സ്യൂട്ട്കേസിൽ അവസാനിച്ച മോഡലിങ് സ്വപ്നങ്ങൾ

മുംബൈയിലെ ജനങ്ങള്‍ ഒരു കൊലപാതകവാര്‍ത്തയില്‍ നിന്ന് ഇപ്പോഴും മോചിതരായിട്ടില്ല. രാജസ്ഥാന്‍ സ്വദേശിനിയായ ഇരുപതുകാരി മോഡല്‍ മാനസി ദീക്ഷിത്തിനെ കൊന്ന് സ്യൂട്ട്‌കെയിസിലാക്കി മുംബൈ മലാഡിലെ വിജനമായ റോഡില്‍ ഉപേക്ഷിച്ച വാര്‍ത്തയുടെ ഞെട്ടലിലാണ് പലരും.

ആയിരക്കണക്കിന് യുവതികളെ പോലെ, രാജസ്ഥാനില്‍നിന്നു മോഡലിങ്ങില്‍ മികച്ചൊരു കരിയര്‍ നെയ്‌തെടുക്കാനാണ് മാനസി മുംബൈയിലെത്തിയത്. സിനിമയും ആ യുവതിയുടെ മോഹമായിരുന്നു. ചില പരസ്യചിത്രങ്ങളില്‍ അഭിനയിച്ച് ശ്രദ്ധ പിടിച്ചുപറ്റിയിട്ടുമുണ്ട് മാനസി. 

മാനസിയുടെ സൗന്ദര്യം തന്നെയായിരുന്നു അവളുടെ ആകര്‍ഷണം. സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം തന്നെയാണ് മോഡലിങ് ചെയ്യാന്‍ അവളെ പ്രേരിപ്പിച്ചത്. അങ്ങനെയാണ് കുന്നോളം പ്രതീക്ഷകളുമായി മാനസി മുംബൈയിലേക്കു വണ്ടി കയറുന്നത്. എന്നാല്‍ വിചാരിച്ചതുപോലെയായിരുന്നില്ല മുംബൈയിലെ കാര്യങ്ങള്‍. മോഡലിങ് കരിയറില്‍ പിടിച്ചുനില്‍ക്കാന്‍ പണവും കോസ്‌മെറ്റിക്‌സ് പ്രൊഡക്റ്റുകളുമെല്ലാം ആവോളം വേണ്ടിവന്നു. അവള്‍ എത്തിപ്പെട്ടത് വലിയ കുരുക്കുകളിലേക്കായിരുന്നു. 

ഇന്റര്‍നെറ്റിലൂടെയാണ് മാനസിയും സയിദും കണ്ടുമുട്ടിയത്. മൃതദേഹം തിരിച്ചറിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പൊലീസ് കൊലപാതകിയെ കണ്ടെത്തി. മുസമ്മില്‍ സയിദ് എന്ന പത്തൊമ്പതുകാരനാണ് മാനസിയുടെ സ്വപ്നങ്ങൾക്കു വിരാമമിട്ടത്.

ഇരുവരും തിങ്കളാഴ്ച്ച ഉച്ചയ്ക്കു സയിദിന്റെ അന്ധേരിയിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചു കണ്ടുമുട്ടി. എന്നാല്‍ വാക്കേറ്റമുണ്ടാകുകയും ഒടുവില്‍ സയിദ് മാനസിയെ കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. കൊല നടത്തിയ ശേഷം മൃതദേഹം സ്യൂട്ട്‌കെയിസിലാക്കി കാര്‍ വിളിച്ചാണ് മലാഡില്‍ കൊണ്ടുപോയി ഉപേക്ഷിച്ചത്. സംശയം തോന്നിയ കാര്‍ ഡ്രൈവറാണ് പൊലീസില്‍ വിവരം അറിയിച്ചത്.