സ്ത്രീ ഇല്ലാതെ ഈ മണ്ണിന് എന്താണ് പ്രസക്തി; മുൻ മിസ് കേരള അൻസി കബീർ അന്നു പറഞ്ഞത്
അവസാന നിമിഷവും വാപ്പ ചോദിച്ചു, വിവാഹം ഒഴിവാക്കി മൽസരത്തിനു പോണോ എന്ന്. എന്റെ നിർബന്ധത്തിനു വഴങ്ങിയാണ് അദ്ദേഹം സമ്മതിച്ചത്. ഉറച്ച പിന്തുണയുമായി ഉമ്മ റസീന ബീവി കൂടെ നിന്നു....#MissKerala2019 #AnsiKabeer #Accident #Interview
അവസാന നിമിഷവും വാപ്പ ചോദിച്ചു, വിവാഹം ഒഴിവാക്കി മൽസരത്തിനു പോണോ എന്ന്. എന്റെ നിർബന്ധത്തിനു വഴങ്ങിയാണ് അദ്ദേഹം സമ്മതിച്ചത്. ഉറച്ച പിന്തുണയുമായി ഉമ്മ റസീന ബീവി കൂടെ നിന്നു....#MissKerala2019 #AnsiKabeer #Accident #Interview
അവസാന നിമിഷവും വാപ്പ ചോദിച്ചു, വിവാഹം ഒഴിവാക്കി മൽസരത്തിനു പോണോ എന്ന്. എന്റെ നിർബന്ധത്തിനു വഴങ്ങിയാണ് അദ്ദേഹം സമ്മതിച്ചത്. ഉറച്ച പിന്തുണയുമായി ഉമ്മ റസീന ബീവി കൂടെ നിന്നു....#MissKerala2019 #AnsiKabeer #Accident #Interview
മിസ് കേരള 2019 അൻസി കബീർ, മിസ് കേരള 2019 റണ്ണറപ്പ് ഡോ.അൻജന ഷാജൻ എന്നിവർ വാഹനാപകടത്തിൽ മരിച്ച വാർത്ത ഒരു നടുക്കത്തോടെയാണു കേരളം കേട്ടത്. എറണാകുളം ബൈപ്പാസ് റോഡിൽ ഹോളിഡേ ഇൻ ഹോട്ടലിനു മുന്നിൽ വച്ച് തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. മിസ് കേരള വേദിയിൽ തുടങ്ങിയ സൗഹൃദമാണ് ഇവരുടേത്.
എതിർപ്പുകളെ വകവയ്ക്കാതെ വിജയതീരത്തിലേക്ക് നടന്നു കയറിയ ചരിത്രമാണ് അൻസിയുടേത്. വീട്ടുകാരുടെ മാത്രം പിന്തുണയിലായിരുന്നു സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്തത്. ലോകത്തെ തന്നെ മാറ്റിമറിക്കുന്ന യുദ്ധങ്ങൾക്ക് ഒരു പെണ്ണ് കാരണമാകുന്നെങ്കിൽ അത് എന്തുകൊണ്ടൊയിരിക്കും എന്നായിരുന്നു മിസ് കേരള മത്സരത്തിൽ അൻസി നേരിട്ട അവസാന ചോദ്യം. അതിന് നൽകിയ ഉത്തരം വിധികർത്താക്കളുടെയും സദസ്സിന്റെയും കയ്യടി നേടി. ആത്മവിശ്വാസമായിരുന്നു എന്നും അൻസിയുടെ കൈമുതൽ.
2019 മിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം അൻസി കബീർ മനോരമ ഓൺലൈന് നൽകിയ അഭിമുഖം പുനപ്രസിദ്ധീകരിക്കുന്നു.
ആത്മവിശ്വാസം തുണച്ചു
‘എന്നെക്കാൾ സുന്ദരിമാരായിരുന്നു കൂടെ മത്സരിച്ച 21 പേരും, എല്ലാവരും ഓരോ പടി മുന്നിൽ നിൽക്കുന്നവർ. റാംപിൽ നിൽക്കുമ്പോൾ ആത്മവിശ്വാസത്തോടെ മറുപടികൾ നൽകിയതാണ് എന്നെ വിജയിയാക്കിയത് എന്നാണു വിശ്വസിക്കുന്നത്. നേരത്തെ മൂന്ന് സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. അപ്പോഴൊന്നും ഇല്ലാത്ത ആത്മവിശ്വാസമായിരുന്നു ഇത്തവണ മത്സരത്തിനെത്തിയപ്പോൾ. ജഡ്ജിങ് പാനലിന്റെ ചോദ്യങ്ങളോട് മികച്ച രീതിയിൽ പ്രതികരിക്കാനായി. ഗ്രൂമിങ്ങിനെത്തുമ്പോൾ ഉണ്ടായിരുന്ന അൻസി ആയിരുന്നില്ല മത്സരത്തിന് റാംപിലെത്തുമ്പോൾ. മികച്ച പരിശീലനമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ലഭിച്ചത്. അത്രയേറെ ആത്മവിശ്വാസം വർധിച്ചിരുന്നു. ടോപ് 5ൽ എങ്കിലും എത്തുമെന്ന് ഉറപ്പിച്ചിരുന്നു.
റാണിയാക്കിയത് അമ്മയാണ്..
മിസ് കേരള മത്സരത്തിൽ പങ്കെടുക്കുന്നത് ആരോടും പറഞ്ഞിരുന്നില്ല. അടുത്ത ബന്ധുക്കൾക്കും വീട്ടിലുള്ളവർക്കും ഒഴികെ മറ്റാർക്കും ഇക്കാര്യം അറിയില്ലായിരുന്നു. ഉപ്പാന്റെ സഹോദരന്റെ മകളുടെ കല്യാണമായിരുന്നു ഇതേ ദിവസം. വീട്ടിൽ അത്ര അടുത്ത ഒരാളുടെ കല്യാണമുണ്ടായിട്ട് പങ്കെടുക്കാനാവാത്തതിൽ സങ്കടമുണ്ട്. അവസാന നിമിഷവും വാപ്പ ചോദിച്ചു, വിവാഹം ഒഴിവാക്കി മത്സരത്തിനു പോണോ എന്ന്. എന്റെ നിർബന്ധത്തിനു വഴങ്ങിയാണ് അദ്ദേഹം സമ്മതിച്ചത്. ഉറച്ച പിന്തുണയുമായി ഉമ്മ റസീന ബീവി കൂടെ നിന്നു. വീട്ടിൽ ഒറ്റ മകളാണു ഞാൻ. ഉപ്പയും ഉമ്മയും താൽപര്യങ്ങൾക്കൊന്നും എതിരു നിൽക്കാറില്ല. എന്നാൽ ബന്ധുക്കൾക്കൊന്നും ഇതു വലിയ താൽപര്യമായിരുന്നില്ല.
ചോദ്യങ്ങൾ കുടുക്കിയില്ല
റാംപിൽ നിൽക്കുമ്പോൾ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ നല്ല മനസാന്നിധ്യം വേണം. കഴിഞ്ഞ മത്സരങ്ങളിൽ പരാജയപ്പെട്ടത് ഈ മനസാന്നിധ്യം നഷ്ടമായതിനാലാണ്. ഇത്തവണ അങ്ങനെ ആയിരുന്നില്ല. നല്ല ആത്മവിശ്വാസത്തോടെയാണ് ചോദ്യങ്ങളെ നേരിട്ടത്. കിരീടം സ്വന്തമാക്കിയാൽ ലഭിക്കുന്ന പ്രശസ്തി ആളുകൾക്കു പ്രചോദനം നൽകും വിധം എങ്ങനെ ഉപയോഗപ്പെടുത്തും എന്നായിരുന്നു ആദ്യ ചോദ്യം. തന്റേത് ഒരു യാഥാസ്ഥിതിക മുസ്‍ലിം കുടുംബമായതിനാൽ തന്റെ നേട്ടം മറ്റു പലർക്കും ഈ രംഗത്തേയ്ക്ക് കടന്നു വരുന്നതിന് പ്രേരണ നൽകുമെന്നായിരുന്നു മറുപടി.
മത്സരാർഥികൾ എല്ലാവരും ഒരു മിനിറ്റുകൊണ്ട് ഉത്തരം എഴുതി അത് വായിക്കേണ്ടതായിരുന്നു അവസാന ചോദ്യം. എഴുതി തീർക്കാനായില്ലെങ്കിലും മികച്ച രീതിയിൽ തന്നെ ഉത്തരം നൽകാൻ അതിനും സാധിച്ചു എന്നാണ് കരുതുന്നത്. ഭൂമിയിൽ മണ്ണിനും പെണ്ണിനും വേണ്ടിയാണ് യുദ്ധങ്ങൾ അധികം ഉണ്ടായിട്ടുള്ളത്. ലോകത്തെ തന്നെ മാറ്റിമറിക്കുന്ന യുദ്ധങ്ങൾക്ക് ഒരു പെണ്ണ് കാരണമാകുന്നെങ്കിൽ അത് എന്തുകൊണ്ടൊയിരിക്കും എന്നായിരുന്നു ആ ചോദ്യം. ഭൂമി നിലനിൽക്കുന്നത് സ്ത്രീ എന്ന സങ്കൽപത്തിലായിരിക്കെ സ്ത്രീ ഇല്ലാതെ ഈ മണ്ണിന് എന്താണ് പ്രസക്തി എന്നായിരുന്നു ഉത്തരം. ഇതിന് ഓഡിയൻസിൽ നിന്ന് മികച്ച കയ്യടിയാണ് ലഭിച്ചത്. ചോദ്യം ചോദിച്ചവർക്കും ഉത്തരം ഇഷ്ടപ്പെട്ടിട്ടുണ്ടാകണം.
ഫാഷൻ ചിന്തിച്ചിട്ടേ ഇല്ല
ഫാഷൻ ഗേളാകുമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. പഠനത്തിൽ തന്നെയായിരുന്നു ശ്രദ്ധ. സ്കൂളിലും കോളജിലും പഠിക്കുന്ന കാലത്തും ഫാഷനോ അഭിനയമോ പട്ടികയിലില്ല. എൻജിനീയറിങ് പഠിക്കുമ്പോൾ അവിടെ നടന്ന മത്സരത്തിൽ പങ്കെടുക്കാൻ സഹപാഠികൾ നിർബന്ധിച്ചു. അതിനു വഴങ്ങിയതിനു ശേഷമാണ് ഫാഷനൊക്കെ മനസ്സിലെത്തുന്നത്. പിന്നെ പഠനം കഴിഞ്ഞ് വീട്ടിൽ നിൽക്കുമ്പോഴാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നതും ഇപ്പോൾ വിജയം തേടിയെത്തുന്നതും. ഇതിനിടെ തിരുവനന്തപുരം ടെക്നോപാർക്കിൽ ഒരു കമ്പനിയിൽ ജോലിക്കു പ്രവേശിച്ചു. കുറെ പഠിച്ചു കിട്ടിയ ജോലിയല്ല, അത് നഷ്ടപ്പെടുത്തിക്കളയാൻ എന്തായും താൽപര്യമില്ല. ഒരു കിരീടം കിട്ടിയെന്നു കരുതി ജോലി വേണ്ടെന്നു വയ്ക്കില്ല. തിങ്കളാഴ്ച ഓഫിസിൽ പോയി ഇതുവരെ മുടങ്ങിക്കിടക്കുന്ന ജോലിയെല്ലാം ചെയ്തു തീർക്കും.
സിനിമയിൽ ഒരു കൈ
എന്തായാലും ജോലിയും ഫാഷൻ മേഖലയും ഒരുമിച്ചു മുന്നോട്ടു കൊണ്ടുപോകണമെന്നാണ് ആഗ്രഹം. നല്ല അവസരമുണ്ടായാൽ സിനിമയിൽ ഒരു കൈ നോക്കാനും തയാറാണ്. സിനിമയിൽ തന്നെ ജീവിതം വേണമെന്നില്ല. ചെറിയ വേഷമായാലും നല്ല വേഷമാണെങ്കിൽ സിനിമ ചെയ്യണമെന്നാണ് ആഗ്രഹം. ജോലിയും ഈ മേഖലയും തമ്മിൽ ബാലൻസ് ചെയ്യാൻ പറ്റാതെ വന്നാൽ അപ്പോൾ ഏറ്റവും സന്തോഷം തരുന്നതെന്തോ അത് തിരഞ്ഞെടുക്കും.
English Summary : Republishing Miss Kerala 2019 Ansi Kabeer's Interview