പ്രണയം, വേർപിരിയൽ, കൂടിച്ചേരൽ; അശ്വതിയുടെ പ്രണയകഥ, ശ്രീകാന്തിന്റെയും
ശ്രീകാന്ത് വന്ന് ‘എനിക്ക് തന്നെ ഇഷ്ടമാണ്’ എന്നു പറഞ്ഞപ്പോൾ ‘അതിനു ഞാൻ എന്ത് വേണം’ എന്നായിരുന്നു എന്റെ മറുചോദ്യം. ആ ചോദ്യത്തിൽ കക്ഷി ഒന്ന് പതറി. ‘തനിക്ക് ഇഷ്ടമാണെങ്കിൽ ജോലി ഒക്കെ കിട്ടിയിട്ട് വീട്ടിൽ സംസാരിക്കാം’ എന്നായി അവൻ. ‘ഇഷ്ടമല്ലെങ്കിലോ’ എന്നു ഞാൻ തിരിച്ചു ചോദിച്ചതോടെ....
ശ്രീകാന്ത് വന്ന് ‘എനിക്ക് തന്നെ ഇഷ്ടമാണ്’ എന്നു പറഞ്ഞപ്പോൾ ‘അതിനു ഞാൻ എന്ത് വേണം’ എന്നായിരുന്നു എന്റെ മറുചോദ്യം. ആ ചോദ്യത്തിൽ കക്ഷി ഒന്ന് പതറി. ‘തനിക്ക് ഇഷ്ടമാണെങ്കിൽ ജോലി ഒക്കെ കിട്ടിയിട്ട് വീട്ടിൽ സംസാരിക്കാം’ എന്നായി അവൻ. ‘ഇഷ്ടമല്ലെങ്കിലോ’ എന്നു ഞാൻ തിരിച്ചു ചോദിച്ചതോടെ....
ശ്രീകാന്ത് വന്ന് ‘എനിക്ക് തന്നെ ഇഷ്ടമാണ്’ എന്നു പറഞ്ഞപ്പോൾ ‘അതിനു ഞാൻ എന്ത് വേണം’ എന്നായിരുന്നു എന്റെ മറുചോദ്യം. ആ ചോദ്യത്തിൽ കക്ഷി ഒന്ന് പതറി. ‘തനിക്ക് ഇഷ്ടമാണെങ്കിൽ ജോലി ഒക്കെ കിട്ടിയിട്ട് വീട്ടിൽ സംസാരിക്കാം’ എന്നായി അവൻ. ‘ഇഷ്ടമല്ലെങ്കിലോ’ എന്നു ഞാൻ തിരിച്ചു ചോദിച്ചതോടെ....
വാലന്റൈൻ വീക്കിലെ പ്രോമിസ് ഡേ ആണ് ഫെബ്രുവരി 11. ജീവിതകാലം മുഴുവൻ ഒപ്പമുണ്ടാകുമെന്ന ഉറപ്പ് നൽകുന്ന ദിവസം. നിന്റേതു മാത്രമായി ഞാൻ ഉണ്ടാകും എന്ന ആ വാക്കിനേക്കാൾ മനോഹരമായ മറ്റെന്തു സമ്മാനമാണ് പ്രിയപ്പെട്ടയാൾക്ക് നൽകാനാവുക. ഹൃദ്യമായ ഈ ദിവസത്തിൽ തന്റെ പ്രണകഥ പങ്കുവയ്ക്കുകയാണ് അവതാരകയായി മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ അശ്വതി ശ്രീകാന്ത്. പ്ലസ്‌വണ്ണിന് പഠിക്കുമ്പോൾ തുടങ്ങി, പത്താം വർഷം വിവാഹത്തിലെത്തിയ പ്രണയം. അതിനിടയിൽ അപ്രതീക്ഷിതമായ പലതും സംഭവിച്ചു, പ്രതിസന്ധികള്‍ നേരിട്ടു, വേര്‍പാടിന്റെ വേദന അറിഞ്ഞു. അതെല്ലാം തരണം ചെയ്ത് വിവാഹശേഷമുള്ള പ്രണയം അനുഭവിക്കുകയാണ് പ്രിയതാരം. അശ്വതി ശ്രീകാന്തിന്റെ പ്രണയകഥയിലൂടെ......
നായകന്റെ രംഗപ്രവേശം
പ്രണയം എന്താണ് എന്നു പോലും അറിയാത്ത പ്രായത്തിലായിരുന്നു ആദ്യ പ്രണയം. അന്നു ഞാൻ പ്ലസ് വണ്ണിന് പഠിക്കുന്നു. തൊടുപുഴയിലെ ഗ്രാമാന്തരീക്ഷത്തിലുള്ള സെന്റ് ജോർജ് എച്ച്.എസ്.എസ്.എസ് ആണ് തട്ടകം. കഥാനായകനായ ശ്രീകാന്ത് എന്നേക്കാൾ ഒരു വയസിന് മൂത്തത്. കക്ഷി പ്ലസ് ടുവിന് പഠിക്കുന്നു. മറ്റു കുട്ടികൾ പറഞ്ഞാണ് കക്ഷി എന്നെ ശ്രദ്ധിക്കുന്നുണ്ട് എന്നു ഞാൻ അറിയുന്നത്. എന്നാൽ നമ്മൾ അങ്ങനെ തിരിച്ചു നോക്കരുതല്ലോ. അതുകൊണ്ട് നല്ല പോലെ ജാഡയിട്ടു നിന്നു. ഏകദേശം ഒരു വർഷത്തോളം കാര്യം അങ്ങനെ പോയി. ഒടുവിൽ പ്ലസ്ടു ഫെയർവെല്ലിന്റെ സമയത്താണ് കക്ഷി എന്നോട് ഇഷ്ടം പറയുന്നത്. അത് ഒരു ഭീകര പ്രൊപ്പോസ് ആയിരുന്നു അത്.
ഭീകര പ്രൊപ്പോസ് ?
എനിക്ക് അന്ന് ആവശ്യത്തിൽ കൂടുതൽ പക്വത ഉണ്ടെന്നാണ് വയ്പ്പ്. അച്ഛൻ നാട്ടിൽ ഇല്ലാത്തതിൽ പ്രണയം പോലുള്ള കുടുക്കില്‍ ഒന്നും ചാടരുത് എന്ന മുൻകരുതലോടെയാണ് അമ്മ എന്നെ വളർത്തിയത്. അതിനാൽ സ്വയം ബഹുമാനം നൽകി അൽപം ജാഡയോടെയാണ് എന്റെ സംസാരം. ശ്രീകാന്ത് വന്ന് ‘എനിക്ക് തന്നെ ഇഷ്ടമാണ്’ എന്നു പറഞ്ഞപ്പോൾ ‘അതിനു ഞാൻ എന്ത് വേണം’ എന്നായിരുന്നു എന്റെ മറുചോദ്യം. ആ ചോദ്യത്തിൽ കക്ഷി ഒന്ന് പതറി. ‘തനിക്ക് ഇഷ്ടമാണെങ്കിൽ ജോലി ഒക്കെ കിട്ടിയിട്ട് വീട്ടിൽ സംസാരിക്കാം’ എന്നായി അവൻ. ‘ഇഷ്ടമല്ലെങ്കിലോ’ എന്നു ഞാൻ തിരിച്ചു ചോദിച്ചതോടെ കക്ഷിയുടെ മുഖമാകെ മാറി. ആളാകെ ചമ്മി എന്ന് പറയാം. പിന്നെ അതിന്റെ പേരിൽ കക്ഷിക്ക് കൂട്ടുകാരിൽ നിന്നും ധാരാളം കളിയാക്കൽ ഏറ്റുവാങ്ങേണ്ടി വന്നു. ഓട്ടോഗ്രാഫ് എഴുതാൻ തന്നിട്ട് ഞാൻ എഴുതാതിരുന്നതെല്ലാം ശ്രീകാന്തിന് വളരെ വലിയ അപമാനമായി.
സുഹൃത്തുക്കളായി തുടരാം
ഈ സംഭവത്തിനു ശേഷം ശ്രീ എന്നെ ശ്രദ്ധിക്കാതെയായി. കുറെ അവഗണിച്ചപ്പോൾ എനിക്കും എന്തോ വിഷമം പോലെ. ഞാൻ അത് കൂട്ടുകാരികളോട് പറഞ്ഞു. അവർ പറഞ്ഞു ‘മോളെ നിന്റെ മനസ്സിൽ അവനോട് എന്തോ ഒരിഷ്ടമുണ്ട്. അതുകൊണ്ടാണ് ഇങ്ങനെ’ എന്ന്. എന്നാൽ ഞാൻ അത് അംഗീകരിച്ചില്ല. ഒടുവിൽ പ്ലസ്ടു കഴിഞ്ഞു പോകുന്നതിനു മുൻപായി ശ്രീ ഒരിക്കൽ കൂടി എന്നോട് വന്നു ചോദിച്ചു. അന്നേ എനിക്ക് ഈ പക്വതയുടെ പ്രശ്നമുണ്ടല്ലോ. അതുകൊണ്ട് ഞാൻ പറഞ്ഞു. ഇപ്പോൾ നമുക്ക് സുഹൃത്തുക്കൾ ആയി തുടരാം. ഭാവിയിൽ ജോലിയെല്ലാം കിട്ടിയ ശേഷം അത്തരത്തിൽ ഒരിഷ്ടമുണ്ടെങ്കിൽ കല്യാണം കഴിക്കാം എന്ന്. പ്രണയത്തിൽ ചാടി വീട്ടിൽ എത്തിയാൽ അമ്മയുടെ കയ്യിൽ നിന്നും കിട്ടിയേക്കാവുന്ന അടിയുടെ ചൂടാണ് ഇത്തരത്തിൽ ഒരു ഉത്തരം പറയാൻ എന്നെ പ്രേരിപ്പിച്ചത്.
സൗഹൃദമൊക്കെ വെറും പറച്ചിൽ
കുറച്ചുനാൾ കഴിഞ്ഞപ്പോൾ മനസിലായി ഞങ്ങൾക്കിടയിൽ കട്ട പ്രണയം ആണെന്ന്. എന്നാൽ വീട്ടിൽ അറിയാതെ കൊണ്ടു പോകാൻ നന്നായി പാടുപെട്ടു. പ്ലസ്ടു കഴിഞ്ഞശേഷം ശ്രീകാന്ത് ബികോം ചെയ്തു. ഞാൻ ബിഎ ലിറ്ററേച്ചറും. അതിനുശേഷം രണ്ടു പേരും എംബിഎ ചെയ്‌തു. ആ സമയത്തൊന്നും കാര്യമായി പരസ്പരം കണ്ടിരുന്നില്ല. ഇതിനിടയ്ക്ക് പ്രണയം വീട്ടിൽ അറിയുകയും അടി, ഇടി തുടങ്ങിയ കലാപരിപാടികൾക്ക് ശേഷം ബ്രേക്കപ്പ് പ്രഖ്യാപിക്കുകയും ചെയ്തു.
ഒറ്റിയത് കൂട്ടുകാരി
അന്ന് ഇന്നത്തെ പോലെ എല്ലാവരുടെ കയ്യിലും ഫോൺ ഒന്നുമില്ല. ശ്രീയുടെ കയ്യിൽ ഫോൺ ഉണ്ട്. ഞാൻ ഇടയ്ക്ക് ബൂത്തിൽ നിന്നു കോയിൻ ഇട്ടു വിളിക്കും അതായിരുന്നു അവസ്ഥ. കൂട്ടുകാർക്ക് കാര്യമറിയാം. ഒരിക്കൽ ഒരു കൂട്ടുകാരി നൈസ് ആയിട്ട് അങ്ങ് ഒറ്റി. അവൾ അമ്മയോട് കാര്യം പറഞ്ഞു. അതോടെ എന്റെ കാര്യത്തിൽ തീരുമാനം ആയി. അച്ഛൻ പ്രവാസിയായതിനാൽ മക്കളെ വളർത്തേണ്ട ഉത്തരവാദിത്തം അമ്മയ്ക്കായിരുന്നു. അതിനാൽ തന്നെ അമ്മ വളരെ ‘സ്ട്രോങ്’ ആയ ഒരു സ്ത്രീ ആയിരുന്നു. പ്രണയം എന്ന് കേട്ടതോടെ അമ്മയ്ക്ക് ദേഷ്യമായി. പ്രണയം വീട്ടിൽ പിടിക്കുമ്പോൾ എല്ലാ പെൺകുട്ടികളുടെയും വീട്ടിൽ ഉണ്ടാകുന്ന അവസ്ഥ തന്നെ. ശ്രീയുമായി ഒരു ബന്ധവും ഉണ്ടാകില്ല, വിളിക്കില്ല എന്നൊക്കെ അമ്മ എന്നെക്കൊണ്ട് സത്യം ചെയ്യിച്ചു. മാത്രമല്ല, അമ്മയുടെ മുന്നിൽവച്ച് ശ്രീയുടെ വീട്ടിലേക്കും ശ്രീയേയും വിളിച്ച് ഇനി ഈ ബന്ധം ഇല്ല എന്ന് തീർത്ത് പറയിപ്പിച്ചു.
അതുകൊണ്ടൊന്നും കഴിഞ്ഞില്ല. ഞാൻ എവിടെ പോയാലും അമ്മയുടെ ഒരു കണ്ണുണ്ടായിരുന്നു കൂടെ. ഞാൻ ചെയ്യുന്ന എല്ലാ കാര്യങ്ങളും അമ്മ നിരീക്ഷിച്ച് കൊണ്ടിരുന്നു. വീട്ടുകാർ സമ്മതിക്കും എന്ന പ്രതീക്ഷയൊക്കെ പോയി. ചേട്ടനും അനിയനും അമ്മയും ഒക്കെ ഈ ബന്ധം പറ്റില്ല എന്ന ഒറ്റ നിലപാട്. അങ്ങനെ കാര്യങ്ങൾ ഒരുമാതിരി അനിയത്തിപ്രാവ് സിനിമ പോലെയായപ്പോൾ എനിക്കും തോന്നി എന്തിനാ വെറുതെ ഇവരെ വിഷമിപ്പിക്കുന്നത് എന്ന്. മനസ്സിൽ ഏറെ വിഷമം ഉണ്ടെങ്കിലും അങ്ങനെ ഞങ്ങൾ ബ്രേക്കപ്പ് ആയി.
വീണ്ടും ഒന്നിക്കുന്നു
ഈ സംഭവത്തിനുശേഷം ഏകദേശം ഒന്നരവർഷക്കാലം ഞങ്ങൾ തമ്മിൽ യാതൊരു ബന്ധവും ഇല്ലായിരുന്നു. പിന്നീട് ഞാൻ എംബിഎ ചെയ്തുകൊണ്ടിരിക്കുമ്പോൾ ഒരുദിവസം ശ്രീ ഒരു മുന്നറിയിപ്പും കൂടാതെ കോളജിൽ എന്നെ കാണാൻ വന്നു. അന്നു ഞാൻ വൈകാരികമായി തകർന്നു പോയി, പൊട്ടിക്കരഞ്ഞു. ഞങ്ങൾ സംസാരിച്ചു. അപ്പോഴേക്കും ശ്രീയുടെ കോഴ്സ് അവസാനിച്ചിരുന്നു. ജോലി കിട്ടിയിട്ട് വീട്ടിൽ ഒന്നു കൂടി അവതരിപ്പിക്കാം എന്ന വാക്കിൽ ഞങ്ങൾ വീണ്ടും പ്രണയിച്ചു തുടങ്ങി. പിന്നെ എനിക്ക് ജോലിയായി. അങ്ങനെ ജോലി കിട്ടി കാര്യം വീട്ടിൽ പറഞ്ഞപ്പോൾ ജാതകം ചേരണം, ചേട്ടന്റെ കല്യാണം കഴിയണം അങ്ങനെ കുറെ നിബന്ധനകൾ രണ്ടു കുടുംബക്കാരും മുന്നോട്ടു വച്ചു. കാര്യങ്ങൾ നടപടിയാകുന്ന ലക്ഷണം ഇല്ലെന്നു മനസിലായി. ഞാൻ ദുബായിൽ ജോലി കിട്ടി പോയി. ശ്രീ യുകെയിലേക്കും പോയി. പിന്നെ രണ്ട് രാജ്യങ്ങളിൽ ഇരുന്നായി പ്രണയം. 2012 ൽ ചേട്ടന്റെ കല്യാണം കഴിഞ്ഞു. ജാതകത്തിലെ കാര്യത്തിൽ വീട്ടുകാർ അൽപം അയഞ്ഞു. അതോടെ പത്തു വർഷത്തെ സംഭവബഹുലമായ പ്രണയത്തിനുശേഷം ഞങ്ങൾ വിവാഹിതരായി.
ഓർത്തിരിക്കുന്ന പ്രണയസമ്മാനം ?
അങ്ങനെ വലിയ സമ്മാനങ്ങൾ ഒന്നുമില്ല. കാരണം സമ്മാനം പരസ്പരം കൊടുക്കുന്ന കാര്യത്തിൽ ഞങ്ങൾ രണ്ടുപേരും പിന്നിലാണ്. പ്രണയത്തിന്റെ തുടക്കത്തിൽ സമ്മാനങ്ങൾ കിട്ടിയിരുന്നു. കാർഡ്‌സ്, ടെഡി ഒക്കെ. പക്ഷേ പ്രണയം വീട്ടിൽ അറിഞ്ഞപ്പോൾ അമ്മ അതെല്ലാം വാരിക്കൂട്ടി കത്തിച്ചു. അതുകൊണ്ട് പ്രണയ സ്മാരകങ്ങൾ ഒന്നുമില്ല. പിന്നെ ശ്രീ സർപ്രൈസിന്റെ ആളാണ്. ഒരിക്കൽ ഞാൻ ആർജെ ആയി ജോലി നോക്കുമ്പോൾ യുകെയിൽ നിന്നും പറയാതെ ഓഫിസിലേക്ക് കയറി വന്ന് എന്നെ ഞെട്ടിച്ചിട്ടുണ്ട്. സമ്മാനത്തെപ്പറ്റി പറയുമ്പോൾ അതാണ് ഓർമ വരുന്നത്.
പുതിയ തലമുറയുടെ പ്രണയം
മറ്റുള്ളവരുടെ പ്രണയത്തെ വിലയിരുത്താൻ ഞാൻ ആളല്ല. പ്രണയത്തെ ഗൗരവമായി കാണുന്ന ധാരാളം ആളുകൾ ഉണ്ടായിരിക്കും. എന്നാലും പറയട്ടെ, ഇപ്പോൾ സ്‌കൂളിൽ പഠിക്കുന്ന കുട്ടികൾ വിവാഹിതരായി എന്ന രീതിയിലുള്ള ധാരാളം ടിക്ടോക് വീഡിയോകൾ കാണാറുണ്ട്. ഇത് കാണുമ്പോൾ സത്യത്തിൽ ഭയമാണ് തോന്നുന്നത്. ജീവിതത്തിലെ നിർണായക തീരുമാനം എടുക്കാനുള്ള പ്രായവും പക്വതയും അവർക്ക് ആയിട്ടില്ല എന്നുറപ്പാണ്. പ്രണയിക്കുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ. ആദ്യം പഠനം പൂർത്തിയാക്കുക. സ്വന്തം കാലിൽ നിൽക്കാനുള്ള വരുമാനം കണ്ടെത്തുക. ഭർത്താവ് നോക്കും എന്ന ഫാന്റസിയുടെ പുറത്ത് ഒരു പെൺകുട്ടിയും പ്രണയിക്കാൻ നിൽക്കരുത്.
വിവാഹശേഷമുള്ള പ്രണയം
വിവാഹം കഴിഞ്ഞ ഉടൻ ഞാൻ ഗർഭിണിയായി. പിന്നെ അമ്മയാകാനുള്ള തയാറെടുപ്പായിരുന്നു. ഞങ്ങളുടെ ജീവിതത്തിലേക്ക് പദ്മ വന്നു. കുഞ്ഞൊന്നു വളർന്നപ്പോൾ കരിയറിൽ ആയി ശ്രദ്ധ. ശ്രീ ബിസിനസ് ആരംഭിച്ച് അതിന്റെ തിരക്കിലായി. ഇപ്പോഴാണ് എല്ലാം ഒന്ന് സൈഡാക്കി ഞങ്ങൾ ഞങ്ങൾക്കായി സമയം കണ്ടെത്താൻ തുടങ്ങിയത്. ഇപ്പോൾ ഹരം യാത്രകളാണ്. അങ്ങനെയാണ് ഞങ്ങൾ പ്രണയം ആസ്വദിക്കുന്നത്. ആദ്യമായി നടത്തിയ തായ്‌ലൻഡ് യാത്ര മുതൽ ഓരോന്നും അങ്ങേയറ്റം ആസ്വദിച്ചിട്ടുണ്ട്. ഒരുമിച്ചു ഒരുപാട് രാജ്യങ്ങളിൽ പോകണം എന്നതാണ് ഇനിയുള്ള ആഗ്രഹം.
English Summary : Aswathy Sreekanth Love Story