‘എനിക്കറിയാവുന്ന ഡെപ്പ് പീഡിപ്പിക്കുന്നയാളല്ല’; വിവാദങ്ങളുടെ പ്രണയക്കടലിലെ ക്യാപ്റ്റൻ സ്പാരോ!
തന്റെ രണ്ടാനച്ഛനെക്കുറിച്ച് ഡെപ് പറയുന്നത് ഇങ്ങനെയാണ്.' ‘വളരെ കൂളായ മനുഷ്യൻ, ജീവിതത്തിന്റെ പകുതി ഭാഗവും അദ്ദേഹം ജയിലിലാണു ചെലവിട്ടിരുന്നത്.’ തിക്തമായ കുട്ടിക്കാലത്തിന്റെ ആഘാതങ്ങൾ ജോണി ഡെപ്പിൽ എക്കാലവും നീണ്ടുനിന്ന അരക്ഷിതത്വ ബോധം സൃഷ്ടിച്ചിരുന്നു......
തന്റെ രണ്ടാനച്ഛനെക്കുറിച്ച് ഡെപ് പറയുന്നത് ഇങ്ങനെയാണ്.' ‘വളരെ കൂളായ മനുഷ്യൻ, ജീവിതത്തിന്റെ പകുതി ഭാഗവും അദ്ദേഹം ജയിലിലാണു ചെലവിട്ടിരുന്നത്.’ തിക്തമായ കുട്ടിക്കാലത്തിന്റെ ആഘാതങ്ങൾ ജോണി ഡെപ്പിൽ എക്കാലവും നീണ്ടുനിന്ന അരക്ഷിതത്വ ബോധം സൃഷ്ടിച്ചിരുന്നു......
തന്റെ രണ്ടാനച്ഛനെക്കുറിച്ച് ഡെപ് പറയുന്നത് ഇങ്ങനെയാണ്.' ‘വളരെ കൂളായ മനുഷ്യൻ, ജീവിതത്തിന്റെ പകുതി ഭാഗവും അദ്ദേഹം ജയിലിലാണു ചെലവിട്ടിരുന്നത്.’ തിക്തമായ കുട്ടിക്കാലത്തിന്റെ ആഘാതങ്ങൾ ജോണി ഡെപ്പിൽ എക്കാലവും നീണ്ടുനിന്ന അരക്ഷിതത്വ ബോധം സൃഷ്ടിച്ചിരുന്നു......
എൺപതുകളുടെ അവസാനപാതിയും തൊണ്ണൂറുകളുടെ ആദ്യപാതിയും ഹോളിവുഡിനെ സംബന്ധിച്ച് കിരീടധാരണ കാലമായിരുന്നു. ഹോളിവുഡ് സിനിമകൾ ലോകമെങ്ങും നേടിയ പ്രചാരവും ജനപ്രിയതയ്ക്കും കാരണമായ താരചക്രവർത്തിമാർ ഉദയം കൊണ്ട കാലം. ടോംക്രൂസ്, ബ്രാഡ്പിറ്റ്, ആർനോൾഡ് ഷ്വാർസിനിഗർ, ബ്രൂസ് വില്ലിസ്, സിൽവർസ്റ്റർ സ്റ്റാലൻ തുടങ്ങിയ നായകൻമാർ തങ്ങളുടെ സിനിമാജീവിതം അഭ്രപാളികളിൽ മിന്നുന്ന പ്രഭയോടെ സ്ഥാപിച്ച സുവർണകാലം. സമാനതകളില്ലാത്ത ഈ കാലഘട്ടത്തിലെ ഏറ്റവും മികവുറ്റ താരങ്ങളിലൊരാളാണ് ജോണി ഡെപ്പ്. പിൽക്കാലത്ത് വാണിജ്യ ഹോളിവുഡ് സിനിമാപ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരേ പോലെ നേടിയ ഡെപ്പ് എന്നും തെളിച്ചിട്ട വഴികളിൽനിന്നു മാറി നടന്ന് സ്വന്തമായി ഒരു അസ്തിത്വം നേടുന്നതിൽ ശ്രദ്ധാലുവായിരുന്നു. റിബൽ എന്നായിരുന്നു അദ്ദേഹത്തിന്റെ അടുപ്പക്കാർ വരെ വിശേഷിപ്പിച്ചത്. ആ പേര് അന്വർഥമാക്കുന്ന ജീവിതമായിരുന്നു ഡെപ്പിന്റേത്. ഡിസ്‌നിയുടെ എക്കാലത്തെയും വമ്പൻ ബ്ലോക്ബസ്റ്റർ സിനിമാപ്പരമ്പരയായ പൈറേറ്റ്‌സ് ഓഫ് ദ് കരീബിയനിലെ ക്യാപ്റ്റൻ ജാക്ക് സ്പാരോ എന്ന കഥാപാത്രമാണ് ലോകമെമ്പാടും ഡെപ്പിന് ആരാധകരെ സൃഷ്ടിച്ചുകൊടുത്തത്. കാറും കോളും ചുഴികളും നിറഞ്ഞ സമുദ്രത്തിൽ തന്റെ പായ്ക്കപ്പലിൽ റോന്തു ചുറ്റുന്ന വെകിളിയായ കടൽക്കൊള്ളത്തലവൻ. ഡെപ്പിന്റെ ജീവിതത്തിന്റെ ഒരു പരിച്ഛേദം കൂടിയായിരുന്നു ഈ സിനിമ. ഒരു സാധാരണ അമേരിക്കൻ ബാലനിൽനിന്നു ഹോളിവുഡിന്റെ എക്കാലത്തെയും വലിയ ബിംബങ്ങളിലൊന്നിലേക്കുള്ള വളർച്ച പ്രക്ഷുബ്ദമായ സാഹചര്യങ്ങൾ നിറഞ്ഞതായിരുന്നു. ഇപ്പോൾ നടിയും മുൻഭാര്യയുമായ ആംബർഹെഡുമായി സംഭവിച്ച പ്രശ്‌നങ്ങളും നിയമപ്പോരാട്ടങ്ങളും ഇക്കൂട്ടത്തിൽ അവസാനത്തേതാണ്.
∙ അമ്മയെ പേടിച്ച കെന്റക്കി ബാലൻ
അമേരിക്കയിലെ കെന്റക്കി സംസ്ഥാനത്തെ ഓവൻസ്ബർഗിൽ 1963 ജൂണിലാണു ഡെപ്പിന്റെ ജനനം. സിവിൽ എൻജിനീയറായ ജോൺ ക്രിസ്റ്റഫർ ഡെപ്പിന്റെയും വെയ്ട്രസായ ബെറ്റി വാൾസിന്റെയും മക്കളിൽ നാലാമൻ. ഡെപ്പിന്റെ കുടുംബം അക്കാലത്ത് സ്ഥിരമായി ഒരിടത്തു താമസിച്ചിരുന്നില്ല. താമസസ്ഥലങ്ങൾ മാറിക്കൊണ്ടേയിരുന്നു. തനിക്ക് പതിനഞ്ചു വയസ്സാകുന്നതിനിടെ നാൽപതോളം ഇടങ്ങളിൽ തങ്ങൾ കുടുംബസമേതം മാറി മാറി താമസിച്ചിരുന്നെന്ന് ഡെപ്പ് ഒരിക്കൽ ‘ഓപ്ര വിൻഫ്രി ഷോ’യിൽ പറഞ്ഞിരുന്നു.
അത്ര നല്ല ഒരു കുട്ടിക്കാലമായിരുന്നില്ല ഡെപ്പിനും സഹോദരങ്ങൾക്കും ഉണ്ടായിരുന്നത്. മാതാപിതാക്കൾ മിക്കപ്പോഴും തമ്മിൽ വഴക്കായിരുന്നു. പിതാവായ ജോൺ ശാന്തപ്രകൃതക്കാരനാണെങ്കിലും മാതാവ് പെട്ടെന്നു രോഷം കൊള്ളുന്നയാളായിരുന്നെന്നു ഡെപ്പ് ഓർമിക്കുന്നു. കൗമാരകാലം തുടങ്ങിയ ഘട്ടങ്ങളിൽ ഒരു ഗിറ്റാറായിരുന്നു ഡെപ്പിനു കൂട്ട്. മാതാപിതാക്കൾ തമ്മിൽ വഴക്ക് തുടങ്ങുമ്പോൾ ഗിറ്റാറുമായി മുറിയിൽ കയറി അടച്ചിരിക്കുകയായിരുന്നു പതിവ്. പുറംലോകവുമായി പോലും തനിക്ക് അന്ന് ബന്ധം കുറവായിരുന്നെന്ന് ഡെപ് ഓർമിക്കുന്നു.
മാതാവായ ബെറ്റി വെൽസ്, ഡെപ്പിനെയും സഹോദരങ്ങളെയും ശാരീരികമായി ഉപദ്രവിച്ചിരുന്നു. ക്രൂരയും രോഷാകുലയും പെട്ടെന്നു മൂഡ് മാറി മറിയുകയും ചെയ്യുന്നയാളായിരുന്നു തന്റെ അമ്മയെന്ന് ഡെപ്പ് തന്നെ വെളിപ്പെടുത്തിയിരുന്നു. കുട്ടികളുടെ തലയ്ക്കു പോലും അടിക്കാൻ അവർ മടികാട്ടിയിരുന്നില്ലത്രേ. ആഷ്ട്രേയാണോ, ഹൈഹീൽഡ് ചെരുപ്പാണോ അതോ ടെലിഫോണാണോ... കൈയിൽ കിട്ടുന്നതെന്തും കുട്ടികൾക്കു നേരെ വലിച്ചെറിയാനും ബെറ്റി മടിച്ചിരുന്നില്ല. ഡെപ്പും സഹോദരങ്ങളും അമ്മയെ പേടിച്ചാണു കഴിഞ്ഞിരുന്നത്. ബെറ്റി അടുത്തേക്കു വരുമ്പോൾ അവർ ജാഗരൂകരായി ഒരാക്രമണം തടുക്കാൻ തയാറായി ഇരുന്നു. എപ്പോൾ വേണമെങ്കിലും അങ്ങനെയൊരു ആക്രമണത്തിനു സാധ്യതയുണ്ട് എന്നതിനാലായിരുന്നു ഇത്.
1978ൽ ഡെപ്പിനു 15 വയസ്സ് പ്രായമുള്ളപ്പോൾ മാതാപിതാക്കൾ വേർപിരിഞ്ഞു. പിന്നീട് ഡെപ്പിന്റെ അമ്മ കടുത്ത വിഷാദത്തിലേക്ക് കടന്നു. ജീവിതം ഡെപ്പിനു കൂടുതൽ ദുസ്സഹമായി തീർന്നു. പിന്നീട് റോബർട് പാമർ എന്നയാളെ ബെറ്റി വിവാഹം കഴിച്ചു. തന്റെ രണ്ടാനച്ഛനെക്കുറിച്ച് ഡെപ് പറയുന്നത് ഇങ്ങനെയാണ്.' ‘വളരെ കൂളായ മനുഷ്യൻ, ജീവിതത്തിന്റെ പകുതി ഭാഗവും അദ്ദേഹം ജയിലിലാണു ചെലവിട്ടിരുന്നത്.’ തിക്തമായ കുട്ടിക്കാലത്തിന്റെ ആഘാതങ്ങൾ ജോണി ഡെപ്പിൽ എക്കാലവും നീണ്ടുനിന്ന അരക്ഷിതത്വ ബോധം സൃഷ്ടിച്ചിരുന്നു.1983ൽ തന്റെ ജീവിതത്തിനു പുതിയ മാനങ്ങൾ നേടാനായി ഡെപ് കെന്റക്കിയിൽ നിന്നു കലിഫോർണിയയിലേക്കു യാത്രയായി. ഹോളിവുഡ് ചക്രവാളത്തിൽ ഉദിച്ചുയരാൻ പോകുന്ന സുവർണനക്ഷത്രത്തിന്റെ യാത്രയാണ് അതെന്ന് ഡെപ്പ് പോലും അന്നു വിചാരിച്ചിരുന്നില്ല.
∙ ഹോളിവുഡിന്റെ ക്യാപ്റ്റൻ
ഭാഗ്യാന്വേഷണവുമായി ഡെപ് ഹോളിവുഡിലെത്തിയ കാലത്ത് 20 വയസ്സുണ്ടായിരുന്നു അദ്ദേഹത്തിന്. അന്നു വിവാഹിതനുമായിരുന്നു. ഡെപ്പിനേക്കാൾ 5 വയസ്സ് കൂടുതലുള്ള ലോറി ആൻ അലിസൻ എന്ന മേക്കപ്പ് ആർട്ടിസ്റ്റായിരുന്നു ഭാര്യ. ഒരു നടനാവുക എന്നത് ഡെപ്പിന്റെ അജണ്ടയിൽത്തന്നെ ഇല്ലായിരുന്നു. ഒരു റോക്ക് സംഗീതജ്ഞനാവുക എന്നതായിരുന്നു ലക്ഷ്യം (ഡെപ്പ് പിൽക്കാലത്ത് സിനിമകൾക്ക് സംഗീതമൊരുക്കുകയും സംഗീത പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്). ഭാര്യ ലോറിയുടെ സുഹൃത്തായിരുന്നു നിക്കൊലാസ് കേജ്. പിൽക്കാലത്ത് സൂപ്പർസ്റ്റാറായി മാറിയ കേജ് അക്കാലത്ത് ഒരു ഭാഗ്യാന്വേഷിയാണ്, ഡെപ്പിനെപ്പോലെ തന്നെ. സംഗീതലോകത്തെ അന്വേഷണം വിട്ട് സിനിമയിലേക്കു ‘ഗീയർ മാറ്റാൻ’ ഡെപ്പിനെ ഉപദേശിച്ചത് കേജാണ്. 1984ൽ ‘നൈറ്റ്‌മേർ ഓൺ എം സ്ട്രീറ്റ്’ എന്ന ഹിറ്റ് ഹൊറർ ചിത്രത്തിൽ മുഖം കാണിക്കാൻ കേജ് ഡെപ്പിനെ സഹായിച്ചു. വളരെ സാധാരണമായ ഒരു വേഷം.
1987 മുതൽ 1990 വരെ ടെലികാസ്റ്റ് ചെയ്യപ്പെട്ട 21 ജംപ് സ്ട്രീറ്റ് എന്ന കൾട്ട് ടെലിവിഷൻ പരമ്പരയാണു ഡെപ്പിനെ അമേരിക്കയിൽ ശ്രദ്ധേയനാക്കിയത്. ഇതോടെ ടീൻ ഐഡൽ എന്ന നിലയിലേക്കു ഡെപ്പ് ഉയർന്നു. ഓരോ എപ്പിസോഡിനും 45,000 യുഎസ് ഡോളർ വച്ച് ഡെപ്പിനു പ്രതിഫലവും ലഭിച്ചുതുടങ്ങി.
എന്നാൽ കൗമാരഹീറോ എന്ന പേരിൽ ടൈപ്കാസ്റ്റ് ചെയ്യപ്പെടുന്നത് ഡെപ്പിനു വിഷമമുണ്ടാക്കി. കൂടുതൽ കാമ്പുള്ള റോളുകൾക്കായി അദ്ദേഹം അന്വേഷണം തുടങ്ങിയത് ഇക്കാലത്താണ്.1990ൽ ജോൺ വാട്ടേഴ്‌സിന്‌റെ ‘ക്രൈ ബേബി’ എന്ന സിനിമയിൽ അദ്ദേഹം അഭിനയിച്ചു. പിൽക്കാലത്ത് കൾട്ട് പദവി നേടിയ ചിത്രമാണെങ്കിലും അക്കാലത്ത് ക്രൈ ബേബി വലിയ ബോക്സോഫിസ് ചലനമുണ്ടാക്കിയില്ല.
ഡെപ്പിന്റെ കരിയറിലെ ആദ്യ ഹിറ്റ് എന്നു വിളിക്കാവുന്നത് വിനോന റൈഡർക്കൊപ്പം ഒരുമിച്ച് അഭിനയിച്ച എഡ്വേർഡ് സിസർഹാൻഡ്‌സ് എന്ന ഫാന്റസി ചലച്ചിത്രമാണ്. വിഖ്യാത സംവിധായകനായ ടിം ബർട്ടണുമായുള്ള ഡെപ്പിന്റെ ദീർഘകാലം നീണ്ട സിനിമാബന്ധത്തിനും അതോടെ തുടക്കമായി. കോസ്‌മെറ്റിക്, പ്രോസ്‌തെറ്റിക് മാർഗങ്ങളിലൂടെ രൂപം പൂർണമായി മാറ്റി കഥാപാത്രത്തിന് അനുയോജ്യമാക്കി മാറ്റുന്ന തന്റെ ട്രേഡ്മാർക് ശൈലിക്ക് ഡെപ്പ് തുടക്കമിടുന്നതും ഈ സിനിമയോടെയാണ്. ആദ്യ ഗോൾഡൻ ഗ്ലോബ് നാമനിർദേശവും ഈ ചിത്രത്തിലൂടെ അദ്ദേഹത്തെ തേടിവന്നു.
പിന്നീട് ബെന്നി ആൻഡ് ജൂൺ, അരിസോന ഡ്രീം, എഡ് വുഡ്, ഡോൺ ജുവാൻ ഡിമാർക്കോ, ഡോണി ബ്രാസ്‌കോ, ലെജൻഡ് ഓഫ് സ്ലീപ്പി ഹോളോ, ചോക്കലേറ്റ് തുടങ്ങിയ ഹിറ്റുകൾ. 2003ലാണു ഡെപ്പിനെ സൂപ്പർതാര പദവിയിലേക്കുയർത്തിയ പൈറേറ്റ്‌സ് ഓഫ് ദ് കരീബിയൻ: കഴ്‌സ് ഓഫ് ബ്ലാക്ക് പേൾ പുറത്തിറങ്ങിയത്. ഇതിലെ നായകകഥാപാത്രമായ ക്യാപ്റ്റൻ ജാക്ക് സ്പാരോയുടെ വേഷം ലോകമെമ്പാടും തരംഗം സൃഷ്ടിച്ചു. പിന്നീട് ടിംബർട്ടന്റെ ചാർലി ആൻഡ് ചോക്കലേറ്റ് ഫാക്ടറിയിലെ വില്ലി വോങ്ക എന്ന കഥാപാത്രം, പൈറേറ്റ്‌സ് ഓഫ് ദ് കരീബിയന്റെ തന്നെ ബ്ലോക്ബസ്റ്ററായി മാറിയ സീക്വലുകൾ, ജോൺ ഡിലിഞ്ചറിന്റെ കഥ പറഞ്ഞ പബ്ലിക് എനിമീസ്, ആലിസ് ഇൻ വണ്ടർലാൻഡ് തുടങ്ങി സുവർണലിപികളിൽ എഴുതിയ ഹിറ്റുകൾ.
2012 ആയതോടെ ഹോളിവുഡിലെ ഏറ്റവും വലിയ താരവും ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരവുമായി ജോണി ഡെപ് മാറി. പ്രതിവർഷം ഏഴരക്കോടി യുഎസ് ഡോളറായിരുന്നു അന്നു ഡെപ്പിന്റെ പ്രതിഫലം. സമ്പന്നമായ തന്റെ സിനിമാ കരിയറിൽ ഗോൾഡൻ ഗ്ലോബ്, സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് പുരസ്‌കാരങ്ങൾ, 3 ഓസ്‌കർ നാമനിർദേശങ്ങൾ, 2 ബാഫ്ത പുരസ്‌കാരങ്ങൾ എന്നിവ ഡെപ്പിനു ലഭിച്ചിട്ടുണ്ട്.
∙ തകർന്ന പ്രണയങ്ങൾ
സിനിമാജീവിതത്തിലെ സ്ഥിരതയും വിജയങ്ങളും ഡെപ്പിനു സ്വകാര്യജീവിതത്തിലോ കുടുംബജീവിതത്തിലോ ഉണ്ടായില്ല. ആദ്യമായി വിവാഹം കഴിച്ച ലോറി ആൻ അലിസനുമായി രണ്ടു വർഷം മാത്രമേ ബന്ധം നീണ്ടു നിന്നുള്ളൂ. എങ്കിലും ആംബർ ഹെഡുമായുള്ള കേസുകളുടെ വേളയിൽ ഡെപ്പിനു പിന്തുണയുമായി ലോറി എത്തിയിരുന്നു. ഗാർഹിക പീഡനമൊക്കെ നടത്തുന്ന രീതിയിൽ സ്വഭാവമുള്ളയാളല്ല താനറിയുന്ന ഡെപ്പെന്ന് അവർ പറഞ്ഞത് കേസിലെ നിർണായകമായ മൊഴികളിലൊന്നായിരുന്നു. ഇതിനു ശേഷം ജെന്നിഫർഗ്രേ എന്ന നടിയുമായി ഒരു ഹ്രസ്വകാല പ്രണയം. അതും അധികം നീണ്ടില്ല.
പിന്നീടാണ് ഡെപ്പിനെ ആകെ വിവശനാക്കിക്കളഞ്ഞ തീവ്രാനുരാഗം സംഭവിക്കുന്നത്. തന്റെ ആദ്യ ഹിറ്റ് ചിത്രമായ എഡ്വേഡ് സിസർഹാൻഡ്‌സിലെ നായികയായ വിനോന റൈഡറുമായിട്ടായിരുന്നു ഇത്. അക്കാലത്ത് ഹോളിവുഡ് പ്രേക്ഷകരുടെ ഡ്രീംഗേളായിരുന്നു വിനോന. പ്രണയം മൂത്ത് കൈയിൽ വിനോന ഫോർഎവർ എന്ന് ഡെപ്പ് ടാറ്റൂ ചെയ്തു. എന്നാൽ 3 വർഷത്തിനു ശേഷം ഈ ബന്ധവും തകർന്നു. വിനോന ഫോർഎവർ എന്ന ടാറ്റൂ വിനോ ഫോർഎവർ എന്നായി മാറി. ഇന്നും ആ പ്രണയകാലത്തിന്റെ അവശേഷിപ്പെന്ന നിലയിൽ ടാറ്റൂ ഡെപ്പിന്റെ കൈയിലുണ്ട്.
1994ൽ ഫാഷൻ മേഖലയിലെ തരംഗമായിരുന്നു ബ്രിട്ടിഷ് സൂപ്പർമോഡലായ കേറ്റ് മോസ്. ന്യൂയോർക്കിലെ ഒരു റസ്റ്ററന്റിൽ വച്ചാണു കേറ്റുമായി ഡെപ്പ് പ്രണയത്തിലായത്. 4 വർഷത്തോളം അതു നീണ്ടു നിന്നു. ഡെപ്പ് തന്നിൽനിന്നു വേർപിരിഞ്ഞ ശേഷം ഒരു വർഷം ദുഃഖാർത്തയായി താൻ കരഞ്ഞിരുന്നെന്ന് കേറ്റ് പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. കേറ്റുമായുള്ള ജീവിതകാലത്ത് ഡെപ്പ് അവരെ ഉപദ്രവിച്ചിരുന്നെന്നും സ്റ്റെയർകേസിൽ നിന്നു തള്ളിയിട്ടെന്നും ആംബർ ഹേഡ് മൊഴി കൊടുത്തിരുന്നു. എന്നാൽ കേറ്റ് മോസ് ഈ വാദങ്ങൾ തള്ളി. ഡെപ്പിനെ കേസിൽ വിജയിപ്പിച്ചതിൽ ഈ മൊഴിക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു.
പിന്നീട് ഫ്രഞ്ച് ഗായിക വനീസ പാരഡിസുമായുണ്ടായ ബന്ധമായിരുന്നു ഡെപ്പിന്റെ ജീവിതത്തിലെ ഏറ്റവും നീണ്ടു നിന്ന പ്രണയബന്ധം. 14 വർഷം ഇരുവരും ഒരുമിച്ചു താമസിച്ചു. രണ്ടു കുട്ടികളുമുണ്ടായി. എന്നാൽ ഡെപ്പും വനീസയും ഒരിക്കലും വിവാഹിതരായില്ല. 2012ൽ ഇരുവരും വേർപിരിയുകയും ചെയ്തു. 2015ൽ മൂന്നുവർഷത്തെ പ്രണയത്തിനൊടുവിലാണ് ആംബർ ഹെഡിനെ ഡെപ് വിവാഹം കഴിക്കുന്നത്. ഡെപ്പിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. 2 വർഷത്തിനു ശേഷം 2017ൽ ദമ്പതികൾ വേർപിരിഞ്ഞു. പിന്നീടായിരുന്നു ലോകശ്രദ്ധ നേടിയ നിയമനടപടികളുടെ തുടക്കം.
∙ വീണ്ടുമെത്തുമോ അപ്രമാദിത്വം?
കേസ് വിജയിച്ചെങ്കിലും ജോണി ഡെപ്പിന്റെ വീണ്ടുമുള്ള കരിയർ എങ്ങനെയാകുമെന്നതിൽ ഇപ്പോഴും ചർച്ചകളുണ്ട്. പൈറേറ്റ്‌സ് ഓഫ് ദ് കരീബിയൻ പരമ്പരയിലെ വരാനിരിക്കുന്ന ആറാം സിനിമയിൽനിന്നു ഡെപ്പിനെ ആംബർ ഹേഡ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഡിസ്‌നി നീക്കിയിരുന്നു. ഇപ്പോൾ കേസ് വിജയിച്ചതിനാൽ ഈ റോൾ വീണ്ടും അദ്ദേഹത്തിനു ലഭിക്കുമോ എന്നാണ് അറിയാനുള്ളത്. തിരിച്ചു തന്നാലും താൻ ഇനി ആ ചിത്രത്തിൽ അഭിനയിക്കില്ലെന്ന് ഡെപ്പ് നേരത്തേ പ്രസ്താവിച്ചിരുന്നു. പക്ഷേ ചാൻസ് ലഭിച്ചാൽ ഡെപ്പിനു മനംമാറ്റമുണ്ടായേക്കാമെന്ന് ഹോളിവുഡ് നിരീക്ഷകർ പറയുന്നു. പൈറേറ്റ്സ് ഓഫ് ദ് കരീബിയൻ അത്ര വലിയൊരു സംരംഭമാണ്. തനിക്കു പേരും പെരുമയും നൽകിയ ഈ പരമ്പരയിലെ ചിത്രത്തെ അങ്ങനെ വിട്ടുകളയാൻ ഡെപ്പ് തയാറാകില്ലെന്നും അവർ വിലയിരുത്തുന്നു.
കേസ് മാത്രമല്ല, ഡെപ്പിന്റെ മൊത്തത്തിലുള്ള സ്വഭാവവും അലസതയും ലഹരി ഉപയോഗവും പ്രൊഡക‌്ഷൻ കമ്പനികളെയും സംവിധായകരെയും വെറുപ്പിച്ചിരുന്നെന്ന് അഭ്യൂഹങ്ങളുണ്ട്. സെറ്റിൽ വളരെ വൈകിയെത്തുന്ന ഡെപ്പിനു വേണ്ടി മറ്റ് ക്രൂ അംഗങ്ങൾ മണിക്കൂറുകൾ കാത്തിരിക്കണമായിരുന്നത്രേ. ഇതെല്ലാം മൂലം വൻകിട പ്രൊഡക്‌ഷൻ കമ്പനികൾ കുറച്ചുകാലത്തേക്കെങ്കിലും അദ്ദേഹത്തെ പരിഗണിക്കാൻ സാധ്യത കുറവാണെന്ന് നിരീക്ഷകർ പറയുന്നു.
എന്നാൽ ഇപ്പോഴും വളരെ ശക്തവും ബൃഹത്തുമാണ് ജോണി ഡെപ്പിന്റെ ആരാധകവൃന്ദം. കേസ് നടപടികളുടെ സമയത്ത് അവരുടെ പിന്തുണ ലോകം കണ്ടതുമാണ്. അതിനാൽ തന്നെ കരിയറിന്റെ ആദ്യകാലത്തേതു പോലെ സ്വതന്ത്ര സിനിമകളിൽ അഭിനയിക്കാനാകും ഡെപ്പിന്റെ അടുത്ത ശ്രമം. വീണ്ടും ഹിറ്റുകൾ ജനിക്കുന്നതോടെ വലിയ ബജറ്റ് സിനിമകളിലേക്ക് അദ്ദേഹം തിരിച്ചെത്തുമെന്നും ആരാധകർ പ്രതീക്ഷിക്കുന്നു. ക്യാപ്റ്റൻ ജാക്ക് സ്പാരോയായി മറ്റൊരാൾ വരുന്നത് സങ്കൽപിക്കാൻ പോലുമാകില്ലെന്ന് അവർ പറയുന്നു. അത്രയ്ക്കുണ്ട് ആ കഥാപാത്രത്തിൽ തന്റെ പകർന്നാട്ടത്തിലൂടെ ജോണി ഡെപ്പ് സൃഷ്ടിച്ചുവച്ച ലെഗസി.
English Summary: A Complete Timeline of Hollywood Actor Johnny Depp's 'Filmy' and Controversial Life