‘എനിക്കു നിങ്ങളുടെ ഹൃദയം തരൂ, എതിരാളിയുടെ മക്കളെ ഞാൻ ഭക്ഷിക്കും’
പ്രപഞ്ചത്തിലെ ഏറ്റവും മോശം മനുഷ്യന്റെ’ ജീവിതത്തിൽ അറിയാതെയും പറയാതെയും പോയ പല കാര്യങ്ങളുമുണ്ട്. റിങ്ങിനകത്തും പുറത്തും തീർത്ത പുറംചട്ടയ്ക്കുള്ളിൽ മറ്റൊരു മൈക്ക് ടൈസൻ ഉണ്ടായിരിക്കാം. എന്നാൽ ഇടിക്കൂട്ടിലും പുറത്തും ഇനിയൊരു മൈക്ക് ടൈസൻ ഉണ്ടാവാൻ വഴിയില്ല!.......
പ്രപഞ്ചത്തിലെ ഏറ്റവും മോശം മനുഷ്യന്റെ’ ജീവിതത്തിൽ അറിയാതെയും പറയാതെയും പോയ പല കാര്യങ്ങളുമുണ്ട്. റിങ്ങിനകത്തും പുറത്തും തീർത്ത പുറംചട്ടയ്ക്കുള്ളിൽ മറ്റൊരു മൈക്ക് ടൈസൻ ഉണ്ടായിരിക്കാം. എന്നാൽ ഇടിക്കൂട്ടിലും പുറത്തും ഇനിയൊരു മൈക്ക് ടൈസൻ ഉണ്ടാവാൻ വഴിയില്ല!.......
പ്രപഞ്ചത്തിലെ ഏറ്റവും മോശം മനുഷ്യന്റെ’ ജീവിതത്തിൽ അറിയാതെയും പറയാതെയും പോയ പല കാര്യങ്ങളുമുണ്ട്. റിങ്ങിനകത്തും പുറത്തും തീർത്ത പുറംചട്ടയ്ക്കുള്ളിൽ മറ്റൊരു മൈക്ക് ടൈസൻ ഉണ്ടായിരിക്കാം. എന്നാൽ ഇടിക്കൂട്ടിലും പുറത്തും ഇനിയൊരു മൈക്ക് ടൈസൻ ഉണ്ടാവാൻ വഴിയില്ല!.......
‘ഇഫ് യു തിങ്ക് യു ആർ ബാഡ്, അയാം യുവർ ഡാഡ്.’ ബ്രഹ്മാണ്ഡ ചിത്രം കെജിഎഫിലെ റോക്കി ഭായിയുടെ ഈ പഞ്ച് ഡയലോഗാണ് മൈക്ക് ടൈസന്റെ ജീവിതത്തിലെ ആപ്തവാക്യം എന്നു തോന്നിപ്പോകും. പ്രപഞ്ചത്തിലെ ഏറ്റവും ‘മോശം മനുഷ്യ’നെന്ന (ബാഡസ്റ്റ് മാൻ ഓൺ ദ് പ്ലാനെറ്റ്) ഒരൊറ്റ വിശേഷണത്തിൽ ഒതുങ്ങും ടൈസന്റെ സ്വഭാവത്തിന്റെ സകല ചേരുവയും. ക്ലോസ് റേഞ്ചിൽ മുഖം ലക്ഷ്യമാക്കി വരുന്ന ടൈസന്റെ കരുത്തുറ്റ പഞ്ചുകളെപ്പറ്റിയാകും ഇടിക്കൂട്ടിൽ നേർക്കുനേർ നിന്നിട്ടുള്ളവർക്കു പറയാനുണ്ടാകുക. ആൾ ‘അടിമുടി ഹെവി’യാണെന്ന കാര്യത്തിൽ റിങ്ങിലെയോ അതല്ല സ്ക്രീനിലെയോ പ്രകടനം കണ്ടിട്ടുള്ള ആരാധകർക്കും തർക്കമുണ്ടാകില്ല. സൂപ്പർ താരങ്ങൾ ബിഗ്സ്ക്രീനിൽ കാണിക്കുന്ന മാസ് നാണിച്ചുപോകുന്ന പല ഐറ്റംസും റിയൽലൈഫിൽ പച്ചയ്ക്കു കാണിച്ചാണല്ലോ ടൈസനു ശീലം! ഇടിക്കൂട്ടിലും പുറത്തും തന്റേതായ നിയമങ്ങളിൽ മാത്രം ജീവിക്കുന്ന ആളാണു ടൈസൻ. ആദ്യത്തെ 19 ബോക്സിങ് മത്സരങ്ങളിലും എതിരാളികളെ നിലം പറ്റിച്ചത് നോക്കൗട്ടിലൂടെ. ഹെവിവെയ്റ്റ് ചാംപ്യൻഷിപ് കുത്തകയാക്കി വച്ചത് വർഷങ്ങളോളം. ഒടുവിൽ കളി കൈവിട്ടപ്പോൾ അറ്റകൈ പ്രയോഗം എന്ന നിലയ്ക്ക് പ്രതിയോഗി ഇവാൻ ഹോളിഫീൽഡിന്റെ ചെവി കടിച്ചുപറിച്ച ആളാണ് ബോക്സിങ് റിങ്ങിലെ ടൈസൻ. അടിമുടി പരുക്കൻ. റിങ് വിട്ടു താഴേക്കിറങ്ങിയാലും ഈ സ്വഭാവത്തിനു യാതൊരു മാറ്റവുമില്ല. കാണികളെ ഏറെ ചിരിപ്പിച്ച ഹോളിവുഡ് ചിത്രമായ ‘ദ് ഹാങ്ങോവർ’ മൂവി സീരിസിന്റെ രണ്ടാം ഭാഗത്തിൽ കടുവയെ ഓമനിച്ചു വളർത്തുന്ന, യാതൊരു ദാക്ഷിണ്യവുമില്ലാത്ത ‘ഒറിജിനൽ’ മൈക്ക് ടൈസനായിത്തന്നെ താരം അഭിനയിച്ചിട്ടുണ്ട്. പുരി ജഗന്നാഥ് സംവിധാനം ചെയ്ത് ലൈഗർ എന്ന സ്പോർട്സ് ചിത്രത്തിലൂടെ ടൈസൻ ഇന്ത്യൻ സിനിമയിലേക്കും അപ്രതീക്ഷിതമായി വരവറിയിച്ചിരിക്കുന്നത്. മിക്സഡ് മാർഷ്യൽ ആർട്സ് പ്രമേയമാക്കുന്ന ടൈസന്റെ അരങ്ങേറ്റ ചിത്രത്തിലെ ഫൈറ്റ് സീനുകൾ ഹോളിവുഡ് നിലവാരത്തിലാണെന്ന് സിനിമാ നിരൂപകർ അഭിപ്രായപ്പെട്ടു കഴിഞ്ഞു. സിനിമാക്കഥയെ വെല്ലുന്ന നിഗൂഢതകളും ഒപ്പം വിവാദങ്ങളും വിടാതെ പിന്തുടർന്ന ടൈസന്റെ ജീവിതം ഇതാ!
∙ മയമില്ലാത്ത ഇടി
1985 മുതൽ 2005 വരെയാണ് മൈക്ക് ടൈസൻ റിങ്ങിനുള്ളിൽ ‘ചോരചിന്തിയ’ പ്രകടനങ്ങൾ കാഴ്ച വച്ചത്. ആദ്യത്തെ 19 മത്സരങ്ങളിലും നോക്കൗട്ടിലൂടെയാണ് ജയം നേടിയത്. അതിൽ പന്ത്രണ്ട് മത്സരങ്ങളിലും ആദ്യ റൗണ്ടിൽത്തന്നെ എതിരാളിയെ ഇടിച്ചിട്ടു. 1985 മാർച്ച് 18ന് ആദ്യമായി ബോക്സിങ്ങിൽ മത്സരിച്ച മൈക്ക് ടൈസൻ 1986 നവംബറിൽ തന്റെ 20–ാം വയസ്സിൽതന്നെ വേള്‍ഡ് ബോക്സിങ് കൗൺസിലിന്റെ ഹെവിവെയ്റ്റ് ചാംപ്യൻഷിപ്പിൽ ട്രെവർ ബെർബിക്കിനെ തോൽപിച്ച് ചരിത്രത്തിലെ പ്രായം കുറഞ്ഞ ബോക്സിങ് ചാംപ്യനായി മാറി. ആകെ പോരടിച്ച 58 മത്സരങ്ങളിൽ 50 എണ്ണവും ജയം. അതിൽ 44 എണ്ണവും നോക്കൗട്ടിലൂടെ എന്നുള്ളത് ടൈസനെ ഇടിക്കൂട്ടിലെ എതിരാളികളുടെ പേടിസ്വപ്നമാക്കി. 1980കളുടെ അവസാനത്തോടെ ചരിത്രത്തിലെത്തന്നെ ഏറ്റവും പ്രശസ്തനായ ബോക്സർമാരിൽ ഒരാളായി ടൈസൻ മാറി.
പണം കുമിഞ്ഞുകൂടിയതോടെ ജീവിതപങ്കാളികളും പല തവണ മാറി. ഇതുവരെ മൂന്നു ഭാര്യമാരാണ് ടൈസന്റെ ജീവിതത്തിലുണ്ടായത്. വിവാഹം കഴിഞ്ഞ് വെറും മൂന്നു മാസത്തിനുശേഷമുള്ള ഒരു ടെലിവിഷൻ അഭിമുഖത്തിലാണ് സ്വകാര്യ ജീവിതത്തിലും ടൈസൻ ‘അപകടകാരി’യാണെന്ന് ആദ്യ ഭാര്യ റോബിൻ ഗിവൻസ് ലോകത്തോടു വെളിപ്പെടുത്തിയത്. ടൈസൻ തന്നെ പീഡിപ്പിക്കുകയാണെന്നും ജീവിതം നരകതുല്യമായെന്നും ചിന്തിക്കാൻ പോലും കഴിയാത്തത്ര ദുരിതമാണെന്നും റോബിൻ ഗിവൻസ് തുറന്നുപറഞ്ഞു. ഇതെല്ലാം തനിക്കു താങ്ങാൻ കഴിയുമെന്നു കരുതിയിരുന്നെന്നും എന്നാൽ ഇപ്പോൾ താൻ ഒരുപാട് ഭയപ്പെടുന്നതായും അവർ വെളിപ്പെടുത്തി. അധികം വൈകാതെ നിയമപരമായി ഇവർ വേർപിരിഞ്ഞു. അപ്പോഴും റിങ്ങിനുള്ളിൽ ൈടസന് വിജയഗാഥ മാത്രമാണുണ്ടായിരുന്നത്.
∙ ഞെട്ടിച്ച തോൽവി
എന്നാൽ 1990ൽ ബോക്സിങ് ആരാധകരെ ഞെട്ടിച്ചു കൊണ്ട് ടോക്കിയോയിൽ നടന്ന മത്സരത്തിൽ എതിരാളിയായ ബസ്റ്റർ ഡഗ്ലസ് 10 റൗണ്ട് നീണ്ട പോരാട്ടത്തിനൊടുവിൽ ടൈസനെ തോൽപ്പിച്ചുകൊണ്ട് പുതിയ അൺഡിസ്പ്യൂട്ടഡ് ഹെവിവെയ്റ്റ് ചാംപ്യനായി.
ബോക്സിങ് ചരിത്രത്തിലെ എക്കാലത്തെയും വലിയ അട്ടിമറികളിൽ ഒന്നായാണ് ഇതു വിലയിരുത്തപ്പെടുന്നത്. അതുവരെ തോൽവി അറിയാതിരുന്ന ടൈസനെയാണ് ലോക റാങ്കിങ്ങിൽ 7–ാം സ്ഥാനക്കാരനായ ഡഗ്ലസ് വീഴ്ത്തിയത്. അതും നോക്കൗട്ടിലൂടെ!
പരിശീലനത്തിൽ ശ്രദ്ധിക്കാതിരുന്നതും മത്സരത്തിനു മുൻപ് ലഹരി ഉപയോഗിച്ചതുമാണ് തന്റെ തോൽവിക്കു കാരണമെന്നു ടൈസൻതന്നെ പിന്നീട് വെളിപ്പെടുത്തി. ജപ്പാനിൽ താൻ സമീപിച്ച ലൈംഗികത്തൊഴിലാളികളുടെ എണ്ണവും തന്റെ തോൽവിക്കു വഴിയൊരുക്കിയെന്ന് അദ്ദേഹം പിൽകാലത്തു മാധ്യമങ്ങളോടു പറഞ്ഞു.
ഡഗ്ലസുമായുള്ള മത്സരം നടക്കുന്നതിന്റെ തലേദിവസം രാത്രി താൻ ടൈസനൊപ്പം ഉണ്ടായിരുന്നെന്നും രാത്രി ഏറെ വൈകിയും തങ്ങൾ ഇരുവരും ഉല്ലസിച്ചിരുന്നതായും ഗായകൻ ബോബി ബ്രൗൺ തന്റെ ആത്മകഥയിൽ പിന്നീടു വെളിപ്പെടുത്തിയിട്ടുണ്ട്. ഡഗ്ലസ് ശരാശരി നിലവാരം പോലുമില്ലാത്ത ബോക്സറാണെന്ന് അഭിപ്രായപ്പെട്ട ടൈസൻ, 5 ആഴ്ച ഉറങ്ങാതിരുന്നതിനു ശേഷം മത്സരിച്ചാലും താൻ ഡഗ്ലസിനെ തോൽപിക്കുമെന്നു വീമ്പു പറഞ്ഞതായും ആത്മകഥയിലുണ്ട്. ആൻഡ്രൂ ഗലോട്ടയോടൊപ്പമുള്ള മത്സരത്തിനു മുൻപു താൻ കഞ്ചാവ് ഉപയോഗിച്ചിരുന്നുവെന്നും ടൈസൻ തുറന്നു പറഞ്ഞിട്ടുണ്ട്.
∙ പീഡനം, തടവ്, കടി
1992ൽ പതിനെട്ടുകാരിയെ മോഡലിനെ പീഡിപ്പിച്ച കേസിൽ ഇരുപത്തിയഞ്ചുകാരനായ മൈക്ക് ടൈസനെ കോടതി ആറു വർഷം തടവിനു ശിക്ഷിച്ചു. ഇതോടെയാണു ടൈസന്റെ ബോക്സിങ് കരിയറിന് അപ്രതീക്ഷിത ബ്രേക്ക് വന്നത്. തടവു കാലത്തു പോലും തന്നെ കാണാൻ സ്ത്രീകൾ എത്തുമായിരുന്നുവെന്നും ഒന്നിലധികം സ്ത്രീകളോടൊത്ത് കിടക്ക പങ്കിടുന്നത് തനിക്ക് ഇഷ്ടമാണന്നും ടൈസൻ പലപ്പോഴായി ലോകത്തോട് പറഞ്ഞു. മൂന്നു വർഷത്തിനു ശേഷമാണു ജയിൽ മോചിതനായത്.
ഇരുമ്പഴികൾക്കു പിന്നിൽനിന്നും കളിക്കളത്തിലേക്കു മടങ്ങിയെത്തി പുതിയ വിജയങ്ങളിലൂടെ വീണ്ടും ബോക്സിങ് രാജാവായി തുടരുമ്പോഴാണ് ബോക്സിങ് ലോകത്തെ ഞെട്ടിച്ച ആ സംഭവ പരമ്പര നടന്നത്. 1996ൽ ലോക ഹെവി വെയ്റ്റ് ചാംപ്യൻഷിപ്പിനായുള്ള മത്സരത്തിൽ 11 റൗണ്ട് നീണ്ട പോരാട്ടത്തിനൊടുവിൽ ടൈസനെ ഇവാൻഡർ ഹോളിഫീൽഡ് തോൽപിച്ചു. ബോക്സിങ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്നായിരുന്നു ഇതും. എന്നാൽ 1997 ജൂൺ 28ന് യുഎസിലെ അറ്റ്ലാന്റയിൽ നടന്ന ഇതേ പോരാട്ടത്തിന്റെ തനിയാവർത്തനത്തിനിടെ ടൈസൻ വീണ്ടും വാർത്തകളിൽ ഇടം പിടിച്ചു. മത്സരത്തിനിടയിൽ ഹോളിഫീൽഡിന്റെ രണ്ട് ചെവിയും ടൈസൻ കടിച്ചു മുറിച്ചു. ഹോളിഫീൽഡിന്റെ ചെവിയുടെ ഒരു കഷണം മുറിഞ്ഞുവീണു. ബോക്സിങ് ചരിത്രത്തിൽ കോളിളക്കം സൃഷ്ടിച്ച മത്സമായിരുന്നു അത്. തുടർന്ന് മൈക്ക് ടൈസനെ അടുത്ത റൗണ്ടിൽ അയോഗ്യനാക്കുകയും ബോക്സിങ്ങിൽനിന്നു സസ്പെൻഡ് ചെയ്യുകയും ചെയ്തു. പിന്നാലെ ടൈസന്റെ ബോക്സിങ് ലൈസൻസ് റദ്ദാക്കുകയും രണ്ട് മില്യൻ പൗണ്ട് പിഴ ചുമത്തുകയും ചെയ്തു. അറസ്റ്റു ചെയ്യാനെത്തിയ പൊലീസുകാരെ തടയുന്ന ടൈസന്റെ ചിത്രവും ചോരയൊലിപ്പിച്ചു നിൽക്കുന്ന ഹോളിഫീൽഡിന്റെ മുഖവും ഓർമകളിൽ നിന്നു മായ്ക്കാൻ ബോക്സിങ് ആരാധകർക്കു ഒരിക്കലും കഴിഞ്ഞെന്നു വരില്ല.
∙ ‘ഞാൻ അജയ്യൻ’
തന്നോട് കിടപിടിക്കാൻ ആരും ഇല്ലെന്നും താൻ അജയ്യനും ക്രൂരനുമാണെന്നും മൈക്ക് ടൈസൻ വീണ്ടും ലോകത്തോട് പറഞ്ഞു. ‘എനിക്കു നിങ്ങളുടെ ഹൃദയം തരൂ, എതിരാളിയുടെ മക്കളെ എനിക്കു ഭക്ഷിക്കണം’. എന്നായിരുന്നു ടൈസൻ ഒരു അഭിമുഖത്തിൽ വിളിച്ചു പറഞ്ഞത്. എന്നാൽ നാളുകള്‍ക്കിപ്പുറം അതേ ടൈസൻ വീഗൻ ഭക്ഷണശീലം പിന്തുടർന്നു. അത്തരത്തിൽ ഒരു മനുഷ്യനായി ടൈസൻ പരിണമിച്ചു എന്നു വിശ്വസിക്കാൻ പോലും പ്രയാസമാണ്!
മൂന്നു സൈബീരിയൻ കടുവകളെ 14 വർഷത്തോളം ടൈസൻ ഓമനിച്ചു വളർത്തി. ഒരിക്കൽ മൃഗശാലയിൽ ആദ്യഭാര്യയോടൊപ്പം എത്തിയ ടൈസൻ അവിടത്തെ ജീവനക്കാരനോട് വളരെ വിചിത്രമായ ആവശ്യമാണ് ഉന്നയിച്ചത്. ഗറില്ലയുടെ കൂട്ടിലേക്കു തന്നെ കയറ്റി വിടണം. പ്രതിഫലമായി 10,000 ഡോളർ നൽകും. അതിശക്തരായ ഗറില്ലകളോട് മത്സരിക്കാൻ മോഹിച്ചെങ്കിലും സ്വാഭാവികമായും അയാളെ അകത്തേക്കു കയറ്റി വിടുക പോലും ചെയ്തില്ല.
∙ ഇടി വിമാനത്തിലും
റിങ്ങിന് അകത്തും പുറത്തും മാത്രമല്ല ലോകം ടൈസന്റെ പോരാട്ടം കണ്ടത്. 2022 ഏപ്രിൽ 21ന് വിമാനയാത്രയ്ക്കിടയിൽ സഹയാത്രികനെ ഇടിച്ചവശനാക്കിയ സംഭവവും വലിയ വിവാദങ്ങൾ സൃഷ്ടിച്ചു. സാൻ ഫ്രാൻസിസ്കോയിൽ നിന്ന് ഫ്ലോറിഡയിലേക്കുള്ള വിമാനത്തിലാണ് പ്രശ്നമുണ്ടായത്.
∙ അക്രമം നിറഞ്ഞ കുട്ടിക്കാലം
ഇത്തരത്തിൽ ക്രൂരതകളും അക്രമങ്ങളും നിറഞ്ഞ ഒരാളുടെ കുട്ടിക്കാലവും അക്രമാസക്തമായിരുന്നു എന്നു പറയുന്നതിൽ അതിശയിക്കാനൊന്നുമില്ലല്ലോ. ബ്രൂക്‌ലിനിലെ തെരുവുകളിൽ കളിച്ചു നടന്ന ടൈസൻ അധികം വൈകാതെ ക്യാറ്റുകൾ എന്നു സ്വയം വിശേഷിപ്പിക്കുന്ന സംഘത്തിൽ ചെന്നുപെട്ടു. അവന്റെ വ്യക്തതയില്ലാത്ത സംസാരവും കൂടിയ ശരീരഭാരവും മുൻനിർത്തിയുള്ള കളിയാക്കലുകൾ ജീവിതം ദുസ്സഹമാക്കി. ഇതിൽനിന്നൊക്കെ രക്ഷപ്പെടാനായി വഴക്കിലേക്കും കുറ്റകൃത്യങ്ങളിലേക്കുമുള്ള മൈക്കിന്റെ പോക്ക് വളരെപ്പെട്ടന്നായിരുന്നു. വീടുകൾ കൊള്ളയടിച്ചും ആളുകളെ മർദിച്ചുമാണ് കുഞ്ഞു ടൈസൻ വളർന്നത്. വെറും 11–ാം വയസ്സിൽ ലഹരി പദാർഥങ്ങൾക്ക് അടിമപ്പെടാനും ഇതു കാരണമായി. 13 വയസ്സിനുള്ളിൽ മുപ്പത്തിയെട്ടു തവണയാണ് മൈക്ക് ടൈസൻ അറസ്റ്റു ചെയ്യപ്പെട്ടത്.
ദുരിതപൂർണമായിരുന്ന കുട്ടിക്കാലത്തിന് ആക്കം കൂട്ടുന്നതായിരുന്നു ടൈസന് അമ്മയോടുള്ള അസ്വാരസ്യങ്ങൾ നിറഞ്ഞ ബന്ധം. ‘അമ്മ ഒരിക്കലും എന്റെ കാര്യത്തിൽ സന്തോഷിക്കുകയോ അഭിമാനിക്കുകയോ ചെയ്തിട്ടില്ല. തെരുവിൽ കളിച്ചു നടക്കുന്ന, പുതിയ ഉടുപ്പുകളുമായി വീടെത്തുന്ന എന്നെയാണ് അമ്മയ്ക്കറിയുക. എന്നാൽ ആ പുത്തൻ ഉടുപ്പുകൾക്കൊന്നും ഞാൻ കാശ് ചെലവിട്ടിരുന്നില്ലെന്നും അവർക്കറിയാമായിരുന്നു. അമ്മയോടു സംസാരിക്കാനോ അവരെ അറിയാനോ എനിക്കു കഴിഞ്ഞിരുന്നില്ല. തൊഴിൽപരമായി അതെന്നെ ബാധിച്ചിരുന്നില്ലെങ്കിലും വ്യക്തിപരമായും വൈകാരികമായും എന്നെ തകർത്തു കൊണ്ടേയിരുന്നു’, അഭിമുഖങ്ങളിൽ മൈക്ക് പറഞ്ഞു.
തന്റെ 14–ാം വയസ്സിലാണ് ടൈസൻ ഇതിഹാസ പരിശീലകനായ കസ് ഡി അമാറ്റോയെ കണ്ടുമുട്ടിയത്. അദ്ദേഹമാണ് കുഞ്ഞു ടൈസനിലെ ആക്രമകാരിയെ ലോകം കണ്ട ശക്തനായ ബോക്സർ എന്ന നിലയിലേക്ക് തിരിച്ചു വിട്ടത്. മൈക്ക് ടൈസനെ ചരിത്രത്തിൽ ‘കിഡ് ഡയനാമിറ്റ്’ എന്നും ‘അയൺ മൈക്ക്’ എന്നും രേഖപ്പെടുത്തിയ പോരാട്ടങ്ങളായിരുന്നു പിന്നീട് കണ്ടത്.
അക്കാലത്തെ തന്റെ ആരാധനാപാത്രമായ മുഹമ്മദ് അലിയെ റിങ്ങിൽ ലാരി ഹോംസ് പരാജയപ്പെടുത്തിയതിൽ മനംനൊന്ത പതിനാലുകാരൻ ടൈസൻ ഇങ്ങനെ പ്രതിജ്ഞ ചെയ്തു, ‘അലിയെ തോൽപ്പിച്ചയാളെ ഒരിക്കൽ താൻ പരാജയപ്പെടുത്തും’. ഏഴു വർഷങ്ങൾക്കു ശേഷം ലാരി ഹോംസിനെ പരാജയപ്പെടുത്തി ടൈസൻ വാക്കു പാലിച്ചു. അതും അലിയുടെ സാന്നിധ്യത്തിൽ!
∙ ലഹരിക്ക് ‘അടിമ’
കുട്ടിക്കാലം മുതലേ താൻ വളരെയധികം ലഹരി ഉപയോഗിച്ചിരുന്നെന്നും ബോക്സിങ്ങിൽ അത്യുന്നതങ്ങളിൽ നിൽക്കുമ്പോൾ പോലും ലഹരിക്കടിമയായിരുന്നുവെന്നും ടൈസൻ തന്റെ പുസ്തകമായ ‘അൺഡിസ്പ്യൂട്ടഡ് ട്രൂത്തി’ലൂടെ വെളിപ്പെടുത്തി. കൃത്രിമ ലിംഗത്തിൽ മറ്റൊരാളുടെ മൂത്രം നിറയ്ക്കുന്നതുൾപ്പെടെ പല തന്ത്രങ്ങളും പരിശോധനകളിൽ പിടിക്കപ്പെടാതിരിക്കാൻ ടൈസൻ പ്രയോഗിച്ചിരുന്നു. ഇങ്ങനെ 2000 വരെ രക്ഷപ്പെട്ടെങ്കിലും അതിനു ശേഷം പിടി വീഴുകതന്നെ ചെയ്തു. ടെസ്റ്റിൽ പരാജയപ്പെട്ടതോടെ 15,0000 യൂറോ പിഴയൊടുക്കേണ്ടി വന്നു.
പ്രഫഷനിൽ ഏറെ തിളങ്ങിയെങ്കിലും കുടുംബജീവിതത്തിൽ ഒരുപാട് തോൽവികൾ ഏറ്റു വാങ്ങിയ ഒരാളാണ് താനെന്നാണ് മൈക്ക് പറയുന്നത്. തന്റെ പല പ്രവൃത്തികൾ കൊണ്ടും മക്കൾക്കു മുന്നിൽ നല്ലൊരു ഉദാഹരണമാകാൻ പ്രയാസമാണെന്നും എങ്കിലും താൻ അതിനായി ശ്രമിക്കുന്നുണ്ടെന്നും എട്ടു കുട്ടികളുടെ അച്ഛനായ മൈക്ക് ടൈസൻ പറയുന്നു.
∙ ഹോളിവുഡിലേക്ക്
2005ൽ വിരമിച്ചതോടെ ഹോളിവുഡിലേക്കു കടന്ന മൈക്ക് ടൈസന്റെ ജീവിതം വീണ്ടും പച്ചപിടിക്കാന്‍ തുടങ്ങി. ഹാങ്ങോവർ– 2, യിപ്മാൻ– 3 ഫ്രാങ്ക്, ചെയിസിങ് ടൈസൻ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. ഹൗ ഐ മെറ്റ് യുവർ മദർ ഉൾപ്പടെ പ്രശസ്തമായ സീരിസുകളിലും അഭിനയിക്കാൻ അവസരം ലഭിച്ചു. ധാരാളം സമ്പാദിച്ചെങ്കിലും എല്ലാം നഷ്ടപ്പെട്ട അവസ്ഥ വരെ നേരിടേണ്ടി വന്നു. പിന്നീട് ലഹരി പദാർഥങ്ങൾ വിൽക്കുന്നതിലൂടെയാണ് ടൈസൻ തന്റെ ജീവിതത്തെ തിരിച്ചു പിടിച്ചത്. കാലിഫോർണിയയിൽ ടൈസൻ ഹോളിസ്റ്റിക് എന്ന ബ്രാൻഡിലൂടെ ലഹരി പദാർത്ഥങ്ങൾ ഉത്പാദിപ്പിക്കുകയും വിൽപ്പന നടത്തുകയും ചെയ്തു.
ടൈസന്റെ ആദ്യ ബോളിഡുഡ് ചിത്രമായ ‘ലൈഗർ’ സാമ്പത്തികമായി പ്രതീക്ഷിച്ച നേട്ടം കൈവരിച്ചില്ലെങ്കിലും മൈക്ക് ടൈസൻ എന്ന അഭിനേതാവിനു മുന്നിൽ ബോളിവുഡ് ജാലകവും തുറക്കപ്പെടുകയായിരുന്നു. ചിത്രത്തിലെ നായകനായ വിജയ് ദേവരകൊണ്ട മൈക്ക് ടൈസനൊപ്പമുള്ള രസകരമായ അനുഭവങ്ങൾ പങ്കുവച്ചിരുന്നു. അദ്ദേഹത്തിന് ഇന്ത്യൻ ഭക്ഷണവും,സംഗീതവും ഏറെ പ്രിയപ്പെട്ടതാണെന്ന് താരം പറയുന്നു.
‘പ്രപഞ്ചത്തിലെ ഏറ്റവും മോശം മനുഷ്യന്റെ’ ജീവിതത്തിൽ അറിയാതെയും പറയാതെയും പോയ പല കാര്യങ്ങളുമുണ്ട്. റിങ്ങിനകത്തും പുറത്തും തീർത്ത പുറംചട്ടയ്ക്കുള്ളിൽ മറ്റൊരു മൈക്ക് ടൈസൻ ഉണ്ടായിരിക്കാം. എന്നാൽ ഇടിക്കൂട്ടിലും പുറത്തും ഇനിയൊരു മൈക്ക് ടൈസൻ ഉണ്ടാവാൻ വഴിയില്ല!
English Summary: Liger; Vijay Deverakonda's Bollywood debut with Mike Tyson gets a thumbs up