'കെഎസ്ആര്‍ടിസിയുടെ 'പൊന്നാങ്ങള' സ്നേഹം ' ആതിര പറയുന്നു

കേരളം ഒന്നടങ്കം കയ്യടിച്ച വാര്‍ത്ത. പാതിരാത്രിക്ക് വിജനമായ സ്റ്റോപ്പില്‍ ഇറങ്ങേണ്ടി വന്ന പെണ്‍കുട്ടിക്ക് കെഎസ്ആര്‍ടിസി ബസ് കാവലിരുന്ന വാര്‍ത്ത. പെണ്‍കുട്ടിയുടെ സഹോദരന്‍ വരുന്നത് വരെ അവള്‍ക്ക് കൂട്ടിരിക്കാന്‍ കാണിച്ച വലിയ മനസിന് എത്ര അനുമോദിച്ചാലും മതിയാവില്ലെന്നാണ് കേരളം പ്രതികരിച്ചത്. അന്ന് ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്കും കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും നന്ദി പറഞ്ഞു കൊണ്ട് ആതിരാ ജയന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പാണ് മലയാളികള്‍ ഏറ്റെടുത്തത്. കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ സേവനത്തിന് വേറിട്ടൊരു മുഖം സമ്മാനിക്കുകയായിരുന്നു ആ കുറിപ്പ്. 

ഇപ്പോഴിതാ സ്വന്തം ശബ്ദത്തില്‍ ആതിര ആ അനുഭവം പറയുന്നു. കൊല്ലം ശങ്കരമംഗലം സ്വദേശിയായ ആതിര കൊച്ചി ഇന്‍ഡിഗോ എയര്‍ലൈന്‍സിലെ ജീവനക്കാരിയാണ്. കൊച്ചിയില്‍ നിന്നും രാത്രി പത്തുമണിയോടെയാണ് ജോലി കഴിഞ്ഞ് ആതിര വീട്ടിലേക്ക് തിരിക്കുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിന് സമീപമുള്ള അത്താണി സ്റ്റോപ്പില്‍ നിന്നാണ്  കോയമ്പത്തൂർ – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് ബസില്‍ കയറുന്നത്. ഇറങ്ങേണ്ടത് കൊല്ലം ജില്ലയിലെ ചവറയ്ക്ക് അടുത്തുള്ള ശങ്കരമംഗലം എന്ന സ്റ്റോപ്പിലും. പിന്നീട് നടന്ന കാര്യങ്ങള്‍ ആതിര വിവരിക്കുന്നതിങ്ങനെ: 

‘ഏകദേശം ഒരുമണിയോടെ ബസ് ശങ്കരമംഗലം സ്റ്റോപ്പിലെത്തി. നന്നായി  മഴ പെയ്യുന്നുണ്ടായിരുന്നു. സാധാരണപോലെ ഞാന്‍ ബസില്‍ നിന്നിറങ്ങി. പൊലീസ് സ്റ്റേഷന് സമീപമാണ് എന്നെ ഇറക്കിയത്. സാധാരണ കുറച്ചുകൂടി മുന്നോട്ടുള്ള ക്ഷേത്രത്തിന് സമീപമാണ് ബസ് നിര്‍ത്താറുള്ളത്. ബസില്‍ നിന്നിറങ്ങി ഫോണില്‍ അനിയനെ വിളിക്കാന്‍ ശ്രമിച്ച് ഞാന്‍ മുന്നോട്ട് നടക്കുന്നു. അപ്പോഴാണ് ബസ് പതിയെ തന്റെ പിന്നാലെ വരുന്നുണ്ടെന്ന്  മനസിലാകുന്നത്. സാധാരണ ആളിറങ്ങി കഴിഞ്ഞാല്‍ ബസ് വേഗം പോകുകയാണ് പതിവ്. എനിക്കരികിലേക്ക് ചേര്‍ത്ത് നിര്‍ത്തിയ ബസിനുള്ളില്‍ നിന്നും കണ്ടക്ടര്‍  ചോദിച്ചു. എവിടെയാണ് വിടേണ്ടത്? റോഡ് സൈഡിലാണ് വീടെങ്കില്‍ അവിടെ വിടാം. കുട്ടി വണ്ടിയില്‍ കയറൂ. സ്നേഹത്തിന്റെ സുരക്ഷയൊരുക്കിയ ആ ചോദ്യത്തിന് അവള്‍ ഇങ്ങനെ മറുപടി നല്‍കി. എന്റെ അനിയന്‍ ഇപ്പോഴെത്തും സര്‍, നിങ്ങള്‍ പൊയ്ക്കോളൂ. മഴയായത് കൊണ്ടാണ് അവന്‍ വൈകുന്നതെന്ന് തോന്നുന്നു. ഇപ്പോഴെത്തും നിങ്ങള്‍ പൊയ്ക്കോളൂ.

അതുകേട്ട് അവളെ തനിച്ചാക്കി പോകാന്‍ അവര്‍ക്ക് മനസുവന്നില്ല. ആ പാതിരാത്രിയ്ക്ക് കനത്ത മഴയത്ത് അവളെ തനിച്ചാക്കി മുന്നോട്ട് പോകാന്‍ ബസിലെ യാത്രക്കാര്‍ക്കും തയാറായിരുന്നില്ല. ഒരുപക്ഷേ കേരള ജനത ഇത്രയേറെ സ്നേഹിക്കുന്ന ആനവണ്ടിക്കും.  അനിയന്‍ വരട്ടെ അതുവരെ ആങ്ങളയായി ആ ബസ് കൂട്ടിരുന്നു. ‘അനിയന്‍ വരട്ടെ, എന്നിട്ട് ഞങ്ങള്‍ പോകാം’. ജീവനക്കാര്‍ ഉറപ്പിച്ചു. ഒരു പത്തുമിനിറ്റോളം ആ വീഥിയില്‍ അവള്‍ക്ക് കൂട്ടായി നെഞ്ചും വിരിച്ച് ആ ‘പൊന്നാന ആങ്ങള’ നിലകൊണ്ടു. 

അപ്പോഴേക്കും അനിയന്റെ ബൈക്ക് ദൂരെ നിന്ന് വരുന്നത് ആതിര കണ്ടു. ചിരിച്ചുകൊണ്ട് അവള്‍ പറഞ്ഞു. അവന്‍ വരുന്നുണ്ട് നിങ്ങള്‍ പൊയ്ക്കോളൂ. അവിടെയും അവര്‍ പോകാന്‍ തയാറായില്ല. അനിയന്‍ എത്തി. റെയില്‍കോട്ട് ഇടാന്‍ വഴിയരികില്‍ നിര്‍ത്തിയതാണ് അവന്‍ വൈകാന്‍ കാരണം. പിന്നെ നിര്‍ത്താതെ പെയ്യുന്ന മഴയും. അവള്‍ ആ ബൈക്കില്‍ കയറിയിരുന്നു. ‘സാര്‍, ഇതെന്റെ അനിയന്‍ ഉണ്ണി, ഇനി നിങ്ങള്‍ പൊയ്ക്കോളൂ... സ്നേഹത്തോടെ കരുതലോടെ അപ്പോഴും ആ ജീവനക്കാര്‍ പറഞ്ഞു. കുട്ടി പോയിട്ട് ഞങ്ങള്‍ പോകാം. സ്നേഹത്തിന്റെ ആനക്കരുത്ത് ആ പത്തുമിനിറ്റ് അനുഭവിച്ച ആതിരയ്ക്ക് അറിയാം. അവര്‍ ഞാന്‍ പോയിട്ടേ പോകൂ. പിന്നെ മറിച്ചൊന്നും പറഞ്ഞില്ല.

വര്‍ഷങ്ങളായി കെഎസ്ആര്‍ടിസി ബസില്‍ യാത്രചെയ്യുന്ന ആളാണ് ആതിര. പക്ഷേ ജീവിതത്തില്‍ ഇത്തരത്തിലൊരു അനുഭവം ആദ്യമായിരുന്നു. അതിന്റെ സ്നേഹം ഉള്ളില്‍ നിറഞ്ഞുകൊണ്ടാകണം അവരോട് ഒരു നന്ദി പറയാന്‍ അവള്‍ക്ക് കഴിഞ്ഞില്ല. ആതിര ഒാര്‍ക്കുന്നു. അവരുടെ കണ്‍വട്ടത്ത് നിന്ന് ഞങ്ങള്‍ മറയുന്നത് വരെ ആ ബസും ബസിനുള്ളിലെ ജീവനക്കാരും യാത്രക്കാരും നോക്കി നിന്നു. പിന്നില്‍ സ്നേഹത്തിന്റെയും കരുതണലിന്റെയും പൊന്നാന വെളിച്ചത്തില്‍ അവര്‍ മുന്നോട്ട്. 

വീട്ടിലെത്തിയപ്പോഴാണ് ഒരുനന്ദി വാക്കുപോലും പറഞ്ഞില്ലല്ലോ എന്ന കാര്യം ഒാര്‍മ വന്നത്.  അങ്ങനെയാണ് ഫെയ്സ്ബുക്കില്‍ അനുഭവക്കുറിപ്പ് എഴുതിയത്. പിന്നീട് ഇൗ പോസ്റ്റ് ആനവണ്ടി ട്രാവല്‍ ബ്ലോഗ് എന്ന പേജിലും ഷെയര്‍ ചെയ്തു.  ഇതോടെയാണ് പോസ്റ്റ് ഇത്രത്തോളം വൈറലായത്. കേരള ജനത ഒന്നടങ്കം ഏറ്റെടുത്തത്. പിന്നീട് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ ജീവനക്കാരായ ഷൈജുവിനെയും ഗോപകുമാറിനെയും തേടി അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു. സമൂഹമാധ്യമങ്ങളിലും ഇവര്‍ ഹീറോയായി. വാര്‍ത്ത അറിഞ്ഞ്  തിരുവനന്തപുരം ജില്ലാ ട്രാൻസ്പോർട് ഓഫിസറും ഉന്നത ഉദ്യോഗസ്ഥരും ഫോണിൽ അഭിനന്ദനമറിയിച്ചു. 

കെഎസ്ആർടിസി എംഡി ടോമിൻ ജെ.തച്ചങ്കരിയും ഇരുവർക്കും അഭിനന്ദനക്കുറിപ്പു നൽകി. കായംകുളം ഗോവിന്ദമുട്ടം സ്വദേശിയാണു ഷൈജു. ഗോപകുമാർ കിളിമാനൂർ പുളിമാത്ത് സ്വദേശിയാണ്. സാധാരണക്കാരന്‍ ബസിന് വേണ്ടി കാത്തുനില്‍ക്കുമ്പോള്‍ ഒരു സാധാരണക്കാരിക്ക് വേണ്ടി ബസ് കാത്തുനിന്ന കഥ പുറത്തുവന്നതോടെ സമാന അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നവരുടെ തിരക്കാണ് സമൂഹമാധ്യമങ്ങളില്‍. പണ്ടൊരു ‘ചങ്ക്’ ബസ് ഉണ്ടായത് പോലെ ഇൗ ബസിന്  ‘പൊന്നാങ്ങള’ എന്നു പേര് നല്‍കണമെന്നാണ് ചിലരുടെ ആവശ്യം.

അന്നുരാത്രിനടന്ന സംഭവങ്ങള്‍ ആതിര തന്നെ വിവരിക്കുന്ന വിഡിയോ ആനവണ്ടി ബ്ലോഗ് എന്ന പേജില്‍ പങ്കുവച്ചിട്ടുണ്ട്. ആ വിഡിയോ കാണാം.

കടപ്പാട്: ആനവണ്ടി ട്രാവല്‍ ബ്ലോഗ്