‘ഉടലുകള്‍ ചുളിഞ്ഞിട്ടും മുടി നരച്ചിട്ടും കെടാത്ത സ്നേഹത്തിന്റെ കനലുകള്‍ ’: ഒരു പ്രണയലേഖനം
ഇഷ്ടം തുറന്നു പറയാൻ ഇന്ന് ഒരുപാട് വഴികളുണ്ട്. മൊബൈൽ ഫോണും ഇൻസ്റ്റഗ്രാമും വാട്സാപ്പുമെല്ലാം പലരുടെയും പ്രണയദൂതരാണ്. എന്നാൽ ഇതൊന്നുമില്ലാത്തൊരു കാലത്തെ തുറന്നുപറച്ചിലുകളെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? ഇഷ്ടത്തിലായാൽ പോലും പരസ്പരം മിണ്ടാനായി കത്തുകളെ മാത്രം ആശ്രയിച്ചിരുന്നവർ. ഇന്നത്ര പരിചിതമല്ലെങ്കിലും
ഇഷ്ടം തുറന്നു പറയാൻ ഇന്ന് ഒരുപാട് വഴികളുണ്ട്. മൊബൈൽ ഫോണും ഇൻസ്റ്റഗ്രാമും വാട്സാപ്പുമെല്ലാം പലരുടെയും പ്രണയദൂതരാണ്. എന്നാൽ ഇതൊന്നുമില്ലാത്തൊരു കാലത്തെ തുറന്നുപറച്ചിലുകളെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? ഇഷ്ടത്തിലായാൽ പോലും പരസ്പരം മിണ്ടാനായി കത്തുകളെ മാത്രം ആശ്രയിച്ചിരുന്നവർ. ഇന്നത്ര പരിചിതമല്ലെങ്കിലും
ഇഷ്ടം തുറന്നു പറയാൻ ഇന്ന് ഒരുപാട് വഴികളുണ്ട്. മൊബൈൽ ഫോണും ഇൻസ്റ്റഗ്രാമും വാട്സാപ്പുമെല്ലാം പലരുടെയും പ്രണയദൂതരാണ്. എന്നാൽ ഇതൊന്നുമില്ലാത്തൊരു കാലത്തെ തുറന്നുപറച്ചിലുകളെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? ഇഷ്ടത്തിലായാൽ പോലും പരസ്പരം മിണ്ടാനായി കത്തുകളെ മാത്രം ആശ്രയിച്ചിരുന്നവർ. ഇന്നത്ര പരിചിതമല്ലെങ്കിലും
ഇഷ്ടം തുറന്നു പറയാൻ ഇന്ന് ഒരുപാട് വഴികളുണ്ട്. മൊബൈൽ ഫോണും ഇൻസ്റ്റഗ്രാമും വാട്സാപ്പുമെല്ലാം പലരുടെയും പ്രണയദൂതരാണ്. എന്നാൽ ഇതൊന്നുമില്ലാത്തൊരു കാലത്തെ തുറന്നുപറച്ചിലുകളെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? ഇഷ്ടത്തിലായാൽ പോലും പരസ്പരം മിണ്ടാനായി കത്തുകളെ മാത്രം ആശ്രയിച്ചിരുന്നവർ. ഇന്നത്ര പരിചിതമല്ലെങ്കിലും പ്രണയലേഖനങ്ങൾക്ക് ഏറെ കഥകൾ പറയാനുണ്ട്. ഒരിക്കലും മരിക്കാത്ത പ്രണയത്തിന്റെ ഓർമയാണ് പ്രണയലേഖനങ്ങൾ. ഈ പ്രണയദിനത്തിൽ മനോരമ ഓൺലൈൻ വായനക്കാർക്കായി ഒരു പ്രണയലേഖനം...
പ്രിയപ്പെട്ട ഷുഭോ,
കുറച്ചു ദിവസമായി നിനക്ക് എഴുതണമെന്നു കരുതുന്നു. പറയാനൊരുപാട് ഉണ്ടെങ്കിലും എല്ലാമൊന്നും പറയേണ്ടതില്ല എന്നതു പോലെ വാക്കുകള്‍ ഉള്ളിലേക്കു ചുരുങ്ങുന്നു. സ്നേഹത്തിനു ഭാഷകളുടെ ആവശ്യമില്ലെന്ന് നീയൊരിക്കല്‍ പറഞ്ഞിരുന്നു, അത് മൗനം കൊണ്ടും പറയാം...
ഞാനിതാ ഇവിടെ ‘ഫോളിങ് ഇന്‍ ലവ്’ സിനിമ കാണുകയായിരുന്നു; മോളിയും ഫ്രാങ്കും അവരുടെ ക്രിസ്മസ് തിരക്കുകളിലും. വളരെ യാദൃച്ഛികമായിത്തന്നെയാണ് അല്ലേ ഷുഭോ മനുഷ്യര്‍ കണ്ടു മുട്ടുന്നതും പ്രണയത്തിലാഴുന്നതും? എത്ര പേരില്‍ അലഞ്ഞു തിരിഞ്ഞു നൊന്തും മുറിവേറ്റും കരഞ്ഞും ഒന്നും വേണ്ടെന്നു വച്ചും മടുത്തും നടക്കുന്ന മനുഷ്യരാണ് ചുറ്റിലും? നമ്മളും അവരില്‍ പെടുന്നവര്‍ തന്നെയായിരുന്നല്ലോ, മോളിയെയും ഫ്രാങ്കിനെയും പോലെ, അല്ലെങ്കില്‍ ദ് ബ്രിജസ് ഓഫ് മാഡിസന്‍ കൗണ്ടിയിലെ ക്ലിന്റിനെയും ഫ്രാന്‍സിസ്കോയെയും പോലെ. ഫ്രാൻസിസ്കോയെപ്പറ്റി ആലോചിക്കുമ്പോള്‍ എനിക്ക് നെഞ്ച് വേദനിക്കും, ദൂരേക്കു ദൂരേക്ക് ക്ലിന്റ് മറയുന്നതും നോക്കി കരയാന്‍ പോലുമാകാതെ അവര്‍ക്കെങ്ങനെയാണ് നില്‍ക്കാനായത്? ഒന്നിച്ചു ജീവിക്കണമെന്നുണ്ടായിട്ടും തലയുടെ മുകളില്‍ ഉത്തരവാദിത്തങ്ങള്‍ ഉണ്ടായിരിക്കുമ്പോള്‍ അതങ്ങനെ ഇട്ടെറിഞ്ഞു പോരാന്‍ എളുപ്പമല്ലല്ലോ, അല്ലേ?
സത്യത്തില്‍, ജീവിതം മടുക്കുന്നതല്ല ഷുഭോ. അതിങ്ങനെ പലരും പറഞ്ഞുണ്ടാക്കി വച്ച ഒരു ക്ലീഷേ വാക്കാണെന്നാണ് തോന്നുന്നത്. ഓരോ തവണയും സ്വയം പുതുക്കുന്നവര്‍ക്ക് എങ്ങനെയാണ് മടുപ്പനുഭവപ്പെടുക? ഒരു വര്‍ഷമായാലും പത്തു വര്‍ഷമോ അന്‍പതു വര്‍ഷമോ ആയാലും ഒന്നിച്ചു ജീവിക്കുന്നവര്‍ക്കിടയില്‍ പുതുക്കപ്പെടലുണ്ടായില്ലെങ്കില്‍ മാത്രമാണ് അവര്‍ മടുപ്പനുഭവിച്ചു തുടങ്ങുക. നമുക്കിടയില്‍ അങ്ങനെയൊന്ന് ഉണ്ടാവാന്‍ സാധ്യത കുറവാണല്ലോ! ഞാനിടയ്ക്ക് നീയെനിക്ക് അയച്ചു തന്ന ആ വീടിന്റെ ചിത്രമെടുത്തു നോക്കാറുണ്ട്. നിറയെ പച്ചപ്പുള്ള, നമ്മുടെ മാത്രമായ ആ വീട്. ഉള്ളില്‍ ഒരു മുറിയില്‍ നിറയെ പുസ്തകങ്ങള്‍, അതിലൊന്ന് കയ്യിലെടുത്ത് നിന്റെ മടിയില്‍ കിടന്ന് നീ അതുറക്കെ വായിക്കുന്നതും കേട്ടു കേട്ട്... രാത്രിയില്‍ പതിവായി വരുന്ന മിന്നാമിനുങ്ങുകള്‍ അന്നും വരും, നമ്മള്‍ പറയുന്ന കഥകള്‍ കേട്ടുകൊണ്ട് അവയിങ്ങനെ ചുമരില്‍ ഒട്ടിയിരിക്കും. മരിച്ചു പോയ നക്ഷത്രങ്ങളാണ് മിന്നാമിനുങ്ങുകള്‍ എന്നു നീയല്ലേ പറഞ്ഞത്? നമ്മളെ കേട്ടുകൊണ്ട് ചുമരില്‍ ഒരു ആകാശമിരിക്കുന്നു എന്നാണു അപ്പോള്‍ തോന്നുക. നീയും ഞാനും തുറന്ന ആകാശത്തിനു കീഴിലിങ്ങനെ പ്രണയിച്ചു പ്രണയിച്ച്...
ഇന്നലെ ഒരു കൂട്ടുകാരിയോടു സംസാരിച്ചു. ഇരുപത്തിയഞ്ച് വയസ്സെങ്കിലും ഉണ്ടാവാം അവള്‍ക്ക്. മിടുക്കിയായ ഒരു പെണ്‍കുട്ടി. ജീവിതത്തോട് അവള്‍ക്കുള്ള പ്രണയം കണ്ടു ഞാനെന്നെത്തന്നെ നോക്കി. നീയെപ്പോഴും പറയാറുള്ളതു പോലെ, സ്വയം പ്രണയിക്കുന്ന പെൺകുട്ടിയാകാൻ ഇന്നത്തെ കാലത്തെ കുട്ടികള്‍ക്ക് എന്തെളുപ്പമാണ്! വിവാഹം വേണ്ടെന്നാണ് അവള്‍ പറയുന്നത്. ഒരാളോട് ഇഷ്ടം തോന്നുമ്പോള്‍ ഒന്നിച്ചു ജീവിച്ചു നോക്കണമെന്നുണ്ട് എന്നും അവള്‍ പറഞ്ഞു. അവളുടെ ധൈര്യത്തെ എനിക്ക് നെഞ്ചോടു ചേര്‍ക്കാന്‍ തോന്നി. യാതൊരു ഉടമ്പടികളുമില്ലാതെ ഒന്നിച്ചു ജീവിക്കുക എന്നത് പലയിടത്തും വിലക്കപ്പെടുമ്പോഴാണ് ധൈര്യത്തോടെ ഇന്നത്തെ കാലം അതിനു തയാറാണെന്ന് കണ്ണില്‍ നോക്കി ഉറക്കെ പറയുന്നത്. എത്ര വര്‍ഷങ്ങളാണെങ്കിലും ഒന്നിച്ചു ജീവിക്കേണ്ടുന്ന ഒരാളെ സ്വയം കണ്ടെത്തി, ഒന്നിച്ചു ജീവിച്ചു മനസ്സിലാക്കി, ആ ജീവിതം മനോഹരമായി മുന്നോട്ടു കൊണ്ട് പോകാന്‍ കഴിയുന്നതിന്റെ ഒരു ഭംഗി!
പ്രണയം അത്രമേല്‍ പ്രായോഗികമാണ്, പക്ഷേ എനിക്കറിയാം നീയവരെ കുറ്റപ്പെടുത്തില്ല. സങ്കടവും ഹൃദയത്തിന്റെ നോവും എത്രയെന്നു വച്ചാണ് താങ്ങേണ്ടത് അല്ലേ? അപ്പോഴാണ് ഓര്‍ത്തത്, പ്രണയ ദിനം പ്രമാണിച്ച് ഒരു എഴുത്തുകാരനോട് ഒരു കുറിപ്പ് ഫീച്ചറിനു വേണ്ടി എഴുതാമോ എന്ന് ചോദിച്ചിരുന്നു. അദ്ദേഹം പറഞ്ഞ മറുപടിക്ക് കൂടുതല്‍ ഒന്നും മിണ്ടാന്‍ തോന്നിയില്ല.
“പ്രണയത്താല്‍ മുറിവേറ്റതാണ്”,
അതെ, അതിനിയും സംസാരിക്കപ്പെടുമ്പോള്‍ ഒരിക്കല്‍ വിണ്ടു കീറിയിരുന്ന മുറിവുകള്‍ വീണ്ടും കുത്തിപ്പൊട്ടിച്ചു ചോര കിനിയുന്നതു പോലെയുണ്ടാകും. മനസ്സിലാകും എന്നു മാത്രം പറഞ്ഞു. അദ്ദേഹത്തെ എന്തുകൊണ്ടോ ഒന്നു മുറുകെ കെട്ടിപ്പിടിക്കണം എന്നു മാത്രം തോന്നി. മനുഷ്യന് മറ്റൊരു മനുഷ്യന് കൊടുക്കാനാവുന്ന ഒരു ആശ്വസിപ്പിക്കല്‍ അതല്ലാതെ മറ്റെന്താണ് അല്ലേ?
ഞാനിപ്പോള്‍ അദ്ദേഹത്തെയും എന്റെ ഇരുപത്തിയഞ്ച് വയസ്സുകാരി സുഹൃത്തിനെയും കുറിച്ചാണ് ആലോചിക്കുന്നത്. പ്രായം അനുഭവത്തിന്റെ തീക്ഷ്ണതയാല്‍ അടയാളപ്പെട്ട രണ്ടു പേർ. പക്ഷേ എല്ലാവരും ആ വൈകാരിക മുറിവുകള്‍ ഏൽക്കണം എന്നാണു എനിക്ക് തോന്നുന്നത്.
“എനിക്ക് പ്രണയിക്കണ്ട, വേദനിക്കണ്ട’’,
വേദനിക്കാന്‍ എല്ലാവർക്കും ഭയമാണെന്ന്. നിനക്ക് വേണ്ടി ഇനിയും വേദനിച്ചോട്ടെ എന്നാണു എനിക്ക് തോന്നാറ്. കാണാതിരിക്കുമ്പോള്‍ നീ ഒപ്പമുണ്ടായിരുന്ന സമയങ്ങളെയോര്‍ത്ത് ഹൃദയം ഇടിഞ്ഞിറങ്ങാറുണ്ട്. ഓരോ നിമിഷവും അത് നിന്നിലേക്കാണ് പാഞ്ഞു വരുന്നതെന്ന ചിന്ത. നീയത് അനുഭവിക്കുന്നുണ്ടെന്നും എനിക്കറിയാം. ഒന്നും പറയാതെ തന്നെ ഇങ്ങനെ എങ്ങനെയാണ് ഷുഭോ പരസ്പരം മനസ്സിലാക്കുന്നത്? ഒരേ ആത്മാവിന്റെ മുറികളാണ് നമ്മള്‍. ഒട്ടും പറയാതെ അറിയാന്‍ കഴിയുന്നവര്‍, കാണാതെ തൊടാന്‍ കഴിയുന്നവര്‍. ചെവി നെഞ്ചില്‍ വയ്ക്കാതെ ഹൃദയം അനുഭവിക്കുന്നവര്‍. പ്രപഞ്ചം ഉണ്ടായ കാലം മുതല്‍ തന്നെ പരസ്പരം ഒന്നാകുവാന്‍ തിരയുന്നവര്‍. ഓരോ വേര്‍പിരിയലിലും നെഞ്ച് പൊട്ടുന്ന നോവ് പങ്കിടുന്നവര്‍, പിന്നെയും കാത്തിരിപ്പ് തുടരുന്നവര്‍!
അറ്റാച്മെന്റ് ഇല്ലാത്ത ഡിറ്റാച്മെന്റ് ആണ് എളുപ്പമെന്നാണ് എല്ലാവരും കരുതുന്നത്. സൗഹൃദമെന്ന പേരില്‍ പ്രണയത്തെ പരാജയപ്പെടുത്തി ഉടലുകള്‍ മാത്രം ഉരുക്കിത്തീര്‍ക്കുന്നവര്‍! അതിലും ഞാന്‍ തെറ്റൊന്നും കാണുന്നില്ലെന്ന് നിനക്കറിയാമല്ലോ. പക്ഷേ പരസ്പരം പറയേണ്ടതും അറിയേണ്ടതുമുണ്ട്. ഉടല്‍പ്രണയമാണെങ്കില്‍ അതും തുറന്നു പറയാനുള്ള ധൈര്യമില്ലാതെ, ഞാന്‍ മരണം വരെ കൂടെ കാണുമെന്ന വാക്കിന്റെ പുറത്ത്, ഉപയോഗിച്ച് വലിച്ചെറിയുന്നവരുടെ സ്നേഹം എത്ര അശ്ലീലമാണ്! അതില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുണ്ട്, ആരെയും മാറ്റി നിര്‍ത്തേണ്ടതില്ലല്ലോ. അന്നൊരിക്കല്‍ ഞാന്‍ നിന്നോട് പറഞ്ഞിരുന്നില്ലേ, എന്റെയൊരു സുഹൃത്ത് അവന്റെ ഒരു രാവ് പകുതിയോളം മിണ്ടിക്കൊണ്ടിരുന്നത്. അതിന്റെ പകുതി സമയവും ശബ്ദം പുറത്തു വരാതെ അവന്‍ നിലവിളിച്ചത്!
ഒന്നും മിണ്ടാതെ അവനെ കേള്‍ക്കാന്‍ മാത്രം മതിയായിരുന്നു അവനൊരാള്‍. ജീവിതത്തിന്റെ, ദിവസത്തിന്റെ നല്ലൊരു സമയം, അവസരങ്ങള്‍, സുഹൃത്തുക്കള്‍ എല്ലാം മാറ്റി നിര്‍ത്തി അവള്‍ക്കു വേണ്ടി നടന്നവന്‍, അവള്‍ക്കൊപ്പം യാത്ര ചെയ്തവന്‍, അവള്‍ക്കു വേണ്ടി എല്ലാം ചെയ്തു കൊടുത്തുകൊണ്ടിരുന്നവന്‍. ഒടുവില്‍ മറ്റൊരു പ്രണയത്തില്‍ അവള്‍ ചെന്നു വീഴുമ്പോള്‍ അവന്‍ തകര്‍ന്നത് അവളില്‍നിന്ന് മാത്രമല്ലായിരുന്നല്ലോ, അവന്റെ മാറ്റി വയ്ക്കപ്പെട്ട സ്വപ്നത്തില്‍നിന്ന്, അകന്നു പോയ സുഹൃത്തുക്കളില്‍നിന്ന്, അവന്‍ എഴുതാതെ പോയ കഥകളില്‍നിന്നെല്ലാമാണ്. ഇനിയെല്ലാം എങ്ങനെയാണ് തിരിച്ചു ചേര്‍ത്തു വയ്ക്കേണ്ടത്? ഒറ്റയ്ക്കായിപ്പോയ ഒരുവന്റെ കരച്ചില്‍ എത്ര രാത്രികള്‍ കേട്ടിട്ടുണ്ടാവണം. അങ്ങനെ പലയിടങ്ങളില്‍ പേരും മുഖവും മാറുന്ന ആളുകള്‍. കരച്ചിലുകള്‍ക്കെല്ലാം ഒരേ താളം, ഒരേ സങ്കടം.
ഷുഭോ നമ്മുടെ പ്രണയം അങ്ങനെ ആവരുത്...
നീ പാമുക്കിന്റെ ‘ദ് മ്യൂസിയം ഓഫ് ഇന്നസന്‍സ്’ വായിച്ചിട്ടുണ്ടോ? ഫുസനുമായുള്ള ഒന്‍പതു വര്‍ഷത്തെ പ്രണയം അവശേഷിപ്പിച്ചതെല്ലാം അവളുടെ ഓര്‍മയ്ക്കായി സൂക്ഷിച്ചു വച്ച കെമല്‍. ഒടുവില്‍ അവളൊരു മ്യൂസിയമായി രൂപാന്തരപ്പെടുന്നു. നമ്മുടെ പ്രണയം അത്തരത്തിലൊരു ഓര്‍മ്മകള്‍ സൂക്ഷിക്കുന്ന ഇടമായാല്‍ അതിലെന്തൊക്കെയുണ്ടാവാം? അങ്ങനെ സൂക്ഷിച്ചു വയ്ക്കാന്‍ എന്തെങ്കിലുമൊക്കെ ഓരോ കാഴ്ചയിലും നമ്മള്‍ അവശേഷിപ്പിക്കേണ്ടതുണ്ടെന്നു തോന്നുന്നു.
ഒരു പൊട്ടില്‍ തുടങ്ങി, നേര്‍ത്ത, സ്വര്‍ണ നിറം പിടിപ്പിച്ച തലമുടി നാരു പോലും ഒരിക്കല്‍ ഓര്‍മയായി മാറും. ചിരികള്‍ക്കൊന്നും മുറികളില്‍ സൂക്ഷിപ്പ് അനുവദിക്കപ്പെടുന്നില്ലല്ലോ, അവയെല്ലാം നിന്റെ ഹൃദയത്തിലും ആത്മാവിലും തറഞ്ഞ് എന്നെന്നും ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നു. ഓരോ തവണയും ഞാന്‍ നിനക്ക് വേണ്ടി നമ്മുടെ മുറിയില്‍ ഉപേക്ഷിച്ചു പോകുന്നത്, നീയെനിക്കു തരാനായി ബാക്കി വച്ചത്, ഞാനെടുക്കാതെ പോകുന്നത്, അങ്ങനെയെല്ലാം എന്റെ ഓര്‍മകളായിത്തീരട്ടെ. നമ്മുടെ പ്രണയത്തിന്റെ കുടീരം.
ഷുഭോ, പ്രണയത്തിന്റെ ഏറ്റവും തീക്ഷ്ണമായ അവസ്ഥ എന്താണെന്ന് അറിയാമോ? ആത്മാവില്‍നിന്ന് ആത്മാവിലേക്കുള്ള ഒരു പാലം തകരല്‍ ആണത്. എന്നോ രണ്ടായിപ്പോയ ഒരു ഒറ്റയാത്മാവ്. ഒരിക്കല്‍ അതിനി ഒന്നാവില്ലാത്തതിനാല്‍ ഉടലുകള്‍ പരസ്പരം കൊരുത്തു വലിക്കുന്നത് പോലെ നാം നൊന്തു കൊണ്ടിരിക്കുന്നു. ആത്മാവിന് അലിഞ്ഞു തീരാനുള്ള അത്ര ആവേശം നാം തമ്മില്‍ തീര്‍ക്കുന്നു. പ്രണയത്തിനു ശരീരങ്ങളില്ല എന്നാരാണ് പറഞ്ഞത്? ആത്മാവിനു പങ്കിട്ടെടുക്കാന്‍ ശരീരങ്ങള്‍ തന്നെയാണല്ലോ വേണ്ടത്! അങ്ങനെയല്ലേ ഷുഭോ? പക്ഷേ പരസ്പരം ഉടലുകളില്‍ കണ്ടെത്തേണ്ടത് നമ്മളെ തന്നെയാകുമ്പോഴാണ് അത് ആത്മീയമാകുന്നത്. ഉടലും ഉയിരും അലിഞ്ഞു ചേരുന്ന സ്നേഹമാകുന്നത്. ഇന്നലെ ഒരുവള്‍ വന്നു കരഞ്ഞത് പോലെ,
“എന്നെന്നും അയാളെന്റെ കൂടെ കാണുമെന്നു പ്രതീക്ഷിച്ചു, ഒന്നിച്ചിരുന്ന നാളുകള്‍, രാത്രികള്‍, പങ്കിട്ട വിയര്‍പ്പു തുള്ളികള്‍, ഇപ്പോള്‍ മറ്റൊരുവളുടെ ഉപ്പു നുണഞ്ഞ് അയാള്‍ വിരിപ്പുകള്‍ മാറ്റി വിരിച്ചു കൊണ്ടിരിക്കുന്നു”
ഞാനെന്താണ് പറയേണ്ടത്? അവളെ ആശ്വസിപ്പിക്കുക മാത്രം ചെയ്തു. പ്രണയത്തോട് വീണ്ടും വീണ്ടും വെറുപ്പു കലര്‍ന്നു പോകുന്ന അനുഭവങ്ങള്‍ കൊണ്ട് അവളുടെ ഹൃദയം ഇനിയും കല്ലായി മാറുമായിരിക്കാം. മറ്റൊരുവന്‍ അത്രമേല്‍ സ്നേഹത്തോടെ വന്നാല്‍പ്പോലും അവള്‍ക്കിനി അടഞ്ഞു കിടക്കുന്ന ഹൃദയം പൂര്‍ണമായി തുറന്നു കിട്ടില്ലായിരിക്കാം. എങ്കിലും ഒരു നദി അവളുടെ ആ തടയണകള്‍ പൊട്ടിച്ചു അവള്‍ക്കുള്ളിലൂടെ കുതിച്ചോഴുകട്ടെ. സ്നേഹത്തിന്റെ പ്രാർഥന അതാണ്.
നീ പറഞ്ഞതു പോലെ, നമ്മുടെ പ്രണയം പരസ്പരമുള്ള കണ്ടെത്തല്‍ കൂടിയാകട്ടെ ഷുഭോ. നീ എന്നെയും ഞാന്‍ നിന്നെയും കൂടുതല്‍ അറിയുകയാണ്. ഏറ്റവും മനോഹരമായ ഒരു അനുഭവം പോലെ അത് നമ്മളെ കൂടുതല്‍ അടുപ്പിക്കട്ടെ. ആത്മാവിനാല്‍ നമ്മള്‍ ആകര്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നതിന്റെ നോവ് ഇനിയും ഇനിയും അനുഭവിക്കാനാവട്ടെ.
മനുഷ്യരുടെ എത്രയെത്ര കഥകളാണ് ഇനിയും... ഓരോരുത്തര്‍ക്കും ഓരോ കഥകള്‍. നമുക്കു തന്നെ എത്ര കഥകളാണ്... ഇനിയും പങ്കു വയ്ക്കപ്പെടാത്ത അനുഭവങ്ങളുടെ ചൂട് നമുക്കുണ്ട്. കാലം ബാക്കി കിടക്കുന്നു. ഓരോന്നും പറഞ്ഞു തീര്‍ക്കാന്‍.
നമുക്ക് കാത്തിരിക്കാം. ഉടലുകള്‍ ചുളിഞ്ഞു തുടങ്ങിയിട്ടും മുടിയിഴകള്‍ മുഴുവന്‍ നരച്ചിട്ടും ബാക്കിയാകുന്ന നമ്മുടെ പ്രണയത്തിന്റെ കെടാത്ത കനലുകള്‍ ഉടലിലും ആത്മാവിലും പേറിക്കൊണ്ട് ....എന്നെന്നും നിന്റേതു മാത്രമായ
പാര്‍ബോതി