'ജീവിതമാർഗമായത് അന്നുകണ്ട ആ മമ്മൂട്ടി ചിത്രം'

ബാബു കുന്നുംപുറം വാണിയംപാറ തന്റെ കുതിര ഫാമിൽ. ചിത്രം: ഉണ്ണി കോട്ടക്കൽ∙മനോരമ

ചീറിപ്പായുന്ന കുതിരകൾ, പുൽമേടു പോലെ കിടക്കുന്ന ഡാം  റിസർവോയറിനു സമീപത്തുള്ള റോഡുകളിലൂടെ പറക്കുന്നത് ആറു കുതിരകൾ. 

സിനിമയിലെ സീൻ എന്ന പോലെ മനോഹരമായ ഈ ചിത്രം ഒരു ചെറുപ്പക്കാരൻ കണ്ട സിനിമയുടെ അവസാനമാണ്. ബാബു കുന്നംപുറം അഞ്ചാം ക്ളാസിൽ പഠിക്കുമ്പോഴാണു മമ്മൂട്ടി നായകനായ ജാക്പോട്ട് എന്ന സിനിമ കാണുന്നത്. അന്നു മനസ്സിൽ കയറിയതാണ് കുതിരക്കമ്പം. പത്തിരുപതു വർഷങ്ങൾക്കു ശേഷം ബാബു കുതിരയെ സ്വന്തമാക്കി. അപ്പോഴാണറിയുന്നത് കുതിര വളർത്തൽ പണച്ചിലവുള്ള പരിപാടിയാണെന്ന്. അതോടെ അതു ലാഭകരമാക്കാനുള്ള ആലോചന തുടങ്ങി. 

ബാബു കുന്നുംപുറം വാണിയംപാറ തന്റെ കുതിര ഫാമിൽ. ചിത്രം: ഉണ്ണി കോട്ടക്കൽ∙മനോരമ

കുതിരാൻ തുരങ്കത്തിനടുത്തു വാണിയംപാറ കൊമ്പഴ സ്ട്രീറ്റിലെ വീട്ടുപറമ്പിൽത്തന്നെയാണു ബാബു കുതിരകളെ വളർത്തുന്നത്. ഇപ്പോൾ കുതിര സവാരി പഠിക്കാനായി ഏറെപ്പേർ ബാബുവിനെ തേടിയെത്തുന്നു. ഇന്ത്യൻ സാഹചര്യത്തിൽ കുതിര ജീവിക്കുന്നതു പഠിക്കാനും കാട്ടുപാതകളിലൂടെ കുതിരയെ ഓടിക്കാനുമായി വിദേശികളും സ്ഥിരമായി എത്തുന്നുണ്ട്. പൊലീസ് ഉദ്യോഗസ്ഥന്മാരും സവാരി പഠിക്കാൻ സ്ഥിരമായി എത്തുന്നു. ഇപ്പോൾ പിടിച്ചു നിൽക്കാമെന്നായെന്നു ബാബു പറയുന്നു. 

കുതിരയ്ക്കു പ്രതിമാസം 20,000 രൂപയെങ്കിലും ചിലവാകും. ഇപ്പോൾ‌ ബാബുവിന്റെ സ്റ്റാലിയൻസ് വാലി ഹോഴ്സ് റൈഡിങ് അക്കാദമിയിൽ ആറു കുതിരകളുണ്ട്. ബെംഗളൂരുവിൽ മത്സരത്തിനോടിയ അതിഥിവരെ ഇവിടെ എത്തിയിട്ടുണ്ട്. ചിലപ്പോൾ കുതിരകളുടെ എണ്ണം കൂടും. കുതിരയെ നോക്കുന്നവരെ പരിശീലിപ്പിച്ചെടുക്കുക എന്നത് എളുപ്പമല്ലെന്നു ബാബു പറയുന്നു. മൂന്നു ജീവനക്കാർ ഇപ്പോഴുണ്ട്. 

ചെറുപ്പത്തിൽ കണ്ട സിനിമ തന്റെ ജീവിത മാർഗ്ഗമാകുമെന്നു ബാബു കരുതിയതേയില്ല. അതുവരെ കണ്ടു പരിചയമില്ലാത്തൊരു വഴിയിലൂടെയാണു ബാബു കുതിരയോടിച്ചു തുടങ്ങിയത്. അതു വിജയകുതിപ്പായതു വർഷങ്ങൾ നീണ്ട പരിശ്രമത്തിനു ശേഷം. ഫോൺ. 9847400608. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam