കഷണ്ടിയും നരയും ഭാഗ്യമായപ്പോൾ; ചക്കപ്പഴത്തിലെ ‘കുഞ്ഞുണ്ണി’ പറയുന്നു
ഞാൻ ചെറുപ്പകാലത്തെ ലുക്കിൽ, വിഗ് വച്ച് താടിയെടുത്ത രൂപത്തിൽ നിൽക്കുകയാണ്. അപ്പോൾ ഫഹദ് വന്നു... ‘അമലെവിടെ... അമൽ വന്നില്ലേ’ എന്ന് അടുത്തുള്ളവരോട് അന്വേഷിക്കുകയാണ് അദ്ദേഹം. ഞാൻ തൊട്ടു പിറകിൽ നിൽക്കുന്നുണ്ട്. പക്ഷേ, ഫഹദിന് എന്നെ തിരിച്ചറിയാൻ കഴിഞ്ഞില്ല....
ഞാൻ ചെറുപ്പകാലത്തെ ലുക്കിൽ, വിഗ് വച്ച് താടിയെടുത്ത രൂപത്തിൽ നിൽക്കുകയാണ്. അപ്പോൾ ഫഹദ് വന്നു... ‘അമലെവിടെ... അമൽ വന്നില്ലേ’ എന്ന് അടുത്തുള്ളവരോട് അന്വേഷിക്കുകയാണ് അദ്ദേഹം. ഞാൻ തൊട്ടു പിറകിൽ നിൽക്കുന്നുണ്ട്. പക്ഷേ, ഫഹദിന് എന്നെ തിരിച്ചറിയാൻ കഴിഞ്ഞില്ല....
ഞാൻ ചെറുപ്പകാലത്തെ ലുക്കിൽ, വിഗ് വച്ച് താടിയെടുത്ത രൂപത്തിൽ നിൽക്കുകയാണ്. അപ്പോൾ ഫഹദ് വന്നു... ‘അമലെവിടെ... അമൽ വന്നില്ലേ’ എന്ന് അടുത്തുള്ളവരോട് അന്വേഷിക്കുകയാണ് അദ്ദേഹം. ഞാൻ തൊട്ടു പിറകിൽ നിൽക്കുന്നുണ്ട്. പക്ഷേ, ഫഹദിന് എന്നെ തിരിച്ചറിയാൻ കഴിഞ്ഞില്ല....
അമൽ രാജ്ദേവ് ഒരു പുതുമുഖ നടനല്ല. എങ്കിലും ഓരോ പുതിയ കഥാപാത്രങ്ങളായി പ്രേക്ഷകർക്കു മുൻപിലെത്തുമ്പോൾ ആരും ചോദിച്ചു പോകും, ഏതാണ് ഈ നടൻ? കാരണം, മുൻപ് അവതരിപ്പിച്ച കഥാപാത്രങ്ങളുടെ നിഴലുകളേതും ഇല്ലാതെയാണ് അമൽ ഓരോ തവണയും എത്തുക. ബഷീറിന്റെ പ്രേമലേഖനത്തിലെ കേശവൻ നായരായി പത്തു വർഷം ആയിരത്തോളം വേദികളിൽ അഭിനയിച്ചു ജീവിച്ച അമൽ തന്നെയാണ് കുപ്രസിദ്ധ പയ്യനിലെ ടൊവീനോയുടെ മുതലാളിയായ അഷറഫിക്ക ആയതും ചക്കപ്പഴത്തിലെ കുഞ്ഞുണ്ണിയായി പൊട്ടിച്ചിരിപ്പിക്കുന്നതും മാലിക്കിലെ ഹമീദായി അമ്പരപ്പിച്ചതും.
യാദൃച്ഛികമായി അഭിനയരംഗത്തേക്ക് കടന്നുവന്ന വ്യക്തിയല്ല അമൽ രാജ്ദേവ്. ഇതുകൊണ്ടൊക്കെ ജീവിക്കാൻ പറ്റുമോ എന്ന അച്ഛന്റെ ചോദ്യത്തെ നേരിട്ടു കൊണ്ട്, നാടകം അക്കാദമിക് തലത്തിൽ പഠിക്കാൻ അമൽ തൃശൂരിലേക്ക് വണ്ടി കയറിയപ്പോൾ ഇതു തന്നെയാണ് ജീവിതം എന്നു ഉറപ്പിച്ചിരുന്നു. ആ ഉറപ്പ് ഒരിക്കലും കൈമോശം വന്നില്ല. തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് പഠിച്ചിറങ്ങിയ കാലം മുതൽ അഭിനയം കൊണ്ടു തന്നെയാണ് അമൽ ജീവിച്ചത്. ലെനിൻ രാജേന്ദ്രൻ, മധുപാൽ, സൂര്യ കൃഷ്ണമൂർത്തി തുടങ്ങിയ പ്രതിഭകളുടെ നാടകങ്ങളിലെ വേഷങ്ങൾ, ടെലിവിഷനിൽ ശ്രീകുമാരൻ തമ്പിയുടെ സംവിധാനത്തിൽ തുടക്കം, സിനിമയിൽ മധുപാൽ, മഹേഷ് നാരായണൻ തുടങ്ങിയ ജീനിയസുകൾക്കൊപ്പം... നാടകം, സിനിമ, സീരിയൽ... ആവിഷ്കാരം ഏതുമായാലും അഭിനയിച്ചുകൊണ്ടേയിരിക്കുക എന്നതാണ് അമലിന്റെ രീതി. അകാലത്തിലെത്തിയ നരയും കഷണ്ടിയും വരെ സുന്ദരസുരഭില വേഷപ്പകർച്ചകൾക്കുള്ള ഉപാധികളാക്കി മാറ്റിയ അമൽ രാജ്ദേവ് വർത്തമാനങ്ങളുമായി മനോരമ ഓൺലൈനിൽ!
സിനിമ എന്റെ വഴിയല്ലെന്ന് ആദ്യം തോന്നി
നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തപ്പോൾ പല കൂട്ടുകാരും എന്നോടു പറഞ്ഞിട്ടുണ്ട്, സിനിമയിൽ ഒന്നു ശ്രമിച്ചൂടെ എന്ന്! ആ സമയത്ത് ചെറിയ അഗ്രഹങ്ങളൊക്കെ തോന്നിയിരുന്നു. പലരെയും സമീപിച്ചു. ചില പാസിങ് ഷോട്ടുകളും ചെറിയ ഡയലോഗുകളുമായിരുന്നു അന്ന് ലഭിച്ചത്. കുറച്ചു കഴിഞ്ഞപ്പോൾ ഇതല്ല എന്റെ വഴിയെന്ന് തോന്നി. തിയറ്ററിൽ ഒരു ആർടിസ്റ്റിനു ലഭിക്കുന്ന അനുഭവം സിനിമയിൽ കിട്ടണമെങ്കിൽ സമയമെടുക്കും. അങ്ങനെയൊരു ബോധം വന്നപ്പോൾ സിനിമ പതുക്കെ വിട്ടു. നമുക്കൊരു സമയം വരും... അത് വരുമ്പോൾ വരട്ടെ എന്ന ആത്മവിശ്വാസം കൈവന്നു. പിന്നെ, തിയറ്ററിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു. ആ 'സമയം' വരാൻ കുറച്ചധികം സമയമെടുത്തു എന്നതാണ് യാഥാർഥ്യം.
ഇതു കാണാൻ അച്ഛനില്ലാതെ പോയി
നെയ്യാറ്റിൻകരയാണ് എന്റെ സ്ഥലം. അച്ഛൻ ഒരു ആയുർവേദ ഡോക്ടറായിരുന്നു. എന്നെ നാടകത്തിലേക്കും അഭിനയത്തിലേക്കും കൈപിടിച്ചു നടത്തിയത് അച്ഛനായിരുന്നു. വിദ്യാധിരാജ സ്കൂളിൽ നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി നാടകം കളിക്കുന്നത്. പലിശയ്ക്ക് പണം കടം കൊടുക്കുന്ന വില്ലന്റെ റോളായിരുന്നു ഞാൻ ചെയ്തത്. നാടകം കഴിഞ്ഞപ്പോൾ അച്ഛൻ പറഞ്ഞു, ഈ വേഷത്തിൽ നിന്റെയൊരു ഫോട്ടോ എടുക്കണം എന്ന്. ആ രാത്രിയിൽ എന്നെയും എടുത്ത് സ്റ്റുഡിയോയിൽ പോയി അച്ഛൻ ഫോട്ടോ എടുപ്പിച്ചു. ആ ഫോട്ടോ ഇപ്പോഴും എന്റെ കയ്യിലുണ്ട്. പഠനകാലത്ത് നാടകം ചെയ്യാൻ ഒരുപാടു പ്രോത്സാഹിപ്പിച്ചിരുന്നെങ്കിലും നാടകം പ്രൊഫഷനാക്കി എടുക്കണമെന്നു പറഞ്ഞപ്പോൾ ആദ്യം അച്ഛൻ എതിർത്തു. പിന്നീട് സമ്മതിച്ചു. അച്ഛൻ ഒരു കാര്യമേ പറഞ്ഞുള്ളൂ, ഈ തീരുമാനം എടുത്തത് തെറ്റായിപ്പോയെന്ന് പിന്നീട് തോന്നരുത് എന്ന്. ആ വാക്കുകൾ ഞാനൊരിക്കലും മറന്നില്ല. ഇപ്പോൾ ഈയൊരു നിലയിൽ എത്തിനിൽക്കുമ്പോൾ അച്ഛൻ കൂടെയില്ലാത്തതിന്റെ വിഷമം ഉള്ളിലുണ്ട്.
ക്യാമറയ്ക്കു മുൻപിൽ നിറുത്തിയത് തമ്പി സാർ
ക്യാമറയുടെ മുന്നിലുള്ള അഭിനയത്തിൽ എനിക്ക് ഹരിശ്രീ കുറിച്ചത് ശ്രീകുമാരൻ തമ്പി സാറാണ്. കെപിഎസിയുടെ രാജാ രവിവർമ എന്ന നാടകം കണ്ടിട്ടാണ് എന്നെ തമ്പി സാർ വിളിക്കുന്നത്. ‘അമലേ, നിനക്ക് സീരിയലിൽ അഭിനയിക്കാൻ താൽപര്യമുണ്ടോ’ എന്നു ചോദിച്ചാണ് അദ്ദേഹത്തിന്റെ വിളി. സീരിയൽ ആയാലും അതും അഭിനയമാണല്ലോ! ഞാനുടനെ സമ്മതിച്ചു. ആദ്യ കൂടിക്കാഴ്ചയിൽ രണ്ടു മണിക്കൂറോളം ഞങ്ങൾ പല കാര്യങ്ങളും സംസാരിച്ചു. ജീവിതം, നാടകം, ദർശനം എന്നിങ്ങനെ പല വിഷയങ്ങൾ. അക്കാദമിക് പശ്ചാത്തലമുള്ള ആളുകൾ ടെലിവിഷൻ രംഗത്തേക്കു വരണമെന്ന് അദ്ദേഹമാണ് എന്നോട് പറഞ്ഞത്. അദ്ദേഹത്തിന്റെ ദാമ്പത്യഗീതങ്ങൾ എന്ന സീരിയലാണ് ഞാൻ ആദ്യം ചെയ്തത്. പ്രവീണയുടെ ഭർത്താവിന്റെ റോളിൽ ഒരു വില്ലൻ ആയിട്ടായിരുന്നു തുടക്കം. ഇപ്പോഴും ഓരോ പുതിയ പ്രൊജക്ടുകൾ വരുമ്പോൾ ഞാൻ തമ്പി സാറിനെ വിളിക്കും. അനുഗ്രഹം തേടും.
ജനപ്രിയനാക്കിയ ചക്കപ്പഴം
ഞാനെപ്പോഴും ആക്ടീവ് ആയി നിൽക്കുന്നത് തിയറ്ററിലാണ്. ഒരു സീരിയൽ കഴിഞ്ഞാൽ നേരെ പോകുന്നത് നാടകത്തിലേക്കായിരിക്കും. നമ്മുടെ അഭിനയരീതികളെ മൂർച്ച വയ്പ്പിക്കുന്നതിന് അതെന്നെ സഹായിച്ചിട്ടുണ്ട്. പല സീരിയലുകൾ ചെയ്യുന്നതിന് ഇടയിലാണ് സംവിധായകൻ ആർ ഉണ്ണികൃഷ്ണനെ പരിചയപ്പെടുന്നത്. പെട്ടെന്നൊരു ദിവസം എന്നെ അദ്ദേഹം വിളിച്ചു. 'ഡേയ്... താടിയുണ്ടോ?' എന്നൊരു ചോദ്യവും. ഞാൻ അന്ന് മാലിക് ചെയ്തിരിക്കുന്ന സമയമാണ്. ഹമീദിന്റെ മേക്കോവറിലായിരുന്നു ഞാൻ അപ്പോൾ. ഇനി താടി കളയണ്ട, ഒരു പ്രൊജക്ട് ഉണ്ടെന്നു പറഞ്ഞു. കുറച്ചു ദിവസം കഴിഞ്ഞ് ഓഡിഷനിൽ പങ്കെടുത്തു. അങ്ങനെയാണ് ചക്കപ്പഴത്തിൽ എത്തുന്നത്. ചക്കപ്പഴം വേറൊരു ആക്ടിങ് സ്കൂളായിരുന്നു. എന്നെ ഒരുപാടു പേർ തിരിച്ചറിയുന്നതും ഈ വേഷത്തിലൂടെയാണ്.
സെറ്റിൽ അമലിനെ തിരഞ്ഞ ഫഹദ്
കരിയറിൽ ഏറെ സഹായകരമായത് സുഹൃദ്ബന്ധങ്ങളാണ്. തിരുവനന്തപുരത്തെ പോസിറ്റീവ് ഫ്രെയിംസ് എന്ന ഞങ്ങളുടെ എഡിറ്റിങ് സ്റ്റുഡിയോയുമായി ബന്ധപ്പെട്ട് വലിയൊരു സുഹൃദ്‍വലയം തന്നെയുണ്ടായിരുന്നു. അവിടേക്കാണ് ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനം കഴിഞ്ഞ് മഹേഷ് നാരായണൻ എത്തുന്നത്. ഞാനും എന്റെ സുഹൃത്ത് ഷിജിനാഥും മഹേഷും ചേർന്നാണ് ആ സ്റ്റുഡിയോ സജീവമാക്കിയത്. അന്ന് അവിടെ വന്നുപോയിട്ടുള്ള പലരും ഇന്ന് ഇൻഡസ്ട്രിയിൽ സ്വന്തമായൊരു മേൽവിലാസം ഉണ്ടാക്കിയവരാണ്. എന്റെ തിയറ്റർ പരിചയവും മഹേഷുമായുള്ള സൗഹൃദവും വഴിയാണ് ഞാൻ മാലിക്കിൽ എത്തുന്നത്. അതിൽ പല പ്രായത്തിലുള്ള ലുക്കുകൾ ഉണ്ടല്ലോ! ഒരു സമയത്ത്, ഞാൻ ചെറുപ്പകാലത്തെ ലുക്കിൽ, വിഗ് വച്ച് താടിയെടുത്ത രൂപത്തിൽ നിൽക്കുകയാണ്. അപ്പോൾ ഫഹദ് വന്നു... ‘അമലെവിടെ... അമൽ വന്നില്ലേ’ എന്ന് അടുത്തുള്ളവരോട് അന്വേഷിക്കുകയാണ് അദ്ദേഹം. ഞാൻ തൊട്ടു പിറകിൽ നിൽക്കുന്നുണ്ട്. പക്ഷേ, ഫഹദിന് എന്നെ തിരിച്ചറിയാൻ കഴിഞ്ഞില്ല. ഒടുവിൽ ഞാൻ പറഞ്ഞു, ഞാൻ തന്നെയാണ് അമൽ എന്ന്!
തിരികെ വിളിച്ചു തന്ന കുപ്രസിദ്ധ പയ്യനിലെ കഥാപാത്രം
കുപ്രസിദ്ധ പയ്യനിലേക്കെത്തുന്നതിനു കാരണവും മധുപാൽ സാറുമായുള്ള പരിചയമാണ്. ഞാനും രാജേഷ് ശർമയും ചെയ്ത ശുദ്ധമദ്ദളം എന്ന നാടകത്തിന്റെ ഉത്ഘാടനത്തിന് അദ്ദേഹം എത്തിയിരുന്നു. പിന്നെയാണ് ഞാൻ അദ്ദേഹത്തിന്റെ സീരിയലിൽ അഭിനയിക്കുന്നത്. അദ്ദേഹം കുപ്രസിദ്ധ പയ്യൻ ചെയ്യാൻ തുടങ്ങിയപ്പോൾ എന്നെ വിളിച്ചു. അതിലെ ഒരു പൊലീസ് ഓഫിസറുടെ വേഷത്തിനായിരുന്നു വിളിച്ചത്. ആ സമയം ഞാൻ നീലക്കുയിൽ എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. എനിക്ക് താടിയുണ്ട്. സിനിമയ്ക്കു വേണ്ടി താടി എടുക്കണം. പക്ഷേ, സീരിയലിലെ തുടർച്ച നഷ്ടപ്പെടുന്നതുകൊണ്ട് അതിന് എനിക്ക് കഴിയില്ലായിരുന്നു. പീന്നീടൊരു അവസരം വരുമ്പോൾ നോക്കാമെന്നു കരുതി ഞാൻ കൊച്ചിയിൽ നിന്ന് തിരികെ പോരാൻ ഇറങ്ങി. റയിൽവേ സ്റ്റേഷൻ എത്തുമ്പോഴേക്കും മധു ചേട്ടന്റെ അസിസ്റ്റന്റിന്റെ വിളിയെത്തി. ‘അമലേ, പോകല്ലേ... വേറൊരു വേഷമുണ്ട്. അതിൽ താടി വേണം,’ എന്നു പറഞ്ഞായിരുന്നു ആ വിളി. അങ്ങനെയാണ് ടൊവീനോ തോമസ് ജോലി ചെയ്യുന്ന ചായക്കടയുടെ മുതലാളിയായ അഷറഫ് എന്ന കഥാപാത്രം എനിക്ക് ലഭിക്കുന്നത്.
കഷണ്ടിയും നരയും ഭാഗ്യമായപ്പോൾ
ഒരു പഴം. അതു പഴുത്ത് പാകമാകുന്നതിന് ഒരു സമയം എടുക്കും. എങ്കിൽ മാത്രമേ അതിനു രുചിയുണ്ടാവുകയുള്ളൂ. അതുപോലെയാണ് അഭിനേതാവും. ആക്ടിങ് മെച്യുരിറ്റി ഉണ്ടായി വരാൻ അൽപം സമയമെടുക്കും. അതിനുശേഷം ചെയ്യുന്ന കഥാപാത്രങ്ങൾ വളരെ മനോഹരമാകും. പലരും പറയാറുണ്ട്, ഇപ്പോഴാണ് എനിക്ക് ഒരു മെച്യുരിറ്റി ലുക്ക് വന്നതെന്ന്! ഈ കഷണ്ടിയും നരയും താടിയുമൊക്കെയായിരിക്കാം കാരണം. ഏതു കഥാപാത്രമായി വേഷമിട്ടാലും അതു ഇണങ്ങുക എന്നത് ഒരു നടനു വേണ്ട ഗുണമാണ്. ആ ലുക്കിൽ വരുമ്പോൾ പ്രേക്ഷകർക്ക് ഒരു വിശ്വാസ്യത തോന്നണമല്ലോ! പ്രേക്ഷകരുടെ മനസിൽ ഇത് കറക്ട് ആള് തന്നെ എന്നു തോന്നിപ്പിക്കണം. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് എനിക്ക് ആ തോന്നലുണ്ടാക്കാൻ കഴിയുന്നുണ്ട്. അതൊരു ഭാഗ്യമാണ്. നരച്ച താടി വച്ചു നടക്കുമ്പോൾ കുഞ്ഞുങ്ങൾക്ക് ആദ്യമൊരു സങ്കടമൊക്കെ ഉണ്ടായിരുന്നു. എന്തിനാ പപ്പേ, ഇങ്ങനെ നടക്കുന്നേ എന്നു ചോദിക്കും. ക്യാരക്ടർ ആളുകൾ സ്വീകരിക്കാൻ തുടങ്ങിയപ്പോൾ അവരും ഹാപ്പി.
പ്രണയം, വിവാഹം, മക്കൾ
ഞാനും ഭാര്യ ദിവ്യാലക്ഷ്മിയും ചേർന്നാണ് ബഷീറിന്റെ പ്രേമലേഖനം എന്ന നാടകം അരങ്ങിലെത്തിച്ചത്. ആയിരത്തോളം വേദികളിൽ ഞങ്ങൾ ഈ നാടകം അവതരിപ്പിച്ചിട്ടുണ്ട്. ഒരു നാടകത്തിലൂടെയാണ് ഞങ്ങൾ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും പിന്നീട് വിവാഹിതരാകുന്നതും. കല്യാണം കഴിക്കുമ്പോൾ സൂര്യ കൃഷ്ണമൂർത്തി സാറിന്റെ മേൽവിലാസം എന്ന നാടകം ഞാൻ പല രാജ്യങ്ങളിൽ, പല വേദികളിൽ അവതരിപ്പിക്കുന്ന സമയമാണ്. പലപ്പോഴും വീട്ടിലുണ്ടാവില്ല. ഇത് ഒഴിവാക്കാൻ ഞാനും ദിവ്യലക്ഷ്മിയും ഒരുമിച്ച് നാടകം ചെയ്താലോ എന്നൊരു ചിന്ത വന്നു. ദിവ്യാലക്ഷ്മി കാലടി സർവകലാശാലയിൽ നിന്നാണ് ഡിഗ്രി ചെയ്തത്. തിയറ്റർ പഠിച്ചിട്ടുണ്ട്. അങ്ങനെയാണ് ബഷീറിന്റെ പ്രേമലേഖനം അരങ്ങിലെത്തിക്കുന്നത്. മൂത്തമകൻ ജനിച്ചതിനു ശേഷമായിരുന്നു അത്. സത്യത്തിൽ കുഞ്ഞിനെയും കൂട്ടിയായിരുന്നു ആ കാലഘട്ടത്തിലെ ഞങ്ങളുടെ നാടകയാത്രകൾ. വേദിക്ക് സമീപത്ത് പായ വിരിച്ച് കുഞ്ഞിനെ കിടത്തും. രണ്ടാമത്തെ കുഞ്ഞ് ഉണ്ടായപ്പോൾ അവനെയും ഒപ്പം കൂട്ടി ഈ യാത്രകൾ തുടർന്നു. കുഞ്ഞുങ്ങളും ഈ യാത്രകളും വേദികളും ഇഷ്ടപ്പെടുന്നുണ്ട്. അവരുടെ മാതാപിതാക്കൾ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് അവരും അറിയണമല്ലോ! മൂത്ത മകൻ ആയുഷ് ദേവ് ഒൻപതിലും ഇളയ മകൻ ആഘ്നേഷ് ദേവ് ഒന്നിലുമാണ് പഠിക്കുന്നത്. ഇതൊക്കെയാണ് എന്റെ കുടുംബം... കൊച്ചു കുടുംബം... സന്തുഷ്ട കുടുംബം.
English Summary : Actor Amal Rajdev recalls his 40 years of acting in an Exclusive Interview