ചോറിൽ തുപ്പിയിടും, അമ്മയുടെ കൈ തല്ലിയൊടിച്ചു; ജീവിതം ‘ഡീപ് ക്ലീൻ’ ചെയ്ത് രോഹിത്, വിജയഗാഥ
വളരെ പിശുക്കിയാണ് അക്കാലത്തെ ജീവിച്ചത്. അതിന്റെ പേരിൽ കൂട്ടുകാരിൽ നിന്നുള്‍പ്പെടെ കളിയാക്കലുണ്ടായി. രോഹിത് അതൊന്നും കാര്യമാക്കിയില്ല. മുന്നോട്ട് ഒരുപാട് ദൂരം പോകാനുണ്ടെന്നും തുണയായി അധികമാരുമില്ലെന്നും അവന് അറിയാമായിരുന്നു. പ്രതിസന്ധികൾക്കിടയിലും ഫസ്റ്റ് ക്ലാസ് വിത്ത് ഡിസ്റ്റിങ്ങ്ഷനോടെ പഠനം പൂർത്തിയാക്കി......
വളരെ പിശുക്കിയാണ് അക്കാലത്തെ ജീവിച്ചത്. അതിന്റെ പേരിൽ കൂട്ടുകാരിൽ നിന്നുള്‍പ്പെടെ കളിയാക്കലുണ്ടായി. രോഹിത് അതൊന്നും കാര്യമാക്കിയില്ല. മുന്നോട്ട് ഒരുപാട് ദൂരം പോകാനുണ്ടെന്നും തുണയായി അധികമാരുമില്ലെന്നും അവന് അറിയാമായിരുന്നു. പ്രതിസന്ധികൾക്കിടയിലും ഫസ്റ്റ് ക്ലാസ് വിത്ത് ഡിസ്റ്റിങ്ങ്ഷനോടെ പഠനം പൂർത്തിയാക്കി......
വളരെ പിശുക്കിയാണ് അക്കാലത്തെ ജീവിച്ചത്. അതിന്റെ പേരിൽ കൂട്ടുകാരിൽ നിന്നുള്‍പ്പെടെ കളിയാക്കലുണ്ടായി. രോഹിത് അതൊന്നും കാര്യമാക്കിയില്ല. മുന്നോട്ട് ഒരുപാട് ദൂരം പോകാനുണ്ടെന്നും തുണയായി അധികമാരുമില്ലെന്നും അവന് അറിയാമായിരുന്നു. പ്രതിസന്ധികൾക്കിടയിലും ഫസ്റ്റ് ക്ലാസ് വിത്ത് ഡിസ്റ്റിങ്ങ്ഷനോടെ പഠനം പൂർത്തിയാക്കി......
രോഹിത് ഒരു മാന്ത്രികനാണ്. പക്ഷേ കയ്യിലുള്ളത് അപ്രത്യക്ഷമാക്കാനോ ശൂന്യതയിൽനിന്നും പുതിയത് സൃഷ്ടിക്കാനോ അയാൾക്കറിയില്ല. പകരം കാടും പടലും പിടിച്ച വീട്ടു പരിസരങ്ങളും അഴുക്കും പൊടിയും നിറഞ്ഞ വീടുകളും വാട്ടർ ടാങ്കുകളും ‘ഡീപ് ക്ലീൻ’ ചെയ്യും. അതിലൂടെ സ്വന്തം ജീവിതത്തിലാണ് രോഹിത് അദ്ഭുതം സൃഷ്ടിച്ചത്. ദുരിതങ്ങൾ നൽകിയ അനുഭവങ്ങളും പാഷനെ പിന്തുടരാനുള്ള അടങ്ങാത്ത ആഗ്രഹവുമാണ് ഈ ചെറുപ്പക്കാരനെ അതിനു പ്രാപ്തനാക്കിയത്. മദ്യപിച്ചെത്തി പൊതിരെ തല്ലിയിരുന്ന അച്ഛനെ പേടിച്ച് ഒളിച്ചിരുന്ന ബാല്യം, പരിഹാസങ്ങൾ നോവിച്ച കൗമാരം, ദാരിദ്രവും അവഗണനയും സൃഷ്ടിച്ച അനിശ്ചിതത്വം എന്നിവ ജീവിതത്തിന്റെ വഴിയടച്ചു കളയാൻ പര്യാപ്തമായിരുന്നു. എന്നാൽ ഇച്ഛാശക്തി കരുത്താക്കി രോഹിത് മുന്നേറി. അമ്മ രേവമ്മയും അനിയത്തി റോഷ്ണിയും അടങ്ങുന്ന കുടുംബത്തിനു നല്ല നാളുകൾ സമ്മാനിക്കുക എന്ന ആഗ്രഹം ലക്ഷ്യബോധം നൽകി. അതിനായി സർവശക്തിയുമെടുത്ത് ജീവിതത്തോട് പോരാടി. അതിപ്പോഴും തുടരുന്നു. വലിയ ലക്ഷ്യങ്ങളിലേക്ക് അയാൾ ചുവടു വയ്ക്കുകയാണ്. ആലപ്പുഴ പുന്നപ്ര സ്വദേശിയായ ഈ ഇരുപത്തിനാലുകാരനും അയാളുടെ സംരംഭമായ ഗ്രീൻഹൗസ് ക്ലീനിങ് സർവീസസിനും സമൂഹമാധ്യമത്തിൽ നിരവധി ആരാധകരുണ്ട്. വൃത്തിയാക്കലിന്റെ അറിവുകള്‍ക്കൊപ്പം ജീവിത പാഠങ്ങൾ ചേർത്തുവച്ച് അയാളൊരുക്കുന്ന വിഡിയോകള്‍ ആരെയും പ്രചോദിപ്പിക്കും. പാഷനെ പിന്തുടർന്ന് എങ്ങനെ വിജയിക്കാമെന്നും സംതൃപ്തി കണ്ടെത്താമെന്നും രോഹിത് കാണിച്ച് തരുന്നു. വേദനകളുടെ കറ മായ്ച്ചു കളഞ്ഞു മനോഹരമാക്കിയ രോഹിത്തിന്റെ ജീവിതത്തിലൂടെ...
ഇരുട്ട് പടരുമ്പോൾ ആ കൂരയിൽ ഹൃദയമിടിപ്പ് കൂടും. മദ്യപിച്ച് ലക്കുകെട്ട് ഏതു നിമിഷവും അച്ഛനെത്തും. പിന്നെ അതൊരു വീടല്ല. ചെവി പൊട്ടുന്ന അസഭ്യം മുഴങ്ങും. ചോറും കറികളും അയാൾ വലിച്ചെറിയും. അല്ലെങ്കിൽ അതിൽ തുപ്പുകയോ മണ്ണിടുകയോ ചെയ്യും. ഭാര്യയ്ക്കും മക്കൾക്കും ക്രൂരമായ മർദനം. കൈക്കോടാലിയുമായി അവരെ വെട്ടാൻ ഓടിക്കും. പ്രാണരക്ഷാർഥം ആ അമ്മ മക്കളെയും ചേർത്തുപിടിച്ച് ഓടും. എത്രയോ രാത്രികളില്‍ അവര്‍ അമ്പലപ്പറമ്പിലും വീടിനു പുറകിലും ഒളിച്ചിരുന്ന് നേരം വെളുപ്പിച്ചു.
‘‘കുട്ടിക്കാലത്തെ ഓർമകളെ കുറിച്ച് ചോദിച്ചാൽ എനിക്കും അനിയത്തിക്കും പങ്കുവയ്ക്കാൻ സന്തോഷകരമായി ഒന്നുമുണ്ടാകില്ല. മഴക്കാലത്ത് വെള്ളം കയറുന്ന ഒരു ഷെഡ്ഡിൽ ആയിരുന്നു ഞങ്ങളുടെ താമസം. മദ്യപാനിയായ അച്ഛൻ അമ്മയുടെ കൈയും കാലും തല്ലി ഒടിച്ചിട്ടുണ്ട്. നെറ്റി അടിച്ച് പൊട്ടിച്ചിട്ടുണ്ട്. ഞങ്ങൾക്ക് പഠിക്കാനുള്ള പുസ്തകങ്ങൾ വെള്ളത്തിലേക്ക് വലിച്ചെറിയും. കിട്ടിയ തല്ലിന് കണക്കില്ല. മനസ്സു നിറയെ ഭയവുമായാണ് ഓരോ ദിവസവും ജീവിച്ചത്’’– രോഹിത് ഓർക്കാനിഷ്ടപ്പെടാത്ത ഓർമകളുടെ കെട്ടഴിച്ചു.
‘എത്ര അടി കിട്ടി?, എവിടെയാണ് അടിച്ചത്?, എങ്ങനെയൊക്കെ ഉപദ്രവിച്ചു?... അച്ഛന്റെ മർദനമേറ്റ് തളർന്ന ശരീരവും മനസ്സുമായി നിൽക്കുന്ന ആ കുട്ടികളോട് ഇത്തരം ചോദ്യങ്ങൾ ചോദിച്ച് അയൽക്കാരും സന്തോഷം കണ്ടെത്തി. വീട്ടിലെ പ്രശ്നങ്ങൾ സ്കൂളിലെ ടീച്ചർമാരെ അറിയിക്കാൻ പലരും മുൻകൈ എടുത്തു. സഹായിക്കാൻ വേണ്ടിയായിരുന്നില്ലെന്നു മാത്രം. പൊടിപ്പും തൊങ്ങലും വച്ച് പടച്ചു വിടുന്ന കഥകളിൽ അമ്മയും മക്കളുമായി കുറ്റക്കാർ. ഈ കഥകൾ വിശ്വസിച്ചാണ് ചില അധ്യാപകർ പെരുമാറിയത്. കുടിയന്റെ മക്കളായതു കൊണ്ടും പണം ഇല്ലാത്തതു കൊണ്ടും പല സാഹചര്യങ്ങളിലും അകറ്റി നിർത്തപ്പെട്ടു. തന്റേതല്ലാത്ത തെറ്റുകള്‍ അവരുടെ ജീവിതം ദുസ്സഹമാക്കി.
രോഹിത് നന്നായി പഠിക്കുമായിരുന്നു. വലുതാകുമ്പോൾ എന്താകാനാണ് ആഗ്രഹം എന്ന ചോദ്യത്തിന് അവന്‍ ഒരിക്കലും മറുപടി പറഞ്ഞിട്ടില്ല. പ്ലസ് ടുവിന് ചേർന്നപ്പോൾ ആ ചോദ്യം വീണ്ടും അധ്യാപകരിൽ നിന്നുയർന്നു. നല്ലൊരു മനുഷ്യനാവണം, എന്നിട്ട് സന്തോഷത്തോടും സമാധാനത്തോടും ജീവിക്കണം എന്നായിരുന്നു അവന്റെ മറുപടി. ബാല്യത്തിലുണ്ടായ അനുഭവങ്ങളായിരിക്കാം അങ്ങനെ പറയിച്ചത്. വിശക്കുമ്പോൾ ഉള്ളത് കഴിക്കാനും മനസമാധാനമായി ഉറങ്ങാനും സാധിച്ചാല്‍ അതാണ് ഏറ്റവും വലിയ വിജയം എന്നാണ് വർഷങ്ങള്‍ക്കിപ്പുറവും രോഹിത് വിശ്വസിക്കുന്നത്. കാരണം ഒരുകാലത്ത് അതെല്ലാം ഒരു സ്വപ്നം മാത്രമായിരുന്നു.
അമ്മ കുടപ്പണി ചെയ്തു മിച്ചം വയ്ക്കുന്ന പണം കൊണ്ട് മദ്യപാനം നിർത്താനുള്ള മരുന്ന് വാങ്ങി അറിയാതെ അച്ഛനു നൽകി തുടങ്ങി. പതിയെ മദ്യപാനം നിന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കുറഞ്ഞു. അതുവരെ തിരിഞ്ഞു നോക്കാത്ത ബന്ധുക്കളും നാട്ടുകാരും അടുപ്പം കാണിച്ചു. രോഹിത് പ്ലസ്ടുവിന് സയൻസിന് ചേർന്നു. പല മേഖലകളിലേക്ക് തിരിയാനുള്ള സാധ്യത മുന്നിൽ കണ്ടായിരുന്നു അത്. ശേഷം പോളിടെക്നിക്കിൽ മെക്കാനിക്കൽ എൻജിനീയറിങ് പഠനം. ഇക്കാലയളവിലാണ് അച്ഛൻ കുടുംബത്തെ ഉപേക്ഷിച്ച് പോകുന്നത്. ‘‘അതുവരെ അടുപ്പം കാണിച്ച ബന്ധുക്കൾ മുഖത്തു പോലും നോക്കാതായി. സഹായിക്കേണ്ടി വന്നാലോ എന്നു പേടിച്ചായിരിക്കണം. ആരുടെയും സഹായം ചോദിച്ചില്ല. ശനിയും ഞായറും മറ്റ് അവധി ദിവസങ്ങളിലും ഞാൻ പണിക്കു പോയി. പഠിക്കാനും അസൈമെന്റുകൾ ചെയ്യാനും സമയം കണ്ടെത്തി. തോറ്റു കൊടുക്കില്ലെന്നു മനസ്സിലുറപ്പിച്ചാൽ ഏതു മോശം അവസ്ഥയിലും നമ്മൾ പോരാടും’’– രോഹിത്തിന്റെ നിശ്ചയദാർഢ്യം വാക്കുകളിൽ നിറയുന്നു.
ഇക്കാലയളവിൽ ക്ലീനിങ് ജോലിയും ഫുഡ് ഡെലിവറിയുമായിരുന്നു രോഹിത്തിന്റെ വരുമാനമാർഗം. അവധി ദിവസങ്ങളിൽ രാവിലെ 7 മുതൽ 11 വരെ ക്ലീനിങ് ജോലികൾക്ക് പോകും. അതിനുശേഷം രാത്രി 11 വരെ ഫുഡ് ഡെലിവറി. നാട്ടുകാരനായ സജീവിനൊപ്പമാണ് ആദ്യമായി പറമ്പ് വൃത്തിയാക്കാൻ പോയത്. സജീവിന്റെ സഹോദരി ബിന്ദുവിന്റെ വീട്ടിലായിരുന്നു ജോലി. പിഡബ്യൂഡിയില്‍ എൻജിനീയറായ അവരുടെ ഭർത്താവ് സന്തോഷ് ജോലിക്ക് മാന്യമായ പ്രതിഫലം നൽകി. ജോലിയുടെയും പണത്തിന്റെയും മൂല്യം മനസ്സിലാക്കാൻ അത് സഹായിച്ചു. സാമ്പത്തികമായി സഹായം വാങ്ങരുത്, ജോലി ചെയ്ത് സാമ്പത്തിക സ്വാതന്ത്ര്യം നേടൂ എന്ന പാഠമായിരുന്നു അവർ പകർന്നു നൽകിയത്. പോളിയിലെ അധ്യാപകരായ പോൾ, ഹഫീസ് എന്നിവരും പഠനകാലയളവിൽ രോഹിത്തിന് ജോലികൾ നൽകി. അങ്ങനെ സഹായഹസ്തങ്ങൾ നീണ്ടു. ദുരനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. നേരത്തേ പറഞ്ഞുറപ്പിക്കുമെങ്കിലും ജോലി കഴിയുമ്പോൾ പ്രതിഫലം കുറച്ചു നല്‍കുന്നവരുണ്ട്. കൂലി കൊടുക്കാതെ പോകുന്നവരും ഉണ്ടായിരുന്നു.
വളരെ പിശുക്കിയാണ് അക്കാലത്തെ ജീവിച്ചത്. അതിന്റെ പേരിൽ കൂട്ടുകാരിൽ നിന്നുള്‍പ്പെടെ കളിയാക്കലുണ്ടായി. പക്ഷേ രോഹിത് അതൊന്നും കാര്യമാക്കിയില്ല. മുന്നോട്ട് ഒരുപാട് ദൂരം പോകാനുണ്ടെന്നും തുണയായി അധികമാരുമില്ലെന്നും അവന് അറിയാമായിരുന്നു. പ്രതിസന്ധികൾക്കിടയിലും ഫസ്റ്റ് ക്ലാസ് വിത്ത് ഡിസ്റ്റിങ്ങ്ഷനോടെ പഠനം പൂർത്തിയാക്കി. പിന്നാലെ ക്യാംപസ് പ്ലേസ്മെന്റിലൂടെ ജോലി. അങ്ങനെ നിരവധി പ്രതീക്ഷകളുമായി ചെന്നൈയിലേക്ക്. എന്നാൽ കാര്യങ്ങൾ വിചാരിച്ചതു പോലെയായിരുന്നില്ല. ‘‘വർക്–ലൈഫ് ബാലൻസ് കണ്ടെത്തുന്നതിൽ ഞാൻ പരാജയപ്പെട്ടു. ജീവിതം യാന്ത്രികമായി. സമാധാനമോ, സംതൃപ്തിയോ ഇല്ല. അമ്മയും അനിയത്തിയും അടുത്തില്ല. ചെന്നൈയിലെ ഭക്ഷണവും കാലാവസ്ഥയുമായും പെരുത്തപ്പെടാനായില്ല. പണത്തിനു വേണ്ടി മാത്രമായുള്ള ജീവിതം മടുപ്പിച്ചു’’
ആത്മപരിശോധനയുടെ നാളുകളായിരുന്നു പിന്നീട്. ദിവസക്കൂലിക്ക് പറമ്പ് പണിക്ക് പോയിരുന്നപ്പോൾ കിട്ടുന്ന സംതൃപ്തി മാസശമ്പളവും സ്ഥിരതയുമുള്ള ജോലിയിൽ നിന്നു ലഭിക്കുന്നില്ല. ജീവിതത്തിന് അർഥമില്ല എന്ന തോന്നൽ. ഒടുവിൽ രോഹിത് അമ്മയോട് വിഷമങ്ങൾ പറഞ്ഞു. ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വരാനുള്ള താൽപര്യം വെളിപ്പെടുത്തി. ക്ലിനീങ് ജോലിയാണ് തന്റെ പാഷൻ എന്നു പറഞ്ഞു. സമാധാനവും സന്തോഷവും നഷ്ടപ്പെടുത്തി നമുക്ക് ഒന്നും വേണ്ട എന്നു പറഞ്ഞ അമ്മ രോഹിത്തിന്റെ ഇഷ്ടം പിന്തുടരാൻ പിന്തുണയേകി. വൈകാതെ രോഹിത് ആലപ്പുഴയിലേക്ക് തിരിച്ചെത്തി.
തിരിച്ചുവരിലും കാര്യങ്ങൾ സംഘർഷഭരിതമായിരുന്നു. പലഭാഗത്തുനിന്നും കുറ്റപ്പെടുത്തലുണ്ടായി. ഉത്തരവാദിത്തം ഇല്ലാത്തതുകൊണ്ടാണ് ജോലി ഉപേക്ഷിച്ചതെന്ന് സുഹൃത്തുക്കൾ ഉൾപ്പെടെ പറഞ്ഞു. പാഷൻ പിന്തുടരാനാണ് ആഗ്രഹിക്കുന്നതെന്നു പറഞ്ഞപ്പോൾ പലരും പരിഹാസശരങ്ങൾ പായിച്ചു. മികച്ച ജോലി കളഞ്ഞിട്ട് പറമ്പ് വൃത്തിയാക്കാൻ പോകുന്നവന്റെ വിഡ്ഢിത്തം ചിലർ ചർച്ചയ്ക്ക് വിഷയമാക്കി. ജീവിതത്തിൽ ഒരിക്കലും സഹായിക്കാൻ തയാറാകാത്തവർ കുറ്റപ്പെടുത്താനായി മത്സരിച്ചപ്പോൾ അവഗണയായിരുന്നു രോഹത്തിന്റെ മറുപടി. തന്റെ ആഗ്രഹവുമായി അവൻ മുന്നോട്ടു പോയി. അങ്ങനെ ഗ്രീന്‍ഹൗസ് ക്ലീനിങ് സർവീസസ് രൂപംകൊണ്ടു. പറമ്പ്, വീട്, ശുചി മുറി, വാട്ടർ ടാങ്ക് എന്നിങ്ങനെ ഇൻഡോർ, ഔട്ട്ഡോർ ക്ലീനിങ് പ്രൊഫഷനലായി ചെയ്തു കൊടുക്കുന്ന സ്ഥാപനം. ജോലിക്കാരനും മാനേജരും ഉടമസ്ഥനും രോഹിത് തന്നെ. നാട്ടിലെ പുറംപണിയെ ബ്രാന്റഡ് ആക്കി മാറ്റുക എന്നതായിരുന്നു ലക്ഷ്യം. പണി ചെയ്ത് കൂടുതൽ കാര്യങ്ങൾ പഠിക്കുക, നൈപുണ്യം വികസിപ്പിക്കുക എന്നതായിരുന്നു രീതി. കൃത്യസമയത്തെത്തി, വൃത്തിയായി പണി ചെയ്ത് തീർക്കുന്ന സമീപനം ഉപഭോക്താക്കളിൽ സ്വാധീനം ചെലുത്തി. അവരിലൂടെ കൂടുതൽ ഉപഭോക്താക്കൾ തേടിയെത്തി. ‘‘ഒരാൾക്ക് ഏറ്റവും ആത്മവിശ്വാസവും സന്തോഷവും നൽകുന്ന ജോലി ഏതാണോ, അതാണ് ഏറ്റവും മഹത്വമുള്ള ജോലി. എന്നാൽ ഇക്കാര്യം ആർക്കും അറിയില്ല. താനിപ്പോൾ അണ്ടർ എംപ്ലോയ്മെന്റ് അല്ലേ ചെയ്യുന്നതെന്ന് ഒരു അധ്യാപിക എന്നോട് ചോദിച്ചിട്ടുണ്ട്. നമുക്ക് ഇഷ്ടമില്ലാത്ത ഒരു മേഖലയിൽ പണത്തിനു വേണ്ടി സന്തോഷം നഷ്ടപ്പെടുത്തി ജോലി ചെയ്യുന്നതാണ് എന്നെ സംബന്ധിച്ചിടത്തോളം അണ്ടര്‍ എംപ്ലോയ്മെന്റ്’’– രോഹിത് നിലപാട് വ്യക്തമാക്കുന്നു.
ഏതാനും സുഹൃത്തുക്കളുടെ നിർദേശപ്രകാരമാണ് സമൂഹമാധ്യമങ്ങളുടെ സാധ്യത ഉപയോഗപ്പെടുത്തുന്നത്. വൃത്തിയാക്കലിനു മുൻപും ശേഷവുമുള്ള ചിത്രങ്ങൾ പങ്കുവച്ചു. പിന്നീട് ഇതു വിഡിയോ ആയി അവതരിപ്പിച്ചു തുടങ്ങി. രോഹിത്തിന്റെ ജീവിത അനുഭവങ്ങളും അറിവുകളും ചേർത്തൊരുക്കിയ വിഡിയോകൾക്ക് വലിയ സ്വീകാര്യത ലഭിച്ചു. സേവനം തേടിയെത്തുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായി. ഗ്രീന്‍ഹൗസ് ക്ലീനിങ്ങിന്റെ ഭാഗമാകാൻ താൽപര്യം അറിയിച്ച് യുവാക്കളെത്തി. നിലവിൽ ആലപ്പുഴ ജില്ലയിൽ പത്തു പേർ ഗ്രീൻ ഹൗസിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. അടുത്ത ഘട്ടത്തിൽ കോട്ടയം, എറണാകുളം ജില്ലകളിലേക്കും പ്രവർത്തനം വ്യാപിച്ചു. കൂടുതൽ ജീവനക്കാരെ കണ്ടെത്തി പരിശീലനം നൽകി വരുന്നുണ്ട്.
ഗ്രീന്‍ഹൗസ് ക്ലീനിങ്ങിനെ പല കാരണങ്ങൾ കൊണ്ടും ഒരു വിപ്ലവം എന്നു വിശേഷിപ്പിക്കാനാണ് രോഹിത് ഇഷ്ടപ്പെടുന്നത്. പുറം പണി, പറമ്പു പണി എന്നിവയെ ഔട്ട്ഡോർ ഡീപ് ക്ലീനിങ് എന്ന ആശയത്തിലേക്ക് വികസിപ്പിക്കുകയാണ് ചെയ്തത്. പ്രൊഫഷനൽ ശൈലിയിലേക്ക് മാറ്റുന്നതിലൂടെ മെച്ചപ്പെട്ട സേവനം നൽകാനും മാന്യമായ കൂലി ഉറപ്പാക്കാനും സാധിക്കുന്നു. ഒരു മാറ്റത്തിന്റെ തുടക്കമാണ് ഗ്രീൻഹൗസ് ക്ലീനിങ് സർവീസസ് എന്നും അതു നിരവധിപ്പേർക്ക് പ്രചോദനമാകുമെന്നും രോഹിത് വിശ്വസിക്കുന്നു. തനിക്ക് സംതൃപ്തിയോടെ ജോലി ചെയ്യാനാകണം എന്നതിനായിരുന്നു ഈ സംരംഭം രൂപപ്പെടുത്തുമ്പോൾ പരിഗണിച്ച പ്രധാന കാര്യം. സംതൃപ്തി ലഭിച്ചാൽ ചെയ്യുന്ന ജോലിയിൽ ആത്മാർഥതയുണ്ടാകും. അതിലൂടെ മികച്ച ഫലം ലഭിക്കും എന്ന തത്വമാണ് രോഹിത് പിന്തുടരുന്നത്.
ലോൺ എടുക്കുകയും ഓഫിസ് കെട്ടിടമുൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയും ബിസിനസ് തുടങ്ങാൻ രോഹിത്തിന് താല്‍പര്യമില്ലായിരുന്നു. മോശം സാഹചര്യം വന്നാൽ മറ്റൊരു പിന്തുണയില്ല എന്നതായിരുന്നു അതിനു കാരണം. ‘‘നമ്മൾ പോസിറ്റീവ് ആയാണു ജീവിക്കേണ്ടത്. പക്ഷേ മോശം കാര്യങ്ങൾ സംഭവിച്ചാൽ അതും നേരിടണം. വൈകിങ്സ് എന്ന ഇംഗ്ലിഷ് സീരിസിൽ ഫ്ലോകി എന്ന കഥാപാത്രം ‘One should always expect the worst Ragnar’ എന്ന് പറയുന്നുണ്ട്. അതൊരു സന്ദേശമായാണ് ഞാൻ കാണുന്നത്. എന്തും സംഭവിക്കാം. അതു നേരിടുക. അതിനായും ഒരുങ്ങുക.
രോഹിത് ഇപ്പോൾ സന്തുഷ്ടനാണ്. ക്ലീനിങ് സേവനം ആവശ്യപ്പെട്ട് നിരവധി അന്വേഷണങ്ങൾ വരുന്നു. ഇരുപതിലേറെപ്പേർക്ക് ജോലി നൽകുന്നു. അതിലുപരി അമ്മയും അനിയത്തിയും സന്തുഷ്ടരാണ്. അനിയത്തി റോഷ്ണി കോപ്പറേറ്റീവ് കോച്ചിങ് പഠനത്തോടൊപ്പം ഗ്രീൻഹൗസിന്റെ അസിസ്റ്റന്റ് മാനേജറായും പ്രവർത്തിക്കുന്നു. ജീവിതത്തിൽ ഇപ്പോൾ സമാധാനമുണ്ട്. രോഹിത് ചെന്നൈയിലെ ജോലി ഉപേക്ഷിച്ച് വന്നപ്പോഴും ഗ്രീൻഹൗസ് തുടങ്ങിയപ്പോഴും പലരും കുറ്റപ്പെടുത്തിയത് അമ്മയെ ആയിരുന്നു. അമ്മയുടെ അഹങ്കാരം കൊണ്ടാണ് മകൻ തന്നിഷ്ടപ്രകാരം നടക്കുന്നത് എന്നായിരുന്നു കണ്ടെത്തൽ. ആ കുറ്റപ്പെടുത്തലും പരിഹാസവും ഇപ്പോഴില്ല. മാത്രമല്ല അന്നു പരിഹസിച്ച പലരും ഇന്ന് അഭിനന്ദനം ചൊരിയുന്നു. ‘‘നമുക്ക് പോലും അറിയാത്ത ഒരുപാട് ആളുകൾ സ്നേഹിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്യുന്നു. ആരോരും ഇല്ലാത്തവന് ആരെങ്കിലുമൊക്കെ ഉണ്ടെന്നുള്ള തോന്നലില്ലേ, അതാണ് അപ്പോൾ ഉണ്ടാകുക. അമ്മയുടെയും അനിയത്തിയുടെയും സന്തോഷം കാണുമ്പോൾ ഹൃദയം നിറയുന്നു.’’
നല്ലൊരു മനുഷ്യനായി ജീവിക്കുകയെന്ന അന്നത്തെ പ്ലസ്ടുകാരന്റെ ആഗ്രഹം തന്നെയാണ് രോഹിത്തിന് ഇപ്പോഴമുള്ളത്. ജീവിതത്തിൽ വീണു പോയവർക്ക് ഗ്രീൻഹൗസ് ക്ലീനിങ് സർവീസസ് ഒരു വെളിച്ചമാകണം. ആ ലക്ഷ്യം കൂടി വച്ചാണ് വിഡിയോകൾ ചെയ്യുന്നത്. പഠനം പൂർത്തിയാക്കാനാവാതെ ബുദ്ധിമുട്ടുന്നവര്‍, പിന്തുണയ്ക്കാൻ ആരുമില്ലാത്തവർ, മോശമായ സാമൂഹിക–സാമ്പത്തിക ചുറ്റുപാടുള്ളവർ എന്നിങ്ങനെ പ്രതീക്ഷ നഷ്ടപ്പെട്ടു ജീവിക്കുന്ന ആർക്കെങ്കിലുമൊക്കെ അത് ഉപകാരപ്പെടുമെന്ന് രോഹിത് വിശ്വസിക്കുന്നു. ‘‘സാഹചര്യം കൊണ്ടാണ് ഇഷ്ടമില്ലാത്ത കാര്യം ചെയ്യുന്നതെന്നത് ഒരിക്കലും ഒരു ന്യായീകരണമല്ല. സാഹചര്യം മാറുന്നതും നോക്കിയിരുന്നാൽ ഒരുപക്ഷേ ഒരിക്കലും ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനാകില്ല. നമ്മുടെ പാഷൻ പിന്തുടരുക. മുൻപിൽ പല സാധ്യതകളുണ്ട്. അതിൽ നമുക്കിഷ്ടപ്പെട്ട സാധ്യത തിരഞ്ഞെടുക്കുമ്പോൾ ബുദ്ധിമുട്ടേണ്ടി വരും. കുറ്റപ്പെടുത്തലുകൾ ഉണ്ടാകും. എങ്കിലും സംതൃപ്തിയും സന്തോഷവും കിട്ടും. നന്നായി ഉറങ്ങാനാവും’’– രോഹിത് പറഞ്ഞു നിർത്തി.
English Summary: Success story of Punnapra native rohit and his initiative Greenhouse services