പങ്കാളിയെയും മക്കളെയും ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നത് ആര്?

അകന്നകന്നു പോകുന്ന കൊച്ചു പെങ്ങളെ നോക്കി നിതിൻ കൈ വീശിക്കൊണ്ടിരുന്നു.. ആ കാർ ദൃഷ്ടിയിൽ നിന്നു മറയുവോളം അവൻ അവിടെത്തന്നെ നിന്നു. ഒടുവിൽ മമ്മിയുടെ കൈയും പിടിച്ച് മറ്റൊരു വീട്ടിലേക്ക്... ഒറ്റപ്പെടലിന്റെ, വേർപാടിന്റെ സങ്കടങ്ങൾ ഘനീഭവിച്ചു കിടക്കുന്ന അന്തരീക്ഷം. അവിടെ അവന്റെ പൊട്ടിച്ചിരികളും വാചാലതയും അസ്തമിച്ചു.

കുടുംബ ബന്ധങ്ങൾ മുറിക്കപ്പെട്ടപ്പോൾ മക്കളും വീതം വയ്ക്കപ്പെട്ടു. പല വീടുകളിലായി കൂടപ്പിറപ്പുകൾ. ജനനം മുതൽ ഒരുമിച്ചുണ്ടായിരുന്ന കൊച്ചുപെങ്ങൾ ഇനി കളിക്കാനും വഴക്കുകൂടാനും അവനൊപ്പമില്ല. പപ്പായ്ക്കും മമ്മിയ്ക്കും പെങ്ങൾക്കുമൊപ്പം ഒരുമിച്ചായിരുന്നു കഴിഞ്ഞ ക്രിസ്മസിനു കേക്കുമുറിച്ചത്. ഇത്തവണയും മമ്മിക്കൊപ്പം കേക്ക് മുറിച്ചെങ്കിലും ആ ആഘോഷം അവന്റെ മനസ്സിൽ സന്തോഷവും സമാധാനവും നിറച്ചില്ല. ഉള്ളിൽ വേർപാടിന്റെ വേദന മാത്രം...

സ്മാർട്ട് ഫോണും ടിവിയും ഇന്റർനെറ്റുമെല്ലാം ചേർന്ന് ആളുകളുടെ സമയത്തിന്റെ ഭൂരിഭാഗവും കവർന്നപ്പോൾ നഷ്ടമായത് കുടുംബത്തിനും ബന്ധുമിത്രാദികൾക്കുമൊപ്പം ചെലവഴിക്കേണ്ട വിലപ്പെട്ട നിമിഷങ്ങൾ. ഓരോ ദിവസവും ഭക്ഷണമേശയിലും സ്വീകരണമുറിയിലുമിരുന്ന്  അന്നന്നത്തെ കാര്യങ്ങൾ കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്ന സ്ഥാനത്ത് വാട്ട്സ്ആപ്പിലെയും ഫെയ്സ്ബുക്കിലെയും സൗഹൃദക്കൂട്ടങ്ങളിൽ പലരുടെയും ജീവിതം ഉടക്കിനിൽക്കുന്നു. 

ഇതിൽ പലതും വ്യാജമാവാം, തേൻ കെണികളാവാം. അവയുടെ ഭ്രമിപ്പിക്കുന്ന മാധുര്യം ആസ്വദിക്കാനുള്ള ശ്രമത്തിൽ ഭാര്യ-ഭർതൃ ബന്ധത്തിൽ  വിള്ളലുകൾ വീഴുന്നു. പലരും മാനസികമായി അകന്നു തുടങ്ങുന്നു. സ്നേഹത്തിലും ത്യാഗത്തിലും ഊന്നിയുള്ള ബന്ധങ്ങളിലെ അടുപ്പം ഇല്ലാതാകുന്നു. വിവാഹം കഴിച്ചു വർഷങ്ങളായി ജീവിതപങ്കാളിയും മക്കളുമായി കഴിയുന്നവർ പോലും വേലി ചാടുന്നു. വിവാഹമോചനത്തിലേക്കും മറ്റും അത് എത്തുന്നു.

ബാല്യം മുതൽ വിവിധ ഇലക്ട്രോണിക് സ്ക്രീനുകളിൽ കണ്ണുകളുടക്കി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന കുട്ടികൾക്ക് പഠനത്തിലുള്ള ശ്രദ്ധയും താൽപര്യവും കുറയുന്നു. ഒാർമശക്തിയും ആത്മവിശ്വാസവും ആശയവിനിമയശേഷിയും കുറയാനും ഇടയാകുന്നു. ഒപ്പം, മുതിർന്നവർ വീട്ടിലേക്കു വരുമ്പോഴും ക്ലാസിൽ അധ്യാപകർ ചോദ്യം ചോദിക്കുമ്പോഴുമെല്ലാം എഴുന്നേറ്റു നിൽക്കാൻ പോലും  മര്യാദയില്ലാത്തവരായി അവർ മാറുന്നു.

സ്ക്രീൻ അഡിക്ഷൻ എന്ന് മനശാസ്ത്രജ്ഞർ വിളിക്കുന്ന ടിവി, മൊബൈൽ ഫോൺ അഡിക്ഷൻ, ചികിത്സ നൽകേണ്ട മനോരോഗത്തിന്റെ പരിധിയിലാണ് ലോകാരോഗ്യസംഘടന ഉൾക്കൊള്ളിച്ചിരിക്കുന്നത്. അതിനാൽ കുടുംബബന്ധങ്ങൾ ആരോഗ്യകരമാവാൻ, കുട്ടികൾ മികവുറ്റവരായി വളരാൻ ഇൗ അഡിക്ഷനിൽ നിന്നു പുറത്തുകടക്കേണ്ടതുണ്ട്.

വിവരസാങ്കേതിക വിദ്യ അടക്കിവാഴുന്ന ലോകത്ത് അതിന്റെ ആഗോള വമ്പൻമാരായ മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ലോകത്തിലെ കോടീശ്വരൻമാരിൽ മുൻനിരയിൽ നിൽക്കുന്ന വ്യക്തിയുമായ ബിൽ ഗേറ്റ്സ്, ആപ്പിൾ സഹസ്ഥാപകനായ സ്റ്റീവ് ജോബ്സ് എന്നിവര്‍ അവരുടെ കുടുംബത്തിൽ ഇന്റർനെറ്റിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

സ്റ്റീവും കുടുംബാംഗങ്ങളും എല്ലാ ദിവസവും വൈകിട്ട് ഒരുമിച്ചിരുന്ന് പല കാര്യങ്ങളും സംസാരിച്ചുകൊണ്ടായിരിക്കും അത്താഴം കഴിക്കുകയെന്ന് അദ്ദേഹത്തെക്കുറിച്ചു പുസ്തകമെഴുതിയ എഴുത്തുകാരനായ വാൾട്ടർ എെസക്സൺ പറയുന്നു. ഐപാഡും കംപ്യൂട്ടറും വീട്ടിൽ ഉപയോഗിക്കുന്നതിലും വിവരസാങ്കേതിക വിദ്യയുടെ തലതൊട്ടപ്പൻമാരിൽ ഒരാളായ സ്റ്റീവ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. അതായത് സ്ക്രീനിൽ ദൃഷ്ടിയുറപ്പിച്ച് പരസ്പരം സംസാരിക്കാതെയല്ല ആരും ഭക്ഷണം കഴിക്കേണ്ടതെന്ന് ചുരുക്കം.

സോഫ്റ്റ്‌വെയർ രംഗത്തെ മാസ്റ്റർ ബ്രെയിനും ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്നരില്‍ ഒരാളുമായ ബിൽ ഗേറ്റ്സാകട്ടെ മക്കൾക്ക് പതിനാലു വയസ്സുവരെ മൊബൈൽ ഫോൺ കൊടുത്തിരുന്നില്ല. അവിടെ കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്നു സംസാരിക്കുമ്പോൾ വില്ലനായി മൊബൈൽ വരുന്നതിന്റെ ദൂഷ്യം ടെക് ഭീമനായ ബിൽ ഗേറ്റ്സ് തിരിച്ചറിഞ്ഞിരുന്നു. സാങ്കേതിക വിദ്യ നമ്മുടെ ജീവിതം കൂടുതൽ എളുപ്പമാക്കാനുള്ള ഒരു വഴി മാത്രമാണ്. അത് നമ്മുടെ നിയന്ത്രണത്തിലാവണം അല്ലാതെ നമ്മൾ സാങ്കേതിക വിദ്യയുടെ അടിമകളാവരുത്. 

അടുത്ത കാലത്തിറങ്ങിയ രജനീകാന്ത് നായകനായ ചിത്രമാണ് 2.0. ഇതിൽ സ്മാർട്ട് ഫോണുകളുടെ ദൂഷ്യങ്ങളെക്കുറിച്ചു പറയുന്നുണ്ട്. മൊബൈൽ ടവറുകളിൽ നിന്നുള്ള വികിരണങ്ങൾ ഇന്ന് അനേകായിരം ദേശാടനക്കിളികളുടെ നാശത്തിന് കാരണമാകുന്നതായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. കാരണം, ഒാരോ സീസണിലും പതിനായിരത്തിലധികം കിലോമീറ്ററുകളാണു ദേശാടനക്കിളികൾ  സഞ്ചരിക്കുന്നത്. ദിശ തെറ്റാതെ ഇവ ലക്ഷ്യസ്ഥാനത്തെത്തും. അന്തരീക്ഷത്തിലെ ചില തരംഗങ്ങൾ തിരിച്ചറിഞ്ഞാണ് ഇവയുടെ സഞ്ചാരം. എന്നാൽ മൊബൈൽ ടവറുകൾ പലപ്പോഴും ഉയർന്ന ഫ്രീക്വൻസിയിൽ സെറ്റ് ചെയ്യുമ്പോൾ ഇവയുടെ സഞ്ചാരപഥം തടസ്സപ്പെടുന്നു. ലക്ഷ്യം തെറ്റി ടവറുകളിലും മറ്റും തലയിടിച്ച് വീണു ചാകുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ആണ് സ്മാർട്ട് ഫോൺ ഇൻഡസ്ട്രി. അതുകൊണ്ടു തന്നെ പല ക്രമക്കേടുകളും സ്വാധീനത്തിന്റെയും പണത്തിന്റെയും മറവിൽ മൂടിവയ്ക്കപ്പെടുന്നു.

ഒരു സയൻസ് ഫിക്ഷൻ സിനിമയായ 2.0 ൽ എല്ലാവരുടെയും ഫോണുകളെല്ലാം അന്തരീക്ഷത്തിലേക്ക് പറന്നകലുന്ന കാഴ്ച കാണാൻ സാധിക്കും. സന്തതസഹചാരിയായ സ്മാർട്ട് ഫോൺ ഇല്ലാതെ ദിവസങ്ങൾ കഴിയുേമ്പാൾ ഒരാൾ പറയുന്ന ഒരു ഡയലോഗുണ്ട്. ‘ഇപ്പോൾ ശരിക്കും ഒരു മനസമാധാനമുണ്ട്. കുടുംബാംഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും അവരോട് സംസാരിക്കാനും സമയം കിട്ടുന്നുണ്ട്. ഇപ്പോഴാ ഞാൻ ജീവിതം ആസ്വദിക്കുന്നത്.’’

സ്മാർട്ട് ഫോണുകളുടെ അമിത ഉപയോഗം അമിത റേഡിയേഷനു കാരണമാകുന്നുണ്ട്. തലവേദന അടക്കമുള്ള പ്രശ്നങ്ങളും മാരകരോഗങ്ങളും വരെ ഇതിന്റെ ഫലമായുണ്ടാവാം. നമ്മുടെ ശാരീരിക- മാനസിക ആരോഗ്യത്തിനു തടസ്സമാകുന്ന ഒരു ഘടകം തന്നെയാണ് സ്ക്രീൻ അഡിക്ഷനെന്നു തിരിച്ചറിഞ്ഞാൽ അതിനെ നിയന്ത്രിക്കാനുള്ള വഴികളാണ് നാം ആരായേണ്ടത്.

ആപ്പിളിന്റെ സിഇഒ ടിം കുക്കിന് മക്കളില്ല. പക്ഷെ 13 വയസ്സുള്ള തന്റെ അനന്തരവൻ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നത് ടിം വിലക്കിയിട്ടുണ്ട്. കുട്ടികൾക്കിടയിലെ മൊബൈൽ ഫോൺ ഉപയോഗം 2011ൽ പ്രതിദിനം ശരാശരി അഞ്ചു മിനിറ്റായിരുന്നെങ്കിൽ 2018ൽ അത് ഒരു മണിക്കൂറിൽ അധികമായി ഉയർന്നിട്ടുണ്ടെന്ന് അമേരിക്കയിൽ നടത്തിയ ഒരു പഠനത്തിൽ തെളിയുന്നു. 

കേരളത്തിലും ഇൗ നിരക്കിൽ വലിയ വ്യത്യാസം കാണില്ല. കാരണം, സ്കൂളിൽ നിന്നു വന്നാലുടനെ തുറിച്ച കണ്ണുകളുമായി മൊബൈലിൽ നോക്കിയിരിക്കുന്ന കുട്ടികൾ കേരളത്തിലും വളരെ ഏറെയാണ്. സാങ്കേതിക വിദ്യയുടെ അമിത ഉപയോഗം കുട്ടികളുടെ ശരിയായ രീതിയിലുള്ള മാനസിക-ശാരീരിക വളർച്ചയെ നിഷേധാത്കമായി ബാധിക്കുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. അമിത വണ്ണം, ഒാർമ്മക്കുറവ്, ആത്മവിശ്വാസക്കുറവ്, മറ്റുള്ളവരുമായി ഇടപഴകാനുള്ള വിമൂഖത എന്നിവയൊക്കെ ഇതിന്റെ ഫലമായുണ്ടാകാം.

ആസ്വദിക്കാൻ പുതിയ മേച്ചിൽപുറങ്ങൾ 

സമൂഹമാധ്യമങ്ങളിൽ രാത്രി വൈകുവോളം സമയം ചെലവഴിക്കുന്ന വിവാഹിതർ സഞ്ചരിക്കുക ഒരു പക്ഷെ ദൂരെയുള്ള പങ്കാളിയെ വഞ്ചിച്ചുകൊണ്ടായിരിക്കും. തേൻ പുരട്ടിയുള്ള പുതിയ കാമുകന്റെ /കാമുകിയുടെ വാക്കുകളിൽ മയങ്ങിവീഴുമ്പോൾ തകർന്നു വീഴുന്നത് കുടുംബ ബന്ധമാകാം. അത് ചിലപ്പോൾ വിവാഹമോചനത്തിലാവും കലാശിക്കുക. ജീവിത പങ്കാളിയേയും മക്കളെയും ഉപേക്ഷിച്ചു ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട വ്യക്തിയുമായി ഒളിച്ചോടുന്ന സംഭവങ്ങൾ ഇന്നു വാർത്തയാകുന്നു. താൽകാലിക ഭ്രമം മാറുമ്പോൾ ആർക്കൊപ്പം പോയോ അവരാൽ തന്നെ തിരസ്കരിക്കപ്പെട്ട അവസ്ഥയിലായ പലരുടെയും ജീവിതമാണ് ഇത്തരം കെണികളിൽ കുരുങ്ങുന്നവരുടെ കണ്ണുതുറപ്പിക്കേണ്ടത്.

അശ്ലീലതയുടെ അതിപ്രസരം കലർന്ന സന്ദേശങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട വ്യക്തിയെ വിശ്വസിച്ച് അയക്കുമ്പോൾ അത് ദുരുപയോഗം ചെയ്യപ്പെട്ടു പെൺവാണിഭസംഘത്തിന് ഇരയായി മാറിയ സ്ത്രീകളുടെ കഥകളും  പുറത്തുവരുന്നു. ചിലർ അപമാനം ഭയന്ന് പുറത്തു പറയാതെ, ഭീഷണിക്കു വഴങ്ങി സ്വന്തം ജീവിതം തന്നെ നശിപ്പിക്കുന്നു. മറ്റു ചിലർ  ജീവിതപങ്കാളിയോടും കുടുംബാംഗങ്ങളോടും സംസാരിച്ച്, ഒരിക്കൽ പറ്റിയ തെറ്റ് തിരുത്തി  ഇത്തരക്കാർക്കെതിരെ നിയമപരമായി രംഗത്തുവരുന്നു. അവർക്കു ശിക്ഷ ഉറപ്പാക്കുന്നു.

മറ്റു ചിലര്‍ ആത്മഹത്യ തിരഞ്ഞെടുക്കുന്നു. മനസ്സിലാക്കുക, നമ്മുടെ മൊബൈൽ ഫോണിൽ ഒരു കൈവിരൽത്തുമ്പിൽ ലഭ്യമാകുന്ന സോഷ്യൽ മീഡിയ പലപ്പോഴും അനേകം കപടതകളാൽ മൂടിവയ്ക്കപ്പെട്ടിരിക്കുന്ന ഒരു ലോകമാണ്. അവിടെ പലരും അവരുടെ യഥാർത്ഥ വ്യക്തിത്വവും സ്വഭാവവും പശ്ചാത്തലവും ചിത്രവും വ്യക്തിത്വവുമെല്ലാം മറച്ചുവച്ചു സജീവമാകുന്ന വ്യാജന്മാരായിരിക്കാം. അതിനാൽ, സോഷ്യൽ മീഡിയയെ സ്വന്തം കുടുംബം പോലെ എന്തും പങ്കുവയ്ക്കാനും തുറന്നു കാട്ടാനുമുള്ള ഇടമായി കാണാതിരിക്കുക. ജീവിതത്തിൽ എല്ലാക്കാലവും നിങ്ങളോടൊപ്പമുണ്ടാകുന്നതും കുടുംബാംഗങ്ങളായിരിക്കുമെന്ന് തിരിച്ചറിയുക.

“എനിക്കൊരു തലവേദന വന്നപ്പോൾ വാട്ട്സ് ആപ്പിലെ ഫ്രണ്ട് എത്ര കെയറിങ്ങോടെയായിരുന്നു സംസാരിച്ചത്. എന്റെ ജീവിതപങ്കാളിയോടു പറഞ്ഞപ്പോൾ ‘ങ്ഹാ’ എന്നൊരു മൂളൽ മാത്രമായിരുന്നു മറുപടി” എന്നു പറഞ്ഞത് കൗൺസിലിങ്ങിനു വന്ന ഒരു വീട്ടമ്മയാണ്. കാപട്യം മറച്ചുവെച്ചുകൊണ്ടു നിങ്ങളോടു സംസാരിക്കാനും പെരുമാ‍റാനും പലർക്കും സാധിക്കും. ജോലിയിലെ ടെൻഷൻ കാരണം നിങ്ങളോടു  മനോഹരമായി സംസാരിക്കാൻ പങ്കാളിക്കു ചിലപ്പോൾ കഴിയാതെ പോയാൽ അതിനർഥം സ്നേഹമില്ല എന്നല്ല. സ്നേഹം പ്രകടിപ്പിക്കേതില്ല എന്നും ഇതിനർഥമില്ല. ചില സാഹചര്യങ്ങളിൽ പ്രതീക്ഷിക്കുന്ന രീതിയിൽ പെരുമാറാതെ വരുമ്പോൾ നിരാശപ്പെട്ടു ചില്ല മാറി കൂടുകൂട്ടാൻ പോകരുതെന്നു മാത്രം. ജീവിതപങ്കാളിയോടും മക്കളോടും മറ്റു കുടുംബാംഗങ്ങളോടും ആത്മാർഥമായി പെരുമാറുക. പബ്ലിക് റിലേഷൻസ് തിയറികൾ പ്രാവർത്തികമാക്കി പുറമേ ഒരു ബന്ധം സൃഷ്ടിക്കുന്നവരെ ആളുകൾ എളുപ്പത്തിൽ തിരിച്ചറിയും. ഇവരെ തിരസ്കരിക്കും.

ആത്മാർത്ഥമായി, ഉള്ളിൽ നിന്നു വരുന്ന വാക്കുകൾ കൊണ്ട് സംസാരിച്ചു ശീലിക്കുക. ഇത് വ്യക്തി ബന്ധങ്ങൾ സുദൃഢമാക്കാൻ സഹായിക്കും. അതല്ലായെങ്കിൽ നിങ്ങളെ ഒരു ഫ്രോഡായി സമൂഹം കരുതും. കുടുംബത്തിലും സമൂഹത്തിലും നിങ്ങൾക്കു വില കിട്ടില്ല. കുടുംബാംഗങ്ങൾക്കും ബന്ധുമിത്രാദികൾക്കുമൊപ്പം കാറിൽ യാത്ര ചെയ്യുമ്പോഴും വീട്ടിലും ആഘോഷവേളകളിലും ഫോണിൽ തുടർച്ചയായി സംസാരിക്കുന്നത് ഒഴിവാക്കുക. അത് ഒപ്പമുള്ളവരെ അപമാനിക്കുന്നതിനും അവരുടെ സാന്നിധ്യത്തിനു നിങ്ങൾ വിലകൊടുക്കുന്നില്ലെന്ന സൂചനയുമാണ്.

അതിനാൽ പുതിയ വർഷത്തിൽ നാം മാറ്റേണ്ട ശീലങ്ങളിൽ ഒന്നാമത്തേതു സ്മാർട്ട്ഫോൺ അഡിക്ഷനെ ഇല്ലാതാക്കും എന്നതാകട്ടെ. അതു വഴി ഒട്ടേറെ കുടുംബങ്ങളിലേക്കു സന്തോഷവും സമാധാനവും കടന്നുവരട്ടെ. ബന്ധങ്ങൾ മുറിയാതിരിക്കട്ടെ, മക്കൾ ശരിയായ വഴിയിലൂടെ വളരട്ടെ.

(ഇന്ത്യയിലെ ഏറ്റവും മികച്ച മാധ്യമപ്രവർത്തകനുള്ള ഭാരതസർക്കാരിന്റെ പരമോന്നത ബഹുമതിയും ധീരതയ്ക്കുള്ള ഇന്ത്യൻ പ്രസിഡന്റിന്റെ മെഡലും നേടിയിട്ടുള്ള പ്രശസ്ത രാജ്യാന്തര മോട്ടിവേഷനൽ സ്പീക്കറും സൈക്കോളജിസ്റ്റും ഇരുപത്തഞ്ചോളം ജീവിതവിജയഗ്രന്ഥങ്ങളുടെ രചയിതാവുമാണ് ലേഖകൻ, ഫോൺ-9497216019)