എഴുത്തും വായനയും അറിയില്ല; ജീവിക്കാൻ വേണ്ടി അഭിനേതാവായി: ഉണ്ണി നായർ
ജീവിക്കാൻ വേണ്ടിയാണ് ക്യാമറയുടെ മുൻപിലെത്തിയത്. ഭാര്യയ്ക്ക് മരുന്നിന് മാസത്തിൽ ഒരു സംഖ്യ വേണം. നാടകത്തിൽ അഭിനയിച്ചു ശീലവുമുണ്ട്. ഇപ്പോൾ അഭിനയത്തിലൂടെയാണ് ജീവിക്കുന്നത്. സിനിമയിൽ എത്തിപ്പെടുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല....
ജീവിക്കാൻ വേണ്ടിയാണ് ക്യാമറയുടെ മുൻപിലെത്തിയത്. ഭാര്യയ്ക്ക് മരുന്നിന് മാസത്തിൽ ഒരു സംഖ്യ വേണം. നാടകത്തിൽ അഭിനയിച്ചു ശീലവുമുണ്ട്. ഇപ്പോൾ അഭിനയത്തിലൂടെയാണ് ജീവിക്കുന്നത്. സിനിമയിൽ എത്തിപ്പെടുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല....
ജീവിക്കാൻ വേണ്ടിയാണ് ക്യാമറയുടെ മുൻപിലെത്തിയത്. ഭാര്യയ്ക്ക് മരുന്നിന് മാസത്തിൽ ഒരു സംഖ്യ വേണം. നാടകത്തിൽ അഭിനയിച്ചു ശീലവുമുണ്ട്. ഇപ്പോൾ അഭിനയത്തിലൂടെയാണ് ജീവിക്കുന്നത്. സിനിമയിൽ എത്തിപ്പെടുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല....
ജീവിക്കാൻ വേണ്ടി കസറത്തുകൾ പലതും കാണിച്ചിട്ടുണ്ട് മലപ്പുറം വളാഞ്ചിക്കാരനായ ഉണ്ണി നായർ. നാൽക്കാലി കച്ചവടം, കളരി, യോഗ, നാടകം... അങ്ങനെ പല വേഷങ്ങൾ! വളാഞ്ചേരി അങ്ങാടിയിലെ അംബിക ഹോട്ടലിനു മുന്നിൽ ഒരു ബീഡിയും വലിച്ചിരിക്കുന്ന രസികനായ ഉണ്ണി നായരെ സിനിമയിലേക്ക് വിളിച്ചു വരുത്തിയത് സംവിധായകൻ സക്കരിയ ആയിരുന്നു. ഉസ്താദ് ഹോട്ടലിലെ പണ്ടാരി, സുഡാനി ഫ്രം നൈജീരിയയിലെ മെയ്പ്പയറ്റ് വിദ്വാൻ ഉണ്ണി നായർ, കിസ്മത്തിൽ അനിതയുടെ അമ്മാവൻ, തുടങ്ങിയ കഥാപാത്രങ്ങളിലൂടെ സിനിമകളിൽ സാന്നിധ്യമറിയിച്ചു. അതിനിടയിൽ, സീരിയലിൽ നിന്നും ഉണ്ണി നായർക്കു ക്ഷണമെത്തി. മഴവിൽ മനോരമയിലെ തട്ടീം മുട്ടീം എന്ന പരമ്പരയിൽ അമ്പൂട്ടി എന്ന കഥാപാത്രം.
ഷൂട്ട് ഇല്ലെങ്കിൽ, ഒരു സിനിമാക്കാരന്റെ ഭാവപ്പകർച്ചകളൊന്നുമില്ലാതെ തനി നാട്ടിൻപുറത്തുകാരനായി വളാഞ്ചേരി അങ്ങാടിയിൽ തലങ്ങും വിലങ്ങും നടക്കുന്ന ഉണ്ണി നായരെ കാണാം. പട്ടിണി മാറ്റാൻ ചായക്കടയിൽ പണിക്കു പോകേണ്ടി വന്ന ബാല്യകാലത്തെക്കുറിച്ചും സഞ്ചാരിയെപ്പോലെ അലഞ്ഞു നടന്ന യൗവനത്തെക്കുറിച്ചും ജീവിതം മാറ്റി മറിച്ച സിനിമാഭിനയത്തെക്കുറിച്ചും ഉണ്ണി നായർ തുറന്നു പറയുന്നു.
സംഭാഷണങ്ങൾ കേട്ടു പഠിച്ച് അഭിനയം
എഴുത്തും അറിയില്ല, വായനയും അറിയില്ല. ആ വകയാണ് നമ്മള്! ആ കാലത്ത് സ്കൂളിലേക്കൊന്നും പോകാൻ പറ്റിയില്ല. കുട്ടിക്കാലത്ത് പട്ടിണി ആയിരുന്നു. ദാരിദ്ര്യം സഹിക്കാൻ പറ്റാതെ ആയപ്പോൾ അമ്മാവൻമാർ എന്നെ തമിഴ്നാട്ടിലേക്കു കൊണ്ടു പോയി. ആറു വയസു മുതൽ കുടുംബം നോക്കാൻ തുടങ്ങിയതാണ്. അതിനിടയിൽ എഴുത്തും വായനയും പഠിക്കാൻ കഴിഞ്ഞില്ല. വേറെ കുറെ പഠിപ്പുകൾ നടന്നു. സിനിമയിൽ എത്തിയപ്പോൾ ഡയലോഗ് ഒക്കെ പഠിക്കേണ്ടി വന്നു. എനിക്ക് വായിക്കാൻ അറിയാത്തതുകൊണ്ട്, അവർ അതു ഉറക്കെ പറഞ്ഞു തരും. ഒറ്റ പ്രാവശ്യം കേട്ടാൽ എനിക്കു മനസിലാകും. അതു കേട്ടു പഠിച്ച്, ഞാൻ നേരെ പോയി പറയും. അതാണ് രീതി.
അതിജീവനത്തിന്റെ സഞ്ചാരം
അമ്മാവൻമാർക്ക് തമിഴ്നാട്ടിൽ ചായക്കട ഉണ്ടായിരുന്നു. എന്നെ അവിടെ കൊണ്ടു ചെന്നാക്കി. ആറേഴു വയസാണ് അന്നെനിക്ക്. പക്ഷേ, എന്റെ ശ്രദ്ധ ചായക്കച്ചവടത്തിൽ ആയിരുന്നില്ല. മൃഗങ്ങളോടായിരുന്നു എന്റെ താൽപര്യം. ഞാൻ എപ്പോഴും തൊഴുത്തിലായിരുന്നു. പശുക്കളും എരുമകളും കുതിരകളുമൊക്കെ അവിടെ ഉണ്ടായിരുന്നു. ചായ ഗ്ലാസ് കഴുകാതെ തൊഴുത്തിൽ മൃഗങ്ങളെ ചുറ്റിപ്പറ്റി നിന്നതിന് കുറെ തല്ലു കിട്ടിയിട്ടുണ്ട്. എന്റെ ശീലങ്ങൾ ശ്രദ്ധിച്ച വല്യമ്മാവനാണ് എന്നെ കളരിയും പയറ്റുമൊക്കെ പഠിപ്പിക്കുന്നത്. പിന്നെ, തിരുവാളൂരിലെ ദക്ഷിണാമൂർത്തി മഠത്തിൽ എത്തിപ്പെട്ടു. അങ്ങനെയാണ് വിശ്വാസിയായത്.
ഇപ്പോൾ ജീവിക്കുന്നത് അഭിനയത്തിലൂടെ
ജീവിക്കാൻ വേണ്ടിയാണ് ക്യാമറയുടെ മുൻപിലെത്തിയത്. ഭാര്യയ്ക്ക് മരുന്നിന് മാസത്തിൽ ഒരു സംഖ്യ വേണം. നാടകത്തിൽ അഭിനയിച്ചു ശീലവുമുണ്ട്. ഇപ്പോൾ അഭിനയത്തിലൂടെയാണ് ജീവിക്കുന്നത്. സിനിമയിൽ എത്തിപ്പെടുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. എന്നെ സിനിമയിൽ എടുക്കണമെന്ന് ആരോടും ഈ കാലം വരെ പോയി ആവശ്യപ്പെട്ടിട്ടില്ല. നാൽക്കാലി കച്ചവടം നടത്തിയാണ് ഞാൻ ജീവിച്ചിരുന്നത്. സെറ്റിൽ ചെല്ലുമ്പോൾ എല്ലാവരുമായി നല്ല സ്നേഹമാണ്. ചിലർ തീരെ സംസാരിക്കില്ല. മനുഷ്യർ പല തരക്കാരല്ലേ! അത്തരക്കാരെ പരിചയപ്പെടാൻ പോകാറില്ല. സിനിമ കിട്ടിയില്ലെങ്കിലും സാരമില്ല.
ജീവിതമാണ് സിനിമ
ഇതുവരെ പോയ സെറ്റുകളിലെല്ലാം നല്ല സമീപനമായിരുന്നു. പിന്നെ, മറ്റുള്ളവരുടെ പെരുമാറ്റത്തെക്കുറിച്ച് ഞാൻ കൂടുതൽ ചിന്തിക്കാറില്ല. എനിക്കു തന്ന കഥാപാത്രം നന്നായി ചെയ്യുന്നതിലാണ് കാര്യം. അതിൽ മുൻപിൽ വരുന്ന ആൾ ഒരു ആനയാകാം. ഞാൻ അയാളുടെ മുൻപിൽ ചിലപ്പോൾ ഒരു കട്ടുറുമ്പായിരിക്കാം. പക്ഷേ, എനിക്കതു നോക്കേണ്ട ആവശ്യമില്ല. എനിക്കു തന്ന കഥാപാത്രം വൃത്തിയായി ചെയ്യുക എന്നതാണ് എന്റെ ഉത്തരവാദിത്തം. എനിക്കു പറ്റുന്ന കഥാപാത്രങ്ങളേ ഞാൻ ഏറ്റെടുക്കൂ. ജീവിതമാണ് സിനിമ. നാടകമാണ് അഭിനയം. അതാണ് ഞാൻ പഠിച്ച പാഠം.
ഞാനൊരു തനിപ്പെട്ട മനുഷ്യൻ
ഭാര്യയും മൂന്നു പെൺമക്കളുമാണ് ഉള്ളത്. എല്ലാവരെയും വിവാഹം കഴിച്ചയച്ചു. സിദ്ധമാർഗത്തിലൂടെ സഞ്ചരിക്കുന്ന ആളാണ് ഞാൻ. എല്ലാം ഉണ്ട്. എന്നാൽ ഒന്നുമില്ല. ബന്ധത്തിനോ സ്വന്തത്തിനോ ഭാര്യയ്ക്കോ മക്കൾക്കോ ഒന്നിനും ഞാൻ അടിമയല്ല. ഒരു തനിപ്പെട്ട മനുഷ്യൻ. അങ്ങനെയൊരു ജന്മം. എങ്കിലും കുടുംബം നോക്കിയിട്ടുള്ള കാര്യങ്ങളെ ജീവിതത്തിലുള്ളൂ. 'പാവമാം പത്നിയെ പട്ടിണിക്കിടുന്നവൻ, പരമഭക്തനായാലും ഗതിയുണ്ടാകുമോ'? അതുകൊണ്ട്, വീട്ടിലെ കാര്യങ്ങളെല്ലാം ചെയ്യും. ഇപ്പോൾ മകളുടെ വീട്ടിലാണ് താമസം. ഷൂട്ടിന് പോകുമ്പോൾ ഭാര്യയെ ഒറ്റയ്ക്ക് വീട്ടിലാക്കി പോകാൻ പ്രയാസം. അതുകൊണ്ടാണ് മകളുടെ അടുത്തേക്ക് മാറിയത്.
English Summary : Thatteem Mutteem actor unni nair interview