അച്ഛനിട്ട പേര് നീലലോഹിതദാസൻ; ആ സ്ക്രിപ്റ്റ് എഴുതിയത് ഞാനല്ല: ഉല്ലാസ് പന്തളം അഭിമുഖം
അച്ഛന് അറുപതു വയസ്സൊക്കെ കഴിഞ്ഞ സമയത്താണ് എനിക്കൊരു നല്ലകാലം വന്നത്. അപ്പോഴും സ്വന്തമായി വീടില്ലായിരുന്നു. ഞാൻ സ്വന്തമായി സ്ഥലം വാങ്ങി. അങ്ങനെ ഇരിക്കുമ്പോഴാണ് അച്ഛൻ മരിക്കുന്നത്. അച്ഛനെയും അമ്മയേയും ഒരുപാടു കഷ്ടപ്പെടുത്തിയ ആളാണ് ഞാൻ....
അച്ഛന് അറുപതു വയസ്സൊക്കെ കഴിഞ്ഞ സമയത്താണ് എനിക്കൊരു നല്ലകാലം വന്നത്. അപ്പോഴും സ്വന്തമായി വീടില്ലായിരുന്നു. ഞാൻ സ്വന്തമായി സ്ഥലം വാങ്ങി. അങ്ങനെ ഇരിക്കുമ്പോഴാണ് അച്ഛൻ മരിക്കുന്നത്. അച്ഛനെയും അമ്മയേയും ഒരുപാടു കഷ്ടപ്പെടുത്തിയ ആളാണ് ഞാൻ....
അച്ഛന് അറുപതു വയസ്സൊക്കെ കഴിഞ്ഞ സമയത്താണ് എനിക്കൊരു നല്ലകാലം വന്നത്. അപ്പോഴും സ്വന്തമായി വീടില്ലായിരുന്നു. ഞാൻ സ്വന്തമായി സ്ഥലം വാങ്ങി. അങ്ങനെ ഇരിക്കുമ്പോഴാണ് അച്ഛൻ മരിക്കുന്നത്. അച്ഛനെയും അമ്മയേയും ഒരുപാടു കഷ്ടപ്പെടുത്തിയ ആളാണ് ഞാൻ....
മലയാളികൾക്കിടയിൽ ചിരിയുടെ ഗാരന്റിയുള്ള ബ്രാൻഡാണ് ഉല്ലാസ് പന്തളം. കുടുംബത്തോടൊപ്പമിരുന്ന് ആസ്വദിച്ചു ചിരിക്കാൻ പറ്റുന്ന തമാശകളാണ് ഉല്ലാസിനെ പ്രേക്ഷകർക്കിടയിൽ സ്വീകാര്യനാക്കിയത്. ഈ മഹാമാരിക്കാലത്ത്, വീടുകളിൽ അടച്ചിരിക്കേണ്ട അവസ്ഥയിൽ, പ്രേക്ഷകർ സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ തിരഞ്ഞതും ഉല്ലാസ് പന്തളം കോമഡികളായിരുന്നു. വർഷങ്ങൾക്കു മുമ്പ് അച്ഛൻ വാങ്ങിക്കൊടുത്ത പഴയൊരു സൈക്കിളിൽ പത്തനംതിട്ടയിലും പരിസരങ്ങളിലുമുള്ള ക്ഷേത്രങ്ങളിൽ നടന്നിരുന്ന ഉത്സവപ്പരിപാടികൾ കണ്ടുകണ്ടാണ് ഉല്ലാസ് തമാശയുടെ 'പന്തളം' വഴികൾ കണ്ടെത്തിയത്. ആ സൈക്കിൾ ഇപ്പോഴില്ല; അതു വാങ്ങിക്കൊടുത്ത അച്ഛനും. എന്നാൽ, അന്നു ചവുട്ടിത്തീർത്ത വഴികളിൽനിന്നു കണ്ടെടുത്ത ജീവിതഗന്ധിയായ തമാശകൾ ഉല്ലാസ് പന്തളത്തിന് ഒരു മേൽവിലാസം നൽകി. പിന്നിട്ട വഴികളെക്കുറിച്ചും ജീവിതത്തിലെ വഴിത്തിരിവുകളെക്കുറിച്ചും ഉല്ലാസ് പന്തളം മനസ്സു തുറക്കുന്നു.
അച്ഛനിട്ട പേര് നീലലോഹിതദാസൻ
എന്റെ അച്ഛൻ എനിക്കിട്ട പേര് ഉല്ലാസ് എന്നായിരുന്നില്ല. നീലലോഹിതദാസൻ എന്നായിരുന്നു. ഇത് അമ്മ പറഞ്ഞുകേട്ട അറിവാണ്. ആ പേര് അമ്മയുടെ അമ്മാവനാണ് മാറ്റിയത്. എന്നിട്ടാണ് ഉല്ലാസ് എന്നു പേരിട്ടത്. ആ പേര് മാറ്റിത്തന്നതിന് അമ്മയോട് വലിയ കടപ്പാടുണ്ട്. ആ പേര് മോശമാണെന്നല്ല. പ്രഫഷനൽ സ്റ്റേജിൽ കയറുന്ന സമയം വരെയും എന്റെ പേരിന്റെ കൂടെ പന്തളം ഇല്ലായിരുന്നു. പിന്നീട് വേദിയിൽ സ്ഥലപ്പേരു ചേർത്തു പരിചയപ്പെടുത്തിയാണ് ഉല്ലാസ് പന്തളം എന്ന പേര് ഉറയ്ക്കുന്നത്.
വിനായക ടൂറിസ്റ്റ് ഹോമിലെ 72–ാം നമ്പർ മുറി
യാദൃച്ഛികമായി കലാകാരനായ വ്യക്തിയാണ് ഞാൻ. ചിരിപ്പരിപാടികൾ കാണാൻ എനിക്ക് വലിയ താൽപര്യമായിരുന്നു. ആ ഇഷ്ടമാണ് മിമിക്രി എന്ന കലാരൂപത്തിലേക്ക് എന്നെ അടുപ്പിച്ചതും മിമിക്രി കലാകാരനാക്കിയതും. പ്രശസ്ത ഗായകൻ പന്തളം ബാലനാണ് എന്നെ പ്രഫഷനൽ ട്രൂപ്പിലേക്ക് കൊണ്ടുവന്നത്. പന്തളം ബാലന്റെ ഗാനമേള അന്ന് വളരെ പ്രശസ്തമാണ്. ടെലിവിഷനും സോഷ്യൽ മീഡിയയും ഇല്ലാത്ത കാലമാണെന്നോർക്കണം. ആ കാലത്തും അദ്ദേഹത്തിന്റെ പേര് എല്ലാ മലയാളികൾക്കും അറിയാമായിരുന്നു. മാവേലിക്കര ഷാജി, ചവറ മണിക്കുട്ടൻ തുടങ്ങി അദ്ദേഹത്തിന് ചില മിമിക്രി സുഹൃത്തുക്കളുണ്ടായിരുന്നു. അവർക്കു വേണ്ടി പന്തളം ബാലൻ ഒരു സമിതിയുണ്ടാക്കി. തിരുവനന്തപുരം ഹാസ്യ! ഈ ട്രൂപ്പിന്റെ ചർച്ചകൾ നടക്കുന്ന സമയത്താണ് അദ്ദേഹം ഞങ്ങളുടെ ക്ലബിന്റെ പരിപാടി കണ്ടതും എന്നെക്കൂടി സമിതിയിൽ ചേർക്കുന്നതും. ന്യൂ തിയറ്ററിന്റെ തൊട്ടടുത്തുള്ള വിനായക ടൂറിസ്റ്റ് ഹോമിലെ 72–ാം നമ്പർ മുറിയായിരുന്നു ബാലൻ അണ്ണന്റേത്. അതിനു തൊട്ടടുത്തുള്ള മുറിയിലായിരുന്നു ഞങ്ങൾ അന്ന് താമസിച്ചിരുന്നത്. ഇപ്പോഴും അതു വഴി തിരുവനന്തപുരത്തു പോകുമ്പോൾ, അന്ന് നടന്നുവന്നതും ഒരുമിച്ചിരുന്നതുമെല്ലാം ഓർമ വരും. ഞാൻ അന്ന് ഈ രൂപത്തിലല്ല, അസ്ഥിയായിരുന്നു! അന്ന് ഫുൾ സ്ലീവ് ഷർട്ടേ ഇടുള്ളൂ. അരക്കൈ ഷർട്ട് ഇട്ടാൽ അസ്ഥികൂടം കിടക്കുന്ന പോലെ ഇരിക്കും.
സ്റ്റേജിൽ കേറിയാൽ കയ്യും കാലും വിറയ്ക്കും
തിരുവനന്തപുരം മ്യൂസിക് കോളജിലായിരുന്നു എന്റെ ആദ്യ വേദി. ഞാൻ അതിനു മുമ്പ് കാര്യമായി സ്റ്റേജിലൊന്നും കളിച്ചിട്ടില്ല. അതുകൊണ്ട് നല്ല സഭാകമ്പം ഉണ്ടായിരുന്നു. അത് ഇപ്പോഴും ഉണ്ട്. അന്നത്തെയത്ര ഇല്ല എന്നു മാത്രം. സ്റ്റേജിൽ കയറുമ്പോൾ കയ്യും കാലും വിറയ്ക്കാൻ തുടങ്ങും. പിന്നെ ഞാൻ ആലോചിക്കും... ഞാനീ പരിപാടിക്ക് വന്നതല്ലേ? ഇതു ചെയ്തേ പറ്റൂ! പേടിച്ചു നിന്നിട്ട് കാര്യമില്ല. അങ്ങനെ പറഞ്ഞ് മനസ്സിനെ പാകപ്പെടുത്തിയെടുക്കും. ഞാൻ പെയ്ന്റിങ് പണിക്ക് പോകുന്ന കാലത്താണ് മിമിക്രിയും ചെയ്തു തുടങ്ങിയത്. പെയിന്റിങ്ങിനു കിട്ടുന്ന കൂലി തന്നെയാണ് സ്റ്റേജിൽനിന്നും കിട്ടുക. പലപ്പോഴും അതിനേക്കാൾ കുറവാകും. ഞാൻ അന്ന് തുടക്കക്കാരനല്ലേ! അന്ന് ലീഡിങ് കൊമേഡിയൻ ആകണമെന്നായിരുന്നു ആഗ്രഹം. കൂടുതൽ പ്രതിഫലം കിട്ടുമല്ലോ!
അച്ഛൻ വാങ്ങിത്തന്ന സൈക്കിൾ
അച്ഛന് എന്നെക്കുറിച്ച് വലിയ പ്രതീക്ഷകളുണ്ടായിരുന്നു. ഞാൻ പത്താം ക്ലാസ് പാസായപ്പോൾ അച്ഛൻ ഏറെ സന്തോഷിച്ചു. റിസൽറ്റ് വന്ന ദിവസം രാത്രി അച്ഛൻ വീട്ടിലെത്തിയത് ഒരു സൈക്കിളും ഉന്തിക്കൊണ്ടാണ്. ആറു കിലോമീറ്റർ അപ്പുറത്തുള്ള ഒരാളിൽനിന്ന് എനിക്കു വേണ്ടി വാങ്ങിക്കൊണ്ടു വരികയായിരുന്നു. രസമെന്തെന്നു വച്ചാൽ അച്ഛന് സൈക്കിൾ ചവിട്ടാൻ അറിയില്ല. അതുകൊണ്ട് ആ ദൂരമത്രയും സൈക്കിൾ ഉരുട്ടിയാണ് അച്ഛൻ വന്നത്. ആ സൈക്കിൾ ചവുട്ടിയാണ് ഞാൻ പിന്നീട് പത്തനംതിട്ട ജില്ലയിലെ മിക്ക ക്ഷേത്രപരിപാടികളും കാണാൻ പോയത്. ഞാൻ പഠിച്ച് നല്ലൊരു ജോലി നേടണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. പ്രീഡിഗ്രി പരീക്ഷ നടക്കുന്ന സമയത്ത് എനിക്ക് ടൈഫോയ്ഡ് പിടിച്ചു കിടപ്പിലായി. പരീക്ഷ എഴുതാൻ കഴിഞ്ഞില്ല. പിന്നീട് ട്യൂട്ടോറിയലിൽ പോയെങ്കിലും പഠിപ്പൊന്നും നടന്നില്ല.
അച്ഛൻ ആദ്യമൊക്കെ എന്നെ ഉപദേശിക്കാറുണ്ടായിരുന്നെങ്കിലും ഫലമൊന്നുമില്ലെന്ന് മനസ്സിലായപ്പോൾ നിറുത്തി. അച്ഛന് അറുപതു വയസ്സൊക്കെ കഴിഞ്ഞ സമയത്താണ് എനിക്കൊരു നല്ലകാലം വന്നത്. അപ്പോഴും സ്വന്തമായി വീടില്ലായിരുന്നു. ഞാൻ സ്വന്തമായി സ്ഥലം വാങ്ങി. അങ്ങനെ ഇരിക്കുമ്പോഴാണ് അച്ഛൻ മരിക്കുന്നത്. അച്ഛനെയും അമ്മയേയും ഒരുപാടു കഷ്ടപ്പെടുത്തിയ ആളാണ് ഞാൻ. ഏറ്റവും ഒടുവിലാണ് എനിക്കൊരു വരുമാനമൊക്കെ ഉണ്ടാകുന്നത്. അതുവരെ അവരാണ് എന്നെ പിന്തുണച്ചത്. ഇപ്പോൾ അമ്മയും പെങ്ങളും എനിക്കൊപ്പമുണ്ട്.
എന്റെ ശരികളാണ് എന്നെ നയിക്കുന്നത്
സ്റ്റേജിലെ പരിപാടി വേറൊരു അനുഭവമാണ്. രണ്ടു മണിക്കൂറിൽ ഒരുപാടു വേഷങ്ങൾ മാറും. ഒരു ഓട്ടപ്പാച്ചിലാണ്. മീനമാസമൊക്കെ ആകുമ്പോൾ പിന്നെ പറയണ്ട. ആകെ വെട്ടി വിയർക്കും. സ്റ്റേജിലെ ലൈറ്റിന്റെ ചൂട്! അങ്ങനെ ആകെയൊരു അസ്വസ്ഥതയിൽ നിന്നുകൊണ്ടാണ് നമ്മൾ മിമിക്രിയും സ്കിറ്റുമൊക്കെ അവതരിപ്പിക്കുന്നത്. പരിപാടി കഴിഞ്ഞ്, ശരീരം തണുക്കുമ്പോഴുള്ള ഒരു ആശ്വാസം! അതു പറഞ്ഞറിയിക്കാൻ പറ്റില്ല. അത് വേറൊരു സുഖമാണ്. പക്ഷേ, ഇപ്പോൾ രണ്ടു വർഷമായി ഒന്നുമില്ലല്ലോ!
പല കാരണങ്ങൾ കൊണ്ടും അവസരങ്ങൾ നഷ്ടപ്പെടാം. ‘ഇവനെ വേണ്ട’ എന്ന് ചിലർക്ക് തോന്നിയാൽ പിന്നെ അവർ വിളിക്കില്ല. ചിലപ്പോൾ എന്റെ നിലപാടുകൾ അവർക്ക് ഇഷ്ടപ്പെടില്ല. എന്റെ ശരികൾ നോക്കിയാണ് ഞാൻ മുമ്പോട്ടു പോകുന്നത്. കോവിഡ് വന്നപ്പോൾ ഒരുപാടു കലാകാരന്മാർക്ക് വേദികൾ ഇല്ലാതെയായി. അങ്ങനെയൊരു സാഹചര്യത്തിൽ സാധാരണ പണികൾക്കു പോകേണ്ടി വരും. ജീവിക്കണമെങ്കിൽ പണിയെടുക്കണമല്ലോ! അത്തരമൊരു സാഹചര്യത്തിലാണ് ഞാൻ ‘ഉല്ലാസ് പന്തളം എന്റർടെയ്ൻസ്’ എന്ന യുട്യൂബ് ചാനൽ തുടങ്ങിയത്. സിജു സി. എബ്രഹാം എന്ന സുഹൃത്താണ് വെബ് സീരീസിനു പണം മുടക്കിയത്. പ്രേക്ഷകരുടെ പിന്തുണയുണ്ടെങ്കിലേ അതും വിജയിക്കൂ.
വിമർശനത്തിന്റെ മുൾമുനയിൽ നിന്ന കാലം
ഞങ്ങളുടെ ഏറ്റവും സൂപ്പർഹിറ്റ് പരിപാടിയായിരുന്നു മഴവിൽ മനോരമയിലെ തകർപ്പൻ കോമഡി. അവിടെ ചെയ്തതൊന്നും പാഴായിരുന്നില്ല. മനോരമയുടെ ആ ഫ്ലോർ തന്നെ മികച്ചതായിരുന്നു. സ്ക്രിപ്റ്റും സ്പോട്ടിലെ കൂട്ടിച്ചേർക്കലുകളും എല്ലാം സൂപ്പറായിരുന്നു. എല്ലാവരും ഒന്നിനൊന്നു മികച്ചവർ! പരസ്പരം മത്സരിച്ച് ചെയ്യുന്ന ഫീലായിരുന്നു. എല്ലാവരുടെയും കൂടെ പിടിച്ചു നിൽക്കണ്ടേ! അങ്ങനെ മത്സരിച്ചു ചെയ്യുമ്പോൾ അവിടെ ഒരു സ്കിറ്റ് വിജയിക്കുകയാണ്. ഒരു ചാനലിൽ ഒരു സ്കിറ്റ് ചെയ്തപ്പോൾ അതിൽ ജോലിസംബന്ധമായ കളിയാക്കലുണ്ടായി എന്നൊരു ആരോപണം വന്നു. അതിന്റെ പേരിൽ ഒരാഴ്ചയോളം എന്നെ മുൾമുനയിൽ നിറുത്തിയിരുന്നു. പിന്നെ, അതു പറഞ്ഞു തീർത്തു. സത്യത്തിൽ ആ സ്ക്രിപ്റ്റ് ചെയ്തത് ഞാനല്ല. ചാനലിൽ സ്ക്രിപ്റ്റ് എഴുതാൻ വേറെ ആളുണ്ട്. അവർ എഴുതിത്തരുന്നതാണ് നമ്മൾ ചെയ്യുന്നത്. പ്രശ്നമായപ്പോൾ ഞാൻ അതു പറയാൻ പോയില്ല. ഒരാൾ ചീത്തവിളി കേട്ടാൽ മതിയല്ലോ! വിമർശിക്കപ്പെട്ടെങ്കിലും മാന്യമായിട്ടാണ് എല്ലാവരും സംസാരിച്ചത്.
ഞാൻ അങ്ങനെ ശീലിച്ചിട്ടില്ല
സിനിമ സംവിധാനം ചെയ്യുന്നതിനേക്കാൾ നല്ല വേഷങ്ങൾ ചെയ്യാനാണ് ആഗ്രഹം. എന്തുകൊണ്ടോ അതു നടക്കുന്നില്ല. ഞാൻ അങ്ങനെ ആരോടും പോയി അവസരങ്ങൾ ചോദിക്കാറില്ല. അത് എന്റെ കുഴപ്പമായിരിക്കും. എന്നെ ആവശ്യമുള്ളവർ എന്നെ വിളിക്കും. അല്ലാതെ അവസരം ചോദിച്ചു ചെന്നിട്ട്, അതു ചെയ്തത് ശരിയായില്ലെങ്കിൽ ബുദ്ധിമുട്ടാകും. ഞാനെന്തോ അങ്ങനെ ശീലിച്ചിട്ടില്ല. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസിൽ നല്ലൊരു വേഷം കിട്ടിയിരുന്നു. ജയരാജ് സാറിന്റെ ഹാസ്യം എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ബാക്ക്പാക്കേഴ്സ് എന്ന സിനിമയിലും എനിക്കൊരു വേഷമുണ്ട്. പെരുങ്കാളിയാട്ടം, കർണൻ നെപ്പോളിയൻ ഭഗത് സിങ്, രണ്ട് എന്നിവയാണ് ഇനി റിലീസാകാനുള്ള ചിത്രങ്ങൾ.
ജീവിതം തന്നത് തമാശ
ഏതൊരു കലാകാരന്റെയും പ്രതീക്ഷ, നമ്മൾ തുടങ്ങിയടത്തുനിന്ന് ഒരുപാട് ഉയരങ്ങളിലേക്കെത്തണം എന്നതാണ്. വലിയ ഉയരങ്ങളിൽ എത്തിയില്ലെങ്കിലും വലിയ അപകടങ്ങളും പരുക്കുകളും ഏൽക്കാതെ ഇങ്ങനെയൊക്കെ പോകണം. ജീവിതത്തിന്റെ അവസാന നിമിഷം വരെയും ചിരിപ്പിക്കാൻ സാധിച്ചാൽ വലിയ ഭാഗ്യം എന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. തമാശ എന്ന കലാരൂപത്തിൽ നിന്നാണ് എനിക്ക് ഒരു ജീവിതമുണ്ടായത്. എന്നും തമാശ പറഞ്ഞ്, എന്നെ സ്നേഹിക്കുന്നവരെ സന്തോഷിപ്പിച്ച് മരിക്കണമെന്നാണ് എന്റെ ആഗ്രഹം.
English Summary : Mimicry Artist Ullas Pandalam about his life and caree; Video