55 ലക്ഷം സബ്സ്ക്രൈബേഴ്സ്, കാഴ്ചക്കാരിൽ ലോകത്ത് 21–ാമത്: കണ്ണൂരിലെ ‘ഷോർട്’സ് ഫാമിലി
ഞങ്ങൾ പുറത്തു പോകുമ്പോൾ ചിലർ ഓടിവന്ന് അവനെ ഞങ്ങളുടെ കയ്യിൽനിന്ന് എടുത്ത് കളിപ്പിക്കുകയും ലാളിക്കുകയുമെല്ലാം ചെയ്യും. അവനെ സ്വന്തം വീട്ടിലെ കുട്ടിയെപ്പോലെയാണ് അവരെല്ലാം കാണുന്നത്. അവനോടുള്ള ഇഷ്ടം അറിയിച്ച് നിരവധി കമന്റുകൾ വരുന്നു. അതെല്ലാം കാണുമ്പോള്‍ സന്തോഷമാണ്......
ഞങ്ങൾ പുറത്തു പോകുമ്പോൾ ചിലർ ഓടിവന്ന് അവനെ ഞങ്ങളുടെ കയ്യിൽനിന്ന് എടുത്ത് കളിപ്പിക്കുകയും ലാളിക്കുകയുമെല്ലാം ചെയ്യും. അവനെ സ്വന്തം വീട്ടിലെ കുട്ടിയെപ്പോലെയാണ് അവരെല്ലാം കാണുന്നത്. അവനോടുള്ള ഇഷ്ടം അറിയിച്ച് നിരവധി കമന്റുകൾ വരുന്നു. അതെല്ലാം കാണുമ്പോള്‍ സന്തോഷമാണ്......
ഞങ്ങൾ പുറത്തു പോകുമ്പോൾ ചിലർ ഓടിവന്ന് അവനെ ഞങ്ങളുടെ കയ്യിൽനിന്ന് എടുത്ത് കളിപ്പിക്കുകയും ലാളിക്കുകയുമെല്ലാം ചെയ്യും. അവനെ സ്വന്തം വീട്ടിലെ കുട്ടിയെപ്പോലെയാണ് അവരെല്ലാം കാണുന്നത്. അവനോടുള്ള ഇഷ്ടം അറിയിച്ച് നിരവധി കമന്റുകൾ വരുന്നു. അതെല്ലാം കാണുമ്പോള്‍ സന്തോഷമാണ്......
കുറച്ച് വർഷം മുമ്പ്, ഷോർട്സിനും റീൽസിനും ടിക്ടോക്കിനും മുമ്പ്, ഡബ്സ്മാഷ് തരംഗമായ കാലം. കണ്ണൂർ തില്ലങ്കേരി സ്വദേശികളായ ഒരു ചേട്ടനും അനിയനും ആ ലോകത്തേക്കു കടന്നു വന്നു. അന്ന് ആയിരം പേരൊക്കെ വിഡിയോ കണ്ടാൽ വൈറലായി കണക്കാക്കുന്ന കാലമാണ്. അവർ ചെയ്ത വിഡിയോയിൽ ചിലതെല്ലാം ശ്രദ്ധിക്കപ്പെട്ടു. അതിനിടയിൽ ഡബ്സ്മാഷ് പോയി ടിക്ടോക് വന്നു. പിന്നെ ടിക്ടോക് മാറി റീൽസും ഷോർട്സും വന്നു. അപ്പോഴെല്ലാം ഇരുവരും സജീവമായിരുന്നു. ഇതിനിടയിൽ ചേട്ടന്‍ വിവാഹിതനായി. കുഞ്ഞ് പിറന്നു. ഭാര്യയും കുഞ്ഞും വിഡിയോകളുടെ ഭാഗമായി. ഒപ്പം അവരുടെ അമ്മയും ചേർന്നു. അങ്ങനെ അതൊരു യുട്യൂബ് കുടുംബമായി. പതിയെ ആ കുടുംബത്തെ സ്നേഹിക്കുന്നവരുടെ എണ്ണവും കൂടി. അതിപ്പോൾ 50 ലക്ഷം പിന്നിട്ടിരിക്കുന്നു. ഒക്ടോബർ രണ്ടാം വാരത്തിൽ ഏറ്റവും കൂടുതൽ വ്യൂസ് ലഭിച്ച യുട്യൂബ് ചാനലുകളിൽ ലോകത്ത് 21–ാം സ്ഥാനത്തും ഇവരെത്തി. ചേട്ടന്റെ പേര് സംഗീത് കുമാർ. അനിയൻ സായൂജ്. എന്നാല്‍ ചാനലിലെ സൂപ്പര്‍സ്റ്റാര്‍ സംഗീതിന്റെ മകന്‍ മൂന്നു വയസ്സുകാരൻ അൻവിത് ആണ്. സായൂജും അൻവിതും ചേർന്നുളള ടോം ആൻഡ് ജെറി ഷോർട് സീരീസിന് ഭാഷാഭേദമന്യേ ആരാധകരെ സൃഷ്ടിക്കാനായി.
ഇന്ന് എവിടെപ്പോയാലും ആളുകൾ തിരിച്ചറിയുന്നു. അപ്രതീക്ഷിതവും അതിവേഗവുമായിരുന്നു യുട്യൂബിലെ വളർച്ച. സംഗീത് കുമാർ ആൻഡ് ഫാമിലിയുടെ വിശേഷങ്ങളിലൂടെ.
ഞാൻ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനാണ്. ഉത്തരേന്ത്യയിലാണ് ജോലി. ഒരിക്കൽ അവധിക്ക് നാട്ടിൽ എത്തിയപ്പോഴാണ് അനിയൻ സായൂജിനൊപ്പം ഡബ്സ്മാഷ് ചെയ്തത്. ഞങ്ങൾ അന്നു ചെയ്ത ചില വിഡിയോകൾ ചെറിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. സാധാരണ എല്ലാവരും ചെയ്യുന്നതിൽനിന്ന് വ്യത്യസ്തമായി ചെയ്യാനാണ് അന്നും ശ്രമിച്ചത്. ആശയത്തിലും ദൈർഘ്യത്തിലുമെല്ലാം പരീക്ഷണം നടത്തി. അതിനു മികച്ച പ്രതികരണം ലഭിച്ചതോടെ ഡബ്സ്മാഷുമായി മുന്നോട്ടു പോയി.
അതിനിടയിലാണ് ടിക്ടോക് വരുന്നത്. പുതിയൊരു പ്ലാറ്റ്ഫോം ആയതുകൊണ്ട് ആദ്യമൊന്നും ഉപയോഗിച്ചില്ല. കോവിഡിനെ തുടർന്ന് ആദ്യ ലോക്ഡൗൺ വരുമ്പോൾ ഞാൻ നാട്ടിലുണ്ട്. ആ സമയത്താണ് ടിക്ടോക് അക്കൗണ്ട് തുടങ്ങുന്നതും വിഡിയോ ചെയ്യുന്നതും. അപ്പോഴേക്കും ഞാൻ വിവാഹിതനായിരുന്നു. ഭാര്യയ്ക്കൊപ്പമുള്ള ‘കപ്പിൾ വിഡിയോ’ ആയിരുന്നു കൂടുതലും. നാട്ടിലുണ്ടായിരുന്ന രണ്ടരമാസം പരമാവധി വിഡിയോ ചെയ്തു. ഒരു മാസം തന്നെ മൂന്നര ലക്ഷത്തോളം ഫോളോവേഴ്സ് ഉണ്ടായി.
∙ നിരോധനം
ടിക്ടോക് ഇന്ത്യയില്‍ നിരോധിക്കുമ്പോൾ ഞങ്ങൾക്ക് 7.5 ലക്ഷം ഫോളോവേഴ്സ് ഉണ്ടായിരുന്നു. 1 മില്യൻ എന്നത് ടിക്ടോക്കിൽ അപ്പോഴൊരു മാന്ത്രിക സംഖ്യയാണ്. അതിലേക്ക് എത്തുക എന്ന ലക്ഷ്യവുമായി മുന്നോട്ടു പോകുമ്പോഴായിരുന്നു നിരോധനം. അതിനിടയിൽ ലോക്ഡൗൺ പിൻവലിച്ചു. എന്റെ അവധിയും തീർന്നിരുന്നു. അതോടെ ഒരു വലിയ ബ്രേക്ക് വന്നു. പിന്നീടാണ് റീൽസ് വരുന്നത്. അന്ന് ടിക്ടോക്കിൽ ചെയ്ത വിഡിയോകൾ ഫോണിലുണ്ടായിരുന്നു. ആദ്യമൊക്കെ അത് ദിവസവും ഒന്നു വീതം റീൽസിൽ പോസ്റ്റ് ചെയ്തു. അതിനും മികച്ച പ്രതികരണം ലഭിച്ചു.
∙ യുട്യൂബ്
2021 ജനുവരിയിലാണ് യുട്യൂബിൽ അക്കൗണ്ട് തുറക്കുന്നത്. ഒരുപാട് പേർ, എന്തുകൊണ്ട് യുട്യൂബിലില്ല എന്നു ചോദിക്കുകയും തുടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പിന്നെ ഭാര്യ കൂടി നിർബന്ധിച്ചതോടെയാണ് അക്കൗണ്ട് തുറന്നത്. അന്ന് ഷോർട്സ് ഇല്ലായിരുന്നു. യുട്യൂബിൽ വലിയ വിഡിയോകളാണ് ചെയ്യേണ്ടത്. അതു ചെയ്യാനുള്ള മടിയായിരുന്നു അക്കൗണ്ട് തുടങ്ങുന്നത് വൈകിപ്പിച്ച ഒരുകാര്യം. എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. അതുവരെ ചെറിയ വിഡിയോകളേ ചെയ്തിരുന്നുള്ളൂ. അക്കൗണ്ട് തുടങ്ങി മൂന്നോ നാലോ മാസം കഴിഞ്ഞാണ് ആദ്യ വിഡിയോ ചെയ്തത്. അതൊരു യാത്രാ വ്ലോഗ് ആയിരുന്നു. വയനാട്ടിലേക്കായിരുന്നു യാത്ര. എന്നാൽ ആൾക്കാരുടെ ഇടയിൽ നിന്നു സംസാരിക്കാനെല്ലാം ചമ്മലായിരുന്നു. അതുകൊണ്ട് ദൃശ്യങ്ങൾ മാത്രം പകർത്തി. വിവരണം പിന്നീട് റെക്കോർഡ് ചെയ്ത് ചേർക്കുകയായിരുന്നു. ഇതിനെല്ലാമായി ഒരു മാസത്തോളം വേണ്ടി വന്നു. പിന്നെ വീട്ടിലെ ചെറിയ കാര്യങ്ങൾ, യാത്രകള്‍, നാട്ടിലെ വിശേഷങ്ങൾ എന്നിങ്ങനെ പലതും വിഡിയോയാക്കി. അങ്ങനെ മുന്നോട്ടു പോകുമ്പോഴാണ് യുട്യൂബ് ഷോർട്സ് വരുന്നത്. അതൊരു വലിയ മാറ്റമായിരുന്നു.
∙ ടോം ആൻഡ് ജെറി
ഷോർട്സിൽ തുടർച്ചയായി വിഡിയോ ചെയ്തു. അതിൽ ‘ടോം ആൻഡ് ജെറി’ എന്ന പേരിൽ തുടങ്ങിയ സീരീസ് ആണ് ഹിറ്റായത്. എനിക്ക് മകൻ ജനിച്ചിരുന്നു, അൻവിത്. അവനപ്പോൾ മുട്ടിലിഴഞ്ഞു നടക്കുന്ന സമയമാണ്. സായൂജ് അവനെ വച്ച് നേരത്തേ ഒന്നു രണ്ടു റീൽസ് ചെയ്തിരുന്നു. അതിനെല്ലാം മികച്ച വ്യൂസ് ലഭിച്ചു. അതാണ് ‘ടോം ആൻഡ് ജെറി’ എന്ന പേരിൽ ഷോർട്സിൽ സീരിസ് തുടങ്ങുക എന്ന ആശയം മനസ്സിലുദിക്കാൻ കാരണമായത്. ആ സമയത്ത് അങ്ങനെ ഒന്ന് മറ്റൊരിടത്തും കണ്ടതായി ഞാൻ ഓർക്കുന്നില്ല. എന്തായാലും പരസ്പരം ‘പണി’ കൊടുക്കുന്ന അന്‍വിയേയും സായുവിനെയും പ്രേക്ഷകർ സ്വീകരിച്ചു. അതോടെ ചാനലിന്റെ സബ്സ്ക്രൈബേഴ്സും അതിവേഗം കുതിച്ചു.
∙ അൻവിയും സായുവും
മകൻ തീരെ ചെറുതായിരുന്ന സമയത്ത് അവന്‍ ചെയ്യുന്ന കാര്യങ്ങൾ ചിത്രീകരിക്കും. അതിന് യോജിക്കുന്ന തരത്തിൽ നമ്മള്‍ അഭിനയിച്ച് കണ്ടന്റ് വികസിപ്പിച്ച് വിഡിയോ ഒരുക്കുകയായിരുന്നു. എന്നാൽ കുറച്ചു കൂടി വളർന്നപ്പോൾ പറയുന്ന കാര്യങ്ങളെല്ലാം അവൻ ചെയ്തു തുടങ്ങി. എന്നാൽ ഒരു 30 സെക്കൻഡ് വിഡിയോ ചെയ്യാൻ ചിലപ്പോൾ ഒരു ദിവസമൊക്കെ വേണ്ടി വരും. ഇപ്പോൾ കാര്യങ്ങൾ കൂടുതൽ എളുപ്പമായി. എല്ലാം പെട്ടെന്ന് മനസ്സിലാക്കാനും ചെയ്യാനും അവനു സാധിക്കുന്നുണ്ട്. എന്നാൽ ചില ദിവസം മൂഡ് ഓഫ് ആയിരിക്കും. അപ്പോൾ പിന്നെ നമ്മള്‍ എന്തു പറഞ്ഞിട്ടും കാര്യമില്ല.
അൻവിക്ക് ലഭിക്കുന്ന സ്നേഹമാണ് യുട്യൂബ് ചാനലിലൂടെയുണ്ടായ ഏറ്റവും വലിയ ഭാഗ്യം. ഞങ്ങൾ പുറത്തു പോകുമ്പോൾ ചിലർ ഓടിവന്ന് അവനെ ഞങ്ങളുടെ കയ്യിൽനിന്ന് എടുത്ത് കളിപ്പിക്കുകയും ലാളിക്കുകയുമെല്ലാം ചെയ്യും. അവനെ സ്വന്തം വീട്ടിലെ കുട്ടിയെപ്പോലെയാണ് അവരെല്ലാം കാണുന്നത്. അവനോടുള്ള ഇഷ്ടം അറിയിച്ച് നിരവധി കമന്റുകൾ വരുന്നു. അതെല്ലാം കാണുമ്പോള്‍ സന്തോഷമാണ്. കൂടുതൽ വിഡിയോ ചെയ്യാനുള്ള പ്രചോദനവും അതാണ്.
ഞാൻ നാട്ടിലില്ലാത്തപ്പോഴും ചാനൽ മുന്നോട്ടു പോകുന്നതിന്റെ കാരണം സായൂജ് ആണ്. സംസ്ഥാന സർക്കാർ ഉദോഗ്യസ്ഥനാണ് സായു. ജോലി കാസർകോട്ടാണ്. കിട്ടുന്ന സമയത്തെല്ലാം അവന്‍ നാട്ടിലെത്തി വിഡിയോ ചെയ്യും. ഷൂട്ടും മറ്റും അവൻ ഒറ്റയ്ക്കാണ് ചെയ്യുന്നത്. അതിനായി അവൻ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. ഞാനും ആലോചിച്ച് കിട്ടുന്ന കണ്ടന്റെല്ലാം അവന് അയച്ചു കൊടുക്കും. ഇപ്പോൾ എന്തു കണ്ടാലും ആദ്യം ആലോചിക്കുക ഇതിൽനിന്ന് നമുക്ക് വിഡിയോ ചെയ്യാന്‍ എന്തെങ്കിലും കിട്ടുമോ എന്നാണ്. ഇത്രയേറെ സ്നേഹം ആളുകൾ നമുക്ക് തരുമ്പോൾ വിഡിയോകൾ അവരെ നിരാശപ്പെടുത്തരുതെന്നാണ് ആഗ്രഹം.
∙ കരുത്ത് കുടുംബം
കുടുംബാംഗങ്ങൾ എല്ലാവരും ഒന്നിച്ച് നിൽക്കുന്നുവെന്നതാണ് ഈ വിജയത്തിന്റെ പ്രധാന ഘടകം. രേഷ്മയുമായി 5 വർഷം മുമ്പായിരുന്നു എന്റെ വിവാഹം. പ്രണയവിവാഹമാണ്. രേഷ്മയ്ക്കും വിഡിയോ ചെയ്യാൻ നല്ല താൽപര്യമുണ്ടായിരുന്നു. അവൾ എല്ലാ പിന്തുണയും നൽകി. ടോം ആൻഡ് ജെറിയിലും രേഷ്മ സജീവമാണ്. പിന്നെ അമ്മ അംബികയേയും വിഡിയോയിലൂടെ പ്രേക്ഷകർക്ക് പരിചയമുണ്ടാകും. ഞങ്ങൾ എന്തു പറയുന്നോ, അതു ചെയ്യാൻ അമ്മ തയാർ. അച്ഛൻ വിജയനും പിന്തുണ നൽകുന്നു. പക്ഷേ അദ്ദേഹത്തിന് ക്യാമറയ്ക്ക് മുമ്പിൽ വരാൻ താൽപര്യമില്ല. മാമന്റെ മകന്‍ ശ്രീതുൽ ആണ് ഞങ്ങൾക്ക് പൂർണപിന്തുണ നൽകുന്ന മറ്റൊരാൾ. ചാനലിന്റെ കാര്യങ്ങളെല്ലാം നോക്കുന്നത് അവനാണ്. ചാനൽ തുടങ്ങാനും അവൻ മുൻകൈ എടുത്തിരുന്നു. ക്യാമറയ്ക്ക് മുമ്പിൽ വരാൻ അവനും താൽപര്യമില്ല.
ഒക്ടോബർ ഒന്നാം വാരത്തിൽ ലോകത്ത് ഏറ്റവും കൂടുതൽ വ്യൂസ് ലഭിച്ച ചാനലുകളുടെ ലിസ്റ്റിൽ ഞങ്ങൾ സ്ഥാനം പിടിച്ചിരുന്നു. 21 ാം സ്ഥാനമായിരുന്നു. അപ്രതീക്ഷിതമായി തേടിവന്ന സന്തോഷങ്ങളിലൊന്നാണത്. പ്രേക്ഷകർ നൽകിയ പിന്തുണയും സ്നേഹവുമാണ് അതിന് കാരണം. 55 ലക്ഷം സബ്സ്ക്രൈബേഴ്സ് ആണ് ഇപ്പോഴുള്ളത്. നിങ്ങളുടെ ഞങ്ങളെ കുടംബത്തിലെ അംഗങ്ങളായി കാണുന്നതിനും ഒപ്പം നിൽക്കുന്നതിനും നന്ദി.
English Summary: Interview with youtuber Sangeeth Kumar