അത് ജസ്നയാണോയെന്ന് ഉറപ്പായില്ല: സഹോദരൻ

ജസ്നയുടെ സഹോദരൻ, ജസ്ന

കഴിഞ്ഞ കുറച്ചു നാളുകളായി ജെസ്നയു‌ടെ തിരോധാനമാണ് സമൂഹമാധ്യമത്തിലെ പ്രധാന ചർച്ചാവിഷയം. പത്തനംതിട്ട മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌ന മരിയ ജെയിംസിനെ (20) മാർച്ച് 22ന് രാവിലെ 9.30 മുതല്‍ കാണാതായതാണ്. ഒരു തുമ്പുപോലും അവശേഷിക്കാതെ ജെസ്ന ഇതെങ്ങോട്ട് പോയെന്ന വേവലാതിയിലായിരുന്നു കുടുംബവും സുഹൃത്തുക്കളുമൊക്കെ. ജെസ്ന എരുമേലി വരെ എത്തിയെന്നു മാത്രമായിരുന്നു പൊലീസിനു ലഭിച്ച ഏകതെളിവ്. തുടർന്ന് സമൂഹമാധ്യമത്തിലൂടെയും ജെസ്നയ്ക്കു വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ നിന്നും ജെസ്നയെ കണ്ടെത്തിയതായുള്ള വാർത്ത വന്നത്. എന്നാൽ അതു ജെസ്ന തന്നെയാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നു വ്യക്തമാക്കിയിരിക്കുകയാണ് സഹോദരൻ ജെയ്സ് േജാൺ ജെയിംസ്. ‌

ജെസ്നയോടു സാമ്യമുള്ള പെൺകുട്ടിയെയും മലയാളിയായ യുവാവിനെയും ബെംഗളൂരുവിൽവച്ചു കണ്ടതായാണ് പൊലീസിനും ബന്ധുക്കൾക്കും വിവരം ലഭിച്ചത്. അതു ജെസ്നയാണോയെന്ന കാര്യത്തിൽ ഉറപ്പില്ലെന്നു പറയുന്നു ജെയ്സ്. ഇന്നു തന്നെ ഇതുസംബന്ധിച്ചു പൊലീസിൽ നിന്നു സ്ഥിരീകരണം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ജെയ്സ് പറയുന്നു. സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലൂ‌െ‌ടയാണ് ജെയ്സ് ഇക്കാര്യം വ്യക്തമാക്കിയത്.

ജെയ്സിന്റെ വാക്കുകൾ:

'' ബെംഗളൂരുവില്‍ നിന്നു ലഭിച്ച വിവരം ഞങ്ങൾ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. അതു ജെസ്നയാണോ അല്ലയോ എന്ന കാര്യത്തിൽ ഉറപ്പില്ല. സിസിടിവി ദൃശ്യങ്ങൾ പരി‌ശോധിച്ചാൽ മാത്രമേ വിവരത്തെക്കുറിച്ചു വ്യക്തമായൊരു ധാരണ ലഭിക്കുകയുള്ളു. ഇന്നു തന്നെ പൊലീസിൽ നിന്നും ഇതു സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുശേഷം മാത്രമേ ഇക്കാര്യത്തിൽ എന്തെങ്കിലും പറയാനാകൂ. അവൾക്കു വേണ്ടി പ്രാർഥിക്കണം''

യുവതിയും യുവാവും സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടതായും ഇവർ ബെംഗളൂരുവിനടുത്ത് ആശുപത്രിയിൽ ചികിൽസ തേടിയെന്നുമാണ് ലഭ്യമായ വിവരം ലഭിച്ചിരുന്നത്. ഇവിടെ സൗജന്യമായി ഭക്ഷണം ലഭിക്കുന്ന ആശ്വാസ ഭവൻ എന്ന സ്ഥാപനത്തിൽ ഇവർ പോയിരുന്നതായും വിവാഹം കഴിപ്പിച്ചു നൽകുമോയെന്ന് അവിടത്തെ മാരിസ് എന്ന വൈദികനോടു ചോദിച്ചതായും പറയുന്നു. ആശുപത്രി വിട്ട ഇവർ മൈസൂരുവിലേക്കു പോകുമെന്നു പറഞ്ഞതായും വിവരമുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. കഴിഞ്ഞ ദിവസം മനോരമ ന്യൂസിൽ വന്ന വാർത്തയിൽ നിന്നാണ് ജെസ്നയെ തിരിച്ചറിഞ്ഞതെന്നു വിവരം നൽകിയ ആൾ പറയുന്നു.

തിരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ടു ബെംഗളൂരുവിലുള്ള ആന്റോ ആന്റണി എംപിയും കേസ് അന്വേഷിക്കുന്ന പൊലീസ് സംഘവും സ്ഥലത്തേക്കു പുറപ്പെട്ടിട്ടുണ്ട്. സ്ഥിരീകരണമുണ്ടായാൽ ബെംഗളൂരുവിലേക്കു തിരിക്കാൻ തയാറായിരിക്കാൻ ജെസ്നയുടെ വീട്ടുകാർക്കു പൊലീസ് നിർദേശം നൽകി.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജില്‍ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ജെസ്‌ന. അധികം ആരോടും സംസാരിക്കാത്ത പ്രകൃതമായിരുന്നു ജെസ്‌നയുടേത്. അതുകൊണ്ടുതന്നെ ജെസ്‌നയ്ക്ക് അടുത്ത സുഹൃത്തുക്കളും കുറവാണ്. കാണാതാവുന്ന നാളിൽ ജെസ്‌നയ്ക്ക് സ്റ്റഡി ലീവായിരുന്നു. അന്നു രാവിലെ എട്ടു മണിയോടെ ജെസ്‌ന വീടിന്റെ വരാന്തയിലിരുന്നു പഠിക്കുന്നത് അയല്‍ക്കാര്‍ കണ്ടിരുന്നു. പിതാവ് ജെയിംസ് ജോലി സ്ഥലത്തേയ്ക്കു പോയി. മൂത്ത സഹോദരി ജെഫിമോളും സഹോദരന്‍ ജെയ്‌സും കോളജിലേക്കും പോയി. ഒമ്പതു മണിയോടെ മുക്കൂട്ടുതറയിലുള്ള അമ്മായിയുടെ വീട്ടിലേക്കു പോവുകയാണെന്ന് അയല്‍ക്കാരോടു പറഞ്ഞശേഷം ജെസ്‌ന വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു. 

ഒരു ഓട്ടോറിക്ഷയിലാണ് മുക്കൂട്ടുതറ ടൗണില്‍ എത്തിയത്. പിന്നീട് ജെസ്‌നയെ കുറിച്ച് വിവരമൊന്നും ഇല്ല. ജെസ്‌നയെ കാണാതായതോടെ അന്നു രാത്രി ഏഴരയോടെ പിതാവ് ജെയിംസ് എരുമേലി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. കൈവശം ഒന്നും എടുക്കാതെയാണ് ജെസ്‌ന പുറത്തുപോയത്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam