'സ്വപ്നം കണ്ടിരിക്കുവാണോ, റയിൽവേ എത്തി' എന്ന് വിളിച്ചിറക്കാൻ ആളില്ല '; കണ്ണീർക്കുറിപ്പ്

heart-touching-post-arathy
SHARE

സ്ഥിരമായി പോകുന്ന വഴിയോടും സ്ഥിരമായി കയറുന്ന ബസിനോടുമെല്ലാം വൈകാരിക അടുപ്പം തോന്നുന്നത് സ്വാഭാവികമാണ്. ആ യാത്രയിൽ ഒപ്പം കൂടുന്നവരോടും പറഞ്ഞറിയിക്കാകാത്ത ഒരു ആത്മബന്ധം ഉണ്ടാകും. ചുരുങ്ങിയ നാളുകൾകൊണ്ട് അവരെല്ലാം പരിചിതരുമാകും. സ്ഥിരമായി യാത്ര ചെയ്തുകൊണ്ടിരുന്ന ബസിലെ കണ്ടക്ടറുടെ മരണത്തെക്കുറിച്ച് വൈകാരികമായ ഒരു കുറിപ്പ് എഴുതിയിരിക്കുകയാണ് ആരതി ജെഹ്നാര എന്ന പെൺകുട്ടി. സ്ഥിരമായി തന്നെ നോക്കി പുഞ്ചിരിക്കുന്ന ആ മുഖം ഇനിയില്ലെന്ന നോവ് കണ്ണീരോടെയാണ് ആരതി എഴുതിയിരിക്കുന്നത്.

ആരതിയുടെ കുറിപ്പ് ഇങ്ങനെ: 

'ജോലി കിട്ടിയതു മുതൽ സ്ഥിരം കയറുന്ന ബസ്സുണ്ടായിരുന്നു. റൂട്ടിൽ വളരെ കുറച്ചോടുന്ന വണ്ടികളെന്ന നിലയിൽ രാവിലെ സ്ഥിരം കയറുന്ന ജോലിക്കാർ നിറഞ്ഞ വണ്ടി. സമാധാനപ്രിയനായ ഡ്രൈവറും വളരെ സാധുവായ ഒരു കണ്ടക്ടറും. സാധാരണ കാണുന്ന മൂരാച്ചി കണ്ടക്ടർമാരിൽ നിന്ന് വ്യത്യസ്തനായി സ്കൂൾ കുട്ടികളെ മുഴുവൻ കയറ്റുകയും അവരെ സീറ്റിലിരിക്കാൻ അനുവദിക്കുകയും എല്ലാവരേയും സ്റ്റോപ്പിലിറക്കി വിട്ട് ടാറ്റായും കൊടുത്തു വിടുന്ന ഒരു മനുഷ്യൻ. ചെറുപ്പക്കാരൻ..

ഒന്നോ രണ്ടോ മിനിറ്റ് ലേറ്റ് ആയാലും സ്ഥിരം കയറുന്ന ആളുകൾക്കായി കുറച്ചുനേരം കാത്ത് അവരേയും കൊണ്ടു പൊയ്ക്കോണ്ടിരുന്നവർ.

കഴിഞ്ഞ കുറേ മാസങ്ങളായി സ്കൂട്ടറിലാണ് യാത്ര. സ്ഥിരം റൂട്ട് ആയതുകൊണ്ട് ഇടയ്ക്കിടെ ആ ബസ്സ് കാണുമായിരുന്നു. വണ്ടീലിരുന്ന് ചിരിച്ചോ കൈ പൊക്കി കാണിച്ചോ ഒക്കെ സ്നേഹം പ്രകടിപ്പിച്ചിരുന്നു.

ഇന്ന് സ്കൂട്ടറെടുക്കാതെ ബസ്സിനു കയറാൻ വന്നു രാവിലെ. ബസ്സ് ദൂരേന്ന് വരുന്നതിനു മുന്നേ തന്നെ മുന്നിൽ വച്ചിരുന്ന സ്റ്റിക്കർ 'ആദരാഞ്ജലികൾ'.. ആ ചിരിക്കുന്ന കൈ കാട്ടുന്ന മുഖം തന്നെ.. അകത്തു കയറി പുതിയ കണ്ടക്ടറോട് കാര്യം ചോദിച്ചു.ഇന്നലെ സ്വയം അവസാനിപ്പിച്ചുത്രേ.. എന്നും പാട്ടും ബഹളവും കളീം ചിരീം ആയി പോകുന്ന ബസ്സ് മരണവീട് പോലെ.. കണ്ണൊക്കെ നിറഞ്ഞ് ഓരോന്നോർത്ത് സ്റ്റോപ്പ് കഴിഞ്ഞ് മാറി പോയിറങ്ങി..

ഇനി അതിൽ കയറുമ്പോഴൊക്കെ ഓർക്കണം, 'സ്വപ്നം കണ്ടിരിക്കുവാണോ, റയിൽവേ എത്തി' എന്ന് വിളിച്ചിറക്കാൻ എനിക്ക് ആളില്ല എന്ന്.. :(

തൊണ്ടയിലിരുന്നു വിങ്ങുന്ന സങ്കടം മുഴുവനും നിങ്ങളാണ്...'

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
FROM ONMANORAMA