അതിസുന്ദരിയായി ദീപിക; മടങ്ങിയെത്തുക രൺവീറിന്റെ ഭാര്യയായി

ചിത്രം കടപ്പാട്: ഹോം ബോളിവുഡ്

ദീപിക രൺവീർ വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ഇതിനിടയിൽ ഇവർക്കു പിന്നാെല പായുകയാണ് പാപ്പരാസികളും ക്യാമറ കണ്ണുകളും. വിവാഹം നടക്കുന്ന ഇറ്റലിയിലേക്കു പുറപ്പെടാന്‍ ഇരുവരും കുടുംബാംഗങ്ങള്‍ക്കൊപ്പം രാവിലെ മുംബൈ വിമാനത്താവളത്തിലെത്തിയിരുന്നു. 

ഇനി വിവാഹിതരായശേഷമേ ഇരുവരും തിരിച്ചെത്തുവെന്നു അറിയാവുന്നതുകൊണ്ടു തന്നെ നിരവധി ആരാധകരും മാധ്യമങ്ങളും ഇവിടെ എത്തിയിരുന്നു. ദീപികയും കുടുംബവുമാണ് ആദ്യമെത്തിയത്. പിന്നീട് സ്വയം കാറോടിച്ച രൺവീറെത്തി. ഒന്നിച്ചല്ല എത്തിയതെങ്കിലും ഒരേ നിറത്തിലുള്ള വസ്ത്രമാണ് ഇരുവരും ധരിച്ചിരുന്നത്.

വെള്ള നിറത്തിലുള്ള ബദ്ധഗ്ലയായിരുന്നു രൺവീറിന്റെ വേഷം. സ്ലിറ്റ് സ്കർട്ടും ടർട്ടിൽ കഴുത്തുള്ള ലോങ്ങ് ടോപ്പുമായിരുന്നു ദീപിക അണിഞ്ഞിരുന്നത്. വളരെ സന്തോഷവതിയായിരുന്നു ദീപിക മാധ്യമങ്ങൾക്കു ചിത്രങ്ങളെടുക്കാൻ നിന്നുകൊടുത്തു. ആരാധകർക്കു നേരെ കൈകൂപ്പിയും അഭിവാദ്യം ചെയ്തുമാണ് രൺവീർ വിമാനത്താവളത്തിന് അകത്തേക്കു നടന്നത്.

ഇറ്റലിയിലേക്കു യാത്ര തിരിക്കുന്ന ഇവരുടെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായി. വിവാഹിതയാകാൻ പോകുന്നതിനാൽ ദീപികയുടെ മുഖത്ത് പതിവില്ലാത്തവിധം തിളക്കവും നാണവുമുണ്ട് എന്നാണ് ആരാധകർ പറയുന്നത്. 

നവംബർ 14, 15 തീയതികളിൽ കൊങ്ങിണി, സിന്ധ് ആചാരപ്രകാരമായിരിക്കും വിവാഹം. ഇറ്റലിയിലെ ലേക് കോമോയാണ് വേദി. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായ 30 പേരായിരിക്കും ചടങ്ങിൽ പങ്കെടുക്കുകയെന്നാണ് റിപ്പോര്‍ട്ട്. നവംബർ 18ന് ഇരുവരും ഇന്ത്യയിൽ തിരിച്ചെത്തും. 

ബംഗലൂരുവിലും മുംബൈയിലുമായി സുഹൃത്തുക്കൾക്കും സിനിമാമേഖലയിലുള്ളവർക്കും സത്കാരം നടത്താനാണ് തീരുമാനം. 

ആറു വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. ഇവരുടെ വിവാഹത്തോടെ ബോളിവുഡിന് പുതിയൊരു താരദമ്പതികൾ കൂടി സ്വന്തമാകും.