പ്രിയങ്ക ചോപ്രയും നിക് ജോനസും മധുവിധു യാത്രയിലാണ്. സ്വിറ്റ്സർലണ്ടിലാണു പ്രിയതാരങ്ങൾ ഇപ്പോൾ. പുതുവർഷവും അതിനിടയിലിങ്ങെത്തി. പരസ്പരം ചുംബിച്ചുകൊണ്ടാണു പുതുവർഷത്തെ ഇരുവരും വരവേറ്റത്. ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകർക്കായി ചിത്രങ്ങളും പങ്കുവച്ചു.
‘‘എന്നിൽ നിന്ന് നിന്നിലേക്ക്. എല്ലാവർക്കും പുതുവത്സരാശംസകൾ’’ ചുംബിക്കുന്ന ചിത്രത്തിനൊപ്പം പ്രിയങ്ക കുറിച്ചു. പരസ്പരം ചുംബിക്കുന്നത് ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയാണു നിക് ആശംസകൾ നേർന്നത്. ചുറ്റിലുമായി നടക്കുന്ന ആഘോഷങ്ങളുടെ ദൃശ്യങ്ങളുമുണ്ട്.
നിക്കിന്റെ സഹോദരൻ ജോ ജോനസും ഭാര്യ സോഫിയ ടർണറും മറ്റു കുടുംബാംഗങ്ങളും സുഹൃത്തുക്കളും സ്വിറ്റ്സര്‍ലന്‍ഡിലുണ്ട്. മനോഹരമായ ദൃശ്യങ്ങളും മഞ്ഞിൽ കളിക്കുന്ന ചിത്രങ്ങളും പ്രിയങ്ക നേരത്തെ പങ്കുവച്ചിരുന്നു.
ഡിസംബർ 20ന് മുംബൈയിലെ വിവാഹസ്തകാരത്തിനുശേഷം താരദമ്പതികൾ ഇംഗ്ലണ്ടിലെത്തിയിരുന്നു. ക്രിസ്മസ് ആഘോഷങ്ങൾക്കുശേഷം സ്വിറ്റ്സര്‍ലന്‍ഡിലേക്കു തിരിക്കുകയായിരുന്നു. ജോധ്പുരിലെ ഉമൈദ് ഭവൻ പാലസിൽ ഡിസംബർ 1, 2 തിയതികളിലായിരുന്നു നിക് ജോനസ്– പ്രിയങ്ക ചോപ്ര വിവാഹം. ക്രിസ്തീയ, ഹൈന്ദവ ആചാരങ്ങൾ പ്രകാരമായിരുന്നു ചടങ്ങുകൾ.