ഏറെ പ്രതിസന്ധികളിലൂടെ കടന്നു പോയ വ്യക്തിത്വമായിരുന്നു ശ്രീശാന്ത്. വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വവും ശ്രീശാന്ത് തന്നെയാകും. കളിക്കളത്തിനു അകത്തും പുറത്തും ഒരുപാട് വിവാദങ്ങൾ ശ്രീയുണ്ടാക്കിയിട്ടുണ്ടെങ്കിലും അതെല്ലാം ശ്രീയുടെ കുട്ടിക്കളിയായും പക്വതയില്ലായ്മയായും മാത്രമേ അന്നേവരെ എല്ലാവരും കണ്ടിരുന്നുളളു. എന്നാൽ ഐപിഎൽ വിവാദം ശ്രീയുടെ എല്ലാ ശോഭയും കിടത്തി. വാഴ്ത്തിയവർ ശ്രീയെ കയ്യൊഴിഞ്ഞു. എന്നാൽ ശ്രീയുടെ ഉയർച്ചകളിലും താഴ്ചകളിലും ഒരേ പോലെ നിലകൊണ്ട് ചുരുക്കം വ്യക്തിത്വങ്ങളിൽ ഒന്നായിരുന്നു അന്ന് കാമുകിയും പിന്നീട് ഭാര്യയുമായ ഭുവനേശ്വരി. എല്ലാ എതിർപ്പുകളെയും വകവയ്ക്കാതെ ശ്രീ തെറ്റു ചെയ്തിട്ടില്ലെന്ന് ഉറക്കെ പറഞ്ഞ് രംഗത്തെത്തിയ ഭുവനേശ്വരി തന്നെയായിരുന്നു ശ്രീയുടെ എക്കാലത്തെയും വലിയ ശക്തി.
ഭുവനേശ്വരിയോടുളള അടങ്ങാത്ത നന്ദി രേഖപ്പെടുത്തി ശ്രീശാന്ത് തന്നെയാണ് രംഗത്തെത്തിയത്, ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തുറന്നു പറച്ചിൽ. ഐപിഎൽ വാതുവയ്പ്പുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയരുമ്പോൾ ഞാൻ കടുത്ത നിരാശയിലായിരുന്നു. പിന്തുണയുമായി ഭുവനേശ്വരിയും കുടുംബവും കൂടെ നിന്നു. 'ഭുവനേശ്വരി ശ്രീശാന്തിന്റെ നട്ടെല്ലാണ് എന്നാണ് എല്ലാവരും പറയുന്നത്. അതല്ല ശ്രീശാന്ത്, തന്നെയാണ് ഭുവനേശ്വരി; നേരെ തിരിച്ചും.
എന്റെ സഹോദരൻ എന്നെ ജയിലിൽ കാണാൻ വന്നപ്പോൾ എനിക്ക് സങ്കടം അടക്കാൻ കഴിഞ്ഞില്ല. ജീവിതം തന്നെ വെറുത്തു പോയെന്ന് പറഞ്ഞ് കരയുമ്പോഴും ചേട്ടൻ എന്നെ ആശ്വസിപ്പിച്ചു. നിനക്കൊപ്പം ഞങ്ങളെല്ലാവരും ഉണ്ട്. നിന്നെ സ്നേഹിക്കുന്ന പെൺകുട്ടിയും കുടുംബവും നിനക്കൊപ്പം ഉണ്ടെന്ന് കാര്യം നീ മറക്കരുതെന്ന് സഹോദരൻ പറഞ്ഞതായി വികാരാധീനനായി ശ്രീ പറഞ്ഞു. മറ്റൊരു നാട്ടിൽ നിന്ന് വന്ന് എന്നെ വിവാഹം ചെയ്ത് കൂടെ നിന്നതമൂലം മലയാളികൾ ഒരുപാട് പേർ ഭുവനേശ്വരിയെ ബഹുമാനിക്കുന്നുണ്ടെന്നും ശ്രീ പറഞ്ഞു.