ജീവിക്കാൻ വകയില്ലാതെ മകനെ അനാഥാലയത്തിലാക്കിയ അമ്മ; ‘റെയ്ബാൻ ശതകോടീശ്വരന്റെ’ അസാധാരണ കഥ

ഇതെന്റെ പുത്തൻ റെയ് ബാൻ ഗ്ലാസ്. ഇതു ചവിട്ടിപ്പൊട്ടിച്ചാൽ നിന്റെ കാലു ഞാൻ വെട്ടും’– സ്ഫടികം എന്ന സിനിമയിലുടനീളം മോഹൻലാലിന്റെ കഥാപാത്രം അണിഞ്ഞ റെയ് ബാൻ ഗ്ലാസ് ഒട്ടേറെപ്പേരുടെ ഹൃദയം കീഴടക്കിയിരുന്നു. ടോം ക്രൂസിന്റെ 1986 സിനിമ ടോപ് ഗൺ, റെയ് ബാൻ ഏവിയേറ്റർ എന്ന ബ്രാൻഡിനെ ലോകമെങ്ങുമെത്തിച്ചു......
ഇതെന്റെ പുത്തൻ റെയ് ബാൻ ഗ്ലാസ്. ഇതു ചവിട്ടിപ്പൊട്ടിച്ചാൽ നിന്റെ കാലു ഞാൻ വെട്ടും’– സ്ഫടികം എന്ന സിനിമയിലുടനീളം മോഹൻലാലിന്റെ കഥാപാത്രം അണിഞ്ഞ റെയ് ബാൻ ഗ്ലാസ് ഒട്ടേറെപ്പേരുടെ ഹൃദയം കീഴടക്കിയിരുന്നു. ടോം ക്രൂസിന്റെ 1986 സിനിമ ടോപ് ഗൺ, റെയ് ബാൻ ഏവിയേറ്റർ എന്ന ബ്രാൻഡിനെ ലോകമെങ്ങുമെത്തിച്ചു......
ഇതെന്റെ പുത്തൻ റെയ് ബാൻ ഗ്ലാസ്. ഇതു ചവിട്ടിപ്പൊട്ടിച്ചാൽ നിന്റെ കാലു ഞാൻ വെട്ടും’– സ്ഫടികം എന്ന സിനിമയിലുടനീളം മോഹൻലാലിന്റെ കഥാപാത്രം അണിഞ്ഞ റെയ് ബാൻ ഗ്ലാസ് ഒട്ടേറെപ്പേരുടെ ഹൃദയം കീഴടക്കിയിരുന്നു. ടോം ക്രൂസിന്റെ 1986 സിനിമ ടോപ് ഗൺ, റെയ് ബാൻ ഏവിയേറ്റർ എന്ന ബ്രാൻഡിനെ ലോകമെങ്ങുമെത്തിച്ചു......
ആത്മവിശ്വാസത്തെയും കഠിനാധ്വാനത്തെയും കൈമുതലാക്കി ലോകം കീഴടക്കിയ ബ്രാൻഡുകളുടെ ഉടമയായി മാറിയ ലിയനാർഡൊ ഡെൽ വെക്കിയൊ(87) കഴിഞ്ഞ ദിവസമാണു വിട പറഞ്ഞത്. അനാഥത്വവും പട്ടിണിയും നിറഞ്ഞ കുട്ടിക്കാലത്തു നിന്നു ഇറ്റാലിയൻ സമ്പന്നരിൽ ആദ്യ സ്ഥാനക്കാരുടെ പട്ടികയിലേക്കുള്ള അദ്ദേഹത്തിന്റെ വളർച്ച ഒരു സിനിമാക്കഥ പോലെ ആശ്ചര്യവും കൗതുകവും നിറഞ്ഞതാണ്. റെയ്ബാൻ, ഓക്‌ലി തുടങ്ങിയ ലോകോത്തര ബ്രാൻഡുകളുടെ ഉടമസ്ഥരായ എസിലോർ ലക്സോട്ടിക്കയുടെ ചെയർമാനായ ഡെൽ വെക്കിയോ 2022ലെ ഫോബ്സ് പട്ടിക അനുസരിച്ചു ലോക സമ്പന്നരിൽ 52–ാം സ്ഥാനക്കാരനായിരുന്നു. ഇറ്റാലിയൻ സമ്പന്നരിൽ ന്യൂട്ടെല്ല നിർമാതാവ് ജിയൊവാണി ഫെരെരോയ്ക്കു പിന്നിൽ രണ്ടാമത്. ഫോബ്സ് കണക്കനുസരിച്ച് വരുമാനം 2730 കോടി യുഎസ് ഡോളർ (ഏകദേശം 2.12 ലക്ഷം കോടി രൂപ). ജീവിക്കാൻ വകയില്ലാതെ, സ്വന്തം മകനെ അനാഥാലയത്തിൽ എത്തിക്കേണ്ടി വന്ന ഒരു അമ്മയുടെ കഥയുമുണ്ട് ഈ ശതകോടീശ്വരന്റെ ജീവിതത്തിനു പിന്നിൽ. അല്ലെങ്കിൽ മകൻ പട്ടിണി കിടന്നു മരിക്കുമായിരുന്നു. പക്ഷേ വിധി ആ കുട്ടിക്കു വേണ്ടി കാത്തുവച്ചത് മറ്റൊരു കഥയായിരുന്നു. അല്ലെങ്കിൽ തനിക്കു വേണ്ടി വിധിയെ മാറ്റിക്കുറിക്കുകയായിരുന്നു അവൻ. ലോകമെമ്പാടുമുള്ള ഓരോരുത്തരെയും ഇന്നും പ്രചോദിപ്പിക്കുന്ന ആ ജീവിതത്തിലേക്ക്...
∙ അനാഥത്വത്തിൽനിന്നു തുടക്കം...
ഇറ്റലിയിലെ മിലാനിൽ തെരുവിൽ പച്ചക്കറി വിൽക്കുന്ന ജോലിയായിരുന്നു ഡെൽ വെക്കിയോയുടെ പിതാവിന്. വെക്കിയോയുടെ ജനനത്തിനു 5 മാസം മുൻപ് പിതാവ് മരിച്ചതോടെ കടുത്ത പ്രതിസന്ധിയിലേക്കായിരുന്നു ജനനം; 1935 മേയ് 22ന്. നാലു മക്കളെയും പോറ്റാൻ വിഷമിച്ച അദ്ദേഹത്തിന്റെ അമ്മ ഗ്രാസിയ റോക്കോ മിലൻ നഗരത്തിലെ അനാഥാലയത്തിലേക്കു മകനുമായെത്തി. തന്റെ മകനെ അവിടെ പ്രവേശിപ്പിക്കണമെന്നായിരുന്നു ആവശ്യം. അന്ന് 1942ൽ ഡെൽ വെക്കിയോയുടെ പ്രായം 7 വയസ്സ്. നാലു സഹോദരങ്ങള്‍ക്കൊപ്പം വെക്കിയോയെയും പോറ്റാനുള്ള ശേഷി ആ അമ്മയ്ക്കുണ്ടായിരുന്നില്ല.
‘മകനെ നോക്കാനും സംരക്ഷിക്കാനും എനിക്കാരുമുണ്ടായിരുന്നില്ല’ ഇറ്റലിയിലെ മാർട്ടിനിറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓർഫനേജിലേക്കു റോക്കോ അയച്ച കത്തിൽ ഇങ്ങനെ പറയുന്നു. പതിറ്റാണ്ടുകൾ ആരും തൊടാതെ അവരുടെ ഫയലിൽ സൂക്ഷിച്ചിരുന്ന കത്തിലെ വിവരങ്ങൾ ഏറെക്കാലത്തിനു ശേഷമാണു പുറത്തുവരുന്നത്. മകനെ പട്ടിണി മരണത്തിൽനിന്നു രക്ഷിക്കുക എന്ന ഒറ്റലക്ഷ്യം മാത്രമായിരുന്നു ഫാക്ടറി ജോലിക്കാരിയായിരുന്ന റോക്കോയുടെ മനസ്സിൽ. പിന്നീടുള്ള 7 വർഷം ആ ഓർഫനേജായിരുന്നു ഡെൽ വെക്കിയോയുടെ വീട്. പതിനാലാം വയസ്സിൽ ജോലി ചെയ്യാൻ വേണ്ടി അദ്ദേഹം അനാഥാലയം വിട്ടു. ഒരു ‘മികവുറ്റ ക്രാഫ്റ്റ്മാനായി’ മാറുക എന്നതായിരുന്നു ലക്ഷ്യം. പട്ടിണി മാറ്റാൻ അതു മാത്രമാണു മാർഗമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ആരുടെയും നിർദേശങ്ങൾ അനുസരിക്കാതെ സ്വന്തം ഇഷ്ടത്തിനു ജീവിതം കെട്ടിപ്പടുക്കാനും അദ്ദേഹം മോഹിച്ചു.
∙ ‘കണ്ണട’ച്ചു തുറന്നപ്പോൾ മാറിയ ജീവിതം
മിലാനിൽ ടൂൾ ആൻഡ് ഡൈ മേക്കറായാണു ഡെൽ വെക്കിയോയുടെ ജീവിതത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നത്. നിർമാണ മേഖലയിൽ ഏറെ വൈദഗ്ധ്യം വേണ്ട ജോലിയായിരുന്നു അത്. അതിനു ശേഷമാണു കണ്ണടയുടെ ഭാഗങ്ങൾ നിർമിക്കുന്ന ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മിലാനു സമീപത്തെ ചെറു ഗ്രാമമായ അഗോർഡോ കേന്ദ്രമാക്കി 1961ൽ അദ്ദേഹം ലക്സോട്ടിക്ക ആരംഭിച്ചു. Luce (പ്രകാശം), ottica (ദൃഷ്‌ടി) എന്നീ വാക്കുകളിൽനിന്നായിരുന്നു ലക്സോട്ടിക്ക എന്ന പേരിട്ടത്. കണ്ണടയുടെ ഭാഗങ്ങൾ കരാറെടുത്തു നിർമിച്ചു നൽകുന്ന സ്ഥാപനം ആരംഭിക്കുമ്പോൾ അദ്ദേഹത്തിനു പ്രായം 25 മാത്രം. മെറ്റൽ വർക്കുമായി ബന്ധപ്പെട്ട് അപ്രന്റിസായി നിന്ന് ആർജിച്ചെടുത്ത കഴിവും ഈ മേഖലയിൽ വെക്കിയോയ്ക്കു ഗുണം ചെയ്തു. അന്ന് ഇറ്റലിയിലെ കണ്ണട നിർമാണത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു അഗോർഡോ. ഇന്നും ഇറ്റലിയുടെ വടക്കു പടിഞ്ഞാറൻ ഭാഗത്തുള്ള ഡോലോമൈറ്റ് പർവതനിരകളോടു ചേർന്നുള്ള അഗോർഡോയിൽ തന്നെയാണ് ലക്‌സോട്ടിക്കയുടെ പ്രധാന പ്ലാന്റിന്റെ പ്രവർത്തനം.
സുഹൃത്തുക്കൾക്കൊപ്പം പാർട്ണർഷിപ്പിലായിരുന്നു ലക്സോട്ടിക്കയുടെ ആരംഭം. 1967ൽ പൂർണമായുള്ള കണ്ണട ഫ്രെയിമുകൾ ലക്സോട്ടിക്ക ബ്രാൻഡിൽ പുറത്തിറങ്ങാൻ തുടങ്ങി. അപ്പോഴേക്കും കോണ്ടാക്ട് ലെൻസ് വിപണിയും സജീവമായിത്തുടങ്ങിയിരുന്നു. 1971ൽ ആ മേഖലയിലേക്കും വെക്കിയോ കാൽവച്ചു. പത്തു വർഷത്തിനിപ്പുറം 1981ൽ ജർമനിയിലേക്കും ലക്സോട്ടിക്കയുടെ വ്യാപാരം കടന്നു. അതുവരെ ചെറിയ ഇടപാടുകളുമായി മുന്നേറിയ കമ്പനി കൂടുതൽ സജീവമാകുന്നത് 1988ലാണ്. പ്രശസ്തമായ ഇറ്റാലിയൻ കമ്പനി, അർമാനി ഗ്രൂപ്പുമായി ലൈസൻസിങ് കരാറിൽ ഏർപ്പെട്ടതോടെയായിരുന്നു അത്.
അർമാനിക്കു വേണ്ടി കണ്ണട ഭാഗങ്ങൾ നിർമിക്കാൻ ആരംഭിച്ചതോടെ കമ്പനിയുടെ പുതിയ കുതിപ്പ് ആരംഭിച്ചു.
രണ്ടു വർഷത്തിനു ശേഷം 1990ൽ ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ കമ്പനി ലിസ്റ്റ് ചെയ്തു. ഇംഗ്ലിഷ് സംസാരിക്കാനറിയാത്ത, മാധ്യമങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെടാൻ മടിച്ച, അൽപം ഉൾവലിഞ്ഞു നിൽക്കുന്ന പ്രകൃതക്കാരനായ ലിയനാർഡൊ ഡെൽ വെക്കിയൊ എങ്ങനെ ന്യൂയോർക്കിൽ പച്ച പിടിക്കുമെന്ന് അദ്ഭുതപ്പെട്ടവർ ഏറെ. എന്നാൽ തന്റെ ഉൽപന്നങ്ങൾ തനിക്കു വേണ്ടി സംസാരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ആത്മവിശ്വാസം. മാത്രവുമല്ല, സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ടതോടെ മറ്റു ബ്രാൻഡുകൾ ഏറ്റെടുക്കുന്നതിനും വെക്കിയൊ വേഗം കൂട്ടി.
∙ ആരുമറിയാത്ത ജീവിതം
കയറ്റിറങ്ങളാൽ സങ്കീർണവും സിനിമാക്കഥ പോലെ ജിജ്ഞാന നിറഞ്ഞതുമായിരുന്നെങ്കിലും തന്റെ ജീവിതം പുറത്തുപറയാൻ അദ്ദേഹം താൽപര്യപ്പെട്ടില്ല. മാധ്യമങ്ങൾക്കു മുന്നിൽ സംസാരിച്ചതു തന്നെ വളരെ അപൂർവമായി മാത്രം. അനാഥാലയത്തിലെ പഴയ ഫയലുകൾ പരിശോധിക്കാൻ അദ്ദേഹം താൽപര്യപ്പെട്ടില്ല. ‘ഞാൻ എന്തു ചെയ്താലും അത് ഏറ്റവും മികച്ചതാകണമെന്ന് ആഗ്രഹിച്ചു. അതിനു വേണ്ടി പരിശ്രമിച്ചു. ഒന്നും എന്നെ തൃപ്തിപ്പെടുത്തിയില്ല’ തന്റെ ജീവിതത്തെക്കുറിച്ച് ഒരിക്കൽ അദ്ദേഹം മനസ്സ് തുറന്നതിങ്ങനെ.
ദിവസം 20 മണിക്കൂർ വരെ അദ്ദേഹം ജോലി ചെയ്തു. മെറ്റൽ ഷോപ്പിൽ ജോലി ചെയ്ത ആദ്യ നാളുകളിൽ 10 ദിവസത്തെ അധ്വാനത്തിനു 15 യൂറോ മാത്രം പ്രതിഫലം ലഭിച്ച കാലത്തിൽ നിന്നാണ് അദ്ദേഹത്തിന്റെ വളർച്ചയെന്നോർക്കണം. വേദനകൾ അദ്ദേഹം ഉള്ളിലൊതുക്കി. ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന സമയത്ത് അപകടത്തിൽ ഇടതു കയ്യിലെ ചൂണ്ടുവിരലിന്റെ ഭാഗം അറ്റുപോയത് ദിവസങ്ങൾക്കു ശേഷമാണു സഹപ്രവർത്തകർ പോലും അറിയുന്നത്.
ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന ആദ്യ നാളുകളിൽ സഹപ്രവർത്തകർക്ക് ഉച്ചഭക്ഷണം വാങ്ങി നൽകുക എന്ന ജോലികൂടിയുണ്ടായിരുന്നു ഡെൽ വെക്കിയോ എന്ന ബാലന്. സാമ്പത്തികമായി ഏറെ ക്ലേശിച്ചു നിൽക്കുന്ന സമയത്ത് ആ ബാലന് അമ്മയുടെ കാബേജ് സൂപ്പ് മാത്രമായിരുന്നു ഉച്ചഭക്ഷണം. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഇറ്റലിയുടെ തളർച്ചയ്ക്കും വളർച്ചയ്ക്കുമൊപ്പമായിരുന്നു ഡെൽ വെക്കിയോയുടെ സഞ്ചാരം. ജിയോർജിയോ അർമാനിയെപ്പോലുള്ളവരായിരുന്നു അദ്ദേഹത്തിന്റെ സമകാലീനർ. ‘ഞങ്ങളെ വല്ലാതെ ഉലയ്ക്കുന്ന അതികഠിനമായ സമയങ്ങൾ ഞങ്ങൾ നേരിട്ടിട്ടുണ്ട്. യുദ്ധത്തിന്റെയും പുതുനിർമാണത്തിന്റെയും കാലഘട്ടങ്ങൾ. കയ്യിൽ ഒന്നുമുണ്ടായിരുന്നില്ല. ഏറ്റവും അടിത്തട്ടിൽനിന്നു തന്നെ ഞങ്ങൾക്കു തുടങ്ങേണ്ടിയിരുന്നു’– ജിയോർജിയോ അർമാനി ഒരു അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ.
∙ റെയ് ബാനും സ്വന്തം
‘ഇതെന്റെ പുത്തൻ റെയ് ബാൻ ഗ്ലാസ്. ഇതു ചവിട്ടിപ്പൊട്ടിച്ചാൽ നിന്റെ കാലു ഞാൻ വെട്ടും’– സ്ഫടികം എന്ന സിനിമയിലുടനീളം മോഹൻലാലിന്റെ കഥാപാത്രം അണിഞ്ഞ റെയ് ബാൻ ഗ്ലാസ് ഒട്ടേറെപ്പേരുടെ ഹൃദയം കീഴടക്കിയിരുന്നു. ടോം ക്രൂസിന്റെ 1986 സിനിമ ടോപ് ഗൺ, റെയ് ബാൻ ഏവിയേറ്റർ എന്ന ബ്രാൻഡിനെ ലോകമെങ്ങുമെത്തിച്ചു. ആ റെയ്ബാൻ, ലക്സോട്ടിക്കയുടെയും ഡെൽ വെക്കിയോയുടെയും കൈവശം എത്തിയിട്ട് പക്ഷേ, അധികമായില്ല.
1936ലാണ് അമേരിക്കൻ കമ്പനിയായ ബോഷ് ആൻഡ് ലോംബ് സൺ ഗ്ലാസും കണ്ണടയും നിർമിക്കുന്ന റെയ്ബാൻ എന്ന ലക്ഷ്വറി വിഭാഗം ആരംഭിക്കുന്നത്. ഇതിനു കാരണക്കാരനായത് യുഎസ് ആർമിയുടെ എയർ വിഭാഗത്തിൽ കേണലായിരുന്ന ജോൺ എ. മക്കാർഡെയും. ബോഷ് ആൻഡ് ലോംബിൽ ജോലി ചെയ്തിരുന്ന അദ്ദേഹമാണു യുദ്ധ പൈലറ്റുമാർക്കു വേണ്ടി സൺഗ്ലാസുകൾ നിർമിക്കാനുള്ള നീക്കത്തിനു ചുക്കാൻ പിടിച്ചത്. അങ്ങനെയാണു റെയ് ബാന്റെ ജനനം. 1999ൽ ഏകദേശം 64 കോടി ഡോളറിനു ലക്‌സോട്ടിക്ക റെയ് ബാൻ ഏറ്റെടുത്തു. കണ്ണട ബ്രാൻഡുകളായ ഓക്‌ലിയും സൺഗ്ലാസ് ഹട്ടുമെല്ലാം വൈകാതെ വെക്കിയോയുടെ സാമ്രാജ്യത്തിന്റെ ഭാഗമായി. 210 കോടി ഡോളർ മുടക്കിയായിരുന്നു 2007ൽ ഓക്‌ലി കമ്പനിയെ ഏറ്റെടുത്തത്. ലക്സോട്ടിക്ക ലോകോത്തര കണ്ണട ബ്രാൻഡായി വളരുകയായിരുന്നു.
∙ വൻ തിരിച്ചുവരവ്
കമ്പനിയെ പുതിയ ഉയരങ്ങളിലെത്തിച്ചതോടെ അൽപം വിശ്രമിക്കാനായി ഡെൽ വെക്കിയോയുടെ തീരുമാനം. 2004ൽ കമ്പനിയുടെ ദൈനംദിന ജോലികളിൽ നിന്ന് അദ്ദേഹം പിൻമാറി. തന്റെ വിശ്വസ്തനായ മാനേജർ ആൻഡ്രിയ ഗുരേരയെ തന്റെ സ്ഥാനത്തു നിയോഗിച്ചു. പക്ഷേ, ഒരു കാഴ്ചക്കാരനായി ഇരിക്കാൻ അദ്ദേഹത്തിനു സാധിക്കുമായിരുന്നില്ല. 2014ൽ തന്റെ 79–ാം വയസിൽ കമ്പനിയുടെ മുഖ്യനിരയിലേക്ക് അദ്ദേഹം മടങ്ങിവരവ് പ്രഖ്യാപിച്ചു. കമ്പനിയുടെ വരുമാനം ഇരട്ടിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. അതോടെ, വർഷങ്ങളായി കമ്പനിയിൽ സേവനം ചെയ്തിരുന്ന 3 പ്രധാന ഉദ്യോഗസ്ഥർ രാജിവച്ചു. എന്നാൽ തീയിൽ കുരുത്തത് എങ്ങനെ വെയിലത്തു വാടാൻ. 2018ൽ ഫ്രാൻസിലെ എസിലോറുമായി കൈകോർത്തതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഐ വെയർ ഗ്രൂപ്പായി എസിലോർ ലക്സോട്ടിക്ക മാറി. 7000 കോടിയോളം ഡോളറായിരുന്നു പുതിയ കൂട്ടുകെട്ടിന്റെ വിപണി മൂല്യം.
മൂന്നു പങ്കാളികളിലായി ആറു മക്കൾ. എന്നാൽ ഇവരെയൊന്നും ഡെൽ വെക്കിയോ തന്റെ കമ്പനിയുടെ ചുമതല ഏൽപ്പിച്ചില്ല. കമ്പനിക്കു വേണ്ടി തന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗം നൽകേണ്ടി വന്നുവെന്നും മക്കൾക്കൊപ്പം ചെലവഴിക്കാൻ സമയം ലഭിച്ചില്ലെന്നും ഒരിക്കൽ അദ്ദേഹം പറഞ്ഞു. ‘ഞാൻ എന്റെ എല്ലാം ജോലിക്കു വേണ്ടി നൽകി. ഫാക്‌ടറിയിലായിരുന്നു എന്റെ യഥാർഥ ജീവിതം’. അദ്ദേഹത്തിന്റെ മകൻ ക്ലൗഡിയോയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ‘ബ്രൂക്ക്സ് ബ്രദേഴ്സ്’ എന്ന വസ്ത്ര ശൃംഖല കടക്കെണിയിലാവുകയും 2020 ജൂലൈയിൽ സൈമൺ പ്രോപ്പർട്ടി ഗ്രൂപ്പിന്റെ കീഴിലായ സ്ഥാപനം വെക്കിയോ ഏറ്റെടുക്കുകയും ചെയ്തതു മറ്റൊരു കഥ.
ഏതാനും ആഴ്ചകൾക്കു മുൻപ്, തന്റെ 87–ാം ജൻമദിനമാഘോഷിച്ച മേയ് 22ന് ഡെൽ വെക്കിയോ മറ്റൊരു സ്വപ്നം പങ്കുവച്ചിരുന്നു. എസിലോർ– ലക്സോട്ടിക്കയെ നിലവിലെ 6600 കോടി യൂറോ കമ്പനിയിൽ നിന്നു 10,000 കോടി യൂറോ കമ്പനിയാക്കി മാറ്റുക. ആ സ്വപ്നത്തിലേക്ക് എത്തുന്നതിനു മുൻപ് അദ്ദേഹം വിടപറഞ്ഞു, മറ്റൊരു ലോകത്തിരുന്ന് കമ്പനിയുടെ കുതിപ്പു കാണാൻ വേണ്ടി.
English Summary: The Rag to Riches Story of Leonardo Del Vecchio, the Ray-ban Billionaire