രാജകുമാരന്‍റെയും രാജകുമാരിയുടെയും കഥകള്‍ കേട്ടാവും പലരും കുട്ടിക്കാലത്ത് ഉറങ്ങിയിരുന്നത്. ഈ മുത്തശ്ശിക്കഥകളൊക്കെ ശരിക്കും നടക്കുന്നതാണോ എന്ന് പിന്നീട് ചിന്തിക്കാറുമുണ്ടാകും. എന്നാല്‍ ആ കഥകളെക്കാള്‍ സുന്ദരമാണ് ബ്രിട്ടണിലെ പുതിയ രാജകുമാരി മേഗന്‍ മാര്‍ക്കിളിന്‍റെ ജീവിതകഥ. കഴിഞ്ഞ ശനിയാഴ്ച നടന്ന ഹാരി രാജകുമാരന്‍റെയും നടിയും സാമൂഹികപ്രവര്‍ത്തകയുമായ മേഗന്‍ മാര്‍ക്കിളിന്‍റെയും രാജകീയ വിവാഹത്തിന് ലോകം മുഴുവനുമാണ് സാക്ഷിയായത്. ഈ സാഹചര്യത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത് മേഗന്‍റെ ജീവിതവഴിയായിരുന്നു. ആര്‍ക്കും പ്രചോദനമാകുന്ന ജീവിതമാണ് മേഗന്‍റേത്.
കഴിഞ്ഞ ദിവസങ്ങളില്‍ ലോകം ഏറ്റവും തിരഞ്ഞതും രാജകീയ വിവാഹത്തിന്‍റെ ചിത്രങ്ങളായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഏറെ ശ്രദ്ധേയമായിരിക്കുന്നത് മറ്റൊരു ചിത്രമാണ്. 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബക്കിങ്ഹാം കൊട്ടാരത്തിന് മുന്നില്‍ മേഗനും സുഹൃത്തും കൂടി നില്‍ക്കുന്ന ചിത്രം. ഒരു വിനോദസഞ്ചാരി എന്ന നിലയിലാണ് മേഗന്‍ അവിടെ എത്തിയതും അന്ന് ആ ചിത്രം പകര്‍ത്തിയതും.
ഇന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ഹാരിയുടെ കൈപിടിച്ച് മേഗന്‍ കൊട്ടാരത്തിലെ രാജകുമാരിയായി, സസക്സ് പ്രഭ്വിയായി മാറിയിരിക്കുന്നു. സ്വപ്നങ്ങള്‍ പലപ്പോഴും യാഥാര്‍ത്ഥ്യമാകുമെന്നതിന് ഉദാഹരണമാണ് ഈ ചിത്രമെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ പ്രതികരണം. 'ഒരാള്‍ക്ക് വിധിക്കപ്പെട്ടത് എന്താണെന്ന് ഒരിക്കലും നിര്‍വചിക്കാനാകില്ല' എന്നാണ് ചിത്രം പങ്കുവെച്ചുള്ള ഒരു ആരാധകന്‍റെ കുറിപ്പ്. എന്തായാലും മുത്തശ്ശിക്കഥകളിലെ രാജകുമാരിയുടെ പരിവേഷമാണ് ഇപ്പോള്‍ ലോകം മെഗാന് ചാര്‍ത്തിക്കൊടുത്തിരിക്കുന്നത്.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam