‘നിൽക്കുന്നത് സഞ്ജുവാണെന്ന് കരുതി; പക്ഷേ, അത് ചേട്ടന്റെ മൃതദേഹം’: മുണ്ടക്കൈയിൽ ആദ്യം കണ്ട ഭീകരകാഴ്ചകൾ!
വയനാട്ടിലെ ചൂരൽമലയിലുണ്ടായ ഉരുൾപ്പൊട്ടലിന്റെ നടുക്കത്തിലാണ് ഇപ്പോഴും കേരളം. ഉറ്റവരെ കാത്ത് ആശുപത്രിയിലും മറ്റും നിരവധിപേരാണ് കഴിയുന്നത്. ഇനിയും എത്ര ജീവനുകളാണ് മണ്ണിനടിയിലുള്ളതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ഈ മഹാദുരന്തത്തിന്റെ വ്യാപ്തി എത്രത്തോളമാണെന്നത് വാക്കുകൾക്ക് അതീതമാണ്. നിരവധിപേർ
വയനാട്ടിലെ ചൂരൽമലയിലുണ്ടായ ഉരുൾപ്പൊട്ടലിന്റെ നടുക്കത്തിലാണ് ഇപ്പോഴും കേരളം. ഉറ്റവരെ കാത്ത് ആശുപത്രിയിലും മറ്റും നിരവധിപേരാണ് കഴിയുന്നത്. ഇനിയും എത്ര ജീവനുകളാണ് മണ്ണിനടിയിലുള്ളതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ഈ മഹാദുരന്തത്തിന്റെ വ്യാപ്തി എത്രത്തോളമാണെന്നത് വാക്കുകൾക്ക് അതീതമാണ്. നിരവധിപേർ
വയനാട്ടിലെ ചൂരൽമലയിലുണ്ടായ ഉരുൾപ്പൊട്ടലിന്റെ നടുക്കത്തിലാണ് ഇപ്പോഴും കേരളം. ഉറ്റവരെ കാത്ത് ആശുപത്രിയിലും മറ്റും നിരവധിപേരാണ് കഴിയുന്നത്. ഇനിയും എത്ര ജീവനുകളാണ് മണ്ണിനടിയിലുള്ളതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ഈ മഹാദുരന്തത്തിന്റെ വ്യാപ്തി എത്രത്തോളമാണെന്നത് വാക്കുകൾക്ക് അതീതമാണ്. നിരവധിപേർ
വയനാട്ടിലെ ചൂരൽമലയിലുണ്ടായ ഉരുൾപ്പൊട്ടലിന്റെ നടുക്കത്തിലാണ് ഇപ്പോഴും കേരളം. ഉറ്റവരെ കാത്ത് ആശുപത്രിയിലും മറ്റും നിരവധിപേരാണ് കഴിയുന്നത്. ഇനിയും എത്ര ജീവനുകളാണ് മണ്ണിനടിയിലുള്ളതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ഈ മഹാദുരന്തത്തിന്റെ വ്യാപ്തി എത്രത്തോളമാണെന്നത് വാക്കുകൾക്ക് അതീതമാണ്. നിരവധിപേർ ദുരന്തമുഖത്ത് കൈമെയ് മറന്ന് രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന കാഴ്ചയും. ദുരന്തമുഖത്ത് ആദ്യം എത്തിയപ്പോൾ കണ്ട ഭീകരമായ കാഴ്ചകൾ മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുകയാണ് രക്ഷാപ്രവർത്തനത്തിലേർപ്പെട്ട പ്രദേശവാസി രോഹിത്. ഭൂരിഭാഗവും ചെളിയിൽ പൂണ്ട മനുഷ്യരും പാതിയറ്റുപോയ മൃതദേഹങ്ങളും നടുക്കുന്ന കാഴ്ചയായിരുന്നു എന്ന് രോഹിത് വിവരിക്കുന്നു.
രോഹിത്തിന്റെ വാക്കുകൾ
‘‘മുണ്ടക്കൈ സ്വദേശിയായ തൃശൂരിൽ ജോലിചെയ്യുന്ന സുഹൃത്ത് വിളിച്ച് അറിയിച്ചപ്പോഴാണ് ഇങ്ങനെയൊരു സംഭവമുണ്ടായതായി അറിയുന്നത്. പുലർച്ചയോടെ ചൂരൽമല ടൗണിൽ എത്തിച്ചേർന്നു. ചെളിയും മണ്ണും കല്ലുമെല്ലാം നിറഞ്ഞിരിക്കുന്ന കാഴ്ചയായിരുന്നു ഇവിടെ കണ്ടത്. ആ സമയത്ത് ഒന്നും ചെയ്യാൻ പറ്റുന്ന സാഹചര്യമുണ്ടായിരുന്നില്ല. പിന്നീട് ജെസിബിയെത്തി മണ്ണെല്ലാം നീക്കം ചെയ്തു. ചൂരല്‍മല ടൗണില്‍ നിന്ന് സ്കൂൾ റോഡിലേക്ക് കയറിയപ്പോൾ വലിയ മരത്തടികൾ വന്ന് സ്കൂൾ റോഡ് അടഞ്ഞു കിടക്കുകയായിരുന്നു. സ്കൂളിന്റെ ഭാഗത്തേക്ക് ചെന്നപ്പോൾ കെട്ടിടത്തിനുള്ളിലൂടെ വരെ വലിയൊരു നദി ഒഴുകുന്നതായാണ് കണ്ടത്. മൂന്ന് മൃതദേഹങ്ങൾ അവിടെനിന്ന് കണ്ടെടുത്തു. വെളിച്ചം വരുന്നതു വരെ അവിടെ തന്നെ നിൽക്കേണ്ടതായി വന്നു. നേരം പുലരാൻ തുടങ്ങിയപ്പോഴാണ് ഇതിന്റെയൊരു ഭീകര രൂപം വ്യക്തമായത്. മരത്തടികളുടെ മുകളിലൂടെ കയറിപോയപ്പോഴാണ് പകുതി തകർന്ന ഒരു വീട്ടിൽ നിന്ന് ഒരു അമ്മയെയും രണ്ടു മക്കളെയും രക്ഷിക്കാൻ സാധിച്ചത്.
ഉരുൾപ്പൊട്ടൽ ബാധിക്കാത്ത പ്രദേശങ്ങളിൽ നിന്നുള്ള ആളുകളും അപ്പോഴേക്ക് അവിടെ രക്ഷാപ്രവർത്തനത്തിനെത്തി. അപ്പോഴാണ് അവിടെ എത്രത്തോളം വീടുകളുണ്ടായിരുന്നു എന്ന് മനസ്സിലായത്. അതിന്റെ അടിസ്ഥാനത്തിൽ വീണ്ടും തിരച്ചിൽ തുടങ്ങി. അപ്പോഴേക്കും ഫയർഫോഴ്സും ദുരിതാശ്വാസ പ്രവർത്തകരും അവിടേക്കെത്തി. ഒട്ടേറെ മൃതശരീരങ്ങളാണ് മണ്ണിനടിയിൽ നിന്ന് കണ്ടെടുത്തത്. പിന്നീട് മുണ്ടക്കൈയിലേക്ക് എങ്ങനെ കടക്കാം എന്നാലോചിച്ചു. അപ്പോഴാണ് പാലം ഒലിച്ചുപോയതായി അറിയാൻ കഴിഞ്ഞത്. മുട്ടിന്റെ മേൽഭാഗം വരെ ചെളിയിൽ പൂണ്ടു പോകുന്ന സാഹചര്യമായിരുന്നു അവിടെ ഉണ്ടായിരുന്നത്. പുഴയുടെ ഒഴുക്കും ചെളിയും കാരണം അക്കരെ എത്തുക എന്നത് ശ്രമകരമായ ദൗത്യമായിരുന്നു. സ്കൂൾ റോഡിലൂടെ മുകളിലേക്ക് പോയാൽ പടിവെട്ടിക്കുന്നിൽ നിന്ന് മുണ്ടക്കൈയിലേക്ക് ഒരു ഇരുമ്പുപാലം ഉള്ളതായി അറിയാൻ കഴിഞ്ഞു. അങ്ങനെ അവിടേക്ക് പോയി. ഇരുമ്പുപാലത്തിനു കേടുപാടുകൾ സംഭവിച്ചിരുന്നില്ല. അങ്ങനെ ഒരു പുഴ മുറിച്ചു കടന്നു. ഒലിച്ചുപോയ പാഡികളെല്ലാം ഉള്ളസ്ഥലത്തേക്ക് എത്തി. പരന്നൊഴുകിയ പുഴ അവിടെ വീതി കുറഞ്ഞിരുന്നു. തുടർന്ന് വലിയ മരത്തടി കൊണ്ടുവന്ന് പുഴയ്ക്കു കുറുകെയിടാൻ ശ്രമിച്ചു. പക്ഷേ, സാധിച്ചില്ല. എന്നാൽ അവിടെ നിന്ന് ഒരു കോടാലി സംഘടിപ്പിച്ച് കവുങ്ങ് മുറിച്ചിട്ടു. അപ്പോൾ മുണ്ടക്കൈ ഫാക്ടറിക്ക് സമീപം ഒരാൾ പാതി ചെളിയിൽ പൂണ്ട് പോയി രക്ഷിക്കാൻ കൈകളുയർത്തി അഭ്യർഥിച്ച് നിൽപ്പുണ്ടായിരുന്നു.
തുടർന്ന് അപ്പുറത്തുള്ള ട്രീവാലി റിസോർട്ടിലുള്ള സുഹൃത്തിനെ വിളിച്ചു. മറുകരയിലേക്ക് വടം എറിഞ്ഞു തരാം അത് അവിടെ കെട്ടിയാൽ മാത്രമേ രക്ഷാപ്രവർത്തകർക്ക് അപ്പുറത്തേക്ക് എത്താൻ സാധിക്കൂ എന്ന് പറഞ്ഞു. അര വരെ ചെളിയിലൂടെയാണ് അവർ നാലഞ്ചുപേർ ഇവിടേക്ക് എത്തിയത്. നമ്മളെറിഞ്ഞു കൊടുത്ത വടം അവർ മാവിൽ കെട്ടി. അതുവഴിയാണ് ഫയർഫോഴ്സിലെ നാലഞ്ചു പേർ ആദ്യം അവിടേക്ക് എത്തുന്നത്. അവര്‍ ചെളിയിൽ മുങ്ങിപ്പോയ ആളെ രക്ഷപ്പെടുത്താൻ അവിടേക്ക് പോയി. ഞങ്ങൾ അപ്പോഴേക്കും കവുങ്ങ് അവിടേക്ക് എത്തിച്ച് പുഴയ്ക്കു കുറുകെയിട്ടു. തുടർന്ന് വടത്തിൽ പിടിച്ച് കവുങ്ങിലൂടെ ഞങ്ങൾ മറുകരയിലേക്ക് എത്തി.
ചെളിയിലൂടെ തന്നെ നടന്ന് മുണ്ടക്കൈയിലെക്കു പോയി. അവിടത്തെ എൽപി സ്കൂളിൽ പരിശോധനനടത്തി. പിന്നീട് അവിടത്തെ റോഡിലൂടെ മുകളിലേക്കു പോയപ്പോൾ ഭീകരമായ കാഴ്ചയാണ് കണ്ടത്. വലിയ മരങ്ങള്‍ വന്ന് പാഡികളുടെ ചുവരിലൂടെ തുളച്ച് അകത്തേക്ക് പോയിരിക്കുന്നു. പാഡികളിലെല്ലാം മൃതശരീരങ്ങൾ കിടക്കുന്നുണ്ട്. അവിടെ തദ്ദേശീയരായ ചിലര്‍ എത്തിയപ്പോൾ അവരോട് രക്ഷപ്പെടുത്താൻ ഇനി ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചു. രക്ഷപ്പെടുത്താവുന്ന കുറെപേരെയൊക്കെ അവർ രക്ഷപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, അവർക്ക് സാധിക്കാത്ത നിരവധിപേരുണ്ടെന്നു പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ മുണ്ടക്കൈ ടൗണിലെത്തി. അവിടെയാകെ വലിയരീതിയിൽ ചെളി അടിഞ്ഞു കിടക്കുകയായിരുന്നു. അവിടെ ഇടിഞ്ഞുവീണ ജനലിനുള്ളിൽ കാല് കുടുങ്ങി ഒരാൾ കിടപ്പുണ്ടെന്നു പറഞ്ഞു. ഫയർഫോഴ്സ് എത്തി അദ്ദേഹത്തെ രക്ഷിച്ചു.
സഞ്ജു എന്നൊരാൾ സ്ലാബിനുള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. സഞ്ജുവിന്റെ കരച്ചിൽ കേൾക്കാമായിരുന്നു. അവിടേക്ക് നടന്നു പോകുമ്പോൾ ഒരാൾ സ്ലാബിൽ കാൽകുടുങ്ങി തിരിഞ്ഞു നിൽക്കുന്നതായി കണ്ടു. ഞങ്ങളെല്ലാം അതാണ് സഞ്ജു എന്നു കരുതിയാണ് മുന്നോട്ട് നടന്നത്. പക്ഷേ പിന്നീടാണ് മനസ്സിലായത്. സ്ലാബിനടിയിൽപ്പെട്ട് മരിച്ച ചേട്ടന്റെ മൃതദേഹമായിരുന്നു നില്‍ക്കുന്ന രീതിയിൽ കണ്ടത്. നിന്നനിൽപ്പിൽ അദ്ദേഹം മരിക്കുകയായിരുന്നു. അതിനും അടിയിലാണ് സഞ്ജു കുടുങ്ങികിടന്നിരുന്നത്. സഞ്ജുവിനെ രക്ഷിച്ചു. പക്ഷേ, അദ്ദേഹത്തിന്റെ ചേട്ടന്റെ മൃതദേഹം അവിടെ നിന്ന് മാറ്റാന്‍ കഴിഞ്ഞില്ല. മുണ്ടക്കൈ ടൗൺ മുഴുവൻ അപ്രത്യക്ഷമായ ഒരു ഭീകരാവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. ജനങ്ങൾ തിങ്ങിപ്പാർത്ത ഒരു പ്രദേശത്ത് ആകെ ചെളി മാത്രമായിരുന്നു അവശേഷിച്ചത്. ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നു അത്.
പാഡികളിലൊന്നും ആരും ജീവനോടെയില്ല എന്ന് അവിടെ കൂടിയവർ പറഞ്ഞു. അവിടെ നടത്തിയ പരിശോധനയിൽ കണ്ടത് ഭയാനകമായ കാഴ്ചയായിരുന്നു. വയറിനു താഴെയുള്ള ഭാഗം അറ്റുപോയ നിലയിലാണ് ഒരാളുടെ മൃതദേഹം കണ്ടത്. പത്തോളം മൃതദേഹങ്ങൾ അവിടെനിന്നു കണ്ടെത്തിയിരുന്നു. തുടർന്ന് രക്ഷിച്ചവർക്ക് ഭക്ഷണവും പ്രാഥമിക ചികിത്സയും നൽകാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. തലച്ചുമടായിഅങ്ങോട്ട് സാധനങ്ങൾ എത്തിച്ചു. തുടർന്ന് ആളുകളെ താഴേക്ക് ഇറക്കാന്‍ തുടങ്ങി.’’– രോഹിത് പറഞ്ഞു.