‘വാക്ക വാക്ക’ പ്രണയം; വിവാഹം ഇഷ്ടമില്ലാത്ത ഷക്കീറ, സൂപ്പർ ഹീറോ പിക്കേ; അവിഹിതത്തിൽ പ്രണയം തകരുമ്പോൾ
ഉയരവും ഹെയർസ്റ്റൈലും ഡ്രസ്സിങ്ങും കൊണ്ട് പിക്കേ പണ്ടു മുതലേ ശ്രദ്ധേയനായിരുന്നു. സ്പെയിൻ ലോകകപ്പ് കിരീടം നേടിയതോടെ നാട്ടിൽ ഹീറോ പരിവേഷവും കൈവന്നു. എന്നാൽ സ്പെയിനിൽ നിന്നുള്ള കാറ്റിലോണിയയുടെ സ്വാതന്ത്ര്യത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തത് പിന്നീട് കടുത്ത എതിർപ്പുകൾക്കും കാരണമായി.
ഉയരവും ഹെയർസ്റ്റൈലും ഡ്രസ്സിങ്ങും കൊണ്ട് പിക്കേ പണ്ടു മുതലേ ശ്രദ്ധേയനായിരുന്നു. സ്പെയിൻ ലോകകപ്പ് കിരീടം നേടിയതോടെ നാട്ടിൽ ഹീറോ പരിവേഷവും കൈവന്നു. എന്നാൽ സ്പെയിനിൽ നിന്നുള്ള കാറ്റിലോണിയയുടെ സ്വാതന്ത്ര്യത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തത് പിന്നീട് കടുത്ത എതിർപ്പുകൾക്കും കാരണമായി.
ഉയരവും ഹെയർസ്റ്റൈലും ഡ്രസ്സിങ്ങും കൊണ്ട് പിക്കേ പണ്ടു മുതലേ ശ്രദ്ധേയനായിരുന്നു. സ്പെയിൻ ലോകകപ്പ് കിരീടം നേടിയതോടെ നാട്ടിൽ ഹീറോ പരിവേഷവും കൈവന്നു. എന്നാൽ സ്പെയിനിൽ നിന്നുള്ള കാറ്റിലോണിയയുടെ സ്വാതന്ത്ര്യത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തത് പിന്നീട് കടുത്ത എതിർപ്പുകൾക്കും കാരണമായി.
അങ്ങനെ അതു സംഭവിച്ചു. കായിക ലോകത്തെയും സംഗീത ലോകത്തെയും ഒരുപോലെ ഞെട്ടിച്ച് പോപ് ഇതിഹാസം ഷക്കീറയും (45) സ്പാനിഷ് ഫുട്ബോളർ ജെറാദ് പിക്കേയും (35) വേർപിരിഞ്ഞു. ദിവസങ്ങളായി തുടരുന്ന അഭ്യൂഹങ്ങൾക്കാണ് ഇതോടെ അവസാനമായത്. തങ്ങൾ പിരിയുകയാണെന്ന് ഇരുവരും ഔദ്യോഗികമായി വാർത്താക്കുറിപ്പിറക്കി അറിയിച്ചു. ഒരു പതിറ്റാണ്ടോളം ഒരുമിച്ചു ജീവിച്ച ഇവർക്ക് 2 ആൺകുട്ടികളുണ്ട്.
വ്യത്യസ്തമായ ശബ്ദവും ആകർഷകമായ നയനങ്ങളും ഇടതൂർന്ന മുടിയും ഹിസ്പാനിക് ആകാരഭംഗിയും, ഇതിനെല്ലാമപ്പുറം തന്റെ ശരീരത്തെ ചടുലതാളങ്ങൾക്കൊത്ത് വിന്യസിപ്പിക്കാനുള്ള ശേഷിയുമാണ് ഷക്കീറയെ ലോകത്തിനു മുന്നിൽ പ്രശസ്തയാക്കിയത്.
2010ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പ് സമീപകാല ഫുട്ബോളിലെ താരപ്രഭുക്കൻമാരുടെ ഉജ്വല പ്രകടനത്തിനുള്ള വേദിയാണു സൃഷ്ടിച്ചത്. മെസി, കക്കാ, റൂണി, ദ്രോഗ്ബ, റൊണാൾഡോ, ഫോർലാൻ അങ്ങനെ ഒട്ടേറെ പേർ. അതിനിടയിൽ ടിക്കി ടാക്ക ശൈലിയുമായി എത്തിയ സ്പെയിനിന്റെ ചുവന്ന കുപ്പായക്കാർ ചെറിയൊരു വിപ്ലവമാണ് നടത്തിയത്. ചാവി, ടോറസ്, ഫാബ്രിഗസ്, അലോൺസോ, കസില്ലസ്, വിയ്യ തുടങ്ങി അനേകം പ്രഗത്ഭരടങ്ങിയ ആ സംഘം ഫുട്ബോളിനെ പരമ്പരാഗത വിജയികളുടെ അധീനതയിൽ നിന്നു മോചിപ്പിച്ചു. വുവുസേല നാദങ്ങളുടെ അകമ്പടിയിൽ സ്പെയ്ൻ ആദ്യമായി ലോകകപ്പുയർത്തി. ആ സംഘത്തിലെ പ്രതിരോധക്കോട്ടയായിരുന്നു പിക്കേ.
ലോകകപ്പ് തുടങ്ങുന്നതിനു മുൻപ് തന്നെ പിക്കേയും ഷക്കീറയുമായി പരിചയം ഉടലെടുത്തിരുന്നു. അക്കൊല്ലത്തെ ലോകകപ്പ് ഷക്കീറയുടേത് കൂടിയായിരുന്നു. ‘വാക്ക വാക്ക ദിസ് ടൈം ഫോർ ആഫ്രിക്ക’ എന്ന ലോകകപ്പ് തീം സോങ് ലോകകപ്പുകളുടെ ചരിത്രത്തിൽ തന്നെ ഏറ്റവും തരംഗം സൃഷ്ടിച്ച പാട്ടുകളിലൊന്നാണ്. ഈ ഗാനത്തിന്റെ ചിത്രീകരണത്തിൽ പീക്കെയും ഉൾപ്പെട്ടിരുന്നു. അങ്ങനെയാണു പരിചയം തുടങ്ങിയത്. പിന്നീട് അതു പ്രണയമായി മാറി.
ഇപ്പോൾ ആ പ്രണയം തകർന്നിരിക്കുകയാണ്. പിക്കേയുടെ അവിഹിത ബന്ധമാണ് പ്രണയത്തകർച്ചയിലേക്കു നയിച്ചതെന്നാണ് രാജ്യാന്തര മാധ്യമങ്ങളിലെ അഭ്യൂഹം. ഇരുപതിനും മുപ്പതിനും ഇടയിൽ പ്രായമുള്ള ഒരു ഇവന്റ് ഹോസ്റ്റസാണത്രേ ഷക്കീറയുടെയും പിക്കേയുടെയും ബന്ധം തകരാനിടയാക്കിയ ആ അജ്ഞാത കാമുകി.
∙ തകർന്നത് അഞ്ചാം പ്രണയം
വിവാഹം കഴിക്കാൻ വിമുഖത കാട്ടിയിരുന്ന താരമാണ് ഷക്കീറ. വിവാഹം തന്നെ പേടിപ്പിക്കുന്നുവെന്നായിരുന്നു ഷക്കീറ ഒരിക്കൽ പറഞ്ഞത്. ഏറെക്കാലമായി പിക്കേയുമായി ഒരുമിച്ചു ജീവിച്ചിട്ടും രണ്ട് മക്കൾ ജനിച്ചിട്ടും അതൊരു വിവാഹത്തിലേക്കു നയിക്കാൻ ഷക്കീറയ്ക്കു താൽപര്യമുണ്ടായിരുന്നില്ല.
ജെറാദ് പിക്കേയ്ക്കു മുൻപ് നാലു പേരെ ഷക്കീറ പ്രണയിച്ചിട്ടുണ്ടെന്ന് രാജ്യാന്തര മാധ്യമങ്ങൾ പറയുന്നു. ഓസ്കർ പാർഡോ എന്ന കൊളംബിയക്കാരനുമായായിരുന്നു ആദ്യ പ്രണയം. എന്നാൽ അതു ശരിയായി പോയില്ല. പാർഡോയ്ക്ക് മറ്റാരുമായോ ബന്ധമുണ്ടായി. അതു തകർന്നു.
പിന്നീട് ഓസ്കർ ഉല്ലോവ എന്ന കൊളംബിയക്കാരനെ ഷക്കീറ സ്നേഹിച്ചു. എന്നാൽ തന്റെ കരിയർ മെച്ചപ്പെടുത്താൻ കൊളംബിയയുടെ തലസ്ഥാന നഗരമായ ബൊഗോട്ടയിലേക്കു ഷക്കീറ നീങ്ങിയതോടെ ആ ബന്ധം അവസാനിച്ചു. പോളിഗാമിയ എന്ന കൊളംബിയൻ റോക്ക് ബാൻഡിലെ പാട്ടുകാരനായ ഗുസ്താവോ ഗോർഡിലോയുമായി പ്രണയമായെങ്കിലും അത് ഉടൻ തകർന്നു.
തുടർന്നു ഓസ്‌വാൾഡോ റയോസ് എന്ന പ്യൂർട്ടോറിക്കൻ നടനുമായി ഇഷ്ടത്തിലായി. റയോസിന് ഷക്കീറയെക്കാൾ 16 വയസ്സ് കൂടുതലായിരുന്നു. ഈ ബന്ധം പല വിവാദങ്ങൾക്കു വഴിവച്ചു.
ഇതിനുശേഷമാണ് ഷക്കീറയുടെ ജീവിതത്തിലെ ഏറ്റവും നീണ്ടുനിന്ന പ്രണയബന്ധം സംഭവിക്കുന്നത്. അർജന്റീനയുടെ മുൻപ്രസിഡന്റ് ഫെർണാണ്ടോ ഡി ലാ റുവയുടെ മകൻ അന്റോണിയോയുമായി ആയിരുന്നു അത്.11 വർഷത്തിലധികം ആ ബന്ധം നീണ്ടു നിന്നു. 2011ൽ ഇരുവരും വേർപിരിഞ്ഞു.
ആ ബന്ധത്തിന്റെ അവസാന നാളുകളിലാണു ഷക്കീറ പീക്കെയുമായി അടുത്തത്. ഷക്കീറയും അന്റോണിയോയുമായുള്ള വേർപിരിയൽ വലിയ കോളിളക്കം സൃഷ്ടിച്ചു. ഒരുപാട് നിയമപ്പോരാട്ടങ്ങൾ അന്റോണിയോ നടത്തി. ഷക്കീറയുടെ വിജയത്തിനു പിന്നിൽ തന്റെ സംഭാവനകൾ ഏറെയുണ്ടെന്നും അതിനാൽ ഷക്കീറയുടെ സ്വത്തിലും പണത്തിലും തനിക്കും അവകാശമുണ്ടെന്നും പറഞ്ഞുള്ള ആ പോരാട്ടങ്ങൾ പക്ഷേ പരാജയത്തിലാണു കലാശിച്ചത്. നിയമപരമായി വിവാഹം കഴിക്കാത്തതിനാൽ കോടതികൾ ആ വാദങ്ങൾക്ക് വലിയ പ്രാധാന്യം കൊടുത്തില്ല.
∙ ബരാൻക്വിലയിൽ നിന്നു ലോകത്തേക്ക്
ഷക്കീറ ഇസബൽ മെബാറക് എന്ന യഥാർഥപേരുള്ള ഷക്കീറ ലാറ്റിൻ അമേരിക്കൻ രാജ്യം കൊളംബിയയിലെ ബരാൻക്വിലയിലാണു ജനിച്ചത്. ലെബനനിൽ നിന്നുള്ളയാളായിരുന്നു ഷക്കീറയുടെ അച്ഛൻ. അമ്മ കൊളംബിയക്കാരിയും. കുട്ടിക്കാലം മുതൽ കവിതകളെഴുതുമായിരുന്നു. നാലാം വയസ്സിലാണ് ആദ്യ കവിതയായ ക്രിസ്റ്റൽ റോസ് എഴുതിയത്.
സ്കൂൾ കാലഘട്ടം മുതൽ തന്നെ കലാപ്രവർത്തനങ്ങളിൽ ഏർപെട്ടിരുന്ന ഷക്കീറയെ പക്ഷേ ആദ്യകാലത്ത് സ്കൂളിലെ സംഗീതട്രൂപ്പിൽ നിന്നു ശബ്ദസൗകുമാര്യമില്ലെന്ന പേരിൽ അധ്യാപിക പുറത്താക്കി. ആടിന്റെ പോലുള്ള ശബ്ദം എന്നാണ് അവർ ഷക്കീറയെ കളിയാക്കിയത്. പിൽക്കാലത്ത് ആ ശബ്ദം ലോകത്ത് കോടിക്കണക്കിന് ആരാധകരെ നേടിയപ്പോൾ ആ അധ്യാപിക തീർച്ചയായും തലതാഴ്ത്തിക്കാണണം.
സ്കൂളിൽ പഠിക്കുമ്പോൾ, തന്റെ പതിമൂന്നാം വയസ്സിൽ ഷക്കീറ ആദ്യ ആൽബം ഇറക്കി. മാജിയ എന്ന പേരിൽ. ആദ്യത്തെ ആൽബങ്ങൾ പരാജയങ്ങളായിരുന്നു. പിൽക്കാലത്ത് ബികിനി മോഡലിങ് പോലുള്ള മേഖലകളിലും ഒരു കൈ നോക്കി. ബെല്ലി ഡാൻസിങ്ങിൽ താൽപര്യം തോന്നി അതു പഠിക്കാൻ ഇറങ്ങിത്തിരിച്ചതും അക്കാലത്താണ്. ഇടയ്ക്ക് കൊളംബിയയിലെ ഒരു ജനപ്രിയ ടിവി പരമ്പരയിലും ഷക്കീറ മുഖം കാണിച്ചിരുന്നു. എന്നാൽ അഭിനയം തന്റെ മേഖലയല്ലെന്ന് അവർ അന്നേ തിരിച്ചറിഞ്ഞു. ഇതിനിടയ്ക്ക് സ്വന്തം മ്യൂസിക് ബാൻഡും തുടങ്ങി. 1995ൽ പീസ് ദേസ്‌കാസോസ് എന്ന ആൽബം പുറത്തിറങ്ങിയതോടെ ഷക്കീറയുടെ രാശി തെളിഞ്ഞു. ലാറ്റിൻ അമേരിക്കൻ മേഖലയിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. പിന്നീട് 98ൽ അടുത്ത ആൽബം. ഹിസ്പാനിക് മേഖലയ്ക്കപ്പുറത്തേക്ക് ഷക്കീറയുടെ പ്രശസ്തി വ്യാപിച്ചു തുടങ്ങി.
‘വെൻ എവർ വേർ എവർ, ലോൺട്രി സർവീസ്’ തുടങ്ങിയ ആൽബങ്ങളുടെ കോടിക്കണക്കിനു കോപ്പികളാണു വിറ്റുപോയത്. ഗോൾഡൻ ഗ്ലോബ്, ഗ്രാമി തുടങ്ങി ഒട്ടേറെ അവാർഡുകളും ഷക്കീറ നേടി. ഇന്ന് 300 മില്യൺ യുഎസ് ഡോളർ ആസ്തിയുണ്ട്.
കൊളംബിയയിലും ഷക്കീറയ്ക്ക് ആരാധകർ ഏറെയാണ്. അവർക്കായി 16 അടിയുള്ള ഒരു പ്രതിമ തന്നെ അവിടെയൊരുക്കിയിട്ടുണ്ട്. പോർച്ചുഗീസ്, ഇറ്റാലിയൻ, ഇംഗ്ലിഷ്, സ്‌പാനിഷ്, അറബി ഭാഷകളിലെ പ്രാവീണ്യവും ഷക്കീറയെ വ്യത്യസ്തയാക്കുന്നു.
∙ സൂപ്പർ പിക്കേ
സ്പെയ്നിനായി 102 രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2008 മുതൽ സ്പാനിഷ് ഫുട്ബോൾ ക്ലബ് ബാർസിലോനയുടെ വിശ്വസ്ത പ്രതിരോധനിര താരമാണു മുപ്പത്തിയഞ്ചുകാരനായ പിക്കേ. ബിസിനസുകാരനായ ജോവാന്റെയും ഡോക്ടറായ മേണ്ട്സെരാറ്റിന്റെയും മകനായി സ്പെയിനിലെ കാറ്റലോണിയയിലാണ് പിക്കേയുടെ ജനനം. എഫ്സി ബാഴ്സിലോനയുടെ യൂത്ത് ടീമിൽ ഡിഫൻസീവ് മിഡ്ഫീൽഡർ ആയാണു കരിയറിന് തുടക്കം കുറിച്ചത്. 2004ൽ മാഞ്ചസ്റ്റർ സിറ്റിയിലെത്തി. 2008 ൽ വീണ്ടും ബാഴ്സിലോനയിലേക്ക്. പിന്നീട് ബാഴ്സിലോണയുടെ അഞ്ചലനായ പോരാളിയായി മാറി. 2018 ലോകകപ്പിനു ശേഷം പിക്കേ ദേശീയ ഫുട്ബോളിൽനിന്നു വിരമിച്ചിരുന്നു.
ഉയരവും ഹെയർസ്റ്റൈലും ഡ്രസ്സിങ്ങും കൊണ്ട് പിക്കേ പണ്ടു മുതലേ ശ്രദ്ധേയനായിരുന്നു. സ്പെയിൻ ലോകകപ്പ് കിരീടം നേടിയതോടെ നാട്ടിൽ ഹീറോ പരിവേഷവും കൈവന്നു. എന്നാൽ സ്പെയിനിൽ നിന്നുള്ള കാറ്റിലോണിയയുടെ സ്വാതന്ത്ര്യത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തത് പിന്നീട് കടുത്ത എതിർപ്പുകൾക്കും കാരണമായി. എങ്കിലും ഷക്കീറയുമൊത്തുള്ള പിക്കേയുടെ ജീവിതം ഒരുപാട് ആരാധകരെ സമ്മാനിച്ചു. പരസ്പരം മനസ്സിലാക്കി മുന്നേറുന്ന ദമ്പതികൾ എന്നായിരുന്നു ആരാധകരുടെ വിശേഷണം. 12 വർഷത്തെ ദാമ്പത്യത്തിനിടയിൽ വേർപിരിയൽ എന്ന അഭ്യൂഹമോ പാപ്പരാസികളുടെ അപവാദ പ്രചാരണങ്ങളോ ഉണ്ടായില്ല.
∙ ആരാധകർ ഞെട്ടി
മക്കൾക്കു വേണ്ടി സമയം മാറ്റിവയ്ക്കുന്ന ഒരു സൂപ്പർ മമ്മി ആയിരുന്നു ഷക്കീറ. ജീവിതത്തിലെ രസകരമായ നിമിഷങ്ങൾ സമൂഹമാധ്യമത്തിലൂടെ ആരാധകരുമായി പങ്കുവയ്ക്കാനും അവർ മടിച്ചിരുന്നില്ല. പിക്കേയുടെയും മക്കളുടെയും നേട്ടങ്ങൾ ഷക്കീറ ആഘോഷമാക്കി. പിക്കേ തിരിച്ചു. ഇക്കഴിഞ്ഞ പ്രണയദിനത്തില്‍ പീക്കെയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഷക്കീറ വലന്റൈൻസ് ദിനാശംസകൾ നേര്‍ന്നിരുന്നു. സന്തുഷ്ടവും പ്രണയാർദ്രവുമായ ഇവരുടെ ദാമ്പത്യത്തിൽ ആരാധകർ സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു. അതുകൊണ്ട് ഇപ്പോൾ പുറത്തുവരുന്ന ഇവരുടെ വേർപിരിയൽ വാർത്ത തെല്ലൊന്നുമല്ല ആരാധകരെ അദ്ഭുതപ്പെടുത്തുന്നതും വേദനിപ്പിക്കുന്നതും. പിക്കേയുടെ അവഹിതബന്ധമാണ് പ്രണയത്തകർച്ചയ്ക്കു കാരണമെന്ന അഭ്യൂഹം പ്രചരിച്ചതോടെ ആരാധകരിൽ ചിലർ കലിപ്പിലുമായി. പിക്കേയുടെ സമൂഹമാധ്യമങ്ങളിലെ കമന്റു ബോക്സിൽ അത് തെളിയുന്നുമുണ്ട്.
English Summary: Pop Star Shakira and Footballer Gerard Pique Separate After 12 years; here is the timeline of their relationship