ഭർത്താവിന് പരസ്ത്രീബന്ധം, വെളുക്കാനുള്ള സർജറി തേടി യുവതി; പറയണം ബോഡി ഷെയ്മിങ്ങിനോട് ‘നോ’
എനിക്കു സൗന്ദര്യവും വെളുപ്പും ഇല്ലാത്തതു കൊണ്ടാ ചേട്ടൻ വേറെ പോയത്. ഞാൻ ആ സ്ത്രീയെ വിളിച്ചപ്പോൾ അവർ എന്നോടു ചോദിക്കുകയാ – സൗന്ദര്യം ഉള്ളതു കൊണ്ട് എന്റെ പിന്നാലെ വന്നാൽ പിന്നെ എന്തു ചെയ്യും എന്ന്.’’ രാജ്യാന്തര ജേണലിൽ വരെ ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ള ദീക്ഷയ്ക്ക് ‘വെളുപ്പിന്റെ അസുഖം’ പിടികൂടിയത്....
എനിക്കു സൗന്ദര്യവും വെളുപ്പും ഇല്ലാത്തതു കൊണ്ടാ ചേട്ടൻ വേറെ പോയത്. ഞാൻ ആ സ്ത്രീയെ വിളിച്ചപ്പോൾ അവർ എന്നോടു ചോദിക്കുകയാ – സൗന്ദര്യം ഉള്ളതു കൊണ്ട് എന്റെ പിന്നാലെ വന്നാൽ പിന്നെ എന്തു ചെയ്യും എന്ന്.’’ രാജ്യാന്തര ജേണലിൽ വരെ ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ള ദീക്ഷയ്ക്ക് ‘വെളുപ്പിന്റെ അസുഖം’ പിടികൂടിയത്....
എനിക്കു സൗന്ദര്യവും വെളുപ്പും ഇല്ലാത്തതു കൊണ്ടാ ചേട്ടൻ വേറെ പോയത്. ഞാൻ ആ സ്ത്രീയെ വിളിച്ചപ്പോൾ അവർ എന്നോടു ചോദിക്കുകയാ – സൗന്ദര്യം ഉള്ളതു കൊണ്ട് എന്റെ പിന്നാലെ വന്നാൽ പിന്നെ എന്തു ചെയ്യും എന്ന്.’’ രാജ്യാന്തര ജേണലിൽ വരെ ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ള ദീക്ഷയ്ക്ക് ‘വെളുപ്പിന്റെ അസുഖം’ പിടികൂടിയത്....
എടാ തടിയാ, ഇതെന്താടാ പെണ്ണുങ്ങളെപ്പോലെ എന്നു കളിയാക്കിക്കൊണ്ടേയിരുന്ന ഒരു പതിനേഴുകാരൻ. സങ്കടവും ദേഷ്യവും മൂത്ത് അവന്റെ നെഞ്ചിലേക്ക്കത്തിപ്പിടി താഴ്ത്തിയ മറ്റൊരു പതിനേഴുകാരൻ–രണ്ടും പാടില്ലായിരുന്നു. ഒട്ടും പാടില്ലായിരുന്നു. പക്ഷേ, എത്രവട്ടം ഇനിയതു പറഞ്ഞാലും പോയ ജീവനോ ജുവനൈൽ ഹോമിലെ തടവിലേക്കു മാറിയ ജീവിതമോ തിരിച്ചുകിട്ടില്ല. അമിതവണ്ണത്തിന്റെ പേരിൽ തുടർച്ചയായി ഉപദ്രവിക്കുകയും ശരീരത്തു പിടിച്ച് അപമാനിക്കുകയും ചെയ്ത കൂട്ടുകാരനെ പ്ലസ് ടു വിദ്യാർഥി കുത്തിക്കൊന്നു എന്ന വാർത്ത തമിഴ്നാട്ടിൽ നിന്നാണ് എത്തിയത്. വിശദവിവരങ്ങൾ ചേർത്ത് അതു പ്രസിദ്ധീകരിക്കാൻ അയയ്ക്കുന്നതിനിടെ മനഃപൂർവം ഒരു വാക്കു വെട്ടിക്കളഞ്ഞു, കൂട്ടുകാരൻ എന്ന വാക്ക്. ഒപ്പമുള്ളവരെ കളിയാക്കി രസിക്കുന്നവർ കൂട്ടുകാർ ആകില്ലല്ലോ. നിറത്തിന്റെ, ശരീരത്തിന്റെ, മുടിയുടെ, മുഖക്കുരുവിന്റെ, അവയവ അളവുകളുടെ, ചിരിയുടെ, ശബ്ദത്തിന്റെ, വേഷത്തിന്റെ, നടപ്പിന്റെ, ഇഷ്ടങ്ങളുടെ– അങ്ങനെ എന്തിന്റെയെല്ലാം പേരിലുള്ള അപമാനങ്ങളാണു ചുറ്റും പുകയുന്നത്. എത്ര കെടുത്തിയാലും പിന്നെയും നുരയുന്ന നീറ്റുകക്കപോലെ ആ വിഷം പടരുന്നു. എന്തിനും പരിഹസിക്കുന്നതും പൊതുഇടത്തും സോഷ്യൽ മീഡിയയിലും തെറികളിലൂടെ കളിയാക്കുന്നതും കൊള്ളേണ്ടവർക്കു മാത്രം മനസ്സിലാകുന്ന തരത്തിൽ കുത്തുവാക്കുകൾ തിരുകിക്കയറ്റുന്നതും ഹരമായ അനേകരുണ്ട്. അതിൽ തട്ടിത്തൂവിപ്പോകാതെ തലനിവർന്നു നിൽക്കാൻ പഠിക്കണം. ഒപ്പം, ഇത്തരം വിഷങ്ങളോട് തീർത്തു പറയണം– മതി, ഇനി ഇതു വേണ്ട. ഇതു രണ്ടും ഉറപ്പാക്കിയില്ലെങ്കിൽ ഇനിയും ബോഡി ഷെയ്മിങ് തുടരും, അതിൽ തടഞ്ഞ് ഒട്ടേറെ മനസ്സുകളിൽ ചോര പൊടിയും, അപകർഷതാ ബോധത്തിൽ ജീവിതങ്ങൾ ഉൾവലിയും.
അഗ്ലിയാണെന്നു കരഞ്ഞ അരിയാന, കൊല്ലൂ എന്നു പറഞ്ഞ ക്വാഡൻ
അമ്മ തലമുടി പിന്നിക്കൊടുക്കുമ്പോൾ കുഞ്ഞു മുഖം വിങ്ങിക്കൊണ്ട് ‘ഐ ആം അഗ്ലി’ – ഞാൻ കാണാൻ കൊള്ളാത്തവളാണ് – എന്നു കരഞ്ഞ നാലുവയസ്സുകാരി അരിയാനയുടെ വിഡിയോ നാം കണ്ടു. അമേരിക്കയിലെ കറുത്ത വംശജയായ അവളുടെ ഇളം മനസ്സിൽ ഭംഗിയില്ലാത്തവൾ എന്ന ബോർഡ് തൂക്കിയത് നഴ്സറി ക്ലാസിലെ ആരോ ആണെന്നുറപ്പ്. അതാണു സത്യമെന്ന് ആ പാവം വിശ്വസിച്ചു. അരിയാനയുടെ കണ്ണീർ തുടയ്ക്കാൻ യുഎസ് മുൻ പ്രഥമ വനിത മിഷേൽ ഒബാമ ഉൾപ്പെടെയുള്ളവർ എത്തി. നിറത്തിന്റെ പേരിലുള്ള അവഹേളനങ്ങൾക്കെതിരെ വലിയ ചർച്ചകളും പ്രതികരണങ്ങളും നടന്നു. ശരീരം വളരാത്ത ഡ്വാർഫിസം എന്ന അസുഖം ബാധിച്ച ക്വാഡൻ ബായേൽസ് എന്ന ബാലൻ കളിയാക്കൽ സഹിക്കാതെ എന്നെ ഒന്നു കൊന്നു തരൂ എന്നു കരയുന്ന വിഡിയോയാണു പിന്നീട് ലോകം കണ്ടത്. അപ്പോഴുമുണ്ടായി സംവാദങ്ങളും ചർച്ചകളും.
ഇത്തരം ഇടപെടലുകൾ വരുത്തുന്ന ചെറിയ ചെറിയ മാറ്റങ്ങളിലാണു ലോകത്തിന്റെ പ്രതീക്ഷ. ഞാൻ കറുത്തിട്ടാണ്, അതിനു തനിക്കെന്താടോ എന്നു കലഹിക്കുന്ന ഒരുപിടി ആളുകൾക്കാണ് അതിന്റെ സല്യൂട്ട്. ഓരോ സംഭവങ്ങളിലും കേരളത്തിലും പ്രതികരണങ്ങൾ നിറയുന്നുണ്ട്. വിദേശത്തെ കാര്യങ്ങളല്ലേ എന്ന മട്ടിൽ അഭിപ്രായം തട്ടിവിട്ടവരെല്ലാം പക്ഷേ നമ്മുടെ സ്വന്തം നാട്ടിലെ സംഭവങ്ങൾക്കു നേരെ പതിവുപോലെ കണ്ണടച്ചു.
കൊച്ചിനു കളറില്ലല്ലോ, മഞ്ഞളു തേയ്ക്ക്, വെളുത്ത പിള്ളേർക്കേ ഈ ഉടുപ്പു ചേരൂ, തേച്ചുരച്ച് കുളിച്ചു നോക്ക് ചിലപ്പോ കുറച്ചു നിറം വയ്ക്കും, എന്നു തുടങ്ങി ‘കാക്ക കുളിച്ചാൽ കൊക്ക് ആകുമോ’ എന്ന പഴഞ്ചൊല്ലിൽ വരെ നീണ്ടു നിവർന്നു കിടപ്പാണ് നമ്മുടെ വെള്ളപ്രേമം. വെളുത്ത നിറത്തിലാരോ കൈവിഷം തന്നിട്ടുണ്ട് ഇന്ത്യക്കാർക്ക്, പ്രത്യേകിച്ച് മലയാളികൾക്ക് എന്നു തോന്നിപ്പോകും. കുട്ടികളിൽ ചെറുപ്പം മുതൽ വെളുപ്പാണു സൗന്ദര്യമെന്ന ചിന്ത അവരറിയാതെ കടത്തിവിടുന്ന നഴ്സറിപ്പാട്ടുകളും ചിത്രങ്ങളും ധാരാളം.
Chubby Cheeks
Rosy Lips
Dimple Chin
Teeth within
Curly hair
Very fair
Eyes are blue
Lovely too
എന്നാണല്ലോ സായ്പിന്റെ നഴ്സറിപ്പാട്ട്. തുടുത്ത കവിളും ചെഞ്ചുണ്ടും നുണക്കുഴി കവിളും കിന്നരിപ്പല്ലും ചുരുൾ മുടിയും പാൽ നിറവും നീലക്കണ്ണും ഉള്ളവരാണ് എല്ലാവരുടെയും ഓമനകൾ എന്ന വരികൾ നമ്മളും ഏറ്റുപാടുന്നു. നമ്മുടെ ചുറ്റുപാടിന് അനുസരിച്ച് നീലക്കണ്ണും ചുരുൾ മുടിയും ഒക്കെ മാറുമെങ്കിലും വെളുവെളുത്ത നിറത്തിന്റെ കാര്യത്തിൽ മാറ്റം ഇല്ലേയില്ല. കുഞ്ഞുന്നാൾ മുതൽ ഇതാണു സൗന്ദര്യമെന്ന് കുട്ടികളുടെ ഉള്ളിൽ പതിഞ്ഞുചേരുന്നു. രാജകുമാരനും രാജകുമാരിയും വെള്ളക്കുതിരപ്പുറത്തു പായുന്ന വെൺനിലാവു പോലത്തെ വടിവൊത്ത സുന്ദരനും സുന്ദരിയുമാണു നമുക്ക്. രാക്ഷസനും രാക്ഷസിയുമോ കറുകറുത്ത് തടിച്ചുരുണ്ട് വല്ലാത്തൊരു കോലത്തിലും. ഇതിനൊന്നും തിന്നാൻ കൊടുക്കുന്നില്ലേ, എല്ലൊക്കെ കാണാമല്ലോ എന്നാണു ചില കുട്ടികളുടെ ‘ദോഷം’ എങ്കിൽ കണ്ടതെല്ലാം വലിച്ചുവാരിത്തിന്ന് കൊച്ച് ഒരുമാതിരി വീപ്പക്കുറ്റി പോലെ ആയല്ലോ എന്നാണു വേറെ ചിലരുടെ ‘കുഴപ്പം’. ഓരോ കമന്റുകളും ഒപ്പുകടലാസുപോലെ വലിച്ചെടുക്കുന്ന കുട്ടികളിൽ ആത്മവിശ്വാസം കുറയും. എല്ലാവരും പറയുന്ന അളവുകളിലേക്കും നിറത്തിലേക്കും മാറാൻ അവർ ആഗ്രഹിക്കും. താൻ ആരാണെന്നു പോലും മറന്ന് മറ്റൊരാളാകാൻ ശ്രമിക്കും.
‘വെളുക്കാനുള്ള സർജറിയുണ്ടോ മേഡം? ഇല്ലെങ്കിൽ ഡിവോഴ്സ് ചെയ്യുന്നതാ നല്ലത്’
മനഃശാസ്ത്ര വിദഗ്ധരുടെ നേതൃത്വത്തിൽ ബെംഗളൂരുവിൽ നടത്തിയ സിംപോസിയത്തിലെ ഒരു വിഷയമായിരുന്നു ‘ബോഡി ഷെയ്മിങ്ങും ദാമ്പത്യ ജീവിതവും.’ ചർച്ചയ്ക്കിടയിൽ തൃശൂരിലെ മാനസികാരോഗ്യവിദഗ്ധയാണു ദീക്ഷ എന്ന ഡോക്ടറുടെ കേസ് അവതരിപ്പിച്ചത്. പഠിക്കാൻ മിടുക്കി. കലകളിലും സ്പോർട്സിലും മിടുക്കി. കൂട്ടുകാർക്കിടയിലെ താരം. എപ്പോഴും പോസിറ്റിവിറ്റിയുടെ പ്രകാശം. ഇതൊക്കെയായിരുന്ന ദീക്ഷയെ ബെംഗളൂരു നിംഹാൻസ് ആശുപത്രിയിലേക്കു റഫർ ചെയ്യേണ്ടി വന്നു തൃശൂരിലെ മാനസികാരോഗ്യ വിദഗ്ധയ്ക്ക്. ഭർത്താവിന്റെ പരസ്ത്രീ ബന്ധത്തിന്റെ പേരിൽ വിഷം കഴിച്ച യുവതിയെ കൂട്ടുകാർ ആശുപത്രിയിൽ എത്തിച്ചു രക്ഷിച്ച ശേഷം മാനസികാരോഗ്യ ക്ലിനിക്കിൽ എത്തിക്കുകയായിരുന്നു. കണ്ണുതുറന്നപ്പോൾ മുതൽ ഒരേ ചോദ്യം – ‘‘വെളുക്കാൻ സർജറിയുണ്ടോ മേഡം? എന്ന്. കൗൺസലിങ്ങിലും ദീക്ഷ പറഞ്ഞത് ഇതു തന്നെ, ‘‘എനിക്കു സൗന്ദര്യവും വെളുപ്പും ഇല്ലാത്തതു കൊണ്ടാ ചേട്ടൻ വേറെ പോയത്. ഞാൻ ആ സ്ത്രീയെ വിളിച്ചപ്പോൾ അവർ എന്നോടു ചോദിക്കുകയാ – സൗന്ദര്യം ഉള്ളതു കൊണ്ട് എന്റെ പിന്നാലെ വന്നാൽ പിന്നെ എന്തു ചെയ്യും എന്ന്.’’ രാജ്യാന്തര ജേണലിൽ വരെ ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ള ദീക്ഷയ്ക്ക് ‘വെളുപ്പിന്റെ അസുഖം’ പിടികൂടിയത് എങ്ങനെയെന്നു മനസ്സിലാകാതെ കൂട്ടുകാർ അന്തംവിട്ടു. ഇത്രയ്ക്കൊക്കെ ആളുകൾ മാറിപ്പോകുമോ എന്ന് അമ്പരന്നു.
പങ്കാളികളുടെയും കുടുംബത്തിന്റെയും പല തലങ്ങളിലുള്ള ബോഡി ഷെയ്മിങ്ങിലൂടെ കടന്നുപോയ ദീക്ഷ, തനിക്കു സൗന്ദര്യവും നിറവും ഇല്ലാതെപോയതാണ് എല്ലാറ്റിനും കാരണമെന്നു പൂർണമായും വിശ്വസിച്ച അവസ്ഥയിലായിരുന്നു. തന്നെയും കുടുംബത്തെയുംകാൾ ഭാര്യയ്ക്ക് മിടുക്കുണ്ടോ എന്ന സംശയത്തിലും മത്സരബുദ്ധിയിലും നിന്ന് ഭർത്താവിന്റെ മനസ്സ് മെനഞ്ഞെടുത്ത പല ആയുധങ്ങളിൽ ഒന്നായിരുന്നു ബോഡി ഷെയ്മിങ്.
∙ അമ്മയുടെയും വല്യമ്മയുടെയും സഹോദരങ്ങളുടെയും സ്വർണനിറത്തെയും സൗന്ദര്യത്തെയും കുറിച്ച് തുടർച്ചയായി പറഞ്ഞ് മറ്റെന്തിനെക്കാളും പെണ്ണിനു സൗന്ദര്യവും അളവൊത്ത ശരീരവുമാണു വേണ്ടതെന്ന ചിന്ത പങ്കാളിയുടെ ഉപബോധമനസ്സിലേക്ക് കടത്തിവിടുന്ന സട്ടിൽ മാനിപ്പുലേഷൻ. എന്റെ പെൺമക്കളാരും പൗഡർ പോലും ഇടില്ല, അവൾക്കു ഭയങ്കര മേക്ക് അപ്പാ ഇല്ലെങ്കിൽ കാണാമായിരുന്നു കോലം – എന്നു ഭർതൃവീട്ടുകാരും ഇതിൽ പങ്കു ചേർന്നു.
∙ ജോലിയിലെ മിടുക്കും പലയിടത്തു നിന്നും കിട്ടുന്ന പ്രശംസയും ഒന്നും ഒരു കാര്യവുമില്ലെന്നും കാണാൻ കൊള്ളാവുന്ന സ്ത്രീകളെ വച്ചു നോക്കുമ്പോൾ നീ ഒരു വലിയ സംഭവം ഒന്നുമല്ലെന്നും സ്ഥാപിച്ചെടുക്കുന്ന ഇമോഷനൽ അബ്യൂസ്.
∙ വെളുത്ത നിറമുള്ള സ്ത്രീകളെക്കാണുമ്പോഴേ ശാരീരികമായ ഉണർവ് ഉണ്ടാകുന്നുള്ളൂ എന്ന് പങ്കാളിയെ ധരിപ്പിക്കുന്ന രീതിയിൽ ലൈംഗിക ബന്ധത്തിൽ നിന്നു വിട്ടുനിൽക്കുന്ന റിജക്‌ഷൻ ടെക്നിക്.
∙ പരിസരങ്ങളിലെ സുന്ദരികളെല്ലാം താൻ വിചാരിച്ചാൽ വലയിലാകുമെന്ന അഹങ്കാരം പ്രകടിപ്പിക്കുന്ന നാർസിസിറ്റിക് അപ്രോച്.
∙ എല്ലാറ്റിനും കാരണം നീയാണ്, നീ മാത്രമാണ് എന്ന് അടിച്ചുറപ്പിക്കുകയും താൻ ഔദാര്യം തന്ന ജീവിതമാണെന്നും വേറെ വല്ല ആണുങ്ങളുമായിരുന്നെങ്കിൽ ഇട്ടിട്ടുപോയെനെ എന്നും വിശ്വസിപ്പിക്കുന്ന ഗ്യാസ് ലൈറ്റിങ് ബിഹേവിയർ
ഇങ്ങനെ പലതരം ശാസ്ത്രീയ നാമങ്ങളിൽ അറിയപ്പെടുന്ന പീഡനമുറകളാണ് വാക്കിലും പ്രവൃത്തിയിലും കൂടി അയാൾ നടത്തിയിരുന്നത്. ബോഡി ഷെയ്മിങ്ങിനെ ഇതിനുള്ള മുഖ്യ ടൂൾ ആക്കിയെടുത്ത ഭർത്താവ്, മറ്റുള്ളവരുടെ മുന്നിൽ ‘ഞാനതിന് ഒന്നും പറഞ്ഞില്ലല്ലോ’ എന്ന ഭാവത്തിൽ നിഷ്കളങ്കനായി തുടർന്നു. സുന്ദരിയല്ല, സുന്ദരിയല്ല എന്നു നീ എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത് എന്തിനാണ് എന്ന് ഒന്നും അറിയാത്ത മട്ടിൽ അവളോടു ചോദിച്ചു. എന്തായാലും താൻ നല്ലതായിരുന്നെങ്കിൽ ഭർത്താവ് മറ്റു സ്ത്രീകളെ തേടി പോകില്ലായിരുന്നു എന്നു സ്വയം വിശ്വസിക്കുന്ന തരത്തിലേക്ക് താഴ്ന്നു ആ പെൺകുട്ടി. ഭർത്താവിനെയും ഭർതൃവീട്ടുകാരെയും സന്തോഷിപ്പിക്കാനും അയാൾ കൈവിട്ടുപോകാതിരിക്കാനുമായി ജോലി പോലും കളഞ്ഞ് അടിമപ്പണി ആരംഭിക്കുകയും ചെയ്തു. പിന്നീടും അയാൾ കാമുകിയെത്തേടിപ്പോയപ്പോൾ വിഷാദരോഗിയുമായി.
ബോഡി ഷെയ്മിങ് എന്നതു ചെറിയൊരു കാര്യമല്ലേ, അവഗണിച്ചാൽ തീരാവുന്നതല്ലേ ഉള്ളൂ എന്ന ചോദ്യത്തിനു മറുപടിയായാണ് മാനസികാരോഗ്യവിദഗ്ധ ദീക്ഷയെയും അതുപോലെയുള്ള മറ്റു പലരെയും കുറിച്ച് പറഞ്ഞത്.
വണ്ണം, നിറം, തലമുടി, അവയവങ്ങളുടെ വലുപ്പം, ശബ്ദത്തിന്റെ പ്രത്യേകത, പ്രായം, വേഷം തുടങ്ങി പലതും ബോഡി ഷെയ്മിങ്ങിനു വിഷയമാകാം. ആത്മവിശ്വാസം തകരുക, സ്വന്തം ശരീരത്തെ വെറുക്കുക, അപകർഷതാ ബോധം ശക്തമായി ഉൾവലിയുക, പെരുമാറ്റത്തിൽ മാറ്റമുണ്ടാകുക, മേക്ക് അപ് ഇല്ലാതെ പുറത്തിറങ്ങാൻ മടിക്കുക, വണ്ണത്തിന്റെ പേരിൽ പരിഹസിക്കപ്പെടുന്നവർ ആഹാരം കഴിക്കുന്നത് കുറയ്ക്കുക, വണ്ണമില്ലാത്തതിന്റെ പേരിൽ പഴി കേൾക്കുന്നവർ വലിച്ചുവാരി ഭക്ഷണം കഴിക്കുക, ഓരോ പ്രായത്തിലും നിശ്ചിത കാര്യങ്ങൾ മാത്രമേ ചെയ്യാവൂ എന്നു തെറ്റിദ്ധരിക്കുക, ഉത്കണ്ഠയും ഉറക്കക്കുറവും അനുഭവപ്പെടുക, മാനസിക സമ്മർദം കൂടുക തുടങ്ങി ബോഡി ഷെയ്മിങ്ങിനെ തുടർന്ന് ഉണ്ടാകുന്ന മാനസിക പ്രശ്നങ്ങൾ പലതാണ്. കുട്ടികളെയും കൗമാരക്കാരെയും ഇതു കൂടുതലായി ബാധിക്കുമെന്നും ഓർക്കുക.
റീലുകളും സിനിമയും പരസ്യവും വ്യാജനും
സമൂഹമാധ്യമങ്ങളുടെ ഉപയോഗം വളരെ കൂടിയതോടെ ഭൂരിഭാഗം പേരും വിഡിയോകളും സെൽഫികളും എടുക്കുന്ന തിരക്കിലാണ്. സിനിമാ നടീനടന്മാരാണു പലരുടെയും സൗന്ദര്യത്തിന്റെ അളവുകോൽ. അവരെപ്പോലെയാകാനുള്ള ശ്രമങ്ങളിലാണു കുട്ടികൾ മുതലുള്ളവർ. റീലുകളും സ്റ്റോറികളും ഹോബിയാക്കിയ പലരും വിഡിയോയിൽ ഏറ്റവും സൗന്ദര്യത്തോടെയും പെർഫെക്ട് ശരീരത്തോടെയും എത്താൻ വെമ്പൽ കൊള്ളുന്നു. അമിതവണ്ണം കുറയ്ക്കാൻ മരുന്നു കഴിച്ച യുവാവ് മരിച്ചതും പ്രസവത്തോടെ വണ്ണം കൂടിയതിന്റെ കളിയാക്കൽ നേരിടാനാകാതെ വീട്ടുകാർ അറിയാതെ അനധികൃത ക്ലിനിക്കിൽ കൊഴുപ്പുനീക്കലിനു (ലൈപോസക്‌ഷൻ) പോയ വീട്ടമ്മ മരിച്ചതും നമ്മുടെ നാട്ടിലുണ്ടായ വാർത്തകളാണെന്നു മറക്കരുത്. സന്തുലിതമായ ആഹാരവും കൃത്യമായ വ്യായാമവും ചെയ്ത് മികച്ച ആരോഗ്യം നിലനിർത്തുന്നതിനെക്കാൾ കാഴ്ചയ്ക്കാണ് ഇപ്പോൾ കൂടുതൽ പ്രാധാന്യം.
വടിവൊത്ത ശരീരത്തെക്കുറിച്ച് സമൂഹത്തിനുള്ള ധാരണയിലേക്കു മാറാൻ ശ്രമിക്കുന്ന പലരും സ്വന്തം വ്യക്തിത്വം മറന്നുപോകുന്ന സ്ഥിതിയിലാകും. സാധാരണക്കാരുടെ ഇടയിൽ പോലും കോസ്മെറ്റിക്, പ്ലാസ്റ്റിക് സർജറികളും വണ്ണം കുറയ്ക്കാനുള്ള ശസ്ത്രക്രിയകളും വ്യാപിക്കുന്നു. സ്കൂൾ–കോളജ് വിദ്യാർഥികളുടെ ലോകം സമൂഹമാധ്യമങ്ങളിലേക്കു ചുരുങ്ങുമ്പോൾ അവിടെ കാണുന്ന കാഴ്ചകളുടെ ഭാഗമായില്ലെങ്കിൽ കുറച്ചിലാണ് എന്ന ചിന്ത അവരെ തെറ്റായ തീരുമാനങ്ങളിലേക്ക് എത്തിക്കുന്നു.
വധുവിന് അൽപം വണ്ണം കൂടി എന്നതിന്റെ പേരിൽ കണ്ണൂർ ചെറുപുഴയിലെ നവദമ്പതികൾക്കെതിര സമൂഹമാധ്യമങ്ങളിൽ നടന്ന പ്രചാരണം ഓർമയില്ലേ? 15 കോടിയുടെ സ്വത്തുള്ള നാൽപത്തിയെട്ടുക്കാരിയെ വിവാഹം കഴിച്ച ഇരുപത്തിയഞ്ചുകാരൻ എന്ന പേരിൽ ആയിരക്കണക്കിനു വാട്സാപ്പുകളിൽ, ഫെയ്സ് ബുക്കുകളിൽ പ്രബുദ്ധ മലയാളികൾ അതു പ്രചരിപ്പിച്ചു. ഇങ്ങനെ ഓരോരുത്തരുടെയും സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കി കണ്ണിൽ കാണുന്നത് എന്തും പ്രചരിപ്പിച്ചും ശരി തെറ്റുകളെക്കുറിച്ചോർക്കാതെ ട്രോളുകളിറക്കിയും എത്രയോ പേരുടെ ജീവിതമാണു നമ്മൾ തകർത്തത്. വണ്ണമുള്ളവർ എന്തു ധരിക്കണം, മെലിഞ്ഞവർ എന്തു ധരിക്കണം എന്ന നിർദേശങ്ങൾ, കാലു കാണുന്നുണ്ടോ, കഴുത്തിന് ഇറക്കം കൂടുതലുണ്ടോ എന്ന സൂക്ഷ്മനിരീക്ഷണങ്ങൾ – അങ്ങനെ പിടിപ്പതു പണിയാണു സമൂഹത്തിന്. ഓരോ ഫോട്ടോയ്ക്കും താഴെ അതു കമന്റിട്ട്, സമർഥിക്കുന്ന തെളിവുകളും ഹാജരാക്കിയാലേ തൃപ്തിയുള്ളൂ.
സെലിബ്രിറ്റികളുടെ ലോകം, ചേത്‌നയുടെ മരണം പറയുന്നത്
മുപ്പതു പിന്നിട്ട നടിമാരുടെയും ഫോട്ടോകൾക്കു താഴെ മലയാളികൾ എഴുതുന്ന സ്ഥിരം കമന്റാണ് – കിളവി, തള്ളച്ചി, അമ്മായി, വീട്ടിൽ പോയി അടങ്ങിയൊതുങ്ങി ഇരുന്നുകൂടേ എന്ന്. നിറത്തെയും വണ്ണത്തെയും വേഷത്തെയും കുറിച്ചുളള കമന്റുകൾ പലപ്പോഴും തെറികളിലേക്കു കടക്കും. ഓരോരുത്തരും എന്ത് ധരിക്കണം എന്നത് അവരുടെ സ്വാതന്ത്ര്യമാണ് എന്ന പക്വതയിലേക്ക് നാം ഇതുവരെ എത്തിയിട്ടില്ല. വിമർശനങ്ങളും എതിർപ്പുകളും മറുവാദങ്ങളും സഭ്യമായ ഭാഷയിൽ അവതരിപ്പിക്കാനുള്ള ബോധവും നാം ആർജിച്ചിട്ടില്ല. സെലിബ്രിറ്റികൾക്ക് വണ്ണം കൂടിയാലും കുറഞ്ഞാലും പ്രായം കൂടിയാലും കുറഞ്ഞാലുമെല്ലാം പ്രശ്നം കാഴ്ചക്കാരായ നമുക്കാണ്.
ഇനി സെലിബ്രിറ്റികളുടെ കാര്യമെടുത്താലോ– അഴകിന്റെയും അളവിന്റെയും പ്രത്യേക വാർപ്പുമാതൃകകളിലേക്ക് എത്താനുള്ള ഭ്രാന്തമായ ഓട്ടത്തിലാണോ പലരുമെന്നു തോന്നിപ്പോകും. കർണാടകയിൽ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയെ തുടർന്ന് ഇന്നലെ മരിച്ച നടി ചേത്‌ന രാജിന് 22 വയസ്സേ ഉള്ളൂ. വീട്ടുകാർ അറിയാതെയായിരുന്നു സ്വകാര്യ കോസ്മെറ്റിക് ക്ലിനിക്കിലെ ഓപ്പറേഷൻ. ശരീര സൗന്ദര്യം കൂട്ടാനുള്ള പ്ലാസ്റ്റിക് സർജറിയാണു നടത്തിയതെന്നും പറയുന്നു. ബന്ധുക്കളുടെ സമ്മതപത്രം പോലുമില്ലാതെ നടന്ന ശസ്ത്രക്രിയയുടെ പേരിൽ ക്ലിനിക്കിനെതിരെ കേസ് എടുത്തിട്ടുണ്ട്. സിനിമ, പരസ്യ, മോഡലിങ് രംഗത്ത് നിലനിൽക്കുന്ന ‘ബോഡി ഇമേജ് ’ സമ്മർദം ചെറുതല്ല. ചെറുപ്പക്കാരുടെ മാത്രം ലോകമാണിത് എന്ന തെറ്റായ ചിന്തയിൽ നിന്ന് പലരും കൃത്രിമ മാർഗങ്ങളിലൂടെ ചെറുപ്പത്തെ പിടിച്ചുനിർത്താനുള്ള ശ്രമത്തിലുമാണ്. കോസ്മെറ്റിക് സർജറികൾ അബദ്ധമാകുന്ന കാഴ്ചകളും ഒട്ടേറെ. ശരീര സൗന്ദര്യ ഉൽപന്നങ്ങളുടെയും മെഡിക്കൽ പ്രക്രിയകളുടെയും തോത് ക്രമാതീതമായി കൂടിവരികയാണിപ്പോൾ. മരുന്നു വിപണിക്കു പിന്നിൽ ലോകത്തിലെ ഏറ്റവും വലിയ ബിസിനസാണ് ഇത്.
മറികടക്കാം, സ്വയം സ്നേഹിക്കാം
∙ ബോഡി ഷെയ്മിങ്ങിനെ തോൽപിക്കാനും സ്വന്തം ശരീരത്തിൽ ആത്മവിശ്വാസത്തോടെ ജീവിക്കാനും നഴ്സറി തലം മുതൽ ശാസ്ത്രീയ പരിശീലനം ആവശ്യമാണ്. ശാരീരിക പ്രത്യേകതകളെ സൂചിപ്പിക്കുന്ന പ്രയോഗങ്ങളും ശീലുകളും പാഠങ്ങളിൽ ഒഴിവാക്കണം.
∙ പല നിറത്തിലും രൂപത്തിലും മനുഷ്യർ ഉണ്ടെന്നും അവരെല്ലാം തുല്യമായി ബഹുമാനം അർഹിക്കുന്നവരാണെന്നും കുട്ടികളെ പഠിപ്പിക്കുന്ന രീതിയിലാകണം പാഠങ്ങളും ചിത്രങ്ങളും കഥകൾ പോലും.
∙ കറുപ്പ്, വെളുപ്പ്, വണ്ണം, പൊക്കം തുടങ്ങിയവയുടെ പേരിൽ ആരെയും വിധിക്കാനോ കളിയാക്കാനോ അധികാരമില്ലെന്ന ബോധ്യം കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കളും ഉള്ളിലുറയ്ക്കണം.
∙ സ്കൂളിലും കോളജിലും ഇത്തരത്തിൽ ഉയരുന്ന പരാതികളെ ഗൗരവമായി കാണുകയും പരിഹരിക്കാനുള്ള ഇടപെടലുകൾ ഉണ്ടാകുകയും വേണം.
∙ ഓരോരുത്തരുടെയും സൗന്ദര്യബോധം അവരുടെ അവകാശമാണ്. അതിന് അനുസരിച്ചുള്ള തിരഞ്ഞെടുപ്പുകൾ നടത്തേണ്ടത് അവരുടെ ബാധ്യതയും. മറ്റുള്ളവരുടെ കുറവുകൾ എന്ന് ഇവർ വിശ്വസിക്കുന്ന കാര്യങ്ങൾ അവരുടെ മാത്രം വിശ്വാസമാണ്. അതു മാറ്റുകയോ മാറ്റാതിരിക്കുകയോ സ്വന്തം ഇഷ്ടം. പക്ഷേ, ആ നിയമാവലിയും കൊണ്ട് എല്ലാവരെയും അളന്നുമുറിച്ചു വിധിനിർണയം നടത്തുന്ന ജഡ്ജിമാർ ആകാൻ നിങ്ങൾക്ക് അവകാശമില്ല.
∙ നെഗറ്റീവ് കമന്റുകൾ മാത്രം പറയുന്നവരെ, ബോഡി ഷെയ്മിങ് നടത്തുന്നവരെ മാറ്റിനിർത്തുക. നമ്മെ പ്രകോപിപ്പിക്കാനുള്ള ശ്രമങ്ങളിൽ വീണു പോകാതിരിക്കുക. ഓർക്കുക – നന്നായി ജീവിച്ചു കാണിക്കുന്നിടത്തോളം മൂർച്ചയുള്ള പ്രതികാരം വേറെ ഇല്ല.
∙ ബോഡി ഷെയ്മിങ് ആണെന്നു മനസ്സിലാകാത്ത രീതിയിൽ പൊതിഞ്ഞു പറയുന്ന ചില അഭിപ്രായങ്ങൾ ഉയരാം നമുക്കു ചുറ്റും. കേൾക്കുമ്പോൾ നിരുപദ്രവവും തമാശയുമാണെന്നു തോന്നുമെങ്കിലും അവയെ പ്രോത്സാഹിപ്പിക്കരുത്. ഇത്തരം കാര്യങ്ങളെക്കുറിച്ച് തുറന്ന ചർച്ചകൾ ഉണ്ടാവട്ടേ. സാക്ഷരരായ, വിദ്യാസമ്പന്നരായ മലയാളികൾ ഇവിടെയും മികവ് കാട്ടട്ടേ.
∙ ശരീരത്തിന്റെയും പ്രകൃതത്തിന്റെയും പേരിൽ പലതരത്തിലുള്ള കളിയാക്കലുകളും പരിഹാസങ്ങളും താഴ്ത്തിക്കെട്ടലുകളും കേൾക്കേണ്ടി വന്നേക്കാം. ഇവയെ പക്വതയോടെ നേരിടാനുള്ള ആത്മവിശ്വാസവും പിന്തുണയും ഓരോരുത്തർക്കും ആദ്യം ലഭിക്കേണ്ടത് കുടുംബത്തിൽ നിന്നാണ്. പിന്നീട് നല്ല കൂട്ടുകാരിൽ നിന്നും. വീട്ടിൽ നിന്നുണ്ടാകുന്ന പരിഹാസമേൽപിക്കുന്ന പോറലുകൾ ഉണങ്ങാൻ പ്രയാസമാണ്. കൈകോർത്തു നിൽക്കുന്ന കൂട്ടുകാരുടെ കളിയാക്കലുകൾ അതിരുകടന്നാൽ പൊള്ളുന്ന ഉള്ള് തണുക്കാനും.
∙ ആരുടെയെങ്കിലും വാക്കിൽ വഴുതി വീണുപോകാനുള്ളതല്ല എന്റെ ശരീരവും മനസ്സും എന്ന് അടിവരയിട്ട് ഉറപ്പിക്കണമെങ്കിൽ ആദ്യം വേണ്ടത് സ്വയം സ്നേഹമാണ്. സെൽഫ് ലവ് എന്നാൽ ഞാനാണ് കേമം, ഞാനേയുള്ളൂ കേമം എന്ന ചിന്തയല്ല. എന്നിലെ എന്നെ ചേർത്തുപിടിക്കലാണ്. സ്വയം അനുകമ്പയോടെയും സ്നേഹത്തോടെയും തിരിച്ചറിവോടെയുമുള്ള ഇടപെടലാണ്. മുറിവുകളെ ഉണക്കിയുള്ള മുന്നോട്ടുപോകലാണ്. ജീവിതത്തിലെ യാഥാർഥ്യങ്ങളെയും ലോകത്തിന്റെ മാറ്റങ്ങളെയും മനസ്സിലാക്കുക, ഞാൻ ആരാണ്, എന്താണ് എന്റെ ലക്ഷ്യം എന്നു തിരിച്ചറിയുക എന്ന വലിയ കടമയുണ്ട് ഓരോരുത്തർക്കും. വിദ്യാഭ്യാസ, സാമൂഹിക സംവിധാനങ്ങൾ അതിലേക്കുള്ള ചൂണ്ടുപലകയാകട്ടെ. സ്വയം വിലയിരുത്തിയും തെറ്റുകൾ തിരുത്തി സ്വയം മെച്ചപ്പെട്ടും ഓരോരുത്തരും അവരുടെ ബെസ്റ്റ് വേർഷൻ ആയി മാറാനാണു ശ്രമിക്കേണ്ടത്. അല്ലാതെ, മറ്റൊരാളായി മാറാനല്ല.
അല്ലെങ്കിൽ തന്നെ എല്ലാവരും ഒരേപോലെയിരുന്നാൽ ഈ ലോകം എന്തൊരു ബോറായിപ്പോയേനേ.
English Summary: The Culture Of Body Shaming And How to Overcome it?