെയല്ല താനും കടുത്ത വിഷാദ അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ടെന്നു പറയുന്നു പേളി.
മാനസികാരോഗ്യത്തെക്കുറിച്ചു ചർച്ച ചെയ്യുന്ന മനോരമ ന്യൂസിലെ മനസ്സ് എന്ന പരിപാടിക്കിടെയായിരുന്നു പേളി മാണി ഇക്കാര്യം പറഞ്ഞത്. മൂഡ് ഡിസ്‌ഓർഡേഴ്സിനെയും ഡിപ്രഷനെയും മനസ്സിലാക്കേണ്ടതും നേരിടേണ്ടതും എങ്ങനെയാണെന്നു ചർച്ച ചെയ്യുന്ന പരിപാടിയായിരുന്നു മനസ്സ്. കടുത്ത വിഷാദത്തിലൂടെ കടന്നു പോയ വ്യക്തിയാണ് താനും. ആറുമാസത്തോളം താൻ അത്തരം അവസ്ഥയിലൂടെ കടന്നുപോയിരുന്നു. അതിനുള്ള കാരണം എന്താണെന്നും പേളി പങ്കുവച്ചു.
ടിവിയുൾപ്പെടെ എല്ലായിടത്തും താനൊരു റിലേഷന്‍ഷിപ്പിലാണെന്ന കാര്യം പരസ്യമാക്കിയിരുന്നു. അതൊരിക്കലും തകരില്ലെന്നാണ് താൻ കരുതിയിരുന്നത്. എന്നാൽ മറിച്ചാണ് സംഭവിച്ചത്, അതു തന്നെ ശരിക്കും ഉലച്ചു. ഉള്ളിൽ സങ്കടമുള്ളപ്പോഴും സ്റ്റേജിൽ നിന്ന് ഷോ ചെയ്യേണ്ട അവസ്ഥയായിരുന്നു. അതും സ്ക്രിപ്റ്റ് പോലുമില്ലായിരുന്നു. പേളി എല്ലായ്പ്പോഴും ചിരിച്ചുകൊണ്ടിരിക്കണമെന്നാണ് പ്രേക്ഷകർ ആഗ്രഹിക്കുന്നതെന്നും പേളിക്ക് എന്തു പ്രശ്നമുണ്ടെങ്കിലും കുഴപ്പമില്ല, അവൾ ചിരിച്ചുകൊണ്ട് അതിനെയെല്ലാം മറികടക്കുമെന്നാണ് പലരുടെയും ധാരണയെന്നും പേളി പറയുന്നു.
''മേക്അപ് മുറിയിലിരുന്ന് ടിഷ്യു എടുത്തുവച്ച് മേക്അപ് പോകാതെ കുനിഞ്ഞിരുന്നു കരഞ്ഞിട്ടുണ്ട്. പിന്നെ സ്റ്റേജിൽ പോയി പെർഫോം ചെയ്യും. കാരണം ഞാൻ എന്നോടു തന്നെ പറഞ്ഞിരുന്നു, നമ്മുടെ ദേഹത്തൊരു മുറിവു വന്നു കഴിഞ്ഞാല്‍ അതു മാറാൻ ചിലപ്പോൾ ആറുമാസമൊക്കെയെടുക്കും അതുപോലെ നിന്റെ അകത്തും ഇപ്പോൾ ഒരു മുറിവാണ്, അതിനെ തോണ്ടിത്തോണ്ടി അതുതന്നെ ആലോചിച്ചിരുന്നാൽ അതുണങ്ങില്ല. അതുകൊണ്ട് അതേക്കുറിച്ചു ചിന്തിക്കരുത്.
ഇക്കാര്യത്തിൽ ഞാൻ അച്ഛനോട് സഹായം ചോദിച്ചിരുന്നു. എന്നാൽ ഞാൻ നിന്നെ സഹായിക്കില്ല. നീ തന്നെ നിന്നെ സഹായിക്കണം, എന്നാലേ നീ കരുത്തയാകൂ, നിന്നെക്കൊണ്ട് ഒട്ടും പറ്റില്ലെന്നു തോന്നുമ്പോൾ എന്റെയടുത്തേക്കു വരൂ എന്നാണ് അച്ഛൻ പറഞ്ഞത്. ഇമോഷണൽ ഇൻഡിപെൻഡൻസ് ആണ് ഏറ്റവും വലുത്. ഒരു പ്രശ്നം വരുമ്പോൾ ആരെയും ആശ്രയിക്കാതെ സ്വയം അതിനുള്ള പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയാണ് വേണ്ടത്.''- പേളി പറയുന്നു.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam