ചെറുതോണി പാലത്തിലൂടെ പാഞ്ഞു വരുന്ന വെള്ളത്തെ തോൽപ്പിച്ച് ഓടിയ രക്ഷകന്‍ ബിഹാർ സ്വദേശിയായ കനയ്യകുമാർ. ദുരന്തനിവാരണ സേനാ ഉദ്യോഗസ്ഥനായ കനയ്യകുമാർ ഉൾപ്പെടുന്ന സംഘത്തിനു പനി ബാധിച്ച കുട്ടിയെ ആശുപത്രിയിലെത്തിക്കണമെന്ന സന്ദേശം ലഭിച്ചതു ചെറുതോണി ഡാമിന്റെ അഞ്ചാം ഷട്ടർ തുറക്കുന്നതിനു നിമിഷങ്ങൾ മുൻപ്.
കടുത്ത പനി ബാധിച്ച കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാൻ ചെറുതോണി പാലം കടക്കാതെ മറ്റൊരു മാർഗമുണ്ടായിരുന്നില്ല. വാഴത്തോപ്പ് പഞ്ചായത്തിലെ ആലിൻചുവട് ഭാഗത്തുള്ളകാരയ്ക്കാട്ട് പുത്തൻപുര വീട്ടിലെ വിജയരാജ് – മഞ്ജു ദമ്പതികളുടെ മകൻ മൂന്നു വയസ്സുകാരൻ സൂരജിനെ കയ്യിലേന്തി കനയ്യ ഓടി. വൻമരങ്ങൾ പോലും കടപുഴകി കുത്തിയൊലിക്കുന്ന ചെറുതോണി മുറിച്ച് കടക്കുക വലിയ വെല്ലുവിളിയായിരുന്നു. പ്രത്യേകിച്ച്, പാലം വെള്ളത്തിൽ മുങ്ങിത്തുടങ്ങിയ അവസ്ഥയിൽ.
എങ്കിലും കുഞ്ഞിനെ ആശുപത്രിയിലെത്തിക്കണമെന്ന വയർലെസ് സന്ദേശം ലഭിച്ച ഉടൻ കനയ്യകുമാർ ആ സാഹസം ഏറ്റെടുക്കുകയായിരുന്നു. രണ്ട് കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലാണ് കുഞ്ഞിനെ എത്തിച്ചത്. അപകടങ്ങൾ ഒഴിവാക്കാൻ ചെറുതോണി പാലത്തിന് സമീപത്തുള്ളവരെയെല്ലാം നേരത്തെ ഒഴിപ്പിച്ചിരുന്നു.
മഴവെള്ള പാച്ചിലിൽ കനയ്യ കുമാർ ഓടുന്ന ദൃശ്യങ്ങള്‍ വൻസ്വീകാര്യത നേടി. പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ അടക്കം നിരവധി പേർ കനയ്യ കുമാറിനും സേനയ്ക്കും അഭിനന്ദനവുമായി രംഗത്തെത്തി.