ആറ്റുനോറ്റുണ്ടായ മകൾ, 15 വർഷത്തെ കാൻസർ ദുരിതത്തിന്റെ കാഴ്ച: ഒരു അച്ഛന്റെ കണ്ണീർ ചിത്രങ്ങള്
‘വിചിത്രമായിത്തോന്നാം, പക്ഷേ എന്റെയും കുടുംബത്തിന്റെയും ജീവിതം മാറ്റി മറിച്ച ആ സർജന്റെ മുഖം മാത്രം എത്ര ശ്രമിച്ചിട്ടും എനിക്ക് ഓർത്തെടുക്കാനാകുന്നില്ലെന്നതാണു സത്യം. ഒരുപക്ഷേ തെരുവിലെ അനേകായിരം മുഖങ്ങൾക്കിടയിൽ ഇനി കണ്ടാൽ പോലും അദ്ദേഹത്തെ ഞാൻ തിരിച്ചറിയുമോയെന്നതും സംശയമാണ്. പക്ഷേ ഒന്നെനിക്ക്
‘വിചിത്രമായിത്തോന്നാം, പക്ഷേ എന്റെയും കുടുംബത്തിന്റെയും ജീവിതം മാറ്റി മറിച്ച ആ സർജന്റെ മുഖം മാത്രം എത്ര ശ്രമിച്ചിട്ടും എനിക്ക് ഓർത്തെടുക്കാനാകുന്നില്ലെന്നതാണു സത്യം. ഒരുപക്ഷേ തെരുവിലെ അനേകായിരം മുഖങ്ങൾക്കിടയിൽ ഇനി കണ്ടാൽ പോലും അദ്ദേഹത്തെ ഞാൻ തിരിച്ചറിയുമോയെന്നതും സംശയമാണ്. പക്ഷേ ഒന്നെനിക്ക്
‘വിചിത്രമായിത്തോന്നാം, പക്ഷേ എന്റെയും കുടുംബത്തിന്റെയും ജീവിതം മാറ്റി മറിച്ച ആ സർജന്റെ മുഖം മാത്രം എത്ര ശ്രമിച്ചിട്ടും എനിക്ക് ഓർത്തെടുക്കാനാകുന്നില്ലെന്നതാണു സത്യം. ഒരുപക്ഷേ തെരുവിലെ അനേകായിരം മുഖങ്ങൾക്കിടയിൽ ഇനി കണ്ടാൽ പോലും അദ്ദേഹത്തെ ഞാൻ തിരിച്ചറിയുമോയെന്നതും സംശയമാണ്. പക്ഷേ ഒന്നെനിക്ക്
‘വിചിത്രമായിത്തോന്നാം, പക്ഷേ എന്റെയും കുടുംബത്തിന്റെയും ജീവിതം മാറ്റി മറിച്ച ആ സർജന്റെ മുഖം മാത്രം എത്ര ശ്രമിച്ചിട്ടും എനിക്ക് ഓർത്തെടുക്കാനാകുന്നില്ലെന്നതാണു സത്യം. ഒരുപക്ഷേ തെരുവിലെ അനേകായിരം മുഖങ്ങൾക്കിടയിൽ ഇനി കണ്ടാൽ പോലും അദ്ദേഹത്തെ ഞാൻ തിരിച്ചറിയുമോയെന്നതും സംശയമാണ്. പക്ഷേ ഒന്നെനിക്ക് ഉറപ്പാണ്. 14 വയസ്സുള്ള എന്റെ മകളുടെ ആ എക്‌സ്റേ റിപ്പോർട്ടുകൾ നോക്കുമ്പോൾ അദ്ദേഹത്തിന്റെ മുഖം വിവർണമാകുന്നത്, അവ്യക്തമായെങ്കിലും ഞാനോർക്കുന്നുണ്ട്...’ നെഞ്ചിലെ ഒരു കുഞ്ഞിടർച്ചയോടെ റോയിട്ടേഴ്സ് ഫൊട്ടോഗ്രാഫർ ഡാറിൻ സമ്മിറ്റ് ലൂപി തന്റെ ഓർമക്കുറിപ്പിനു തുടക്കമിടുന്നത് ഇങ്ങനെയാണ്.
ഫൊട്ടോഗ്രാഫർമാർക്കായി റോയിട്ടേഴ്സ് ഒരുക്കിയിട്ടുള്ള ‘ദ് വൈഡർ ഇമേജ്’ പ്ലാറ്റ്ഫോമിലായിരുന്നു തന്റെ മകളുടെ ജനനം മുതൽ മരണം വരെയുള്ള നിമിഷങ്ങൾ അദ്ദേഹം കണ്ണുനിറച്ചെഴുതിയത്. ഇന്നു ലോകം ആ പിതാവെടുത്ത ചിത്രങ്ങൾ കണ്ടു കണ്ണീർ പൊഴിക്കുന്നു. ആറ്റുനോറ്റുണ്ടായ മകൾക്ക് ഏറ്റുവാങ്ങേണ്ടി വന്ന 15 വർഷത്തെ കാൻസർ ദുരിതത്തിന്റെ കാഴ്ചകൾ, നിറഞ്ഞ കണ്ണുകളോടെയല്ലാതെ ഒരാൾക്കും കണ്ടുതീർക്കാനാകില്ല. 2005 ഓഗസ്റ്റ് 3നായിരുന്നു മകൾ റെബേക്ക ജനിച്ച് നിമിഷങ്ങൾക്കകം അവളുടെ ആദ്യത്തെ ചിത്രം ഡാറിൻ ഒപ്പിയെടുത്തത്.
കാൻസർ ബാധിച്ച് നീണ്ട കീമോതെറപ്പി സെഷനുകൾക്കു ശേഷം 2021 ജനുവരി 3ന് റെബേക്ക ലോകത്തോടു വിട പറയുമ്പോഴും ക്യാമറയുമായി ആ പിതാവ് അരികിലുണ്ടായിരുന്നു. കണ്ണുകൾ നിറഞ്ഞു കവിഞ്ഞതിനാൽ ആ ഹൃദയഭേദക ദൃശ്യം ഡാറിൻ കണ്ടു കാണില്ല. പക്ഷേ അദ്ദേഹത്തിന്റെ വിരലുകൾ ആ നിമിഷവും കൃത്യമായി ക്യാമറയ്ക്കു വേണ്ടി ഒപ്പിയെടുത്തു. മാൾട്ടയിലെ സെന്റ് ജെയിംസ് ആശുപത്രിയിലെ പ്രസവമുറിയിൽ തുടങ്ങുന്ന ആ ചിത്ര പരമ്പര അവസാനിക്കുന്നത് ചാൾട്ടൻ പാർക്ക് ക്രിമറ്റോറിയത്തിലാണ്.
മകളെ പതിയെപ്പതിയെ മരണം കവർന്നുകൊണ്ടു പോകുന്നത് നോക്കിനിൽക്കേണ്ടി വരുന്ന ഡാറിന്റെയും ഭാര്യ മാരിസ ഫോർഡിന്റെയും നിസ്സഹായത കൂടിയാണ് ഈ ചിത്രപരമ്പര പങ്കുവയ്ക്കുന്നത്. 2019ലാണ് റെബേക്കയ്ക്ക് അർബുദം കണ്ടെത്തുന്നത്. ചുമലിലൊരു മുഴ ആയിട്ടായിരുന്നു തുടക്കം. വേദന അസഹ്യമായപ്പോൾ ഡോക്ടറെ കാണിച്ചു. ഏതാനും ഫിസിയോതെറപ്പി സെഷനുകൾകൊണ്ടു മാറുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ആ വേദന റെബേക്കയുടെ ചുമലിൽ ‘കടിച്ചുപിടിച്ചിരുന്നു’. എക്‌സ്റേ പരിശോധനയിലെ സംശയത്തെത്തുടർന്ന് തുടർപരിശോധന നടത്തിയപ്പോഴായിരുന്നു റെബേക്കയ്ക്ക് അപൂർവമായ യൂവിങ് സാക്കോമയാണെന്നു വ്യക്തമായത്.
എല്ലിനെ ബാധിക്കുന്ന ആ രോഗം ആദ്യം കീഴ്‌പ്പെടുത്തിയത് വേദികളെ നൃത്തച്ചുവടുകളാൽ അമ്പരപ്പിച്ച റെബേക്കയുടെ കൈകളെയായിരുന്നു. ബാലെയും ഹിപ് ഹോപുമെല്ലാമായി അതുവരെ ആവേശകരമായിരുന്നു റെബേക്കയുടെ നൃത്തജീവിതം. പതിയെ ശരീരത്തിലെ ഓരോ അസ്ഥിയെയും കാൻസർ തളർത്തി. അച്ഛന്റെയും അമ്മയുടെയും പ്രിയപ്പെട്ട ‘ബെക്ക്സിന്റെ’ പോരാട്ടം അവിടെ തുടങ്ങുകയായിരുന്നു. ഇറ്റലിക്കും ആഫ്രിക്കയ്ക്കും ഇടയില്‍ മെഡിറ്ററേനിയൻ കടൽദ്വീപായ മാൾട്ടയിലായിരുന്നു ഡാറിന്റെ വീട്. അധികം വൈകാതെ അദ്ദേഹത്തിന്റെയും ഭാര്യ മാരിസയുടെയും ജീവിതം ദ്വീപിലെ പ്രധാന ആശുപത്രിയിലേക്കു മാറി. ‘റെയിൻബോ വാർഡ്’ എന്നായിരുന്നു റെബേക്കയെ ചികിത്സിച്ചിരുന്ന വാർഡിന്റെ പേര്. കാൻസർ സമ്മാനിച്ച ഇരുട്ടിൽനിന്നു മാറി മഴവിൽ വർണങ്ങളുടെ ലോകത്തേക്ക് തിരികെ വരാനാകുമെന്ന് റെബേക്ക പ്രതീക്ഷിച്ച രാപ്പലുകളായിരുന്നു പിന്നീടങ്ങളോട്ട്.
എട്ട് കീമോതെറപ്പിയും പിന്നീട് ഇംഗ്ലണ്ടിലേക്കു കൊണ്ടുപോയി ശസ്ത്രക്രിയയുമായിരുന്നു ഡോക്ടർമാർ നിര്‍ദേശിച്ചത്. എന്നാൽ എല്ലാ പ്രതീക്ഷകളെയും തകർത്തായിരുന്നു കോവിഡിന്റെ വരവ്. മകൾക്കരികിൽ ചേർന്നിരിക്കേണ്ട സമയത്ത് ഡാറിനോടും മാരിസയോടും അകന്നിരിക്കാനായിരുന്നു കോവിഡ് പ്രോട്ടോക്കോൾ നിർദേശിച്ചത്. അതിനോടകം ക്ഷീണിച്ച റെബേക്കയുടെ രോഗപ്രതിരോധ സംവിധാനത്തിനു മുന്നിലും ഡോക്ടർമാർ പതറി. അതുവരെ മാരിസയെ റെബേക്കയ്ക്കൊപ്പമിരിക്കാൻ ആശുപത്രി അധികൃതർ സമ്മതിച്ചിരുന്നു. ജോലിക്കിടെ ദിവസവും മകള്‍ക്കരികിലെത്താൻ ഡാറിനും ശ്രദ്ധിച്ചിരുന്നു. എന്നാൽ 2020 മാർച്ച് 15 ഞായറാഴ്ച പതിവു പോലെ ജോലിയിലായിരുന്നു ഡാറിൻ.
മാൾട്ടയിലേക്ക് കൊണ്ടുവരുന്ന അഭയാർഥികളെപ്പറ്റ്യുള്ളതായിരുന്നു അദ്ദേഹത്തിന്റെ ചിത്രങ്ങളിലേറെയും. ആ വിഷയത്തിൽ രാജ്യാന്തര പ്രശസ്തനുമായിരുന്നു ഡാറിന്‍. അത്തരത്തിൽ ചില ചിത്രങ്ങൾ പകർത്തുമ്പോഴായിരുന്നു മാരിസയുടെ ഫോൺ: ‘മാൾട്ടയിലും കോവിഡ് എത്തിയിരിക്കുന്നു, ആശുപത്രിയിൽ ലോക്ഡൗൺ ഏർപ്പെടുത്താൻ പോവുകയാണ്!’
അന്നത്തെ വൈകുന്നേരം മറക്കില്ലെന്നു പറയുന്നു ഡാറിൻ. പെട്ടെന്നുതന്നെ ഓടി ആശുപത്രിയിലെത്തി. അന്നെത്ര നേരം റെബേക്കയ്ക്കൊപ്പം കളിച്ചു ചിരിച്ചെന്നും അറിയില്ല. പിന്നീട് നാളുകളോളം മകൾക്കടുത്തിരിക്കാൻ പോലും ഡാറിനും മാരിസയ്ക്കും സാധിച്ചില്ല. വാർഡിലെ മറ്റ് കാൻസർ ബാധിതരുടെയും ആരോഗ്യത്തെ ബാധിക്കുമെന്നതിനാൽ പുറത്തുനിന്നുള്ളവർക്കു കർശന നിയന്ത്രണമായിരുന്നു.
അപ്പേഴും ഫെയ്‌സ്‌ടൈമിലും മെസഞ്ചറിലുമെല്ലാം അവർ സംസാരിച്ചുകൊണ്ടേയിരുന്നു. പക്ഷേ അടുത്തിരിക്കുമ്പോൾ കിട്ടുന്ന അച്ഛന്റെയും അമ്മയുടെയും സ്നേഹനിശ്വാസം ഏതു മെസഞ്ചറിലൂടെയാണ് കുഞ്ഞുങ്ങൾക്കു പകർന്നു നൽകാനാവുക! അതിനോടകം റെബേക്കയുടെ രോഗപ്രതിരോധ സംവിധാനംതന്നെ ഇല്ലാതായിരുന്നു. തനിക്കും ഭാര്യയ്ക്കും കോവിഡ് വരാതിരിക്കാൻ ഡാറിനും പരമാവധി ശ്രദ്ധ പുലർത്തി. വ്യക്തിശുചിത്വത്തിൽ ശ്രദ്ധിച്ച് ഭ്രാന്തുപിടിക്കുന്ന അവസ്ഥയായി. അതിനിടെയാണ് റെബേക്കയുടെ ജീവിതം സംബന്ധിച്ച വിവരങ്ങൾ ചേർത്ത ഒരു ഡോക്യുമെന്റ് തയാറാക്കാൻ തീരുമാനിച്ചത്. ആദ്യമായി മാസ്‌ക് ധരിച്ച അനുഭവത്തിൽനിന്നു തുടങ്ങുന്നു ഡാറിന്റെ കുറിപ്പുകൾ. അതു ചില സുഹൃത്തുക്കൾക്കു മാത്രം കാണാവുന്ന വിധത്തിൽ ക്ലൗഡിലും ദിവസവും അപ്‌ഡേറ്റ് ചെയ്തു. തങ്ങൾക്ക് എന്തെങ്കിലും പറ്റിയാലും റെബേക്കയുടെ കഥ ലോകം അറിയണമെന്ന ദൃഢനിശ്ചയത്തിലായിരുന്നു ഡാറിൻ.
അതിനിടെ ശസ്ത്രക്രിയയ്ക്കായി ഇംഗ്ലണ്ടിലേക്കു കൊണ്ടുപോവുക എന്നത് നടക്കില്ലെന്നുറപ്പായി. മാത്രവുമല്ല രോഗത്തെ പ്രതിരോധിക്കാനാവശ്യമായ മരുന്നിനും ക്ഷാമം വന്നു തുടങ്ങി. ഏപ്രിൽ മൂന്നോടെ കീമോതെറപ്പിക്കൊപ്പം റേഡിയോ തെറപ്പിയും ആരംഭിക്കേണ്ടി വന്നു. ഇറ്റലിയിലെ കോവിഡ് പ്രശ്നങ്ങൾക്കിടയിലും പലരും പറഞ്ഞു–‘ഡാറിൻ, നിങ്ങൾ പേടിക്കേണ്ട, എല്ലാ പ്രശ്നങ്ങൾക്കും വൈകാതെ പരിഹാരമുണ്ടാകും..’ ചെറിയ ആശ്വസമൊന്നുമല്ല ആ വാക്കുകൾ ഡാറിനും മാരിസയ്ക്കും സമ്മാനിച്ചത്. അതിനിടെ മാരിസയ്ക്ക് ആശുപത്രിയിൽ താമസിക്കാൻ അനുമതി ലഭിച്ചു. പക്ഷേ മകളുടെ അടുത്തേക്ക് പോകാനാകില്ല.
മുറികളിൽ അടച്ചിട്ടുള്ള ജീവിതം മാരിസയ്ക്കും റെബേക്കയ്ക്കും അസഹനീയമായിത്തുടങ്ങിയിരുന്നു. ആരോടും സംസാരിക്കാനാകുന്നില്ല, വരാന്തയിലേക്ക് ഇറങ്ങാനാകുന്നില്ല, ടെറസിൽചെന്നു കാറ്റു കൊള്ളാനുമാകുന്നില്ല...! ‘കാബിൻ ഫീവർ’ രൂക്ഷമായതോടെ പലരും ആശുപത്രി അധികൃതരെ കണ്ടു–അതോടെ ടെറസിൽ ഏതാനും മിനിറ്റു നേരം നിൽക്കാനുള്ള അനുമതി ലഭിച്ചു. ടെറസിൽനിന്നു നോക്കിയാൽ ഡോക്ടർമാരുടെ കാർ പാർക്കിങ് ഏരിയയാണ്. വേലിക്കിടയിലൂടെ നോക്കുന്നതുപോലെയാണത്. പക്ഷേ മൂന്നാഴ്ചയ്ക്കു ശേഷം മകളുടെ മുഖം ആ വിടവുകൾക്കിടയിലൂടെ കണ്ടപ്പോൾ ഡാറിന്റെ കണ്ണുകൾ നിറഞ്ഞത് സ്വാഭാവികം. പിന്നെയും രണ്ടു മാസം കഴിഞ്ഞാണ് ആശുപത്രിയിലെ കോവിഡ് നിയന്ത്രണങ്ങൾക്ക് അൽപമെങ്കിലും ഇളവു വന്നത്.
ഏപ്രിൽ 27ന് റെബേക്കയുടെ തൊട്ടരികിൽ ഡാറിനെത്തി. വീണ്ടും അച്ഛനും മകളും ഒരുമിച്ചുള്ള ആനന്ദങ്ങൾ, സിനിമ കാണൽ, കളികൾ...
അതിനിടയിൽ പക്ഷേ അത്രയേറെ ആനന്ദകരമായിരുന്നില്ല റേഡിയോ തെറപ്പി. അതു സമ്മാനിച്ച നേര്‍ത്ത ‘പൊള്ളലുകൾക്കും’ പക്ഷേ അവളുടെ പോരാട്ടത്തെ തകർക്കാനായില്ല. ഒരു ഘട്ടത്തിൽ മെഡിക്കൽ ഇമേജിങ്ങും റേഡിയോ തെറപ്പിയും ഒരു ജോലിയായിപ്പോലും നോക്കിയാലോ എന്നുവരെ അവൾ ചിന്തിച്ചിരുന്നത്രേ. ഭാവിയെക്കുറിച്ച് അത്രയേറെ പ്രതീക്ഷയായിരുന്നു റെബേക്കയ്ക്ക്.
ലോക്‌ഡൗൺ തന്റെ ജീവിതത്തിലെ അവസാനത്തെ സന്തോഷവും എടുത്തുകളയുമെന്നു പേടിച്ചിരുന്ന റെബേക്കയ്ക്കു പക്ഷേ മറ്റൊരു കാര്യത്തില്‍ ഇരട്ടി സന്തോഷമാണു ലഭിച്ചത്. ഓൺലൈൻ പഠനമായിരുന്നു അത്. അഞ്ചു മാസത്തോളം സ്കൂളിൽനിന്നു വിട്ടുനിന്ന റെബേക്കയ്ക്ക് ലോക്ഡൗണായതോടെ ഓൺലൈൻ ക്ലാസിൽ കൂട്ടുകാർക്കൊപ്പം വീണ്ടും ചേരാൻ സാധിച്ചു. സ്കൂളിൽ വരാൻ പറ്റാത്ത കുട്ടികൾക്കായി ഓൺലൈൻ ക്ലാസ് വേണമെന്ന് കോവിഡിനു മുൻപേതന്നെ റെബേക്ക ആവശ്യപ്പെട്ടിരുന്നു. അന്നുപക്ഷേ അത് പ്രാക്ടിക്കൽ അല്ലെന്നു പറഞ്ഞ് അധ്യാപകർ തള്ളി. കോവിഡ് ലോക്ഡൗൺ കഴിഞ്ഞ് വീണ്ടും ക്ലാസുകൾ ആരംഭിച്ചപ്പോൾ പക്ഷേ അധ്യാപകർ റെബേക്കയ്ക്കു വേണ്ടി ഓൺലൈൻ സ്ട്രീമിങ് സംവിധാനംതന്നെ ഏർപ്പെടുത്തിക്കൊടുത്തു.
ശസ്ത്രക്രിയ ഒഴിവാക്കപ്പെട്ടതോടെ ഒൻപതിൽനിന്ന് കീമോതെറപ്പി പതിനാലിലേക്ക് ഉയർത്തിയിരുന്നു. അതെല്ലാം പൂർത്തിയാക്കി റെബേക്ക ജൂലൈയിൽ വീട്ടിലേക്കു തിരിച്ചെത്തി. അവളുടെ പതിനഞ്ചാം പിറന്നാൾ കൂട്ടുകാർക്കൊപ്പമാണ് ആഘോഷിച്ചത്. അതിനിടയിലും ഇംഗ്ലണ്ടിലേക്കു ശസ്ത്രക്രിയയ്ക്കായി റെബേക്കയെ എങ്ങനെ കൊണ്ടുപോകുമെന്ന ചിന്തയിലായിരുന്നു ഡാറിനും മാരിസയും. ഒരുനാൾ ഡാറിൻ റെബേക്കയെ ദ്വീപിന്റെ വടക്കുപടിഞ്ഞാറൻ അറ്റത്തേക്കു കൊണ്ടു പോയി. രാത്രിയിലായിരുന്നു യാത്ര. അധികമാരും ഇല്ലാത്തയിടത്ത് അവർ ആകാശത്തേക്കു ക്യാമറക്കണ്ണു തിരിച്ചുവച്ചു– വാൽനക്ഷത്രങ്ങൾ പാഞ്ഞുപോകുന്ന ആകാശത്തെ നോക്കി എന്തെങ്കിലും ആഗ്രഹിച്ചാൽ അതു നടക്കുമെന്നല്ലേ വിശ്വാസം? ആ രാത്രി നിയോവൈസ് എന്ന വാൽനക്ഷത്രത്തെ ക്യാമറയിലൂടെ കണ്ട റെബേക്കയും ഡാറിനും മനസ്സിൽ എന്തായിരിക്കും ആഗ്രഹിച്ചിട്ടുണ്ടാവുക?
2020ലെ ക്രിസ്മസ് തലേന്ന് റെബേക്കയുടെ രോഗം മൂർച്ഛിച്ചു. ഏതാനും ദിവസങ്ങൾക്കകം കോമയിലേക്ക് വഴുതിവീണ അവൾ പിന്നീട് കണ്ണു തുറന്നില്ല. തങ്ങൾ പറയുന്നത് മകൾക്കു കേൾക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ കഥകൾ വായിച്ചും വിശേഷങ്ങൾ പങ്കിട്ടും ഡാറിനും മാരിസയും അവളുടെ അരികിൽ തന്നെ ചെലവഴിച്ചു. ഒടുവിൽ ശ്വാസം പതിയെപ്പപതിയെ നിലച്ച് വേദനകളില്ലാത്ത ലോകത്തേക്ക് റെബേക്ക യാത്രയായി. മകൾക്കൊപ്പം ചെലവിട്ട നിമിഷങ്ങളെ ചിത്രപരമ്പരയാക്കിയതിനെപ്പറ്റി ഡാറിൻ പിന്നീടു പറഞ്ഞു: ‘ഞാൻ ഇതുവരെ ചെയ്തതിൽ എനിക്കേറ്റവും പ്രധാനപ്പെട്ടതും വ്യക്തിപരവും എന്നാൽ ഒരിക്കലും ചെയ്യണമെന്ന് ആഗ്രഹിക്കാതിരുന്നതുമായ ചിത്രങ്ങളാണിവ...’
അകലെ വാൽനക്ഷത്രങ്ങൾക്കുമപ്പുറത്തുള്ള സ്വര്‍ഗലോകത്തിലിരുന്ന് റെബേക്കയും കാണുന്നുണ്ടാകുമോ അച്ഛന്റെ കണ്ണീർചിത്രങ്ങൾ!
English Summary: Reuters Photojournalist Darrin Zammit Lupi documents daughter Rebecca's battle with cancer