എനിക്കില്ലാത്ത പ്രശ്നം നിങ്ങൾക്കെന്തിന് ?, വാക്കുകളിലെങ്കിലും മര്യാദ കാണിക്കണം ; സ്വാതി മനസ്സു തുറക്കുന്നു
അദ്ദേഹം വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമാണ് എന്നുവരെയാണ് ആളുകൾ എഴുതിപ്പിടിപ്പിച്ചത്. എന്റെ വിവാഹഫോട്ടോയ്ക്ക് കീഴിൽ ഡിവോഴ്സ് ആകുമ്പോൾ ഞങ്ങൾ കയ്യടിച്ച് ആഘോഷിക്കും എന്നാണ് ചിലർ പറയുന്നത്....
അദ്ദേഹം വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമാണ് എന്നുവരെയാണ് ആളുകൾ എഴുതിപ്പിടിപ്പിച്ചത്. എന്റെ വിവാഹഫോട്ടോയ്ക്ക് കീഴിൽ ഡിവോഴ്സ് ആകുമ്പോൾ ഞങ്ങൾ കയ്യടിച്ച് ആഘോഷിക്കും എന്നാണ് ചിലർ പറയുന്നത്....
അദ്ദേഹം വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമാണ് എന്നുവരെയാണ് ആളുകൾ എഴുതിപ്പിടിപ്പിച്ചത്. എന്റെ വിവാഹഫോട്ടോയ്ക്ക് കീഴിൽ ഡിവോഴ്സ് ആകുമ്പോൾ ഞങ്ങൾ കയ്യടിച്ച് ആഘോഷിക്കും എന്നാണ് ചിലർ പറയുന്നത്....
വിവാഹവാർത്ത പുറത്തു വന്നതിനുശേഷം അഭിനേത്രി സ്വാതി നിത്യനാന്ദ് നേരിട്ടത് കടുത്ത സൈബർ ആക്രമണങ്ങളാണ്. ഭർത്താവ് പ്രതീഷ് നെന്മാറ മയക്കുമരുന്നിന് അടിമയാണെന്നും ഇതു രണ്ടാം വിവാഹമാണെന്നുമുള്ള പ്രചാരണങ്ങള്‍ മുതൽ ബോഡി ഷെയ്മിങ് വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇത്തരത്തിൽ ആക്രമണം നടത്തുന്നവരോട് സ്വാതിക്ക് ചോദിക്കാനുള്ളത് ‘എനിക്കില്ലാത്ത പ്രശ്നം നിങ്ങള്‍ക്കെന്തിന് ?’ എന്നാണ്. കുടുംബങ്ങളെപ്പോലും ഇതിലേക്ക് വലിച്ചിഴക്കുമ്പോൾ വാക്കുകളിൽ അല്പമെങ്കിലും മാന്യത കാണിക്കണമെന്നാണ് സ്വാതിയുടെ അഭ്യർഥന. വിവാഹത്തെപ്പറ്റിയും പ്രണയത്തെപ്പറ്റിയും വിവാഹശേഷം കേൾക്കേണ്ടിവന്ന ഗോസിപ്പുകളെപ്പറ്റിയും സ്വാതി മനോരമ ഓൺലൈനിനോട് മനസ്സു തുറക്കുന്നു.
ഭ്രമണത്തിലെ ഹരിത വിവാഹിതയായി. എങ്ങനെയാണ് പ്രതീഷ് നെന്മാറയുമായുള്ള പരിചയം വിവാഹത്തിലേക്ക് എത്തുന്നത്?
ഞങ്ങൾ പരിചയത്തിലായിട്ട് രണ്ടരവർഷത്തോളമായി. ഭ്രമണം സീരിയലിലൂടെ തന്നെയാണ് പരിചയപ്പെട്ടതും ആ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുന്നതും. നേരെ വാ നേരെ പോ എന്ന സ്വഭാവമുള്ള, വളരെ സൈലന്റ് ആയ വ്യക്തിയാണ് പ്രതീഷ്. അതായിരിക്കണം എന്നെ ആകർഷിച്ചത്. ഞാൻ സങ്കടവും ദേഷ്യവും സന്തോഷവും ഒക്കെ വളരെ പെട്ടെന്ന് പ്രകടിപ്പിക്കുന്ന സ്വഭാവക്കാരിയാണ്. ഭ്രമണത്തിൽ അഭിനയിക്കുന്ന സമയത്ത് ഞാൻ വളരെ ജോളി അടിച്ചു നടക്കുകയാണ്. അതിനാൽത്തന്നെ ഞാനാണ് ആദ്യം അദ്ദേഹത്തെ ഫോണിൽ വിളിക്കുന്നത്. അത്തരത്തിൽ ഫോൺകോളിലൂടെ തുടങ്ങിയ ഒരു സൗഹൃദം, പിന്നീട് പ്രണയത്തിലേക്ക് മാറുകയായിരുന്നു. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊന്നും പറയാനാവില്ല. ഒരേ ഇൻഡസ്ട്രിയിൽ പ്രവർത്തിക്കുന്നവരായതിനാൽ പ്രണയകാലം ഒരാഘോഷമാക്കാനൊന്നും നിന്നിട്ടില്ല. അതിനുള്ള സമയവും കിട്ടിയിരുന്നില്ല.
പ്രണയം വീട്ടിൽ പറഞ്ഞപ്പോൾ പ്രതികരണം?
ആ സമയത്ത് ഞാൻ ഡിഗ്രി ഫൈനൽ ഇയറായിരുന്നു. ഞാൻ പൊതുവേ മൊബൈൽ അധികം ഉപയോഗിക്കാത്ത വ്യക്തിയാണ്. പക്ഷേ പരീക്ഷക്കാലത്തും ഞാൻ മൊബൈൽ അമിതമായി ഉപയോഗിക്കുന്നത് കണ്ടപ്പോൾ സ്വാഭാവികമായും അച്ഛനും അമ്മയ്ക്കും സംശയമായി. അപ്പോൾ ഞങ്ങൾ റിലേഷനിൽ ആയിട്ട് ആറുമാസം തികഞ്ഞിരുന്നു. ഇത്തരമൊരു അവസ്ഥ വന്നപ്പോൾ ഞാൻ തന്നെയാണ് അച്ഛനമ്മമാരോട് പ്രണയത്തെപ്പറ്റിയും പ്രതീഷേട്ടനെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നും പറഞ്ഞത്. തുടക്കത്തിൽ അവരത് കാര്യമായെടുത്തില്ല. പിന്നീട് സീരിയസ് ആണ് എന്ന് മനസ്സിലാക്കിയപ്പോൾ വീട്ടിൽനിന്നു കടുത്ത സമ്മർദ്ദമുണ്ടായി. മൊബൈൽ വാങ്ങി വച്ചു. പുറത്തൊന്നും വിടാതെ വീട്ടിൽ തന്നെ ഇരുത്തി. സ്വാഭാവികമായും ഏതൊരു അച്ഛനും അമ്മയും ചെയ്യുന്ന കാര്യമാണ്. എന്നാൽ ഈ അവസ്ഥ ഭ്രമണം സെറ്റിൽ അറിയിച്ചു. പിന്നീട് അത് ഗോസിപ്പിന്റെ രൂപത്തിൽ പലയിടത്തും വാർത്തയായി. ഈ ബന്ധം തുടരില്ല എന്ന് വരെ പറഞ്ഞിട്ടാണ് തുടർന്ന് അഭിനയിക്കാനുള്ള സമ്മതം ലഭിച്ചത്. എന്നാൽ ഇത്രയേറെ സമ്മർദ്ദങ്ങളെ നേരിട്ടപ്പോഴാണ് എനിക്കും പ്രതീഷേട്ടനും ഞങ്ങൾ പരസ്പരം അത്രമേൽ സ്‌നേഹിക്കുന്നുണ്ടെന്ന കാര്യം മനസ്സിലായത്.
എന്തുകൊണ്ടാണ് ലോക്ഡൗൺ കാലയളവിൽ വിവാഹം നടത്താൻ തീരുമാനിച്ചത് ?
ഞങ്ങൾ രണ്ടരവർഷമായി പ്രണയത്തിലായിട്ട്. ഈ മേയ് മാസത്തിൽ വിവാഹം കഴിക്കാൻ ലോക്ഡൗൺ വരുന്നതിനും കൊറോണ വൈറസ് വ്യാപനം ഉണ്ടാകുന്നതിനും ഏറെ മുൻപുതന്നെ ഞങ്ങൾ തീരുമാനിച്ചതാണ്. എന്റെ വീട്ടുകാരുടെ പൂർണസമ്മതം ലഭിക്കാത്തതിനാലാണ് അത്രയും വൈകിയത്. ലോക്ഡൗൺ വന്നതോടെ എന്തു ചെയ്യണം എന്നായി. കൊറോണ പ്രശ്നങ്ങൾ മാറിയ ശേഷം വിവാഹം കഴിക്കാം എന്നുവച്ചാൽ എത്രനാൾ അതിനായി കാത്തിരിക്കേണ്ടി വരും എന്നറിയില്ലായിരുന്നു. തുടർന്നുള്ള ജീവിതം കൊറോണയ്ക്കൊപ്പം തന്നെ ആയിരിക്കുമെന്നുള്ള അവസ്ഥയിലാണ്, ഇനി വൈകിക്കുന്നതിൽ അർഥമില്ല എന്ന് കരുതിയതും ലളിതമായ ചടങ്ങുകളോടെ വിവാഹം നടത്തിയതും. അല്ലാതെ ആരെയും ഒഴിവാക്കാനല്ല ഈ തീരുമാനമെടുത്തത്.
ലോക്ഡൗണിലെ വിവാഹം വേറിട്ട അനുഭവമായിരുന്നല്ലോ, അതേപ്പറ്റി എന്തു പറയുന്നു?
ലോക്ഡൗണിലെന്നല്ല, ഏതു സമയത്ത് ഞാൻ വിവാഹം കഴിച്ചാലും അത് പ്ലാൻ ചെയ്ത് നടത്താൻ കഴിയുമായിരുന്നില്ല. വിവാഹം എല്ലാവർക്കും ഒരു ഞെട്ടൽ ആയിരിക്കുമെന്ന് അറിയാമായിരുന്നു. അതിനാൽ അത്തരത്തിലുള്ള ഒരു കല്യാണത്തിനായി ഞങ്ങൾ രണ്ടുപേരും മാനസികമായി തയ്യാറെടുത്തിരുന്നു. പക്ഷേ കല്യാണം ലോക്ഡൗൺ സമയത്തായതിനാൽ അടുത്ത സുഹൃത്തുക്കളെപ്പോലും അറിയിക്കാൻ കഴിഞ്ഞില്ല എന്നൊരു വിഷമമുണ്ട്. പിന്നെ വലിയ രീതിയിലുള്ള ആഘോഷങ്ങൾ ഒന്നുമില്ലെങ്കിലും പ്രിയപ്പെട്ടവരെയെല്ലാം ഉൾപ്പെടുത്തിയുള്ള ചടങ്ങുകൾ ഒന്നും ഇല്ലാത്തതിൽ അല്പം വിഷമമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ അതേപ്പറ്റിയൊന്നും ചിന്തിക്കുന്നില്ല. വിവാഹം കഴിഞ്ഞതിൽ പൂർണ സംതൃപ്തയാണ്.
സ്വപ്നം കണ്ടിരുന്നത് ഇതുപോലുള്ള ലഘുവായ വിവാഹമായിരുന്നോ?
തീർച്ചയായും. പക്ഷേ ഇത്ര ലഘുവായിട്ടുള്ള കല്യാണമായിരുന്നില്ല. നാലഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളും ചടങ്ങുകളും ഒരുപാടു സ്വർണം ഇടുന്നതും ഒഴിവാക്കി, ഒരു ക്ഷേത്രത്തിൽ വച്ച് എന്റെയും ഞാൻ വിവാഹം കഴിക്കാൻ പോകുന്ന വ്യക്തിയുടെയും മാതാപിതാക്കളും അടുത്ത സുഹൃത്തുക്കളുമായി ലഘുവായ ഒരു ചടങ്ങ്. അതായിരുന്നു എന്റെ സ്വപ്നം. എന്നാൽ അത് നടക്കാതെ പോയതിൽ വലിയ വിഷമമൊന്നും തോന്നുന്നില്ല. അത് ഒരു ആഗ്രഹമായിരുന്നു എന്നു മാത്രം.
സ്വാതിയുടെ വീട്ടുകാരുടെ ഇപ്പോഴത്തെ പ്രതികരണം എന്താണ് ?
എന്റെ അച്ഛനമ്മമാരെ എതിർത്തുകൊണ്ട് കല്യാണം കഴിക്കേണ്ടി വന്നതിൽ നല്ല വിഷമമുണ്ടായിരുന്നു. എന്നാൽ വിവാഹശേഷം പ്രതീഷേട്ടനും വീട്ടുകാരും എന്റെ അച്ഛനമ്മമാരോട് സംസാരിക്കുകയും അവരെ പറഞ്ഞു മനസ്സിലാക്കുകയും ചെയ്തു. അതിനുശേഷം തിരുവനന്തപുരം ഭാരതന്നൂരിലുള്ള എന്റെ വീട്ടിലും പ്രതീഷേട്ടന്റെ വീട്ടിലും അതിഥി സത്കാരം നടത്തി. കാണേണ്ട ബന്ധുക്കളെയെല്ലാം കാണുകയും അനുഗ്രഹം വാങ്ങുകയും ചെയ്തു. ഇപ്പോൾ ഇരുകുടുംബങ്ങളും നല്ല രീതിയിൽ ഐക്യത്തിലും സന്തോഷത്തിലുമാണ് മുന്നോട്ടു പോകുന്നത്.
അനന്തപുരിയുടെ മകളിൽനിന്നു പാലക്കാടിന്റെ മരുമകളായുള്ള മാറ്റം എങ്ങനെയുണ്ട്?
അനന്തപുരിയുടെ മകൾ എന്ന് പറയുന്നതിൽ എനിക്ക് നൂറു ശതമാനം അഭിമാനമാണ്. ചെറുപ്പം മുതൽ എനിക്കു പോയി കാണണമെന്നും താമസിക്കണമെന്നും ആഗ്രഹമുള്ള ഒരിടമായിരുന്നു പാലക്കാട്. അവിടേക്കുതന്നെ മരുമകളായി ചെല്ലാൻ പറ്റിയതിൽ സന്തോഷമുണ്ട്. ഞാൻ ഒരു നാട്ടിൻപുറത്ത് ജനിച്ചു വളർന്ന കുട്ടിയാണ്. പ്രതീഷേട്ടന്റെ സ്ഥലവും അതുപോലെ തന്നെ. പാലക്കാട് ജില്ലയിലെ നെന്മാറ. അതിനാൽ എനിക്ക് എന്റെ വീട്ടിൽനിന്നു തൊട്ടടുത്ത വീട്ടിലേക്ക് പോയെന്ന തോന്നലാണ്. പിന്നെ, പ്രതീഷേട്ടന്റെ വീട്ടിൽ അച്ഛനും അമ്മാമയും ചേട്ടനും ചേട്ടന്റെ ഭാര്യയുമാണുള്ളത്. അവരെല്ലാമായി ഞാൻ നേരത്തേതന്നെ നല്ല പരിചയത്തിലായിരുന്നു. അതിനാൽ പുതിയൊരു വീട്ടിലെത്തി എന്ന തോന്നലില്ലായിരുന്നു. എന്റെ വീടും അച്ഛനമ്മമാരെയും മിസ് ചെയ്യുന്നുണ്ട് എന്നത് മാത്രമായിരുന്നു ഒരു കുറവ്. എന്നാൽ ആ കുറവ് പ്രതീഷേട്ടന്റെ അച്ഛനമ്മമാർ നികത്തി. അതിനാൽ അനന്തപുരിയുടെ മകൾ പാലക്കാടിന്റെ മരുമകളായി എന്നല്ല, മകളായി എന്നുതന്നെ പറയാം.
സൗഹൃദമാണ് പ്രണയത്തിലേക്ക് എത്തിയതെന്ന് പറഞ്ഞല്ലോ, ആ സൗഹൃദം ഇപ്പോഴും ആസ്വദിക്കുന്നുണ്ടോ ?
തീർച്ചയായും. ഞങ്ങൾക്കിടയിലെ സൗഹൃദം അന്നും ഇന്നും എന്നും വളരെ രസകരമാണ്. അതിനുള്ള പ്രധാന കാരണം പ്രതീഷേട്ടൻ വളരെ ജെനുവിൻ ആണ് എന്നതാണ്. അടുത്ത ആളുകളോടു മാത്രമേ പ്രതീഷേട്ടൻ കൂടുതൽ സംസാരിക്കുകയുള്ളൂ. എന്ന് കരുതി മുഴുവൻ സമയം മിണ്ടാപ്പൂച്ചയാണ് എന്ന് കരുതരുത്. ഞങ്ങൾ ഒരുപാടു സംസാരിക്കാറുണ്ട്. സാധാരണ പ്രണയബന്ധങ്ങളിലും ദാമ്പത്യബന്ധങ്ങളിലുമൊക്കെയുള്ള നാട്ടുനടപ്പനുസരിച്ചുള്ള രീതികളൊന്നും ഞങ്ങൾക്കിടയിലില്ല. എന്തു പറയാറുണ്ടെങ്കിലും അത് മുഖത്തുനോക്കി പറയും. എനിക്ക് ഇഷ്ടമല്ലാത്ത കാര്യങ്ങളാണ് എങ്കിൽ അതും ഞാൻ തുറന്നു പറയാറുണ്ട്. തിരിച്ച് എന്നോടും അതേരീതിയിൽ പെരുമാറാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഇക്വാളിറ്റിയിലാണ് ഞങ്ങൾ വിശ്വസിക്കുന്നത്. പരസ്പരം റെസ്പെക്റ്റ് ചെയ്തുതന്നെയാണ് ഞങ്ങൾ മുന്നോട്ട് പോകുന്നത്. അതിനാൽ വിവാഹശേഷവും ആ സൗഹൃദം ഞങ്ങൾ ആസ്വദിക്കുന്നുണ്ട്.
പ്രതീഷ് എന്ന വ്യക്തിയിൽ ഏറ്റവും ഇഷ്ടമുള്ള ഘടകം എന്താണ് ?
അദ്ദേഹത്തിന്റെ ജെനുവിനിറ്റിയാണ് എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത്. എന്തു കാര്യവും നേരെ വാ , നേരെ പോ എന്ന രീതിയിലാണ് അദ്ദേഹം ചെയ്യാറുള്ളത്. സീരിയൽ ഇൻഡസ്ട്രിയിൽ പൊതുവെ കണ്ടുവരുന്ന ഒരു കാര്യം സ്വന്തം കാര്യം നേടിയെടുക്കുന്നതിനും അവസരങ്ങൾ നേടുന്നതിനും വേണ്ടി പരസ്പരം മത്സരിക്കുകയും അതിനായി സഖ്യങ്ങൾ ഉണ്ടാകുകയും ചെയ്യുന്ന രീതിയാണ്. എന്റെ നാല് വർഷത്തെ സീരിയൽ ജീവിതത്തിൽ ഞാൻ അത്തരത്തിലുള്ള നിരവധിയാളുകളെ കണ്ടിട്ടുണ്ട്. ഇതിൽ നിന്നെല്ലാം വ്യത്യസ്തനാണ് പ്രതീഷേട്ടൻ. ഇൻഡസ്ട്രിയിൽ ഇരുപത് വർഷത്തെ പ്രവൃത്തി പരിചയം അദ്ദേഹത്തിനുണ്ട്. അതിന്റെതായ പക്വതയും കാണിക്കുന്നുണ്ട്. ഒരിക്കലും സ്വാർത്ഥലാഭത്തിന് വേണ്ടി ആരെയും അടിച്ചമർത്താൻ അദ്ദേഹം നിലക്കാറില്ല.
ഈ സമയമായതിനാൽ തന്നെ ഒരുമിച്ചുള്ള യാത്രകൾ, സത്കാരങ്ങൾ എന്നിവ മിസ് ചെയ്യുമല്ലോ ?
ഞാൻ ഒരു പാട് യാത്രകൾ ചെയ്യുന്ന വ്യക്തിയല്ല. യാത്രകളോട് വലിയ താല്പര്യവുമില്ല. പിന്നെ വിവാഹം കഴിഞ്ഞാൽ പൊതുവേ എല്ലാവരും പ്ലാൻ ചെയ്യുന്നതാണ് ഹണിമൂൺ യാത്രകളും മറ്റും. ഞങ്ങളുടെ കാര്യത്തിൽ അത്തരം ചിന്തകൾ പോലും ഉണ്ടായിരുന്നില്ല. ഇന്ന സ്ഥലത്തേക്ക് നമുക്ക് യാത്ര പോകാം എന്ന് പ്രതീഷേട്ടൻ പറഞ്ഞിട്ടുമില്ല, ഞാൻ അത്തരം കാര്യങ്ങളെപ്പറ്റി സംസാരിച്ചിട്ടുമില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോഴും ഒരുമിച്ചുണ്ടാകുക എന്നതിനാണ് പ്രാധാന്യം. അത് സാധിക്കുന്നുണ്ട്. മരിക്കുന്നത് വരെ എനിക്ക് എന്റെ സ്വന്തമാണ് എന്ന് പറയാനും എന്റെ കൈ പിടിക്കാനും ഒരാളെയാണ് വേണ്ടത്. അത് ലഭിക്കുകയും ചെയ്തു. പിന്നെ എന്റെ സ്ഥലം തിരുവനന്തപുരവും ചേട്ടന്റെ സ്ഥലം പാലക്കാടും ആയതിനാൽ തന്നെ എല്ലാമാസവും ഒന്നു രണ്ടു ലോങ് ഡ്രൈവുകൾ ഞങ്ങൾക്കുണ്ടാകും. ആ യാത്രകൾക്ക് ഹണിമൂൺ യാത്രകളേക്കാൾ മധുരമാണ്. പിന്നെ, വിവാഹം കഴിഞ്ഞ ശേഷം ഞങ്ങൾ മാത്രമുള്ള ഒരു ലോകത്തേക്കാണ് നേരിട്ടു പ്രവേശിച്ചത്. മൂന്നു ദിവസം എറണാകുളത്തെ ഫ്ലാറ്റിൽ ഞങ്ങൾ മാത്രമാണുണ്ടായിരുന്നത്. അതിനാൽ എനിക്ക് കിട്ടേണ്ട പ്രൈവസി ആ കാലയളവിൽ ലഭിച്ചിട്ടുണ്ട്. ലോക്ഡൗൺ ആയതിനാൽ ആ അവസ്ഥയെ മാനിച്ചുകൊണ്ടുകൂടി ഞങ്ങൾ യാത്രകളിൽ നിന്നു വിട്ടു നിൽക്കുകയാണ് .
പുതിയ പ്രോജക്ടുകൾ? ഭാവി പദ്ധതികൾ ?
മഴവിൽ മനോരമയിൽ അടുത്ത പ്രോജക്ട് പൈലറ്റ് ഷൂട്ട് കഴിഞ്ഞിരിക്കുകയാണ്. ഉടനെ ഷൂട്ട് തുടങ്ങും എന്ന് പ്രതീക്ഷിക്കുന്നു. സീരിയലിൽ ഒരു സമയത്ത് ഒരു പ്രോജക്ട് മാത്രമേ ചെയ്യൂ എന്ന നിർബന്ധമുള്ളതിനാലാണ് കൂടുതൽ പ്രോജക്ടുകൾ ഏറ്റെടുക്കാത്തത്. എന്നാൽ ഞാൻ ഇൻഡസ്ട്രിയിൽ നിന്ന് ഒരു ബ്രേക്ക് എടുത്തു എന്ന് പറയാനാവില്ല. ഭ്രമണത്തിന് ശേഷവും ഞാൻ ഷോകളിലൂടെ സജീവമായിരുന്നു. അഭിനയം തീർച്ചയായും മുന്നോട്ട് കൊണ്ട് പോകണം അതോടൊപ്പം തുടർന്ന് പഠിക്കുകയും വേണം. അതിനുശേഷം ഒരു കുടുംബം എന്ന നിലയിലേക്കുള്ള മാറ്റം ആഗ്രഹിക്കുന്നുണ്ട്.
വിവാഹത്തെത്തുടർന്ന് ധാരാളം ഗോസിപ്പുകൾ കേൾക്കേണ്ടി വന്നിട്ടുണ്ടല്ലോ ? അത്തരം വാർത്തകളോട് എങ്ങനെ പ്രതികരിക്കുന്നു ?
ഇഷ്ടപ്പെട്ട വ്യക്തിയെ വിവാഹം ചെയ്തു എന്ന ഒരൊറ്റ കാരണത്താൽ ഈ കാലയളവിൽ ഞാൻ പലവിധത്തിലുള്ള ഗോസിപ്പുകളും കേട്ടിട്ടുണ്ട്. എന്റെ ഭർത്താവും കുടുംബവും എല്ലാം ഈ ഗോസിപ്പുകളുടെ ഭാഗമാണ്. കൂട്ടത്തിൽ ഫെയ്സ്‌ബുക്കിലൂടെ നടക്കുന്ന സൈബർ ആക്രമണം എടുത്ത് പറയേണ്ടതാണ്. ഫോട്ടോയിൽ ഒപ്പം നിൽക്കുന്ന അദ്ദേഹം ചിരിച്ചില്ല എന്നതിന് അദ്ദേഹം ഡ്രഗ് അഡിക്റ്റ് ആണ് എന്നുവരെ പറയുന്നു. അദ്ദേഹം ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ്, ഞാൻ ക്യാമറയ്ക്ക് മുന്നിൽ പ്രവർത്തിക്കുന്ന ആളും. ഇരുവരും ഒരേ രീതിയിൽ ചിരിക്കണം എന്ന് വാശിപിടിക്കാൻ ആകുമോ ? മാത്രമല്ല, അദ്ദേഹത്തിന് ഉയരമില്ല, ഭാരമില്ല, നിറമില്ല തുടങ്ങിയ കമന്റുകളും ധാരാളമാണ്. എനിക്ക് ഇത്തരക്കാരോട് ഒരു ചോദ്യമേ ചോദിക്കാനുള്ളൂ, എനിക്കില്ലാത്ത പ്രശ്നം നിങ്ങൾക്കെന്തിനാണ്? ഞാൻ അദ്ദേഹത്തിന്റെ സൗന്ദര്യമോ ജോലിയോ കുടുംബപശ്ചാത്തലമോ ഒന്നുമല്ല നോക്കിയത്. എന്നോടുള്ള പെരുമാറ്റവും സ്വഭാവശുദ്ധിയുമാണ്. അതിൽ എനിക്ക് പൂർണ തൃപ്തിയുമുണ്ട്.
പ്രതീഷേട്ടൻ സ്വന്തം അനിയത്തിയുടെ മകളെ എടുത്ത് നിൽക്കുന്ന ഫോട്ടോയുടെ കീഴിൽ വരെ ഇത്തരത്തിൽ സൈബർ ആക്രമണം നടത്തിക്കണ്ടു. അദ്ദേഹം വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമാണ് എന്നുവരെയാണ് ആളുകൾ എഴുതിപ്പിടിപ്പിച്ചത്. എന്റെ വിവാഹഫോട്ടോയ്ക്ക് കീഴിൽ ഡിവോഴ്സ് ആകുമ്പോൾ ഞങ്ങൾ കയ്യടിച്ച് ആഘോഷിക്കും എന്നാണ് ചിലർ പറയുന്നത്. ഇത്തരത്തിൽ ചിന്തിക്കുന്ന മലയാളികൾക്ക് ഇടയിലാണല്ലോ ഞാനും എന്നതോർത്ത് ഞാൻ വിഷമിക്കുന്നു. ഇത്തരം വാക്കുകൾ എത്രമാത്രം വേദനയുണ്ടാകുന്നുണ്ട് എന്ന് മനസ്സിലാക്കണം. കുറഞ്ഞപക്ഷം വാക്കുകളിൽ എങ്കിലും മര്യാദ കാണിക്കാൻ ശ്രമിക്കണം. ഇൻഡസ്ട്രിയിൽ നിന്നും ഇത്തരത്തിൽ സമ്മിശ്ര പ്രതികരണം ലഭിച്ചിട്ടുണ്ട്. നെഗറ്റീവ് പറയാനുള്ളവർ പറഞ്ഞുകൊണ്ടേയിരിക്കുക, അതൊരിക്കലും ഞങ്ങളുടെ ജീവിതത്തെ ബാധിക്കില്ല. അത്ര മാത്രമേ എനിക്ക് പറയാനുള്ളൂ.
English Summary : Actress Swathy Nithyanad on Cyber attack after Wedding