ഒാരോ ബന്ധത്തിലേക്കുമുള്ള യാത്രകൾക്കു തുടക്കമാകുന്ന കണ്ടുമുട്ടലുകളും വർത്തമാനങ്ങളുമൊക്കെ എത്ര കണ്ടാലും നവ്യാനുഭൂതി തീരാത്തൊരു സിനിമ പോലെയുള്ളതാണ്. വിവാഹവും പ്രണയവും വിവാഹമോചനവും സിനിമ ലോകത്തൊരു പുത്തൻകാര്യമല്ലെന്നു പറയുമ്പോഴും അവിടെ നിന്നുള്ള അത്തരം കഥകൾക്കെല്ലാം ആ ഒരു ചേലാണ്. ആദിത്യ ചോപ്രയും റാണി മുഖർജിയും എന്നും അത്തരം കഥകളിലെ നിത്യഹരിതമായ കഥാപാത്രങ്ങളാണ്. വിവാഹമോചിതനായ ആദിത്യയുമായി പ്രണയം തുടങ്ങിയ കഥയെക്കുറിച്ചു പറയുമ്പോള്‍ റാണിക്ക് എന്നും ആയിരം നാവാണ്.
2014 ഏപ്രിൽ 21നാണ് എല്ലാവരേയും ഞെട്ടിച്ചു കൊണ്ട്, ഇറ്റലിയിൽ വച്ച് ഞങ്ങൾ വിവാഹിതരായി എന്നു വെളിപ്പെടുത്തി ഏവരെയും ഞെട്ടിച്ച പോലെ തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ഇരുവർക്കുമിടയിലെ പ്രണയം രൂപപ്പെട്ടതെന്നു പറഞ്ഞിട്ടുണ്ട് റാണി. കുടുംബം തകർത്തവൾ എന്നു വരെ ആക്ഷേപം കേൾക്കേണ്ടി വന്നിട്ടുണ്ട് റാണിക്ക്. അപ്പോഴൊന്നും ആദിത്യ ചോപ്രയുമൊത്തുള്ള ബന്ധത്തെ കുറിച്ച് ഒരക്ഷരം റാണി മിണ്ടിയിട്ടില്ല. ആദിത്യയും അങ്ങനെ തന്നെ. ആദിത്യ വിവാഹ മോചനത്തിന്റെ അവസാന ഘട്ടത്തിലെത്തി നിൽക്കുന്ന സമയത്തു മാത്രമാണ് തങ്ങളിരുവരും കാണാനും സംസാരിക്കാനും തുടങ്ങിയത്.
തന്റെ ഒരു ചിത്രങ്ങളുടെയും നിർമ്മാതാവും ആയിരുന്നില്ല അദ്ദേഹം അന്നേരം. ദീർഘനാളത്തെ സൗഹൃദം തങ്ങൾക്കിടയിൽ വലിയൊരു മാനസിക ഇഴയടുപ്പം തന്നെ തീർത്തിരുന്നു. പിന്നീട് അത് പതിയെ പ്രണയത്തിലേക്കു വഴിമാറുകയായിരുന്നു. സങ്കടങ്ങളേയും സമ്മർദ്ദങ്ങളേയും കുറിച്ച് മനസ്സു തുറന്ന് ഏറെ നേരം സംസാരിക്കുമായിരുന്നു. ഇരുവരും ജീവിതത്തിന്റെ ഏറ്റവും മോശമായ ഘട്ടത്തിലൂടെ കടന്നുപോയ സാഹചര്യത്തിൽ സൗഹൃദം പ്രണയമായി മാറുവാനും അധിക സമയമെടുത്തില്ല. ആദ്യമൊന്നും ആദിത്യ പ്രണയാർദ്രനായി സംസാരിക്കുകയും സമീപിക്കുകയുമാണ് ചെയ്യുന്നതെന്നും റാണിക്ക് മനസ്സിലായിരുന്നില്ലത്രേ. താനിതുവരെ കണ്ട നായികമാരിൽ നിന്നെല്ലാം എന്തുകൊണ്ടോ വ്യത്യസ്തയായിരുന്നു റാണിയെന്ന തോന്നലിൽ നിന്നായിരുന്നു ഇരുവർക്കുമിടയിൽ സൗഹൃദം രൂപപ്പെട്ടുവന്നത്.
പ്രണയത്തിലേക്കു വഴിതുറന്നതിൽ തങ്ങൾക്കു ചുറ്റുമുള്ള ലോകത്തിനാണ് മുഖ്യപങ്ക് എന്നാണ് റാണി പറയുന്നത്. ഏതൊരു കൂട്ടുകാരും ചെയ്യുന്നതേ തങ്ങളും ചെയ്തുള്ളൂ. ജീവിതത്തിൽ ഏറ്റവും ദുംഖകരവും സമ്മർദ്ദങ്ങളേറിയതുമായ സാഹചര്യത്തിലൂടെ കടന്നുപോയപ്പോൾ ഒത്തിരി നേരം ഒരുമിച്ചിരുന്നു സംസാരിക്കുകയുണ്ടായി. പക്ഷേ ചുറ്റുമുള്ളവരെല്ലാം കരുതിയത് ഇരുവരും പ്രണയത്തിലാണെന്നും. അവർ അതേക്കുറിച്ച് സംസാരിക്കുവാൻ തുടങ്ങി, കഥകളെഴുതാനും. അതു തങ്ങൾക്കിരുവർക്കുമിടയിൽ എപ്പോഴോ ഉണ്ടായ പ്രണയത്തെ ദൃഢമാക്കുകയായിരുന്നുവെന്നും റാണി പറഞ്ഞിട്ടുണ്ട്.
ഇങ്ങനെയൊക്കെയാണെങ്കിലും സിനിമകളിലെ നായകനെ പോലൊന്നും ആയിരുന്നില്ല ആദിത്യ. അല്ലെങ്കിൽ പ്രണയകാര്യത്തിൽ ബോളിവുഡിന്റെ സ്വതസിദ്ധമായ അൽപം തുറന്ന മനോഭാവമൊന്നുമല്ല ആദിത്യ പിന്തുടർന്നത്. റാണിയുടെ വീട്ടിലെത്തി അവരുടെ മകളെ പ്രണയിച്ചോട്ടേയെന്നും വിവാഹം കഴിച്ചോട്ടേയെന്നും അനുവാദം വാങ്ങിയ ശേഷമാണ് കൂട്ടുകാരിയെ പ്രണയിനിയുടെ സ്ഥാനത്തേയ്ക്കു കണ്ടുതുടങ്ങിയതത്രേ. ആദിത്യയെ അത്രമേൽ ഇഷ്ടപ്പെടാൻ റാണിക്ക് അതിൽ കൂടുതലൊന്നും ആവശ്യമില്ലായിരുന്നു. ഹൃദയത്തിലിടം നൽകാൻ അതിൽ കൂടുതലൊന്നും വേണ്ടിയിരുന്നില്ല.
ഇരുവരുടെയും ആദ്യ കൂടിക്കാഴ്ചയും രസകരമായിരുന്നു, തന്നെ മൈൻഡ് ചെയ്യാത്ത പെൺകുട്ടിയെ കൂട്ടുകാരിയാക്കുകയെന്ന രസകരമായ ദൗത്യം ഏറ്റെടുക്കുകയായിരുന്നു ആദിത്യ. സമ്പാൻ റെസ്റ്ററന്റിൽ വച്ചായിരുന്നു ആദ്യ കൂടിക്കാഴ്ച. അന്ന് റാണി ആകെ ഒരു ചിത്രത്തിൽ മാത്രം നായികയായി അഭിനയിച്ചു നിൽക്കുന്ന സമയം. ദിൽവാലേ ദുൽഹനിയ ലേ ജായേംഗെ സംവിധാനം ചെയ്ത് ഹിറ്റ് ഡയറക്ടറായി തിളങ്ങി നിൽക്കുകയായിരുന്നു ആദിത്യ അന്ന്. സ്വാഭാവികമായി റാണി തന്റെയടുത്തേക്കു വന്നു പരിചയപ്പെടുമെന്ന് ആദിത്യ കരുതി. പക്ഷേ, അതുണ്ടായില്ല. അതാണ് റാണി മുഖർജിയെന്ന വ്യക്തിയിലേക്ക് ആദിത്യയുടെ ശ്രദ്ധ തിരിച്ച ആദ്യത്തെ സംഭവം. ആ വ്യക്തിയോടൊപ്പം പ്രവർത്തിക്കണമെന്ന മോഹവും അതോടൊപ്പമുണ്ടായി. കൂട്ടുകാരൻ കരൺ ജോഹർ സംവിധാനം ചെയ്യുന്ന, താൻ വിതരണം നിർവ്വഹിക്കുന്ന, കുഛ് കുഛ് ഹോതാ ഹേയിലേക്ക് റാണിയെ നിർദ്ദേശിക്കുന്നത് അങ്ങനെയാണ്. രാജാ കി ആയേഗി ബരാതിലെ റാണിയുടെ വേഷം അത്രമേൽ ആദിത്യയ്ക്ക് ഇഷ്ടമായിക്കഴിഞ്ഞിരുന്നു അന്നേരം.
സിനിമകളിലൂടെ കൂടിക്കാഴ്ചകളിലൂടെ വർത്തമാനങ്ങളിലൂടെ പതിയെ പതിയെ വിടർന്ന പ്രണയത്തിന്റെ മനോഹാരിതയും സ്വാതന്ത്ര്യവും കരുതലും അത്രമേൽ ഇരുവരും അറിഞ്ഞു കഴിഞ്ഞിരുന്നു. വിവാഹം കഴിഞ്ഞിട്ടു മതി എല്ലാവരോടും എല്ലാം പറയുന്നതെന്നു തീരുമാനിച്ചത് ആ സ്വാതന്ത്ര്യം ഇല്ലാതാക്കേണ്ടല്ലെന്നു കരുതി തന്നെ.
റാണി കരുതിയിരുന്ന എല്ലാ മൂല്യങ്ങളും ആദിത്യയ്ക്കുണ്ടായിരുന്നു. തന്റെ ലോകമെന്നാൽ മാതാപിതാക്കളാണ്. ആദിത്യയ്ക്കും അതുപോലെ തന്നെ. അവരോട് ആവോളം സ്നേഹവും കടപ്പാടുമുണ്ട്. മനസ്സിലൊരു തരിപോലും നെഗറ്റീവ് ചിന്തിയില്ല. അങ്ങനെയൊരു മനുഷ്യനുമായി പ്രണയത്തിലാകുവാനാണ് എപ്പോഴും സ്വപ്നം കണ്ടിരുന്നതും പ്രാർഥിച്ചതും. അതുപോലെ തന്നെ നടന്നു. നല്ലൊരു പങ്കാളിയാണ് ഒപ്പമുള്ളതെങ്കിൽ വ്യക്തിത്വത്തിലും കരിയറിലും വളർച്ചയേയുണ്ടാകൂ. പരസ്പരം തങ്ങളുടെ സ്വത്വത്തെ തിരിച്ചറിയുകയായിരുന്നു ഇരുവരും. ''ശിവന് പാർവ്വതിയെന്ന പോലെയാണ് തനിക്കു ആദിത്യയും. അദ്ദേഹത്തിനപ്പുറം എനിക്കൊരു ലോകമില്ല, തിരിച്ചും അങ്ങനെ തന്നെ. അദ്ദേഹത്തെ പോലൊരാളെ മരുമകനായി കിട്ടിയതിൽ എന്റെ മാതാപിതാക്കളും സന്തുഷ്ടരാണ്'' റാണി പറഞ്ഞു.
ആദിത്യയുടെ മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബത്തിന്റെയൊന്നാകെ മനസ്സു കീഴടക്കിക്കഴിഞ്ഞു റാണി. ആദിത്യയെ ഒന്നാകെ മാറ്റിയെടുത്തു റാണിയെന്നും പമേല ചോപ്ര പറഞ്ഞു. എപ്പോഴും സന്തോഷവാനാണ് ആദിത്യ. മുഖത്തെപ്പോഴും ഒരു ചിരിയുണ്ട്. കുട്ടിയായിരിക്കുമ്പോൾ വീട്ടിലായായാലും മറ്റെവിടെയായലും പടികൾ കയറുമ്പോൾ ആദിത്യ വെറുതെ പാട്ടുപാടുമായിരുന്നു. ആ ശീലം തിരികെ വന്നു കഴിഞ്ഞു ഇപ്പോൾ. വിവാഹത്തിനു നൃത്തം ചവിട്ടുകയുണ്ടായി. അത്രമേൽ സന്തോഷവാനാക്കി ആദിത്യയെ മാറ്റി റാണി. അതിൽപരം മറ്റെന്താണു വേണ്ടത്. പമേല ചോദിക്കുന്നു.
2015 ഡിസംബർ ഒമ്പതിന് ഇരുവരുടെയും ജീവിതത്തിലേക്ക് ഒരു കുഞ്ഞ് അതിഥി കൂടിയെത്തി. ഇരുവരുടെയും പേരുകളുടെ ആദ്യ അക്ഷരം ചേർത്തുവച്ച് പേരുമിട്ടു, അദിറ...അച്ഛനമ്മമാർ കുഞ്ഞിന് സമ്മാനമായി മുംബൈയിൽ രണ്ടു ഫ്ളാറ്റുകളാണ് നൽകിയെന്ന സ്ഥിരീകരിക്കാത്ത വാർത്തകളുണ്ട്.
Read more :Lifestyle Malayalam Magazine, Beauty Tips in Malayalam