ശരീരം പൊട്ടിച്ചിതറി, രക്തത്തിൽ കുളിച്ച് ബിന്ദു; അപകടത്തിൽ സഹായ ഹസ്തവുമായി വിദ്യാർഥിനി, പക്ഷേ...
ഫെബ്രുവരി 16, വെള്ളിയാഴ്ച തിരുവനന്തപുരം അമ്പലമുക്ക് ജങ്ഷന് സമീപം ഒരു അപകടം നടന്നു. റോഡ് മുറിച്ചു കടക്കുമ്പോൾ ബൈക്ക് ഇടിച്ച് റോഡിൽ വീണ വീട്ടമ്മ, കെ.എസ്.ആർ.ടി.സി ബസ് തട്ടി മരിച്ചു. ഉഴമലയ്ക്കൽ ഏലിയാവൂർ കിഴക്കിൻകര പുത്തൻവീട്ടിൽ വിനോദിന്റെ ഭാര്യ ബിന്ദു (38) ആണ് മരിച്ചത്. വൈകുന്നേരം നല്ല തിരക്കുള്ള
ഫെബ്രുവരി 16, വെള്ളിയാഴ്ച തിരുവനന്തപുരം അമ്പലമുക്ക് ജങ്ഷന് സമീപം ഒരു അപകടം നടന്നു. റോഡ് മുറിച്ചു കടക്കുമ്പോൾ ബൈക്ക് ഇടിച്ച് റോഡിൽ വീണ വീട്ടമ്മ, കെ.എസ്.ആർ.ടി.സി ബസ് തട്ടി മരിച്ചു. ഉഴമലയ്ക്കൽ ഏലിയാവൂർ കിഴക്കിൻകര പുത്തൻവീട്ടിൽ വിനോദിന്റെ ഭാര്യ ബിന്ദു (38) ആണ് മരിച്ചത്. വൈകുന്നേരം നല്ല തിരക്കുള്ള
ഫെബ്രുവരി 16, വെള്ളിയാഴ്ച തിരുവനന്തപുരം അമ്പലമുക്ക് ജങ്ഷന് സമീപം ഒരു അപകടം നടന്നു. റോഡ് മുറിച്ചു കടക്കുമ്പോൾ ബൈക്ക് ഇടിച്ച് റോഡിൽ വീണ വീട്ടമ്മ, കെ.എസ്.ആർ.ടി.സി ബസ് തട്ടി മരിച്ചു. ഉഴമലയ്ക്കൽ ഏലിയാവൂർ കിഴക്കിൻകര പുത്തൻവീട്ടിൽ വിനോദിന്റെ ഭാര്യ ബിന്ദു (38) ആണ് മരിച്ചത്. വൈകുന്നേരം നല്ല തിരക്കുള്ള
ഫെബ്രുവരി 16, വെള്ളിയാഴ്ച തിരുവനന്തപുരം അമ്പലമുക്ക് ജങ്ഷന് സമീപം ഒരു അപകടം നടന്നു. റോഡ് മുറിച്ചു കടക്കുമ്പോൾ ബൈക്ക് ഇടിച്ച് റോഡിൽ വീണ വീട്ടമ്മ, കെ.എസ്.ആർ.ടി.സി ബസ് തട്ടി മരിച്ചു. ഉഴമലയ്ക്കൽ ഏലിയാവൂർ കിഴക്കിൻകര പുത്തൻവീട്ടിൽ വിനോദിന്റെ ഭാര്യ ബിന്ദു (38) ആണ് മരിച്ചത്. വൈകുന്നേരം നല്ല തിരക്കുള്ള സമയത്തായിരുന്നു അപകടം നടന്നത്. റോഡിൽ നിറയെ ആളുകളുണ്ടായിരുന്നിട്ടും ഒരു സ്കൂൾ വിദ്യാർഥിയാണ് ചോരയിൽ കുളിച്ചു കിടന്ന ബിന്ദുവിനെ ആംബുലൻസ് വിളിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടു പോയത്. അപകടത്തിന്റെ ഭീകരത കണ്ട് ഞെട്ടി മാറി നിന്നവരായിരുന്നു അവിടെ ഓടിക്കൂടിയവരെല്ലാവരും. എന്നാൽ, മനസാന്നിധ്യം കൈവിടാതെ ഓടിച്ചെന്നു സഹായഹസ്തം നീട്ടിയത് സന ഫാത്തിമയെന്ന പ്ലസ് വൺ വിദ്യാർഥി മാത്രം.
കുറച്ചു ദിവസങ്ങൾക്കു ശേഷം, തിരുവനന്തപുരം കവടിയാർ സാൽവേഷൻ ആർമി ഹയർസെക്കൻഡറി സ്കൂളിൽ പഠിക്കുന്ന സനയെത്തേടി ബിന്ദു ജോലി ചെയ്തിരുന്ന അപ്പാർട്ട്മെന്റിലെ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളെത്തി. അവർ പറഞ്ഞപ്പോൾ മാത്രമാണ് സ്കൂൾ പ്രിൻസിപ്പാൾ പോലും സനയുടെ ധീരമായ ഇടപെടലിനെക്കുറിച്ച് അറിഞ്ഞത്. എന്തുകൊണ്ട് ആരോടും പറഞ്ഞില്ലെന്നു ചോദിച്ചപ്പോൾ സനയുടെ മറുപടി ഇങ്ങനെയായിരുന്നു: "എന്റെ അമ്മയ്ക്കാണ് ഇങ്ങനെ സംഭവിച്ചതെങ്കിൽ ഞാൻ ഇങ്ങനെ ചെയ്യില്ലേ? അതിന്റെ പേരിൽ ആരെങ്കിലും എന്നെത്തേടി വരുമെന്നോ അഭിനന്ദിക്കുമോ എന്നൊന്നും കരുതില്ലല്ലോ. അത്രയേ അന്ന് ചെയ്തുള്ളൂ."
അപകടം സംഭവിച്ചു റോഡിൽ വീണു കിടക്കുന്നവരെ സഹായിക്കാൻ പോയി വെറുതെ പുലിവാലു പിടിക്കണോ എന്നാലോചിച്ചു മാറി നടക്കുന്നവർക്കു മുമ്പിലാണ് സന ഫാത്തിമ മനുഷ്യത്വത്തിന്റെ ഹൃദയസ്പർശിയായ മാതൃക സൃഷ്ടിക്കുന്നത്. ബന്ധുക്കൾ വരുന്നതു വരെയുള്ള ആശുപത്രി വരാന്തയിലെ കാത്തിരിപ്പോ, പൊലീസ് കേസിന്റെ സാങ്കേതികതയോ സനയെ പിന്തിരിപ്പിച്ചില്ല. ഒരു ജീവന്റെ വില, വെറുമൊരു കാത്തിരിപ്പിന്റെ മടുപ്പിനും നിയമങ്ങളുടെ ഇട്ടാവട്ടങ്ങൾക്കും മുകളിലാണെന്ന് സന തിരിച്ചറിഞ്ഞു. അന്ന് സ്കൂളിനു മുമ്പിൽ നടന്ന അപകടത്തെക്കുറിച്ചും തുടർന്നുണ്ടായ സംഭവങ്ങളും പങ്കുവച്ച് സന ഫാത്തിമ മനോരമ ഓൺലൈനിൽ.
ഫെബ്രുവരി 16ന് നടന്നത്
അന്ന് ഞങ്ങൾക്ക് മോഡൽ എക്സാം ആയിരുന്നു. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴാണ് സംഭവം. ഒരു ബൈക്ക് ആ ആന്റിയെ ഇടിച്ചു. വീണു കിടന്ന ആന്റിയുടെ ശരീരത്തിലൂടെ ബസിന്റെ പിൻഭാഗത്തെ ടയർ കയറി ഇറങ്ങി. ഒരു വണ്ടി തട്ടി വീണതിന്റെ പരിക്കിനൊപ്പം ബസ് കയറി ഇറങ്ങുകയും കൂടി ആയപ്പോൾ ഭീകരമായ അവസ്ഥയായിരുന്നു. അരഭാഗത്തോടെയാണ് ബസ് കയറിപ്പോയത്. ശരീരം പൊട്ടിച്ചിതറിയ അവസ്ഥ. ഇതു കണ്ടപ്പോഴെ ഞാൻ ഓടിച്ചെന്നു. ആന്റിയുടെ വസ്ത്രമെല്ലാം മാറിക്കിടക്കുകയായിരുന്നു. ഞാൻ വേഗം എന്റെ ഷാളെടുത്ത് ആന്റിയുടെ ശരീരം മറച്ചു. ആകെ ചോരയൊഴുകുകയായിരുന്നു. ആളുകൾ കൂടി. ഏതെങ്കിലും വാഹനത്തിൽ കൊണ്ടുപോകാൻ പറ്റുന്ന അവസ്ഥയിൽ ആയിരുന്നില്ല. ആംബുലൻസ് തന്നെ വരണമെന്ന് കൂടെ നിന്നവരിൽ ഒരാൾ പറഞ്ഞു. ഞാനുടനെ ഫോണെടുത്ത് 108 ആംബുലൻസ് വിളിച്ചു. അവർ അഞ്ചു മിനിറ്റിൽ ആംബുലൻസ് എത്തിക്കാമെന്നു പറഞ്ഞു. അങ്ങനെ ആംബുലൻസ് വന്നു. സാധാരണ സ്ട്രക്ചറിൽ കയറ്റിക്കൊണ്ടുപോകാൻ പോലും സാധിക്കാത്ത രൂപമായിരുന്നു. അതുകൊണ്ട്, വേറൊരു തരത്തിലുള്ള സംവിധാനത്തിലൂടെയാണ് ആംബുലൻസിലേക്ക് കയറ്റിയത്. ആന്റിയെ കയറ്റിക്കഴിഞ്ഞപ്പോൾ ചോദിച്ചു, ആരെങ്കിലും ഒപ്പം വരാമോ എന്ന്. ആ ആന്റിയെ പരിചയമുള്ള പലരും അവിടെ ഓടിക്കൂടിയവരിൽ ഉണ്ടായിരുന്നു. പക്ഷേ, ആരും ആംബുലൻസിൽ കയറിയില്ല. അങ്ങനെയാണ് ഞാൻ ആന്റിക്കൊപ്പം ആശുപത്രിയിലേക്ക് പോകാൻ തീരുമാനിച്ചത്.
'ആന്റി ജീവിക്കുമെന്നു പ്രതീക്ഷിച്ചു'
അപകടം പറ്റിയ ആന്റി ആരാണെന്നൊന്നും എനിക്കറിയില്ല. അവരുടെ വീട്ടുകാരെ വിവരം അറിയിക്കണമല്ലോ. അതുകൊണ്ട്, ഞാൻ ആന്റിയുടെ ബാഗ് തുറന്നു നോക്കി. എന്തെങ്കിലും നമ്പറോ മേൽവിലാസോ ഐഡി കാർഡോ ഉണ്ടോയെന്നു നോക്കി. ഫോൺ ആകെ തകർന്നു പോയിരുന്നു. അവസാനം, ഒരു ആധാർ കാർഡും കണ്ണാശുപത്രിയിലെ ഒരു കാർഡും കിട്ടി. അതിലെ നമ്പറിൽ വിളിച്ചിട്ട് ആരും എടുത്തില്ല. ആന്റിയുടെ പേര് ബിന്ദു ആണെന്നു മനസിലായി. പ്രായവും അതിൽ നിന്നു കിട്ടി. കാര്യങ്ങളെല്ലാം ഞാൻ ആംബുലൻസിലുണ്ടായിരുന്നവരോട് പറഞ്ഞു. പിന്നെ, ഞാൻ എന്റെ അമ്മയെ വിളിച്ചു നടന്ന കാര്യങ്ങൾ അറിയിച്ചു. ആശുപത്രിയിലേക്ക് പോവുകയാണെന്നും പറഞ്ഞു. ആശുപത്രിയിലെത്തി, എനിക്ക് അറിയാവുന്ന വിവരങ്ങൾ വച്ച് ഒ.പി ടിക്കറ്റ് എടുത്തു. ആന്റിയെ അകേത്തക്കു കൊണ്ടുപോയി. കുറെ നേരം ഞാൻ ആ വരാന്തയിൽ തന്നെ നിന്നു. അന്വേഷിച്ചപ്പോൾ മനസിലായി, ആന്റിയുടെ നില അതീവ ഗുരുതരമാണെന്ന്! രക്ഷപ്പെടാൻ ചാൻസ് കുറവാണെന്ന് ഡോക്ടർമാർ പറഞ്ഞു. അവിടെ നിന്ന് ആരൊക്കെയോ ആ ആന്റിയുടെ വീട്ടുകാരെ വിവരം അറിയിച്ചു. ആന്റിയുടെ ഭർത്താവ് വന്നു. എന്നോടു വീട്ടിൽ പോയ്ക്കോളാൻ പറഞ്ഞു. അപ്പോൾ ഞാൻ എന്റെ അമ്മയെ വിളിച്ചു. അമ്മ ആശുപത്രിയിൽ വന്നു. പോരുന്നതിനു മുൻപ് ആന്റിയെ ഒന്നൂടെ കാണാൻ തോന്നി. ഡോക്ടറോടു ചോദിച്ചപ്പോൾ അദ്ദേഹം എന്നെ അനുവദിച്ചു. തിരികെ വീട്ടിലെത്തിയിട്ടും ഒരു സ്വസ്ഥതയുണ്ടായിരുന്നില്ല. രാത്രി വീണ്ടും അവിടെ ഉണ്ടായിരുന്ന ആന്റിയുടെ ബന്ധുവിനെ വിളിച്ചു. ആന്റിയെ രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് ആ ചേട്ടൻ പറഞ്ഞു. വലിയ നിരാശ തോന്നി. കാലിന് എന്തെങ്കിലും സംഭവിച്ചാലും ആന്റി ജീവിക്കുമെന്ന് ഒരു പ്രതീക്ഷ എനിക്കുണ്ടായിരുന്നു. പക്ഷേ, സംഭവിച്ചത് മറ്റൊന്നായിപ്പോയി.
കരഞ്ഞു നിന്നിട്ട് എന്തു കാര്യം?
ആന്റി ജോലി ചെയ്തിരുന്ന കവടിയാർ സീസൺസ് അപാർട്മെന്റിലെ മാനേജർ സാറാണെന്നു തോന്നുന്നു, സംഭവം നടക്കുമ്പോൾ അവിടെ ഉണ്ടായിരുന്നു. ആംബുലൻസിന് പിറകെ, മറ്റൊരു വണ്ടിയിൽ അവർ ആശുപത്രിയിലേക്ക് വന്നിരുന്നു. അദ്ദേഹം ആദ്യം കരുതിയത് ഞാൻ ആംബുലൻസ് സ്റ്റാഫ് ആണെന്നായിരുന്നു. പിന്നീടാണ് ഞാനൊരു സ്കൂൾ വിദ്യാർഥിയാണെന്ന് തിരിച്ചറിഞ്ഞത്. അദ്ദേഹവും റസിഡന്റ്സ് അസോസിയേഷനിലെ ചിലരും കൂടി കുറച്ചു ദിവസം കഴിഞ്ഞപ്പോൾ സ്കൂളിൽ എന്നെ അന്വേഷിച്ചു വന്നു. ഞാൻ ഈ സംഭവം സ്കൂളിൽ ആരോടും അങ്ങനെ പറഞ്ഞിരുന്നില്ല. ഇവർ വന്ന് എന്റെ പ്രിൻസിപ്പാളിനോടു കാര്യങ്ങൾ പറഞ്ഞപ്പോഴാണ് അവരും ഇതറിയുന്നത്. ഇങ്ങനെയൊരു അപകടം നടന്നതും ആ സ്ത്രീ മരിച്ചതുമെല്ലാം അറിയാമായിരുന്നെങ്കിലും ഞാനാണ് ആശുപത്രിയിൽ കൊണ്ടുപോയതെന്ന കാര്യം അറിഞ്ഞിരുന്നില്ല. സംഭവസമയത്ത് അവിടെ ഉണ്ടായിരുന്ന എന്റെ സ്കൂളിലെ ചില കുട്ടികൾ ഇതെല്ലാം കണ്ടിരുന്നു. പക്ഷേ, ഞാനായിട്ട് ആരോടും പറഞ്ഞില്ല. ഇത്രയും വലിയ അപകടം കൺമുമ്പിൽ നടന്നപ്പോൾ ഞെട്ടിപ്പോയി എന്നതു സത്യമാണ്. ആർക്കായാലും വലിയ ഷോക്ക് ആകും. കരയാനൊക്കെ തോന്നും. ഞാൻ ആലോചിച്ചത്, അങ്ങനെ കരഞ്ഞു നിന്നിട്ട് എന്തു കാര്യം? കാലിലൂടെ ബസ് കയറിപ്പോയത് കണ്ടപ്പോൾ ഞാൻ വിചാരിച്ചത്, കാൽ മുറിച്ചു കളഞ്ഞിട്ടാണെങ്കിലും ആന്റിക്ക് ജീവിക്കാമല്ലോ എന്നാണ്. അതിന്, എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കണമല്ലോ. അങ്ങനെയാണ് ഞാൻ ചിന്തിച്ചത്.
നിയമസഹായത്തിന് ഒപ്പമുണ്ട്
അപകടത്തിൽപ്പെട്ടു കിടക്കുന്നവരെ സഹായിക്കുക എന്നത് വളരെ ബേസിക് ആയി തോന്നേണ്ട കാര്യമാണ്. നമ്മുടെ സ്വന്തക്കാർ ആരെങ്കിലുമാണ് അങ്ങനെ കിടക്കുന്നതെങ്കിൽ നമ്മൾ അവരെ അവഗണിച്ചു കടന്നു പോകുമോ? ഒരിക്കലുമില്ല. പലരും പറഞ്ഞു കേട്ടു, അപകടം കണ്ടപ്പോൾ ഷോക്ക് ആയിപ്പോയി, ബോധം പോകുന്ന അവസ്ഥയായിരുന്നു എന്നൊക്കെ. പക്ഷേ, ഞാനൊന്നു ചോദിക്കട്ടെ, നമ്മുടെ വേണ്ടപ്പെട്ടവർക്കാണ് ഇങ്ങനെയൊരു അപകടം നടന്നതെങ്കിൽ നമ്മൾ മാറി നിൽക്കുമോ? വേണ്ടതു ചെയ്യില്ലേ? അപകടവുമായി ബന്ധപ്പെട്ട് കേസുണ്ട്. അതിൽ സാക്ഷി പറയാൻ പോകാൻ ഞാനെന്തിനു മടിക്കണം? ഞാൻ കണ്ട കാര്യങ്ങളല്ലേ! ആ വാഹനം ഓടിച്ചവർ ചെയ്തത് തെറ്റാണ്. അമിതവേഗതയിൽ വന്നതുകൊണ്ടായിരിക്കുമല്ലോ ആന്റിയെ ആദ്യം ബൈക്കിടിച്ചത്. അവർ കാരണം ഒരു ജീവൻ പോയില്ലേ? എന്റെ അമ്മയ്ക്കാണ് ഇങ്ങനെ സംഭവിച്ചതെന്നു കരുതുക. റോഡിൽ നടന്ന അപകടം ആരെങ്കിലുമൊക്കെ കണ്ടു കാണും. അവരിൽ ആരെങ്കിലും സാക്ഷി പറയാൻ മുന്നോട്ടു വന്നില്ലെങ്കിൽ എനിക്കു സങ്കടം വരില്ലേ? എന്റെ അമ്മയുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരാൻ ആരുമെന്നെ സഹായിക്കുന്നില്ലെങ്കിൽ എനിക്കും ഉണ്ടാകില്ലേ വിഷമം? എന്നെപ്പോലെ രണ്ടു മക്കൾ ആ ആന്റിക്കുണ്ട്. അവർ വളരെ കഷ്ടപ്പെട്ടു ജീവിക്കുന്നവരാണ്. എന്റെയൊരു സാക്ഷിമൊഴി കൊണ്ട് അവർക്ക് എന്തെങ്കിലുമൊരു സഹായം ലഭിക്കുമെങ്കിൽ അതു ചെയ്യാൻ എനിക്കൊരു മടിയുമില്ല. സന്തോഷമേയുള്ളൂ.
സനയെ ആദരിച്ച് റസിഡന്റ്സ് അസോസിയേഷൻ
തിരുവനന്തപുരം കുറവൻകോണം സീസൺസ് അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ തൊഴിലാളിയായിരുന്നു റോഡപകടത്തിൽ മരിച്ച ബിന്ദു. അപകടം സംഭവിച്ചതറിഞ്ഞ് ആശുപത്രിയിലെത്തിയപ്പോഴാണ് മനസാന്നിധ്യം കൈവിടാതെയുള്ള സനയുടെ സഹായഹസ്തത്തെക്കുറിച്ച് അറിഞ്ഞതെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. അപരിചിതയായ ഒരാളെ സഹായിക്കാൻ ഒരു സ്കൂൾ വിദ്യാർഥി പ്രകടിപ്പിച്ച ആ സഹാനുഭൂതിയും സന്നദ്ധതയും ആദരിക്കേണ്ടതാണെന്ന് തോന്നി. അങ്ങനെയാണ് മാർച്ച് മൂന്നിന് അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ നടത്തിയ ചടങ്ങിൽ സനയ്ക്ക് 'സീസൺസ് ഗുഡ് സമാരിറ്റൻ' പുരസ്കാരവും പ്രശസ്തി പത്രവും സമ്മാനിച്ചത്. ബിന്ദു അപകടത്തിൽ നിന്നു രക്ഷപ്പെട്ടിരുന്നെങ്കിൽ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് മന്ത്രാലയത്തിന് കീഴിലുള്ള 'ഗുഡ് സമാരിറ്റൻ പദ്ധതി' പ്രകാരമുള്ള പുരസ്കാരം ലഭിക്കുമായിരുന്നു. എന്തായാലും, എല്ലാവർക്കും വലിയൊരു മാതൃകയാണ് സനയുടെ പ്രവർത്തിയെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി.
'ആംബുലൻസിൽ തന്നെ ഷിഫ്റ്റ് ചെയ്യുക'
റോഡപകടത്തിൽ പരിക്കേറ്റ വ്യക്തിയെ ആശുപത്രിയിൽ എത്തിക്കുന്നതിന് ആംബുലൻസിനെ ആശ്രയിക്കുന്നതാണ് മാതൃകാപരമെന്ന് പ്രമുഖ ഇഎൻടി സർജനും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സോഷ്യൽ മീഡിയ വിങ് ദേശീയ കോ–ഓർഡിനേറ്ററുമായ ഡോ.സുൽഫി നൂഹ്. "റോഡപകടങ്ങൾ നടക്കുമ്പോൾ എത്രയും പെട്ടെന്ന് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കുക എന്നതു തന്നെയാണ് പ്രധാനം. ആശുപത്രിയിലേക്ക് എങ്ങനെ ഷിഫ്റ്റ് ചെയ്യുന്നു എന്നതിലും ശ്രദ്ധ വേണം. കഴുത്തിന്റെ എല്ലിനുള്ള പൊട്ടൽ, മറ്റു സ്ഥലങ്ങളിലുള്ള പൊട്ടലുകൾ തുടങ്ങി വലിയ പരിക്കു പറ്റിയ വ്യക്തികളെ ആംബുലൻസിൽ കിടത്തി തന്നെ ഷിഫ്റ്റ് ചെയ്യാൻ ശ്രദ്ധിക്കണം. ഓട്ടോറിക്ഷയോ കാറോ അല്ലെങ്കിൽ മറ്റു വാഹനങ്ങൾ കയറ്റി ആശുപത്രിയിലെത്തിക്കുന്നത് ഉചിതമല്ല. ആംബുലൻസ് ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ, മറ്റു വഴിയില്ലെങ്കിൽ മാത്രമാണ് മറ്റു വാഹനങ്ങളെ ആശ്രയിക്കാവൂ. അതു വലിയ റിസ്കാണ്," ഡോ.സുൽഫി നൂഹ് പറയുന്നു.
"രോഗിയെ ആശുപത്രിയിലെത്തിക്കുന്നതിനു മുൻപുള്ള സമയവും ഏറെ നിർണായകമാണ്. സി.പി.ആർ കൊടുക്കാൻ അറിഞ്ഞിരിക്കുന്നത് ഇത്തരം ഘട്ടങ്ങളിൽ ഒരു പക്ഷേ, ജീവൻ രക്ഷിക്കാൻ സഹായിക്കും. സി.പി.ആർ എങ്ങനെ നൽകണം എന്നതിന്റെ ബേസിക് ടെക്നിക് അതായത് നെഞ്ചിൽ ശക്തിയായി അമർത്തുന്ന രീതി– അറിഞ്ഞിരിക്കേണ്ടത് അടിയന്തര ഘട്ടങ്ങളിൽ ഉപകാരപ്പെടും. കൂടാതെ, രക്തം വാർന്നു പോകുന്ന അവസ്ഥയിലുള്ള മുറിവുകളാണെങ്കിൽ, വൃത്തിയുള്ള തുണി കൊണ്ട് കെട്ടിക്കൊടുക്കുന്നത് രക്തസ്രാവം നിയന്തിക്കാൻ സഹായിക്കും. മുൻപൊക്കെ, ഒരു അപകടം നടന്നാൽ പലരും മാറിപ്പോകാറുണ്ട്. ഇപ്പോൾ, ആ പ്രവണത മാറി വരുന്നുണ്ട്," ഡോ.സുൽഫി പറഞ്ഞു. സന ഫാത്തിമയുടേത് മാതൃകാപരമായ പ്രവർത്തിയാണെന്നും ഭയപ്പെട്ടു മാറി നിൽക്കാതെ അവസരത്തിനൊത്ത് പ്രവർത്തിക്കാൻ ആ കുട്ടിക്ക് കഴിഞ്ഞെന്നും ഡോ.സുൽഫി ചൂണ്ടിക്കാട്ടി.
ആരാണ് ഗുഡ് സമരിറ്റൻ?
റോഡപകടങ്ങളിൽ ഇരയാകുന്നവരെ സഹായിക്കുവാൻ സ്വയം സന്നദ്ധരാകുന്നവരെ 'ഗുഡ് സമരിറ്റൻ' എന്നാണ് റോഡ് സുരക്ഷാ അതോറിറ്റി വിശേഷിപ്പിക്കുന്നത്. ആശുപത്രി അധികൃതരും പൊലീസ് ഉദ്യോഗസ്ഥരും ഇവരോട് യാതൊരു വിവേചനവും കൂടാതെ ആദരവോടു കൂടി പെരുമാറണമെന്നാണ് നിർദേശം. ഇവരെ സംബന്ധിച്ച വ്യക്തിപരമായ കാര്യങ്ങൾ ഇവർ അധികാരികളോട് വെളിപ്പെടുത്തേണ്ട ആവശ്യമില്ല. ലഭ്യമായ വിവരങ്ങൾ നൽകിയതിനു ശേഷം ഇവരെ പോകാൻ അനുവദിക്കണമെന്ന് റോഡ് സുരക്ഷ അതോറിറ്റി പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ പറയുന്നു. അപകടത്തിൽപ്പെട്ടവരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞാൽ, അവരെ യഥാസമയം ആശുപത്രിയിലെത്തിക്കുന്നവർക്ക് ഗുഡ് സമരിറ്റൻ പുരസ്കാരം നൽകി ആദരിക്കാറുണ്ട്. 5000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവർക്ക് ഉടനടി വൈദ്യസഹായം ലഭ്യമാക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഗുഡ് സമരിറ്റൻ പദ്ധതി നടപ്പാക്കുന്നത്.