പ്രണയം തോന്നാൻ ഒരു നിമിഷം മതി. തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ ഇഷാൻ എതിർസീറ്റിലിരിക്കുന്ന സൂര്യയെ പലകുറി നോക്കി, ഒരുപാടുനേരം മുഖത്തോടു മുഖം നോക്കി സംസാരിച്ചു. വർത്തമാനങ്ങൾക്കിടെ എപ്പോഴോ അയാളുടെ മനസ്സിൽ അവളോടു പ്രണയം തോന്നി. സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാകുന്ന ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്‌സെക്ഷ്വൽ ദമ്പതികളാണ് സൂര്യയും ഇഷാനും. ഇരുവരും ഈ ലക്കം വനിതയ്ക്കു നൽകിയ അഭിമുഖത്തിൽ നിന്ന്....
പ്രണയം പറഞ്ഞിടാൻ വയ്യാതെ..
ട്രാൻസ്ജെൻഡർ കമ്യൂണിറ്റിയുടെ പരിപാടിക്കായി കോഴിക്കോട്ടേക്കുള്ള തീവണ്ടിയാത്രയ്ക്കിടെയാണ് ഇഷാൻ ആദ്യമായി സൂര്യയെ കാണുന്നത്. ‘ട്രെയിനിൽ എന്റെ എതിർസീറ്റിലാണ് സൂര്യ ഇരുന്നത്. യാത്രയിലുടനീളം ഞങ്ങളൊരുപാട് സംസാരിച്ചു. സൂര്യ എന്ന വ്യക്തിയെയും അവളുടെ ആറ്റിറ്റ്യൂഡുമെല്ലാം ഒരുപാട് ഇഷ്ടമായി. അടുത്ത ദിവസങ്ങളിൽ വീണ്ടും തമ്മിൽ കണ്ടു. എന്റെ മനസ്സിലുണ്ടായിരുന്നത് പ്രണയമാണെന്ന തിരിച്ചറിവ് ഉണ്ടായത് അപ്പോഴാണ്. പക്ഷേ പറയാൻ ഭയങ്കര ടെൻഷൻ.’
കടൽതീരത്തെ പഞ്ചാരമണലിൽ ഇരുന്ന് പ്രിയപ്പെട്ടവൻ പറഞ്ഞു നിർത്തിയിടത്തുനിന്ന് സൂര്യ തുടർന്നു. ‘കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഇക്ക എന്റെ വീട്ടിൽ വന്നു. ഞാൻ തലേദിവസത്തെ പ്രോഗ്രാമിന്റെ ക്ഷീണം കൊണ്ട് നല്ല ഉറക്കത്തിൽ. വാതിലിൽ മുട്ടിയിട്ടും വിളിച്ചിട്ടുമൊന്നും അറിഞ്ഞില്ല. പിന്നീട് എന്നെ ഫോണിൽ വിളിച്ചിട്ട് വീട്ടിൽ വന്നിരുന്നുവെന്ന് പറഞ്ഞു. കാര്യം ചോദിച്ചപ്പോൾ, പറയാനുള്ളത് വീടിന്റെ ചുവരിൽ എഴുതിയിട്ടുണ്ടെന്നായിരുന്നു മറുപടി. ഞാൻ ചുവരില്‍ നോക്കി. അതിൽ ‘ഐ ലവ് യൂ’ എന്ന് എഴുതിയിരിക്കുന്നു.’
ഇഷാൻ പ്രണയം വെളിപ്പെടുത്തിയ ഉടനെ അത് സ്വീകരിക്കുകയായിരുന്നില്ല സൂര്യ. ‘എനിക്ക് ഇക്കയോട് ഇഷ്ടക്കുറവൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, പരസ്പരം പൂർണമായി മനസ്സിലാക്കാതെ ഒരു തീരുമാനം എടുക്കുന്നത് ശരിയല്ലെന്ന് തോന്നി. ഞങ്ങള്‍ തമ്മിൽ സംസാരിച്ച് അന്യോന്യം മനസ്സിലാക്കി. മുൻപ് എന്റെ ജീവിതത്തിൽ മറ്റൊരാൾ ഉണ്ടായിരുന്നു. എനിക്ക് മാനുഷികമായ പരിഗണന പോലും തരാതെയുള്ള ആ ബന്ധം മുന്നോട്ടു പോയില്ല. എല്ലാം പറഞ്ഞതിനു ശേഷം ഒന്നിച്ചു പോകാൻ പറ്റുമെന്ന് ഉറപ്പായപ്പോൾ വിവാഹം കഴിക്കാൻ തീരുമാനിച്ചു. അന്നു തൊട്ടിന്നോളം ഞങ്ങള്‍ പ്രണയിക്കുകയാണ്.’
ഒരിക്കൽ പരിചയപ്പെട്ട ആരും പിന്നീട് സൂര്യയെ മറക്കാതിരിക്കുന്നതിന്റെ കാരണം സൂര്യയുടെ സംസാരം തന്നെ. ട്രെയിൻ യാത്രയ്ക്കിടെ ഇഷാനെ അവളിലേക്ക് ആകർഷിച്ചതും അതു തന്നെയാകാം. ‘മുൻപ് എത്ര നേരം വേണമെങ്കിലും വാതോരാതെ സംസാരിക്കും. പക്ഷേ, ഇപ്പോൾ ഞാനൊരുപാട് മാറി. അധികം സംസാരിക്കാറില്ല. നന്നായി ഭക്ഷണം കഴിക്കുമായിരുന്ന ഞാൻ ഇപ്പോള്‍ ശരീരം ശ്രദ്ധിക്കാൻ തുടങ്ങി.’
പ്രണയം പോലെ എളുപ്പമായിരുന്നില്ല വിവാഹമെന്ന തീരുമാനം. ചുറ്റുപാടു നിന്നും എതിർപ്പുകൾ ഒട്ടേറെ നേരിടേണ്ടി വന്നിട്ടുണ്ട് ഇരുവർക്കും. ‘എന്റേത് ഒരു യാഥാസ്ഥിതിക മുസ്‌ലിം കുടുംബമാണ്. സ്വന്തം സമുദായത്തിൽ നിന്നുള്ള കുട്ടിയെ കല്യാണം കഴിക്കണമെന്നായിരുന്നു ബാപ്പയുടെയും ഉമ്മയുടെയും ആഗ്രഹം. പക്ഷേ, ജീവിതത്തിൽ ഒരു വിവാഹമുണ്ടെങ്കിൽ അത് സൂര്യയോടൊപ്പമാണെന്ന് തീരുമാനിച്ചിരുന്നു. മനസ്സിലെ ഇഷ്ടം എന്റെ വളർത്തമ്മമാരായ രഞ്ജിനിയോടും ശ്രീക്കുട്ടിയോടും പറഞ്ഞു. അവരാണ് വീട്ടിൽ പോയി സംസാരിച്ചത്. ഉമ്മ ആദ്യം എതിർത്തെങ്കിലും ഒടുവിൽ എന്റെ ഇഷ്ടത്തിന് സമ്മതം മൂളി.’
അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാൻ
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam