ഈസ്റ്റ് വെസ്റ്റിന്റെ വളർച്ച, അധോലോകത്തിന്റെ കുടിപ്പക; ഇത് തഖിയുദ്ദീൻ വാഹിദിന്റെ ജീവിതകഥ
കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുൻപ് മുംബൈ പൊലീസ് തഖിയുദ്ദീൻ വാഹിദിനു മുന്നറിയിപ്പു നൽകിയിരുന്നു. മുംബൈ അധോലോകത്തെ രണ്ട് പ്രമുഖ ഗ്രൂപ്പുകളാണ് ദാവൂദ് ഇബ്രാഹിം ഗ്രൂപ്പും ഛോട്ടാ രാജൻ ഗ്രൂപ്പും. ദാവൂദുമായി തെറ്റിപ്പിരിഞ്ഞ രാജൻ ഗ്രൂപ്പിന്റെ ചനലങ്ങൾ.....
കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുൻപ് മുംബൈ പൊലീസ് തഖിയുദ്ദീൻ വാഹിദിനു മുന്നറിയിപ്പു നൽകിയിരുന്നു. മുംബൈ അധോലോകത്തെ രണ്ട് പ്രമുഖ ഗ്രൂപ്പുകളാണ് ദാവൂദ് ഇബ്രാഹിം ഗ്രൂപ്പും ഛോട്ടാ രാജൻ ഗ്രൂപ്പും. ദാവൂദുമായി തെറ്റിപ്പിരിഞ്ഞ രാജൻ ഗ്രൂപ്പിന്റെ ചനലങ്ങൾ.....
കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുൻപ് മുംബൈ പൊലീസ് തഖിയുദ്ദീൻ വാഹിദിനു മുന്നറിയിപ്പു നൽകിയിരുന്നു. മുംബൈ അധോലോകത്തെ രണ്ട് പ്രമുഖ ഗ്രൂപ്പുകളാണ് ദാവൂദ് ഇബ്രാഹിം ഗ്രൂപ്പും ഛോട്ടാ രാജൻ ഗ്രൂപ്പും. ദാവൂദുമായി തെറ്റിപ്പിരിഞ്ഞ രാജൻ ഗ്രൂപ്പിന്റെ ചനലങ്ങൾ.....
ഇന്ത്യയിൽ ആഗോളവൽക്കരണം തുടങ്ങിയ കാലത്ത് ഉയരങ്ങളിലേക്കു പറന്നുയർന്ന ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് ചിറകറ്റ് വീണത് എങ്ങനെ? ഈസ്റ്റ് വെസ്റ്റിന്റെ മാനേജിങ് ഡയറക്ടർ തഖിയുദ്ദീൻ അബ്ദുൽ വാഹിദിന്റെ കൊലപാതകത്തിനു പിന്നിൽ ആരായിരുന്നു? ഈസ്റ്റ് വെസ്റ്റിന്റെ ഉയർച്ചയും വളർച്ചയും പിന്നീടുള്ള പതനവും എങ്ങനെയായിരുന്നു? 21 വർഷങ്ങൾക്കു ശേഷം അന്വേഷിക്കുകയാണ് പ്രമുഖ പത്രപ്രവർത്തകൻ ജോസി ജോസഫ്...
‘പടച്ചോനേ, രക്ഷപ്പെട്ടു’
കടുംനീല നിറത്തിലുള്ള മെഴ്സിഡീസ് ബെൻസ് കാറിനു ജീവൻ വച്ചപ്പോൾ ഡ്രൈവർ ഫാറൂഖ് അഹമ്മദ് ബർക്കത്തലി ഷെയ്ഖ് സ്വയം പറഞ്ഞു. 1995 നവംബർ 13 ആയിരുന്നു അന്ന്. അറേബ്യൻ കടലിൽനിന്നു വീശിയ കാറ്റ് ഇന്ത്യയുടെ വ്യാപാര തലസ്ഥാനമായ മുംബൈയിലൂടെ ഒഴുകി നടക്കുന്നു. ബാന്ദ്രയിലെ വളഞ്ഞു പുളഞ്ഞ റോഡുകളിൽ നിയോൺ വിളക്കുകളുടെ പ്രകാശം നിറഞ്ഞു തുടങ്ങി.
പുതുതായി ഇറക്കുമതി ചെയ്ത മെഴ്സിഡീസ് കാർ സ്റ്റാർട്ടാകാത്തതിൽ ചെറുപ്പക്കാരനായ ഡ്രൈവർ അക്ഷമനായിരുന്നു. ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് മാനേജിങ് ഡയറക്ടർ തഖിയുദ്ദീൻ അബ്ദുൽ വാഹിദിനു സഞ്ചരിക്കാൻ ഒരുക്കി നിർത്തിയ കാറാണ്. അറേബ്യൻ സമുദ്രത്തിന് അഭിമുഖമായി, വലിയ ഗ്ലാസ് ജനാലകളുള്ള മനോഹരമായ ഒരു ഇരുനിലക്കെട്ടിടമായിരുന്നു തഖിയുദ്ദീന്റെ വീട്. ഓഫിസിൽനിന്ന് ഒരുകിലോമീറ്റർ മാത്രം അപ്പുറത്തായിരുന്നു അത്. ഓഫിസ് ജീവനക്കാർ തഖിയുദ്ദീനു പോകാൻ മറ്റൊരു കാർ ഏർപ്പെടുത്താൻ ഒരുക്കം തുടങ്ങിയപ്പോഴേക്കും മെഴ്സിഡീസ് ബെൻസിനു ജീവൻവച്ചു. അങ്ങനെ, ബർക്കത്തലി ഓടിക്കുന്ന കാറിൽത്തന്നെ തഖിയുദ്ദീൻ പുറപ്പെട്ടു.
നാൽപതുകാരനായ തഖിയുദ്ദീൻ ഓഫിസിൽ മറ്റൊരു തിരക്കുപിടിച്ച ദിവസം കൂടി പൂർത്തിയാക്കി ഇറങ്ങിയതാണ്. എയർലൈൻസിന്റെ പ്രവർത്തനം വിപുലീകരിക്കുന്നതിനെക്കുറിച്ചുള്ള ഒരു ചർച്ച കഴിഞ്ഞതേയുള്ളൂ. പുതുതായി രണ്ട് ബോയിങ് വിമാനങ്ങൾ വാടകയ്ക്ക് എടുക്കുന്നതു സംബന്ധിച്ചായിരുന്നു അത്. ഈ വിമാനങ്ങൾ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടു തഖിയുദ്ദീന്റെ സഹോദരൻ ഫൈസൽ ലണ്ടനിലാണ്.
ചർച്ചകൾക്കിടയിൽ തഖിയുദ്ദീന്റെ ഭാര്യ സജീന ഫോണിൽ വിളിച്ചു. അത്താഴത്തിന്റെ സമയത്ത് വീട്ടിലെത്താമെന്നു തഖിയുദ്ദീൻ ഉറപ്പു കൊടുത്തു. ഉപ്പ വരുന്നതും കാത്ത് വീട്ടിൽ അക്ഷമരായിരിക്കുകയായിരുന്നു മക്കളായ ഷെഹ്നാസും (എട്ട്), സാഹിലും (ഏഴ്). മക്കളെ ഏറെ ലാളിക്കുന്ന അച്ഛനായ തഖിയുദ്ദീൻ അവർക്കടുത്ത് എത്താനുള്ള തിടുക്കത്തിലാണ്, ഒടുവിൽ ചർച്ചകളെല്ലാം കഴിഞ്ഞു കാറിൽ കയറിയത്.
സമയം 9.25. തഖിയുദ്ദീനുമായി കാർ മുന്നോട്ടുനീങ്ങി. അധികദൂരം പിന്നിട്ടില്ല. പെട്ടെന്ന് തൊട്ടടുത്ത ഒരു ഇടറോഡിൽ നിന്ന് ഒരു ചുവന്ന മാരുതി വാൻ മെഴ്സിഡീസിന്റെ മുന്നിലേക്കു കയറി വഴിമുടക്കി നിന്നു. വാനിൽനിന്നു മൂന്നുപേർ തോക്കുകളുമായി ചാടിയിറങ്ങി. അവർ തഖിയുദ്ദീന്റെ കാറിനടുത്തേക്കു കുതിച്ചെത്തി. അവരിൽ ഒരാളുടെ കൈവശം ഒരു ചുറ്റികയും ഉണ്ടായിരുന്നു. ഈ ചുറ്റിക കൊണ്ട് വിൻഡ് സ്ക്രീൻ തകർക്കാൻ തുടങ്ങി. മറ്റു രണ്ടുപേർ കാറിനുള്ളിലേക്കു തുരുതുരെ വെടിവയ്ക്കാനും. തഖിയുദ്ദീൻ സീറ്റുകൾക്കിടയിലേക്ക് പതുങ്ങി എന്നാൽ ബുള്ളറ്റുകൾ തുരുതുരെ പതിച്ചു കൊണ്ടിരുന്നു. ‘റിവേഴ്സ്, റിവേഴ്സ്...’ എന്ന് തഖിയുദ്ദീൻ ഡ്രൈവറോട് ഉറക്കെ നിലവിളിക്കുന്നുണ്ടായിരുന്നു. എന്നാൽ ആ ചെറിയ റോഡിൽ കാർ പിന്നോട്ട് എടുക്കാൻ കഴിയുമായിരുന്നില്ല.
അക്രമികൾ വാനിലേക്കു ഓടിക്കയറി. ഞൊടിയിടയ്ക്കുള്ളിൽ വാൻ അപ്രത്യക്ഷമായി. ആദ്യത്തെ ഞെട്ടലിൽ നിന്നു മുക്തനായ ബർക്കത്തലി വാനിനെ പിന്തുടർന്ന് ഇടിക്കാൻ നോക്കിയെങ്കിലും അപ്പോഴേക്കും അവർ കടന്നുകഴിഞ്ഞിരുന്നു. മുതലാളിയുടെ ശരീരത്തിൽനിന്നു രക്തം വാർന്നെലിക്കുന്നതു ബർക്കത്തലി കണ്ണാടിയിലൂടെ കണ്ടു. കാർ അതിവേഗം ഈസ്റ്റ് വെസ്റ്റിന്റെ ഓഫിസിലേക്കു കുതിച്ചു. മറ്റു ജീവനക്കാർകൂടി ചേർന്ന് തൊട്ടടുത്ത് ഭാഭാ ജനറൽ ആശുപത്രിയിൽ തഖിയുദ്ദീനെ എത്തിച്ചു. അത്യാഹിത വിഭാഗത്തിലേക്കു തഖിയുദ്ദീനെ മാറ്റുമ്പോൾ സമയം 9.55.
അപ്പോഴേക്കും മരണം സംഭവിച്ചുകഴിഞ്ഞിരുന്നു.
കഴുകന്മാരുടെ വിരുന്ന്
ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് – ഇന്ത്യയിൽ ആഗോളവൽക്കരണം തുടങ്ങിയ കാലത്ത് കേരളത്തിൽനിന്ന് ഒരു വ്യവസായസംരംഭകൻ ആരംഭിച്ച കമ്പനി. 21 വർഷങ്ങൾക്കു ശേഷം ഈസ്റ്റ് വെസ്റ്റിന്റെ ഉയർച്ചയും വളർച്ചയും പിന്നീടുള്ള തകർച്ചയും എങ്ങനെയായിരുന്നു എന്ന് അന്വേഷിക്കുകയാണു പ്രമുഖ പത്രപ്രവർത്തകൻ ജോസി ജോസഫ്. ഇന്ത്യൻ ജനാധിപത്യത്തിൽ ഇടനിലക്കാരുടെയും ദല്ലാളന്മാരുടെയും വൻതട്ടിപ്പുകാരുടെയും അധോലോകനായകന്മാരുടെയും സ്വൈരവിഹാരത്തെക്കുറിച്ചുള്ള ‘കഴുകന്മാരുടെ വിരുന്ന്’ (A Feast of Vultures -The Hidden Business of Democracy in India) എന്ന പുസ്തകത്തിൽ മൂന്നു വലിയ അധ്യായങ്ങളാണ് ഇന്ത്യയിലെ വ്യോമയാനമേഖലയ്ക്കായി ജോസി ജോസഫ് മാറ്റിവച്ചിരിക്കുന്നത്. അതിൽത്തന്നെ ഭൂരിഭാഗവും ഈസ്റ്റ് വെസ്റ്റിന്റെ കഥയും.
എന്തുകൊണ്ട് ഈസ്റ്റ് വെസ്റ്റ് എയർലൈൻസ്? ജോസി പറയുന്നു– ‘‘ഇന്ത്യയിൽ 1991ൽ ആഗോളവൽകരണം തുടങ്ങുകയും സാമ്പത്തികമേഖല തുറക്കുകയും ചെയ്തതിനു ശേഷമുള്ള മാറ്റങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ പരിവർത്തനത്തിനു വിധേയമായത് വ്യോമയാന മേഖലയാണ്. ഈസ്റ്റ് വെസ്റ്റ് എയർലൈൻസും ജെറ്റ് എയർവെയ്സും അങ്ങനെ തുടങ്ങിയ രണ്ടു കമ്പനികളാണ്. തഖിയുദ്ദീൻ വാഹിദും നരേഷ് ഗോയലും. രണ്ടു പേർക്കും വലിയ വ്യവസായ പശ്ചാത്തലമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഉൽകർഷേച്ഛുക്കളായ വ്യവസായസംരംഭകരായിരുന്നു. അതിൽ തഖിയുദ്ദീൻ കൊല്ലപ്പെട്ടു. ഈസ്റ്റ് വെസ്റ്റ് തകർന്നു. നരേഷ് ഗോയലിന്റെ ജെറ്റ് എയർവെയ്സ് ഇന്ന് രാജ്യത്തെ പ്രമുഖ എയർലൈൻസായി തഴച്ചുവളർന്നു കഴിഞ്ഞു. എന്തായിരുന്നു ഈസ്റ്റ് വെസ്റ്റിന്റെ തകർച്ചയുടെ പിന്നിൽ? എവിടെയാണ് അവർക്കു പിഴച്ചത്? ഇതായിരുന്നു ഈ അധ്യായങ്ങളിലൂടെ പറയാൻ ശ്രമിച്ചത്.’’
ഭീഷണിയുമായി അധോലോകം
മുംബൈ ബാന്ദ്ര പൊലീസ് സ്റ്റേഷനിലെ ക്രൈംനമ്പർ 596/95, ഓരോ മാസവും അധോലോക കൊലപാതകങ്ങളെക്കുറിച്ച് മുംബൈ പൊലീസ് റജിസ്റ്റർ ചെയ്യുന്ന ഡസൻ കണക്കിനു കേസുകളിൽനിന്ന് ഒട്ടും വ്യത്യസ്തമല്ല. ഒരേ ഒരു വ്യത്യാസം ഇവിടെ കൊല്ലപ്പെട്ടത് രാജ്യത്തെ ഒരു വലിയ എയർലൈൻസിന്റെ ഉടമയാണ് എന്നതുമാത്രമാണ്.
കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുൻപ് മുംബൈ പൊലീസ് തഖിയുദ്ദീൻ വാഹിദിനു മുന്നറിയിപ്പു നൽകിയിരുന്നു. മുംബൈ അധോലോകത്തെ രണ്ട് പ്രമുഖ ഗ്രൂപ്പുകളാണ് ദാവൂദ് ഇബ്രാഹിം ഗ്രൂപ്പും ഛോട്ടാ രാജൻ ഗ്രൂപ്പും. ദാവൂദുമായി തെറ്റിപ്പിരിഞ്ഞ രാജൻ ഗ്രൂപ്പിന്റെ ചനലങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്ന പൊലീസിന്റെ കൈവശം അവർ കൊലപ്പെടുത്താൻ ആലോചിച്ചിരുന്ന പ്രമുഖരുടെ പട്ടികയും ഉണ്ടായിരുന്നു. അതിൽ ഏറ്റവും ആദ്യമുള്ള പേര് തഖിയുദ്ദീന്റേതായിരുന്നു–1990 കളിലെ ഒരു പഴയ ഡയറിയിൽനിന്ന് ഈ വിവരം ഒരു പൊലീസ് ഉദ്യോഗസ്ഥൻ എടുത്തു കാട്ടിയത് ജോസി ജോസഫ് എഴുതുന്നു.
ഈ ഭീഷണി കണക്കിലെടുത്ത് തഖിയുദ്ദീന്റെ വസതിയായ ന്യൂ ജൽദർശനു സമീപം മുംബൈ പൊലീസ് ഒരു വാഹനം സ്ഥിരമായി നിർത്തിയിരുന്നു– അതിൽ ആയുധധാരികളായ പൊലീസുകാരും ഉണ്ടായിരുന്നു. എന്നാൽ കൊലപാതകം നടക്കുന്നതിന് ഏതാനും ദിവസം മുൻപ് ഈ വാഹനം പിൻവലിച്ചു.
തഖിയുദ്ദീനു ഭീഷണി ഉണ്ടായിരുന്നതായി ഭാര്യ സജീനയ്ക്കും അറിയാമായിരുന്നു. വാഹിദ് കുടുംബം ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് ആരംഭിക്കാൻ തീരുമാനമെടുത്തതു മുതൽ സജീനയ്ക്ക് ഫോൺ കോളുകൾ വന്നിരുന്നു–ഭർത്താവിനോടു പറയുക, എയർലൈൻ തുടങ്ങരുത് എന്ന്. എന്നാൽ തഖിയുദ്ദീൻ അത് ബിസിനസ്സ് എതിരാളികളുടെ ഒരു ഭീഷണിപ്പെടുത്തൽ തന്ത്രമായേ കണക്കാക്കിയുള്ളൂ.
മുംബൈ പൊലീസ് എത്തിച്ചേർന്നത്...
കോടതിയിൽ മുംബൈ പൊലീസ് ഫയൽ ചെയ്ത കുറ്റപത്രത്തിൽ എത്തിച്ചേർന്ന നിഗമനം ഇതാണ്: ദാവൂദ് ഇബ്രാഹിമുമായി അടുപ്പമുണ്ടായിരുന്നതിനാൽ ഛോട്ടാ രാജൻ ഗ്രൂപ്പ് തഖിയുദ്ദീനെ കൊലചെയ്തതാണ്. രോഹിത് വർമയുടെ നേതൃത്വത്തിലുള്ള വാടകക്കൊലയാളികളാണ് ഇതു ചെയ്തത്. രോഹിതിന് ഒപ്പമുണ്ടായിരുന്നതു ജോ എന്നു വിളിക്കുന്ന ജോസഫ് ജോൺ ഡിസൂസയായിരുന്നു. (രണ്ടുപേർ കൂടി ഈ കൊലപാതകത്തിൽ ഉൾപ്പെട്ടിരുന്നുവെന്ന് പിന്നീട് പൊലീസ് കണ്ടെത്തി–ബണ്ഡി പാണ്ഡേയും ഇജാസ് ലക്ഡാ വാലയും.)
രോഹിത് വർമയാണ് കയ്യിൽ ചുറ്റികയുമായി കാറിന്റെ ചില്ലു തകർക്കുകയും മുന്നിൽനിന്നു വെടി വയ്ക്കുകയും ചെയ്തത്. വലതുവശത്തു നിന്നു വെടിവച്ചത് ജോയും. രോഹിത് വർമ ആ ചുറ്റിക കാറിൽ ഉപേക്ഷിച്ചാണു സ്ഥലം വിട്ടത്. നേരത്തെയും പല അക്രമങ്ങളിലും രോഹിത് വർമ ഇതുപോലെ ചുറ്റിക ഉപേക്ഷിച്ചു പോയിട്ടുണ്ട്. ഈ രോഹിത് വർമ 2000 സെപ്റ്റംബറിൽ ബാങ്കോക്കിൽ ദാവൂദ് ഇബ്രാഹിമിന്റെ സംഘം നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
ബാങ്കോക്കിൽ ഒളിവിൽ കഴിയുകയായിരുന്ന ഛോട്ടാ രാജനെ കൊലപ്പെടുത്താൻ ശ്രമിച്ചതാണു ദാവൂദ് സംഘം. എന്നാൽ രാജന്റെ മുന്നിലേക്കു ചാടിവീണു രക്ഷിക്കാൻ ശ്രമിച്ച രോഹിത് വർമയ്ക്കാണു വെടിയേറ്റത്. രാജൻ അന്ന് രക്ഷപ്പെട്ടു. 2004ൽ ജോ എന്ന ജോസഫ് ജോൺ ഡിസൂസയും കൊല്ലപ്പെട്ടു – മുംബൈയിൽത്തന്നെ. മുംബൈ പൊലീസിലെ കുപ്രസിദ്ധനായ ഏറ്റുമുട്ടൽ ഓഫിസർ ഇൻസ്പെക്ടർ പ്രദീപ് ശർമ, ജോയെയും സഹോദരനെയും ഒരു രഹസ്യസങ്കേതത്തിൽ നടന്ന ഏറ്റുമുട്ടലിൽ വെടിവച്ചു കൊല്ലുകയായിരുന്നു.
1996ൽ തഖിയുദ്ദീൻ കൊല്ലപ്പെട്ട് ഒരുവർഷം കഴിഞ്ഞ്, ഛോട്ടാ രാജൻ ഒരു പ്രമുഖ ഇംഗ്ലിഷ് വാരികയ്ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു: ‘‘വാഹിദിനെ കൊലപ്പെടുത്താൻ ഉത്തരവു നൽകിയതു ഞാനാണ്. ഇന്ത്യയിൽ ദാവൂദിന്റെ ഫിനാൻഷ്യർ ആയിരുന്നു അയാൾ. ബോംബ് ആക്രമണത്തിനു ദാവൂദിനോടുള്ള പ്രതികാരം തീർക്കാൻ ഞാനാണ് ആ കൊല നടത്തിയത്.’’
ആ കൊലപാതകത്തിന് പിന്നിൽ ആര്?
തഖിയുദ്ദീന്റെ സംസ്കാരച്ചടങ്ങുകൾ കഴിഞ്ഞ് മുംബൈയിൽ തിരിച്ചെത്തിയ സഹോദരൻ ഫൈസൽ എന്താണ് ആ കൊലപാതകത്തിനു പിന്നിൽ എന്നു കണ്ടെത്താൻ ശ്രമം തുടങ്ങി. മഹാരാഷ്ട്ര മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, പൊലീസ് കമ്മിഷണർ എന്നിവരെയെല്ലാം കണ്ടു. എല്ലാവരും സഹാനുഭൂതിയോടെ കാര്യങ്ങൾ കേട്ടു. എന്നാൽ കാര്യങ്ങൾ അവിടെ നിന്നു.
ആ ദിവസം കാർ ഓടിച്ച ഡ്രൈവർ ബർക്കത്തലിയെ ഫൈസൽ കണ്ടു. തന്റെ യജമാനനെ രക്ഷിക്കാൻ കഴിയാഞ്ഞതിൽ മനംനൊന്ത് ബർക്കത്തലി പൊട്ടിക്കരഞ്ഞു. എന്നാൽ ബർക്കത്തലി മറ്റൊരു വിവരം നൽകി. ആ ദിവസം കൊലയാളികൾ വന്നതിനു തൊട്ടടുത്തു നിന്ന് രണ്ടുപേർ തഖിയുദ്ദീനു നേരേ കൈവീശി കാണിക്കുന്നുണ്ടായിരുന്നു. അതിൽ ഒരാൾ ഈസ്റ്റ് വെസ്റ്റിലെ ഒരു ജീവനക്കാരന്റെ ബന്ധുവാണ്.
സംഭവം മുഴുവനും കണ്ട ഈ രണ്ടു യുവാക്കളെയും ഫൈസൽ തേടിപ്പിടിച്ചു. അവർ പറഞ്ഞതു മുഴുവൻ ടേപ്പ് ചെയ്തു. ഇവരെയും കൂട്ടി പൊലീസ് സ്റ്റേഷനിലെത്തി. ഇവരെ രണ്ടുപേരെയും പൊലീസ് തികച്ചും പരുഷമായി കൈകാര്യം ചെയ്തു. പേടിച്ച അവർ പിന്നെ കോടതിയിൽ സാക്ഷി പറയാനോ തെളിവു നൽകാനോ വന്നതേയില്ല.
എന്നാൽ ഇത്രയും ജനശ്രദ്ധ പിടിച്ചുപറ്റിയ ഒരു കൊലപാതകക്കേസിൽ തഖിയുദ്ദീന്റെ കുടുംബാംഗങ്ങളുടെയോ ഉറ്റ ബന്ധുക്കളുടെയോ ഒരു സാക്ഷ്യപത്രം പോലും പൊലീസ് ഹാജരാക്കിയില്ല. ആകെ ഹാജരാക്കിയത് ഫൈസലിന്റെ ഒന്നര പേജു വരുന്ന മൊഴി മാത്രം. തഖിയുദ്ദീന്റെ ഭാര്യയിൽനിന്നു പൊലീസ് ഒരുവിവരവും ശേഖരിച്ചില്ല. സഹോദരങ്ങളായ നാസിറുദ്ദീൻ, ഷിഹാബുദ്ദീൻ, താഹാക്കുട്ടി എന്നിവരിൽ നിന്നോ സഹോദരീ ഭർത്താക്കന്മാരായ പീർ മുഹമ്മദ്, നജ്മുദ്ദീൻ എന്നിവരിൽ നിന്നോ (ഇവരെല്ലാം കമ്പനിയുടെ ഡയറക്ടർ ബോർഡിലും അംഗങ്ങളായിരുന്നു) ഒരുവിവരവും എടുത്തില്ല. അധോലോകം ചെയ്ത ഒരു കൊല എന്ന നിഗമനത്തിൽ പൊലീസ് മറ്റെല്ലാം മാറ്റിവച്ചു.
രാകേഷ് മരിയ സമർഥനായ െഎപിഎസ് ഉദ്യോഗസ്ഥനാണ്. അദ്ദേഹം അന്നു ഡപ്യൂട്ടി കമ്മിഷണറായിരുന്നു. തഖിയുദ്ദീൻ കൊലപാതകം അന്വേഷിക്കുന്നതിന്റെ ചുമതല രാകേഷിനായിരുന്നു. 1993ലെ മുംബൈ സ്ഫോടനങ്ങൾക്കുശേഷം ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിൽനിന്നു തെറ്റിപ്പിരിഞ്ഞ ഛോട്ടാ രാജന്റെ അടുത്ത അനുയായിയെ രാകേഷ് പിടികൂടിയിരുന്നു. എന്നാൽ ഈ കേസിൽ അന്വേഷണം പിന്നീടു മുന്നോട്ടു നീങ്ങിയില്ല.
‘‘ദാവൂദ് ഇബ്രാഹിമുമായി ഞങ്ങൾക്ക് ഒരു ബന്ധവുമില്ല’’ –തഖിയുദ്ദീൻ വാഹിദിന്റെ സഹോദരൻ ഫൈസൽ പറയുന്നു. ‘‘ഉണ്ടായിരുന്നുവെങ്കിൽ 1997ൽ ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് സാമ്പത്തിക പ്രതിസന്ധിയിൽ പെടില്ലായിരുന്നുവല്ലോ?’’– ഫൈസൽ ചോദിക്കുന്നു. മുംബൈ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട മേമൻ കുടുംബാംഗങ്ങൾക്ക് ഇന്ത്യയിൽ നിന്ന് പോകാൻ ടിക്കറ്റ് നൽകിയത് ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് ആണ് എന്നായിരുന്നു മറ്റൊരു ആരോപണം. ടൈംസ് ഓഫ് ഇന്ത്യയുടെ ഒന്നാം പേജിൽ ഈ വാർത്ത വന്നു. എന്നാൽ ആ ടിക്കറ്റുകൾ നൽകിയത് ഈസ്റ്റ് വെസ്റ്റ് ട്രാവൽ ആൻഡ് ടൂർസ് എന്ന മറ്റൊരു ട്രാവൽ ഏജൻസി ആയിരുന്നു. ആ വാർത്ത പക്ഷേ, ഞങ്ങൾക്കു വല്ലാതെ ദ്രോഹം ചെയ്തു–ഫൈസൽ പറയുന്നു.
ബെംഗളൂരുവിലേക്ക് അവസാന യാത്ര
1995 നവംബർ 14. ശിശുദിനം. അന്നാണ് മാനേജിങ് ഡയറക്ടർ തഖിയുദ്ദീൻ വാഹിദിന്റെ മൃതദേഹവുമായി ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് ബോയിങ് 737 വിമാനം മുംബൈയിൽ നിന്നു തിരുവനന്തപുരത്തേക്ക് തിരിക്കുന്നത്. തികച്ചും ദുഃഖപൂർണമായ അന്തരീക്ഷത്തിൽ വിമാനം പറന്നുയർന്നു. ഈസ്റ്റ് വെസ്റ്റ് എയർലൈൻസിന്റെ വിമാനങ്ങൾ സാധാരണയായി ടേക്ക് ഓഫ് ചെയ്യുമ്പോൾ കാണാറുള്ള ഉത്സാഹഭരിതമായ അന്തരീക്ഷം അപ്രത്യക്ഷമായിരുന്നു. വിമാനത്തിന്റെ മുൻഭാഗത്ത് ഒരു ശവപ്പെട്ടിയിൽ തഖിയുദ്ദീൻ വാഹിദിന്റെ മൃതദേഹം കിടത്തിയിരുന്നു.
വിമാനത്തിൽ ആകെ യാത്രക്കാരായി ഉണ്ടായിരുന്നത് ഉറ്റബന്ധുക്കളും കമ്പനിയുടെ ഏതാനും സീനിയർ എക്സിക്യൂട്ടീവുകളും മാത്രം. തിരുവനന്തപുരം ലക്ഷ്യമാക്കി വിമാനം യാത്രയായി.
തഖിയുദ്ദീൻ ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് വിമാനത്തിൽ സഞ്ചരിക്കുമ്പോഴൊക്കെ തികച്ചും ഉന്മേഷവാനായിരുന്നു. യാത്രക്കാരെ സമീപിക്കാനും അവരുടെ ആവശ്യങ്ങൾ അംഗീകരിച്ച് അദ്ഭുതപ്പെടുത്താനുമൊക്കെ അദ്ദേഹം മുൻകയ്യെടുത്തിരുന്നു.
തഖിയുദ്ദീന്റെ പ്രിയപ്പെട്ട യാത്രക്കാരിയായിരുന്നു മദർ തെരേസ. മദറിന് ഈസ്റ്റ് വെസ്റ്റിലെ എല്ലാവിമാനങ്ങളിലും സൗജന്യ ടിക്കറ്റ് അനുവദിച്ചിരുന്നു. രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ, വ്യവസായ പ്രമുഖർ, ചലച്ചിത്ര താരങ്ങൾ എന്നിവരൊക്കെ പലപ്പോഴും ഈ വിമാനങ്ങളിൽ തഖിയുദ്ദീന്റെ അതിഥികളായിരുന്നു. വാഹിദ് സഹോദരന്മാർ തങ്ങളുടെ വിമാനസർവീസിൽ മികവുറ്റ സേവന നിലവാരം കർശനമായി ഉറപ്പുവരുത്തിയിരുന്നു.
തഖിയുദ്ദീന്റെ മൃതദേഹവുമായി പറന്നുയർന്ന വിമാനത്തിൽ ഭാര്യ സജീനയും കുട്ടികളും അസ്തപ്രജ്ഞരായി ഇരിക്കുന്നുണ്ടായിരുന്നു. വെറും 45 മാസം മുൻപാണ് ഈസ്റ്റ് വെസ്റ്റ് എയർലൈൻസിന്റെ ആദ്യവിമാനം പറന്നുയർന്നത്. ഇപ്പോഴിതാ മാനേജിങ് ഡയറക്ടറുടെ അവസാനയാത്ര. ഏതാനും ദിവസം കഴിഞ്ഞാൽ അദ്ദേഹം നാൽപതാം ജന്മദിനം ആഘോഷിക്കാനിരുന്നതാണ്.
വിമാനയാത്രയ്ക്കിടെ തഖിയുദ്ദീന്റെ ഇളയ സഹോദരി ആമിനയ്ക്കു കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടു. കൂടിയാലോചനകൾക്കു ശേഷം പൈലറ്റ് വിമാനം ബെംഗളൂരുവിൽ ഇറക്കി. ഡോക്ടർമാർ ആമിനയെ പരിശോധിച്ചു– അതിയായ ക്ഷീണം കാരണം സംഭവിച്ച അസുഖം മാത്രമാണെന്നു കണ്ടെത്തി. വിമാനം ബെംഗളൂരുവിലേക്കു വഴിമാറ്റി ഇറക്കിയത് അത്ഭുതകരമാണെന്നു സജീന ഓർക്കുന്നു.
എട്ടുവർഷങ്ങൾക്കു ശേഷം മുംബൈയിലെ വസതിയിലിരുന്നു സജീന ആ ദിവസത്തെക്കുറിച്ചു പറഞ്ഞു: ‘‘അവസാനത്തെ യാത്രയിൽപോലും തഖിയുദ്ദീൻ ബെംഗളൂരു സന്ദർശിച്ചു. ഞങ്ങൾ ബെംഗളൂരുവിൽ താമസിക്കണം എന്നാണു തഖിയുദ്ദീൻ ആഗ്രഹിച്ചത്. മരണത്തിനു തൊട്ടുമുൻപുള്ള ദിവസങ്ങളിൽ ബെംഗളൂരുവിലേക്ക് താമസം മാറ്റുന്നതിനെക്കുറിച്ചാണു തഖിയുദ്ദീൻ പറഞ്ഞിരുന്നത്.’’
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സുമായി ചേർന്ന് ബെംഗളൂരുവിൽ ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് ഒരു എംആർഒ സെന്റർ (മെയിന്റനൻസ്, റിപ്പയർ, ഓവറോൾ) തുടങ്ങാനിരുന്നതാണ്. അത് ഒരിക്കലും നടന്നില്ല. ഏതാനും ആഴ്ചകൾക്കകം സജീനയും കുട്ടികളും ബെംഗളൂരിലേക്കുതന്നെ താമസം മാറ്റി. തഖിയുദ്ദീൻ ആഗ്രഹിച്ചതുപോലെ. ഒരു ഫ്രഞ്ചുകാരൻ തുടങ്ങിയതും പിന്നീട് ഈസ്റ്റ് വെസ്റ്റ് ഏറ്റെടുത്തതതുമായ ഒരു ട്രാവൽ ഏജൻസി നടത്തുകയാണ് ഇന്ന് സജീന.
ഇല്ലാതായ ഈസ്റ്റ് വെസ്റ്റ്
1995 ഒക്ടോബർ ആയിരുന്നു ഈസ്റ്റ് വെസ്റ്റ് ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കിയ മാസം. തൊട്ടടുത്ത മാസം നവംബർ 13ന് തഖിയുദ്ദീൻ കൊല ചെയ്യപ്പെട്ടു. രണ്ടു വർഷത്തിനു ശേഷം 1997ൽ ഇന്ത്യയുടെ വ്യോമയാന ചിത്രത്തിൽ നിന്ന് ഈസ്റ്റ് വെസ്റ്റ് തുടച്ചുനീക്കപ്പെട്ടു.</p>
കേന്ദ്രസർക്കാരിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് റിസർച്ച് ആൻഡ് അനാലിസിസ് വിങ് എന്ന ആർഎഡബ്ളിയു അഥവാ റോ. പലപ്പോഴും റോ ഫോൺ ചോർത്തൽ നടത്താറുണ്ട്. 2003ൽ റോയ്ക്ക് കിട്ടിയ ഒരു സുപ്രധാന ഫോൺ സംഭാഷണത്തിൽ തഖിയുദ്ദീനെ കൊലപ്പെടുത്തിയതു ദാവൂദ് ഇബ്രാഹിമിന്റെ സംഘം തന്നെയാണ് എന്ന സൂചന ലഭിച്ചു. ഈ കൊലപാതകം നടത്തിയതു ഛോട്ടാ രാജൻ സംഘമാണെന്ന മുംബൈ പൊലീസിന്റെ നിഗമനം പാടേ തിരുത്തിക്കുറിക്കുന്നതായിരുന്നു ഈ ഫോൺ സംഭാഷണം.
മുംബൈയിലെ അധോലോക സംഘങ്ങളുടേതായിരുന്നു ഈ ഫോൺ കോളുകൾ. തഖിയുദ്ദീനെ കൊലപ്പെടുത്തിയതിനുള്ള പ്രതിഫലം സംബന്ധിച്ച ചില ഫോൺ സന്ദേശങ്ങളും ഇതിലുണ്ടായിരുന്നു. ഇതേമട്ടിലുള്ള മറ്റു പല ഫോൺ സന്ദേശങ്ങൾകൂടി ലഭിച്ചതോടെ റോ ഈ വിഷയം ഗൗരവപൂർവം ഏറ്റെടുത്തു.
2005ൽ റോ ഈ കേസ് വീണ്ടും അന്വേഷിക്കാൻ തീരുമാനിച്ചു. ഡൽഹിയിൽനിന്നു മുംബൈ പൊലീസ് കമ്മിഷണർക്ക് ഇതുസംബന്ധിച്ച നിർദേശം പോയി. കൊലപാതകം നടന്ന് പത്തുവർഷം കഴിഞ്ഞിരുന്നു. മുംബൈ പൊലീസ് കമ്മിഷണർ എല്ലാം ശ്രദ്ധാപൂർവം മനസ്സിലാക്കി. എന്നാൽ റോ നൽകിയ വിവരങ്ങൾ അടിസ്ഥാനമാക്കി വീണ്ടും ഒരന്വേഷണത്തിനു മുംബൈ പൊലീസ് തയാറായില്ല. അത് അനാസ്ഥയായിരുന്നോ അതോ മനഃപൂർവമോ?
എട്ടുവർഷമെടുത്ത് ഇന്ത്യയൊട്ടാകെ സഞ്ചരിച്ചാണ് ജോസി ജോസഫ് ‘കഴുകന്മാരുടെ വിരുന്ന്’ എഴുതുന്നത്. ഇടനിലക്കാരുടെയും അഴിമതിക്കാരുടെയും അധോലോക നായകന്മാരുടെയുമൊക്കെ പേരുകൾ പുസ്തകത്തിൽ ജോസി തുറന്നെഴുതുകയാണ്. ഈ കഥകൾക്കെല്ലാം ആധാരമായ രേഖകൾ കൈവശമുണ്ടെന്നും അതു മുഴുവൻ തന്റെ വെബ്സൈറ്റിൽ (josyjoseph.in) പ്രസിദ്ധീകരിക്കുമെന്നും ജോസി പറയുന്നു. പൊതുജനങ്ങൾക്ക് ഇവ കാണാം, സ്വയം വിലയിരുത്താം.
എല്ലാം തുറന്നെഴുതുന്നതിന്റെ പേരിൽ കേസുകൾ വരികയാണെങ്കിൽ നല്ലത് എന്നാണു ജോസിയുടെ പക്ഷം. കാരണം അതുവഴി ഇവ കുറേക്കൂടി ജനശ്രദ്ധയിലെത്തും. രണ്ടു മേഖലകൾ താൻ അന്വേഷിച്ചിട്ടില്ലെന്ന് ജോസി പറയുന്നു–മാധ്യമങ്ങളും ജുഡീഷ്യറിയും. ജുഡീഷ്യറിയിലെ പ്രതിസന്ധി തെളിയിക്കുക എളുപ്പമല്ല–ബഞ്ച് ഹണ്ടിങ് എന്നു പറയാം പക്ഷേ, തെളിയിക്കുക ദുഷ്കരമാണ്. വിധിന്യായങ്ങൾ പലപ്പോഴും ഒത്തുകളിയുടെ ഭാഗമാണെന്ന ആരോപണവുമുണ്ട്. അതു പക്ഷേ, തെളിയിക്കാൻ ബുദ്ധിമുട്ടാണ്. മകൾ സുപ്രിയക്കും അവളുടെ തലമുറയ്ക്കുമാണ് ജോസി പുസ്തകം സമർപ്പിച്ചിരിക്കുന്നത്; ഇതിനെക്കാൾ നല്ല ഒരു ഭാരതത്തിനായി.
(ദ് ഹിന്ദു ദിനപത്രത്തിന്റെ നാഷനൽ സെക്യൂരിറ്റി എഡിറ്ററായ ജോസി ജോസഫ് നേരത്തെ ടൈംസ് ഓഫ് ഇന്ത്യയിൽ സ്പെഷൽ പ്രോജക്ട്സ് എഡിറ്റർ ആയിരുന്നു. ചേർത്തല പള്ളിപ്പുറം കരോണ്ടു കടവിൽ കെ.എം.ജോസഫിന്റെ മകനാണ്.)
(വിവരങ്ങൾ മനോരമ ആർകൈവിൽ നിന്ന്)
English Summary : East West Airlines owner Thakiyudeen Wahid life story