‘ചേടത്തി ഇപ്പോ എവിടാ?’.. പൂർവ വിദ്യാർഥികൾ ആരു വന്നാലും ചോദിക്കും
പുതിയ ടീച്ചർമാർക്കൊന്നും അത്ര പരിചയമില്ല, അതുകൊണ്ട് തിരിച്ചു ചോദിക്കും ‘ഏത് ചേടത്തി’ എന്ന്
പിന്നെ പിന്നെ ചേടത്തി എന്ന വിളിപ്പേര് പുതിയ ടീച്ചർമാർക്കും പരിചയമായി. പണ്ട് ഇവിടെ കഞ്ഞി വച്ചിരുന്ന ചേടത്തിയല്ലേ? ....
കാണാൻ താൽപര്യമുണ്ട് എന്നു പറഞ്ഞെത്തുന്നവരാണ് അധികവും. പലരും നേരിൽ കാണാൻ പോകുകയും ചെയ്യുന്നുണ്ട്.
ലോക വയോജന ദിനത്തോടനുബന്ധിച്ച് എറണാകുളം സൗത്ത് ഗവ. ഗേൾസ് എൽപി സ്കൂളില്‍ സംഘടിപ്പിച്ച വയോജകരെ ആദരിക്കൽ ചടങ്ങിലെ മുഖ്യ താരം 77 കാരിയായ ചേടത്തിയായിരുന്നു. സ്വന്തം മക്കളെപ്പോലെ നാലു പതിറ്റാണ്ട് കുറെ കുഞ്ഞുമക്കളെ തീറ്റിവലുതാക്കിയ ചേരാനല്ലൂരുകാരി ബർബര ജോർജ്. ഇന്ന് വൃദ്ധയായി. കണ്ണും കാതും പഴയതു പോലെ പ്രതികരിക്കുന്നില്ല. എന്നിട്ടും കുറുമ്പു ചോദ്യങ്ങളുമായി വരി വരിയായി എത്തിയ കുട്ടിപ്പടയോട് ചേടത്തി സ്നേഹം പറഞ്ഞു. പല്ലുകൊഴിഞ്ഞ മോണ പുറത്തു കാട്ടാതെ പുഞ്ചിരിച്ചു. സ്റ്റേജിൽ ഇരിക്കുമ്പോഴും ഓരോരുത്തർ വരുന്നതു നോക്കി എന്റെ പഴയ കുട്ടിയുണ്ടോ എന്ന് മുഖം തിരഞ്ഞു.
ഒറ്റയ്ക്കിരിക്കുമ്പോൾ എല്ലാരും മറന്നു പോയോ എന്നു തോന്നയിടത്തു നിന്ന് കഴിഞ്ഞ ദിവസം ഹെഡ്മിസ്ട്രസ് ലീലാമ്മ ഐസക്കിന്റെ വിളി വന്നു. ഇവിടം വരം ഒന്നു വരണം. ഞങ്ങൾക്കെല്ലാം ഒന്നു കാണാനാണ്. ഒപ്പം ഞങ്ങളുടെ കുട്ടികളുടെ വക ഒരു സ്വീകരണവും. വയ്യാഴികയിലും അവർ സമ്മതിച്ചു. അങ്ങനെ സ്കൂളിൽ നിന്നെത്തിയ പുതിയ ചില സാറൻമാർക്കൊപ്പമാണ് ചേടത്തി സ്കൂളിലെത്തിയത്. ഇടപ്പള്ളി പോണേക്കര റോഡിൽ മക്കൾക്കൊപ്പമാണ് ചേടത്തി ഇപ്പോൾ താമസം. സ്കൂളിലെ വിദ്യാർഥികളുടെ മുത്തശ്ശിമാരെയും മുത്തശ്ശൻമാരെയും ചടങ്ങിൽ ആദരിച്ചു. പഴയ ഹെഡ്മിസ്ട്രസ് മേരിക്കുട്ടി ടീച്ചർ പിടിഎ വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ ജോർജ് എല്ലാവരും ഓർമകൾ പങ്കുവച്ചു.
കുരിശുവരച്ച് തുടങ്ങും...
എന്നും രാവിലെ എത്തിയാൽ ചേടത്തി കുരിശു വരച്ചേ ജോലി തുടങ്ങൂ. അരിയെടുക്കുമ്പോഴും കറി വയ്ക്കുമ്പോഴും എല്ലാം പ്രാർഥന നിർബന്ധമാണ്. മറ്റൊന്നുമല്ല, ഒരു പാട് കുഞ്ഞുങ്ങൾക്ക് കഴിക്കാനുള്ളതാണ്. എന്തെങ്കിലും സംഭവിക്കാതിരിക്കാൻ ദൈവത്തോട് പറഞ്ഞേ തുടങ്ങൂ.
എന്റെ കുഞ്ഞുങ്ങൾക്കെല്ലാം വയർ നിറയണം. മനസും. അന്ന് കഞ്ഞിയും വല്ല സാമ്പാറോ കറിയോ ആണ് വയ്ക്കുക. ഒരു നേരമല്ല, രണ്ടു നേരം ഭക്ഷണം കൊടുക്കും. ഉച്ചയ്ക്കും പിന്നെ രണ്ടരയ്ക്കും. വീട്ടിൽ ചെന്നാൽ ഒന്നും കഴിക്കാനുള്ളവരല്ല മിക്ക കുട്ടികളും. അതറിഞ്ഞാണ് ഓരോരുത്തർക്കും ഭക്ഷണം വിളമ്പുക. വൈകിട്ട് സ്കൂൾ വിടുന്നതിനു മുമ്പ് എല്ലാ ക്ലാസിലും ചെല്ലും ചേടത്തി. എന്തിനാന്നല്ലേ ചില മുഖങ്ങൾ കണ്ടാലറിയാം, അവർക്ക് വീട്ടിൽ ചെന്നാൽ ഒന്നും കഴിക്കാനുണ്ടാവില്ല. അവരെ കഞ്ഞി വയ്ക്കുന്നിടത്തേയ്ക്ക് കൊണ്ടുവന്ന് മിച്ചം വന്ന കഞ്ഞി കുടിപ്പിക്കും. ആരും അറിയാതെ ചിലർക്കു കുറച്ചു വീട്ടിലേയ്ക്കും കൊടുത്തു വിടും. അതിന്റെ വില ജീവിതത്തിൽ ഒരിക്കലെങ്കിലും ആ അനുഭവത്തിലൂടെ കടന്നു പോയവർക്കേ അറിയൂ. – മേരിക്കുട്ടി ടീച്ചർ ചേടത്തിയെ ഓർക്കുന്നു.
എന്റെ മക്കൾ..
ഈ കൊച്ചി നഗരം മുഴുവൻ എനിക്ക് ശിഷ്യ സമ്പത്തുണ്ടെന്ന് പറയുന്ന അധ്യാപകരെ കണ്ടിട്ടില്ലേ? ചേടത്തി പറഞ്ഞില്ലെങ്കിലും ചേടത്തി തീറ്റിവളർക്കത്തിയ കുറെ മക്കളുണ്ട് ഈ നഗരത്തിലും പുറം നഗരത്തിലും. ഒരിക്കൽ പല്ലു പറിക്കാൻ ചെന്നപ്പോഴാണ്, ഡോക്ടർ പല്ലു നോക്കുന്നതിനിടെ ചോദിച്ചു, ചേടത്തിക്ക് എന്നെ അറിയുമോ? ‘അറിയില്ല’ എന്നു ചേടത്തി. ‘പഠിപ്പിച്ച ടീച്ചർമാരെ ആരെ ഓർത്തില്ലെങ്കിലും എനിക്ക് ചേടത്തിയെ ഓർക്കാതിരിക്കാൻ പറ്റില്ല. എനിക്കു കുറെ വിളമ്പിത്തന്നിട്ടുള്ളതാണ് ചേടത്തി’ എന്ന് ഡോക്ടർ. ഇതാണ് ജീവിതത്തിൽ ബാക്കിയുള്ള സന്തോഷമെന്ന് ചേടത്തി പറയും.
ബാക്കിയാകുന്ന സങ്കടം...
നീണ്ട മുപ്പതിയാറ് വർഷം സ്കൂളിൽ കുഞ്ഞുങ്ങളെ ഊട്ടി പടിയിറങ്ങുമ്പോൾ സർക്കാരിൽ നിന്ന് ഒരു പൈസ പോലും കിട്ടിയില്ലെന്നു മാത്രമല്ല, പെൻഷനായി ഒരു ചില്ലിക്കാശുപോലും കിട്ടിയിട്ടുമില്ല എന്നതാണ് ചേടത്തിയുടെ സങ്കടം. എന്തെങ്കിലും ഒരാവശ്യത്തിനു മക്കൾ തന്നെ നൽകണം. ഇതു പറയുമ്പോൾ ചേടത്തിയുടെ കണ്ണു നിറയും.
ജോലി തുടങ്ങുന്ന കാലത്ത് അമ്പതു പൈസയായിരുന്നു കൂലി. പിന്നീടത് ദിവസക്കൂലി ആയി 125 രൂപ വരെ ലഭിച്ചു. അഞ്ചു മക്കളെ വർത്തി വലുതാക്കി. വീടുവച്ചു. പിരിഞ്ഞു പോകുമ്പോൾ പിടിഎയും സ്കൂളും ചേർന്ന് അത്ര മോശമല്ലാത്തൊരു തുക തന്നു. അതു മാത്രമായിരുന്നു ചേടത്തിയ്ക്കു പണമായി കിട്ടിയ സന്തോഷം. ഈ നാട് തന്നെ അത്രത്തോളം സ്നേഹിച്ചിരുന്നു എന്ന് മനസിലാക്കിയത് അന്നാണെന്നും ചേടത്തി പറയും.