വിമാനയാത്രയ്ക്കിടെ അംബാനിക്ക് ഇരട്ടകൾ ജനിച്ചു; ഇഷ, ആകാശ് പേരിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി നിത
Mail This Article
അംബാനി കുടുംബത്തിന്റെ വിശേഷങ്ങൾ എപ്പോഴും മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും വിവാഹമുറപ്പിച്ചത് അടക്കമുള്ള കഥകൾ വർഷങ്ങൾക്കിപ്പുറവും മാധ്യമങ്ങളിൽ നിറയുന്നു. അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹപൂർവ ആഘോഷങ്ങൾ പൊടിപൊടിക്കുന്നതിനിടെ ഇപ്പോൾ അംബാനിയുടെ മൂത്ത മക്കളായ ആകാശിനും ഇഷയ്ക്കും ആ പേരുകൾ ലഭിച്ചതിനു പിന്നിലെ രസകരമായ കഥയാണ് വീണ്ടും ശ്രദ്ധ നേടുന്നത്. ഒരു ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മക്കൾക്ക് പേരുകൾ തെരഞ്ഞെടുത്തതിനു പിന്നിലെ കാരണം നിത അംബാനി വെളിപ്പെടുത്തിയത്.
അമേരിക്കയിൽ വച്ചായിരുന്നു നിത അംബാനി ആകാശിനും ഇഷയ്ക്കും ജന്മം നൽകിയത്. എന്നാൽ പ്രസവസമയത്ത് മുകേഷ് അംബാനി ഇന്ത്യയിലേയ്ക്കുള്ള മടക്കയാത്രയിൽ ആയിരുന്നു. ഇന്ത്യയിൽ ഫ്ലൈറ്റ് ലാൻഡ് ചെയ്ത സമയത്താണ് അമേരിക്കയിലേക്ക് അടിയന്തരമായി മടങ്ങിയെത്തണമെന്ന് അംബാനിക്ക് അറിയിപ്പ് ലഭിച്ചത്. അതോടെ അദ്ദേഹം അമ്മ കോകില ബെന്നുമായി തിരികെ അമേരിക്കയിലേക്ക് യാത്ര ആരംഭിച്ചു.
എന്നാൽ ഇരുവരും അമേരിക്കയിൽ എത്തും മുൻപ് തന്നെ നിത അംബാനി മക്കൾക്ക് ജന്മം നൽകിയിരുന്നു. വിമാനത്തിന്റെ പൈലറ്റാണ് മുകേഷ് അംബാനി ഇരട്ടക്കുട്ടികളുടെ അച്ഛനായ വിവരം യാത്രാമധ്യേ അനൗൺസ് ചെയ്തത്. ഒരു ആൺകുഞ്ഞും പെൺകുഞ്ഞുമാണ് ജനിച്ചതെന്നും പൈലറ്റ് അറിയിച്ചിരുന്നു. അമേരിക്കയിൽ എത്തിയശേഷം മുകേഷ് അംബാനിയും നിതയും മക്കൾക്ക് എന്ത് പേര് നൽകണമെന്ന് തിരക്കിട്ട ചർച്ചകൾ ആരംഭിച്ചു. ഒടുവിൽ അംബാനി തന്നെയാണ് മക്കൾക്കുള്ള പേര് തിരഞ്ഞെടുത്തത്. അതിന് പിന്നിൽ അദ്ദേഹത്തിന് വ്യക്തമായ കാരണങ്ങളും ഉണ്ടായിരുന്നു.
വിമാനത്തിൽ ഇരുന്നുകൊണ്ട് താഴെ മലനിരകളുടെ കാഴ്ച ആസ്വദിക്കുന്നതിനിടയാണ് മകൾ ജനിച്ച വാർത്ത അംബാനി അറിഞ്ഞത്. അതിനാൽ പർവതങ്ങളുടെ ദേവത എന്ന് അർഥം വരുന്ന ഇഷ എന്ന പേര് തന്നെ പെൺകുഞ്ഞിന് നൽകി. ആകാശത്തിലൂടെയുള്ള യാത്രയ്ക്കിടെ അച്ഛനായതിനാലാണ് മകന് ആകാശ് എന്ന പേര് തിരഞ്ഞെടുത്തത്. അങ്ങനെ മക്കളുടെ ജനനവും ജീവിതവുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്ന പേരുകൾ തന്നെ അവർക്ക് നൽകാനും അംബാനി കുടുംബത്തിന് സാധിച്ചു.
1991 ൽ ആയിരുന്നു ആകാശിന്റെയും ഇഷയുടെയും ജനനം. മൂന്നു പതിറ്റാണ്ടുകൾക്കിപ്പുറം 2022 ൽ അംബാനി കുടുംബത്തിൽ വീണ്ടും ഇരട്ട കുട്ടികൾ ജനിച്ചു. ഇഷ അംബാനിയാണ് നവംബർ മാസത്തിൽ ഇരട്ടക്കുഞ്ഞുങ്ങൾക്കു ജന്മം നൽകിയത്. ഇവരുടെ ജനനവും അമേരിക്കയിൽവച്ചു തന്നെയായിരുന്നു എന്നതാണ് മറ്റൊരു യാദൃഛികത. കൃഷ്ണ, ആദിയ എന്നിങ്ങനെയാണ് കുട്ടികൾക്ക് പേര് നൽകിയിരിക്കുന്നത്.