പത്തൊമ്പതു വയസ്സു മാത്രമേയുള്ളൂ കൊൽക്കത്ത സ്വദേശി സഞ്ചാരി സാഹയ്ക്ക്, എന്നാൽ 40 വയസ്സിന്റെ ധൈര്യമാണ് ഈ കൊച്ചുമിടുക്കി കാണിച്ചത്. ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്നും തന്റെ മൊബൈൽ ഫോൺ തട്ടി പറിച്ചു കൊണ്ടു കള്ളൻ ഓടിയാൽ നിങ്ങൾ എന്തു ചെയ്യും? ആരെയെങ്കിലും സഹായത്തിനു വിളിച്ച് ഒച്ചവയ്ക്കുകയാണ് സാധാരണ രീതിയിൽ ഒരു പെൺകുട്ടി ചെയ്യുക .
എന്നാൽ തന്റെ ഫോണുമായി കള്ളൻ ബസിൽ നിന്നും ചാടി ഇറങ്ങിയപ്പോൾ ഒരു ആക്ഷൻ ത്രില്ലർ സിനിമയിൽ എന്നപോലെ ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്നും ആ യുവതി ചാടി ഇറങ്ങി. എന്നിട്ട് കള്ളനെ ഓടിച്ചിട്ടു പിടിച്ചു. കണ്ടു നിന്ന ആളുകൾക്കൊന്നും അൽപ നേരത്തേക്ക് കാര്യം മനസിലായില്ല. ബാരക്പൂർ സുരേന്ദ്രനാഥാ കോളജിലെ വിദ്യാർഥിയായിരുന്ന സഞ്ചാരി സാഹ ക്ലാസ് കഴിഞ്ഞു വീട്ടിലേക്കു വരുമ്പോഴാണ് കള്ളന്റെ ആക്രമണം ഉണ്ടായത്.
ഏകദേശം 30 വയസു തോന്നിക്കുന്ന മോഷ്ടാവ് തന്റെ ഫോൺ എടുത്തു എന്നു മനസിലാക്കിയ നിമിഷം സഞ്ചാരി ഫോൺ തിരികെ തരാൻ ആവശ്യപ്പെട്ടു. പക്ഷേ തനിക്കൊന്നും അറിയാത്തപോലെയാണ് മോഷ്ടാവ് പെരുമാറിയത്. എന്നാൽ ഫോൺ മോഷ്ടാവിന്റെ പോക്കറ്റിൽ നിന്നും കണ്ടെടുക്കുകയായിരുന്നു. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച അയാളെ സഞ്ചാരി ഓടിച്ചിട്ടു പിടിച്ചു.
തുടർന്നു ഫോൺ തിരിച്ചെടുത്ത സഞ്ചാരി സാഹ മോഷ്ടാവിനെ അടുത്തുള്ള ട്രാഫിക് പോലീസുകാരന്റെയടുത്തെത്തിക്കുകയും അവിടെ നിന്നും ട്രാഫിക് പോലീസുകാരുടെ സഹായത്തോടെ പൊലീസ് സ്റ്റേഷനിൽ എത്തി മോഷ്ടാവിനെ ഏല്‍പ്പിക്കുകയും ചെയ്തു.
Read more: Lifestyle Malayalam Magzine, Beauty Tips in Malayalam