‘‘ഞാനും അവളും പ്രണയിച്ചു എന്നൊരു തെറ്റ് മാത്രമേ ചെയ്തിട്ടുള്ളൂ, എന്ത് വന്നാലും അവളെ കൈവിടില്ലെന്നു തീരുമാനിച്ച് ഉറപ്പിച്ചിട്ട് തന്നെയാണ് പ്രണയിച്ചത്’’ വെന്തുവെണ്ണീറായ വീടിന്റെ മുറ്റത്തു നിൽക്കുമ്പോഴും അസ്കറിന്റെ ഹൃദയത്തിൽ സഹലയോടുള്ള പ്രണയതീ മാത്രം. എംബിബിഎസ് വിദ്യാർഥിയായ സഹലയുമായുള്ള സാമ്പത്തിക അന്തരത്തിന്റെ പേരിലാണ് മത്സ്യത്തൊഴിലാളിയായ കണ്ണൂർ സ്വദേശി മുഹമ്മദ് അസ്കറിന്റെ (27) വീട് വീട്ടുകാർ തീയിട്ടത്. തീയിട്ട് ചാമ്പലാക്കിയിട്ടും സഹലയോടുള്ള പ്രണയം അസ്കർ ഹൃദയത്തിൽ നിന്നു കെടുത്തിയില്ല. വിവാഹം എന്ന തീരുമാനത്തിലേക്ക് ഒറ്റ രാത്രി കൊണ്ട് ഇരുവരും എത്തി. സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ സഹലയെ അസ്കർ നിക്കാഹ് ചെയ്തു. ഇതുവരെയുള്ള ജീവിതത്തെക്കുറിച്ച് അസ്കർ പറയുന്നു.
ഞങ്ങളൊരു നാട്ടുകാരാണ്. മൂന്നു വർഷം മുമ്പ് ഒരു സുഹൃത്ത് വഴിയാണ് സഹലയെ പരിചയപ്പെടുന്നത്. കൂടുതൽ അടുത്തപ്പോൾ ഒരിക്കലും പിരിയാൻ പറ്റാത്ത വിധം ഇഷ്ടം തോന്നി. അന്ന് ഞങ്ങളുടെ പ്രണയത്തിന്റെ ഇടയ്ക്ക് സാമ്പത്തിക അന്തരം പ്രശ്നമായിരുന്നില്ല. പ്രണയം വീട്ടിൽ അറിഞ്ഞപ്പോൾ മുതൽ അതിൽ നിന്നു പിൻതിരിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നു. ഹോസ്റ്റലിൽ നിന്നു ബലമായി വീട്ടുകാർ പിടിച്ചുകൊണ്ടുപോയി വീട്ടുതടങ്കലിലാക്കി. വീട്ടുകാർക്കെതിരെ ഇതിനെത്തുടർന്ന് ഞാൻ പരാതി നൽകിയിരുന്നു. ഈ കേസിൽ നിന്ന് ഊരിപ്പോരാൻ എന്നെ കൊല്ലുക എന്ന ഒറ്റ വഴിയെ അവർക്കുണ്ടായിരുന്നുള്ളൂ. ഒന്നിലും ഞങ്ങൾ വഴങ്ങില്ലെന്നു മനസിലായപ്പോഴാണ് എന്റെ വീട് കത്തിച്ചതും.
വീട് കത്തിക്കുന്നതിനു മുമ്പ് ഉച്ചയ്ക്ക് അവളുടെ ചേട്ടനും ബന്ധുക്കളും എന്നെ ആക്രമിച്ചു. പരിക്കേറ്റ് ഞാൻ ആശുപത്രിയിലായ സമയത്താണ് ഇവർ വീട് കത്തിച്ചത്. ഞാൻ ആശുപത്രിയിലാണ് ഉടൻ പുറത്തിറങ്ങില്ലെന്നു കരുതി അവർ സഹലയെ മാനസികപ്രശ്നമുണ്ടെന്ന് വരുത്തിതീർക്കാൻ ഒരു ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി. ഇത് അവൾ എന്നെ അറിയിച്ചപ്പോൾ ഞാൻ ആശുപത്രിയിൽ നിന്ന് ഇറങ്ങി ഓടി. എന്റെ സുഹൃത്തുക്കളുടെ സഹായം തേടുകയായിരുന്നു.
അവസരം കിട്ടിയപ്പോൾ അവളും ആശുപത്രിയിൽ നിന്നു രക്ഷപെട്ട് എന്റെ അടുത്ത് എത്തി. ഉടൻ തന്നെ ഞങ്ങൾ അവളെ വനിതാസെല്ലിൽ എത്തിച്ചു. അവിടെ നിന്നും നേരത്തെ കൊടുത്ത പരാതിയുടെ കോപ്പിയുമായി കോടതി സമീപിച്ചു. ജഡ്ജിയോട് നേരിട്ട് സംസാരിക്കാനുള്ള അവസരം കിട്ടിയപ്പോൾ അവൾ എന്റെ കൂടി വന്നാൽ മതിയെന്ന നിലപാടിൽ ഉറച്ചുനിന്നു. വിവാഹം കഴിക്കാൻ കോടതി അനുവദിച്ചതോടെ വീട്ടുകാർക്ക് വേറെ വഴിയില്ലാതെയായി. പക്ഷെ വിവാഹത്തിൽ പങ്കെടുക്കില്ലെന്ന് അവർ അറിയിച്ചു. മുസ്‌ലീം ആചാരം അനുസരിച്ച് പെൺകുട്ടിയുടെ അച്ഛനാണു വിവാഹം നടത്തിതരേണ്ടത്. അതിനുള്ള അനുവാദം അവർ പള്ളിയിലെ ഉസ്താദിന് നൽകി. രാത്രിയോടെയാണ് ഇതെല്ലാം കിട്ടുന്നത്. ഒട്ടുവൈകിക്കാൻ നിന്നില്ല, രാത്രി പത്തുമണിയോടെ ഞാൻ സഹലയെ നിക്കാഹ് ചെയ്തു.
എന്റെ വീട് ഏതാണ്ട് പൂർണ്ണമായും കത്തിനശിച്ചു. ഞങ്ങളിപ്പോൾ കുടുംബവീട്ടിലും സുഹൃത്തുക്കളുടെ വീട്ടിലുമായി മാറിനിൽക്കുകയാണ്. വീട്ടുകാർ എന്തെങ്കിലും ചെയ്യുമോയെന്ന ഭയം ഇപ്പോഴുമുണ്ട്. ഭാഗ്യം കൊണ്ടാണ് എന്റെ ഉപ്പയേയും ഉമ്മയേയും ജീവനോടെ കിട്ടിയത്. സഹലയ്ക്കു വേണ്ടിയാണ് എല്ലാ അടിയും ഇടിയും കൊണ്ടത്. എന്തുവന്നാലും അവളെ കൈവിടില്ല. എംബിബിഎസ് മൂന്നാംവർഷ വിദ്യാർഥിയാണ് സഹല. ഇനിയുള്ള എന്റെ ലക്ഷ്യം സഹലയെ പഠിപ്പിച്ച് ഡോക്ടറാക്കുക എന്നുള്ളതാണ്.– അക്സർ പറയുന്നു.