ഷിനുവിനും നിഷയ്ക്കും വീൽ ചെയറിൽ വിവാഹം, ഹൃദ്യം ഈ പ്രണയം

തൃശൂർപ്പൂരത്തേക്കാൾ വലിയ പൂരമുണ്ടോ..? ഇല്ല എന്ന് പറയുംമുന്‍പ് ഷിനുവിന്റെ കഥ കേട്ടോളൂ. ഇന്നലെ ഇലഞ്ഞിത്തറമേളവും ഘടക്ക പൂരങ്ങളും വടക്കുംനാഥന്റെ മണ്ണിൽ കൊട്ടിക്കയറുമ്പോൾ തൃശൂർക്കാരനായ ഷിനു വർഗീസിന്റെ ഹൃദയം വാദ്യമേളങ്ങളേക്കാൾ ശക്തിയായി മിടിക്കുകയായിരുന്നു. മനസിൽ സന്തോഷത്തിന്റെ ഒരായിരം ചേങ്ങില മേളമായിരുന്നു. 

വീടിന്റെ നാലുചുമരുകൾക്കുള്ളിൽ ജീവിതം തനിയെ ജീവിച്ചു തീർക്കേണ്ടിവരുമെന്ന് കരുതിയിരുന്ന ഷിനുവിന്റെ ജീവിതത്തിലേക്ക് നിഷ വലതുകാൽ വച്ചുകയറിയ ദിവസമായിരുന്നു ഇന്നലെ. ഗുരുവായൂരുള്ള സെന്റ്ലാസേഴ്സ് പള്ളിയിൽവച്ച് വീൽചെയറിലിരുന്ന് ഷിനു നിഷയ്ക്ക് മിന്നുചാർത്തി. വീൽചെയറിലിരുന്ന നിഷയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു. പ്രതിസന്ധികളെ അതിജീവിച്ച് പരസ്പരം താങ്ങും തണലുമാകാമെന്ന് ദൈവ സന്നിധിയിൽവച്ച് ഇരുവരും വാക്കുനൽകി. ചടങ്ങിൽ പങ്കെടുക്കാനെത്തിയവരുടെ ഹൃദയവും വികാരനിർഭരമായി. 

ആ ജീവിതകഥ ഇങ്ങനെ വായിക്കാം. കോട്ടപ്പടി ചൂൽപുറം ചുങ്കത്ത് വർഗീസിന്റെയും ജെസിയുടെയും മകനാണ് ഷിനു. മൾട്ടിപ്പിൾ ആട്രോപ്സി എന്ന തകരാറുമൂലം ജനിച്ചപ്പോൾ മുതൽ തന്നെ ഷിനുവിന്റെ ശരീരത്തിന് ചലനമില്ല. ഓർമവച്ചനാൾമുതൽ വീൽചെയറിലായിരുന്നു ജീവിതം. എങ്കിലും വൈകല്യങ്ങളോട് പടപൊരുതി ഗുരുവായൂർ ശ്രീകൃഷ്ണ കോളജിൽ നിന്നും ഷിനു ഹിസ്റ്ററിയിൽ ബിരുദം നേടി. കുട്ടികൾക്ക് ട്യൂഷനെടുത്തും നിറയെ എഴുതിയും വായിച്ചുമൊക്കെ ജീവിതം തള്ളിനീക്കുമ്പോൾ അവിചാരിതമായാണ് നിഷ ജീവിതത്തിലേക്ക് എത്തുന്നത്.  

പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശികളായ ഗോപാലകൃഷ്ണന്റെയും സരോജിനിയുടെയും മകളാണ് നിഷ. ചെറുപ്രായത്തിൽ അച്ഛനും അമ്മയും മരിച്ചതിനെത്തുടർന്ന് അനാഥരായവരാണ് നിഷയും ചേട്ടനും. പിന്നീട് ബന്ധുവീടുകളായിരുന്നു ഇവർക്ക് അഭയം. ഒമ്പതാംക്ലാസിൽ പഠിക്കുമ്പോൾ കാലുതെറ്റി നിഷ കിണറ്റിലേക്ക് വീണു. വെള്ളം കുറവുള്ള അടിയിൽ പാറ നിറഞ്ഞ കിണറിലേക്കുള്ള വീഴ്ചയിൽ നിഷയുടെ നട്ടെല്ലിന് ക്ഷതമേറ്റു. മരണത്തെ അതിജീവിച്ചെങ്കിലും തുടർന്നുള്ള ജീവിതം വീൽചെയറിലേക്ക് മാറുകയായിരുന്നു. 

അനാഥത്വത്തിനൊപ്പം അപകടവും ജീവിതത്തിന്റെ താളം തന്നെ തെറ്റിച്ചു. ബന്ധുകൾക്ക് നിഷയൊരു ബാധ്യതയായി മാറുകയാണെന്ന് മനസിലായതോടെ ആർക്കും ഭാരമാകുന്നതിന് മുമ്പേ നിഷ തനിയെ താൽപര്യപ്പെട്ട അടുത്തുള്ള അനാഥമന്ദിരത്തിലേക്ക് മാറി. രണ്ടരവർഷത്തോളം അവിടെ ജീവിച്ചു. പത്താംക്ലാസ് വരെ പഠിച്ചു. 

ആത്മവിശ്വാസം കൈവിടാതെ അവൾ എംബ്രോയ്ഡറിയിലും പെയിന്റിങ്ങിലും ചിത്രരചനയിലും മികവ് നേടി. വീൽചെയറിൽ ജീവിക്കുന്നവരുടെ കൂട്ടായ്മയിൽ അങ്കമാലിയിലെ ഫാദര്‍ മാത്യു കിരിയത്തിനെ പരിചയപ്പെട്ടതു നിഷയുടെ ജീവിതത്തിൽ വലിയ മുന്നേറ്റമുണ്ടാക്കി. വീൽചെയറിലെ നിഷയുടെ വേഗവും മികവും ഒരു കായികതാരത്തിന്റേതാണെന്ന് അദ്ദേഹം കണ്ടെത്തി. 

നിഷയെ വീൽചെയർ ബാസ്‌കറ്റ് ബോൾ പരിശീലിപ്പിച്ചു. 2017ൽ ഇന്തോനേഷ്യയിൽ നടന്ന ബാലി വീൽചെയർ ബാസ്‌കറ്റ്‌ബോൾ ഇന്റർനാഷനലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് നിഷ പങ്കെടുത്തു. രാജ്യത്തിനു രണ്ടാം സ്ഥാനം നേടിക്കൊടുത്ത ടീമിൽ നിഷയുമുണ്ടായിരുന്നു. 

ഒന്നരവർഷം മുമ്പ് വീൽചെയറിൽ ജീവിക്കുന്നവരുടെ കൂട്ടായ്മ സംഘടിപ്പിച്ചു. ആ കൂട്ടായ്മയിലെ കണ്ടുമുട്ടൽ ഷിനുവിന്റെയും നിഷയുടെയും ജീവിതത്തിൽ പുതിയ വെളിച്ചം തന്നെയായിരുന്നു. പരിചയപ്പെട്ടപ്പോൾ ഷിനു അനുഭവിച്ചതിന്റെ നൂറിരട്ടി സങ്കടങ്ങളാണ് നിഷ അനുഭവിക്കുന്നതെന്ന് അറിഞ്ഞു. പരിചയവും സൗഹൃദവും പ്രണയത്തിലേക്ക് മാറാൻ അധികം സമയമെടുത്തില്ല. മറ്റാരേക്കാളും പരസ്പരം മനസിലാക്കാൻ ഇരുവർക്കും സാധിച്ചു. 

ജന്മനായുള്ള വൈകല്യമല്ലാത്തതുകൊണ്ട് നിഷയെ പഴയജീവിതത്തിലേക്ക് തിരികെ കൊണ്ടുവാരാൻ സാധിക്കുമായിരിക്കുമെന്ന പ്രതീക്ഷയും പ്രണയത്തിനൊപ്പം ചേർന്നു. അതോടെ ഷിനുവിന്റെ ജീവിതത്തിൽ താങ്ങാകാൻ നിഷയും നിഷയുടെ അനാഥത്വത്തിൽ തണലായി മാറാൻ ഷിനുവും തീരുമാനിച്ചു. എങ്കിലും വിവാഹം അത്ര എളുപ്പമായിരുന്നില്ല. രണ്ടുപേരും വീൽചെയറിലാണെങ്കിൽ എങ്ങനെ ജീവിക്കാൻ സാധിക്കുമെന്ന ബന്ധുക്കളുടെ ചോദ്യവും ആശങ്കകളും തടസമായിരുന്നു. പക്ഷെ പ്രണയത്തിന് മുന്നിൽ അത്തരം തടസങ്ങളൊക്കെ മാറിക്കൊടുത്തു. ഷിനുവിന്റെ ഒറ്റപ്പെടലിനും നിഷയുടെ അനാഥത്വത്തിനും ഇന്നലെ അവസാനമായി.