ADVERTISEMENT

‘പൊക്കമില്ലായ്മയാണെന്റെ പൊക്കം’ എന്ന കുഞ്ഞുണ്ണിമാഷിന്റെ വരികൾ ജീവിതത്തിലൂടെ അന്വർഥമാക്കുകയാണ് അമലും സിത്താരയും. പരസ്പരമുള്ള തീവ്രമായ സ്നേഹമാണ് ഇവരുടെ ഉയരത്തിന്റെ മാനദണ്ഡം. ആ രാത്രി തന്റെ ഫോണിലേക്കെത്തിയ സന്ദേശം ജീവിതത്തിൽ പുതിയൊരു വഴിത്തിരിവാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല അമൽ. ഉപേക്ഷിച്ചുകളയാൻ സാധിക്കാത്ത വിധം തന്നെ ഒരാൾ സ്നേഹിക്കുന്നു എന്ന തിരിച്ചറിവിൽ നിന്നാണ് അമൽ സിത്താരയെ കാണാനായി ആറന്മുളയിലേക്ക് വണ്ടികയറിയത്. അവിടെ തുടങ്ങിയത് അമലിന്റെയും സിത്താരയുടെയും ജീവിതയാത്ര...

സമൂഹമാധ്യമത്തിൽ ഏറെ ശ്രദ്ധനേടിയിരുന്നു പത്തനംതിട്ട കോഴഞ്ചേരി സ്വദേശി സിത്താരയുടെയും കോഴിക്കോട് കൊയിലാണ്ടി സ്വദേശി അമലിന്റെയും വിവാഹം. അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് കയറിവന്ന പ്രണയം പിന്നീട് പാതിജീവനായ കഥ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് അമലും സിത്താരയും.

അർധരാത്രിയിൽ എത്തിയ ‘ഐ ലൗ യു’

‘‘പൊക്കം കുറഞ്ഞവരുടെ ഒരുവാട്ട്സാപ്പ് ഗ്രൂപ്പ് വഴിയാണ് ഞങ്ങൾ പരിചയപ്പെടുന്നത്. ആ ഗ്രൂപ്പിൽ ഒരു ഓണപ്പരിപാടി വച്ചതിന്റെ കോർഡിനേറ്റർ ഞാനായിരുന്നു. പരിപാടികൾ എല്ലാവരും എനിക്ക് വാട്സാപ്പ് ചെയ്തു തരണം എന്ന് ഞാൻ അതിൽ പറഞ്ഞിരുന്നു. അങ്ങനെ ഒരു ദിവസം സിത്താര പാടിയ പാട്ട് എനിക്ക് വാട്സാപ്പിൽ അയച്ചു തന്നു. പിറ്റേന്ന് അവള്‍ വിഡിയോ പാട്ടുപാടുന്നതിന്റെ വിഡിയോയും അയച്ചു.’’– അമൽ ആ കഥ പറഞ്ഞു തുടങ്ങി. ‘‘രാത്രി ഒരു പന്ത്രണ്ടുമണി നേരത്ത് അവൾ എനിക്ക് ‘ഐ ലൗ യു’ എന്ന് മെസേജ് അയച്ചു. അതുകഴിഞ്ഞ് അൽപസമയം കഴിഞ്ഞപ്പോൾ അവൾ എനിക്ക് വിഡിയോ കോള്‍ ചെയ്തു. പക്ഷേ, ഞാൻ എടുത്തില്ല. അതുകഴിഞ്ഞ് ട്രസ്റ്റിന്റെ സെക്രട്ടറിയോട് ഇങ്ങനെയൊരു പെൺകുട്ടി എനിക്ക് മെസേജ് അയച്ചിട്ടുണ്ടെന്ന് അറിയിച്ചു. ചേച്ചി, എനിക്കിപ്പോൾ അതിനൊന്നും താത്പര്യമില്ലെന്നും ആ കുട്ടിയോട് പറഞ്ഞു മനസ്സിലാക്കണം എന്നും പറഞ്ഞു. ഞാൻ ആ കുട്ടിയോട് വിളിച്ചു സംസാരിക്കാമെന്ന് അവർ മറുപടി നൽകി. കുറച്ചു കഴിഞ്ഞപ്പോൾ ആ ചേച്ചി എന്നെ തിരിച്ചു വിളിച്ചു. അവൾക്കു നിന്നോട് ഭയങ്കര ഇഷ്ടമാണ്. എന്താണു മറുപടി പറയേണ്ടതെന്ന് എന്നോട് ചോദിച്ചു. അപ്പോൾ ചേച്ചി ഒന്നും പറയണ്ട. ഞാൻ സംസാരിക്കട്ടെ എന്നു പറഞ്ഞു.

sitara-amal-wed

കുറച്ചു കഴിഞ്ഞപ്പോൾ എന്നെ വീണ്ടും അവൾ മൊബൈൽ ഫോണിൽ വിളിച്ചു. ഞാൻ ഫോണെടുത്തില്ല. വാട്സാപ്പിൽ വീണ്ടും കുറേസമയമായി വിളിക്കുന്നു. എന്താണെന്ന് അറിയണമല്ലോ എന്നോർത്ത് ഞാൻ ഫോണെടുത്തു. അപ്പോൾ അവൾ എല്ലാം തുറന്നു പറഞ്ഞു. തന്റെ പേര് സിത്താര എന്നാണെന്നും പത്തനംതിട്ട കോഴഞ്ചേരിയിലാണ് താമസമെന്നും പറഞ്ഞു. 21 വർഷത്തോളമായി വാടകവീട്ടിലാണു താമസമെന്നും അവർക്ക് ഒരു സെന്റ് ഭൂമി പോലും ഇല്ലെന്നും പറഞ്ഞു. അച്ഛന് ചെറിയൊരു ജോലിയാണെന്നും പറഞ്ഞു. തന്നെക്കാൾ അൽപം കൂടി ഉയരം മാത്രമേ അമ്മയ്ക്കുള്ളൂ. അതിനാൽ ജോലിക്കൊന്നും പോകാൻ സാധിക്കില്ലെന്നും അവൾ അറിയിച്ചു. എന്നെ ഒരുപാട് ഇഷ്ടമാണെന്നും അവൾ പറഞ്ഞു.’’

ആറന്മുളയിലെ സർപ്രൈസും രാപകൽ സംസാരവും!

‘‘എല്ലാം തുറന്നു പറഞ്ഞപ്പോൾ മോളേ എനിക്കൊന്നു കാണണമെന്ന് ഞാൻ അവളോട് പറഞ്ഞു. അവൾ വരാമെന്നു സമ്മതിച്ചു. ആറന്മുള ക്ഷേത്രത്തിൽ വന്നാൽ മതിയെന്നു ഞാൻ അവളോടു പറഞ്ഞു. സാധാരണ പെൺകുട്ടികളെ പോലെ അവളുടെ ഏതെങ്കിലും കൂട്ടുകാരികളുമായിട്ടായിരിക്കും അവൾ വരിക എന്നാണ് ഞാൻ കരുതിയത്. പക്ഷേ, അവിടെയാണ് ഞാൻ സർപ്രൈസായത്. അവൾ അവളുടെ അമ്മയെയും കൂട്ടിയായിരുന്നു വന്നത്.  അങ്ങനെ അവളുടെ അമ്മയുമായി സംസാരിച്ചു. അതിനുശേഷം ഞാൻ എന്റെ വീട്ടിൽ വന്ന് കാര്യങ്ങളെല്ലാം പറഞ്ഞു. അപ്പോൾ വീട്ടുകാർക്കും ഇഷ്ടമായി.

പിന്നീട് ഞങ്ങൾ എപ്പോഴും ഫോണിൽ സംസാരിക്കാൻ തുടങ്ങി. രാത്രിയും പകലുമെല്ലാം നിരന്തരം ഫോണിൽ സംസാരിച്ചു. രണ്ടുപേർക്കും ഉറക്കം ഒന്നും ഇല്ലല്ലോ എന്ന് വീട്ടിൽ അച്ഛമ്മയൊക്കെ പറഞ്ഞു. അവളുടെ വീട്ടുകാരോട് എന്റെ വീട്ടിലേക്ക് വരാൻ പറയാൻ ആവശ്യപ്പെട്ടു. തുടർന്ന് അവർ എന്റെ വീട്ടിലേക്കു വരികയും ചെയ്തു. തുടർന്ന് വീട്ടുകാർ പരസ്പരം സംസാരിച്ച് ഞങ്ങളുടെ വിവാഹം തീരുമാനിച്ചു.’’

sitara-amal

നിശ്ചയിച്ചതിലും നേരത്തെ അവളെ കൂടെകൂട്ടി

‘‘ഡിസംബർ 29നായിരുന്നു അവർ വിവാഹം തീരുമാനിച്ചത്. സിത്താരയുടെ വീട്ടുകാർക്ക് കുറച്ച് സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നു. അങ്ങനെയിരിക്കെ ഞാൻ ഒരു ദിവസം അവളെ കാണാനായി വീട്ടിൽ പോയി. ഇപ്പോഴത്തെ സ്ഥിതിയിൽ കല്യാണം നടത്താൻ സാധിക്കില്ലെന്ന് അവളുടെ അമ്മ പറഞ്ഞു. അപ്പയ്ക്ക് ജോലിയില്ലാത്തതിനാൽ ഇപ്പോൾ കല്യാണം നടത്താന്‍ സാധിക്കില്ലെന്നായിരുന്നു പറഞ്ഞത്. കുറച്ചുകൂടി സമയം നീട്ടിത്തരണമെന്ന് അമ്മ എന്നോട് പറഞ്ഞു. എന്തിനാണ് അമ്മേ ഇനിയും സമയം എന്ന് ഞാൻ ചോദിച്ചു. അവൾക്ക് എന്തെങ്കിലും കൊടുക്കണ്ടേ എന്നായിരുന്നു അമ്മയുടെ മറുപടി. എനിക്ക് മറ്റൊന്നും വേണ്ട. അവളെ മാത്രം മതിയെന്ന് ഞാൻ അമ്മയോട് പറഞ്ഞു. അപ്പോൾ അമ്മ ഞങ്ങളോട് ആറന്മുള അമ്പലത്തിൽ പോയി തൊഴുതുവരാൻ പറഞ്ഞു. അവളുടെ അമ്മ ആറന്മുള അമ്പലത്തിലേക്ക് വിളിച്ചു തന്ന ഓട്ടോറിക്ഷയിൽ തന്നെ ഞങ്ങൾ കോഴഞ്ചേരി ബസ് സ്റ്റാൻഡിലേക്ക് പോയി. അവിടെ നിന്ന് ചെങ്ങന്നൂർ റെയില്‍വേ സ്റ്റേഷനിലേക്കു ബസ്സിൽ പോയി. അവിടെ നിന്ന് ട്രെയിൻ കയറി. ഭിന്നശേഷിക്കാർക്കുള്ള കോച്ചിലാണ് കയറിയത്. പിറകിലുള്ള ഗാർഡിനോട് ഞങ്ങൾ രണ്ടുപേർ മാത്രമേ കോച്ചിലുള്ളൂ എന്നു പറഞ്ഞു. ഞങ്ങളൊരു പ്രോഗ്രാം കഴിഞ്ഞ് വരികയാണ്. ഞങ്ങളെ ഒന്നു ശ്രദ്ധിക്കണേ എന്നും പറഞ്ഞു. അപ്പോഴും അവളുടെ അമ്മ വിളിച്ചുകൊണ്ടേയിരുന്നു. അവളുടെ അമ്മ വല്ല പ്രശ്നവും ഉണ്ടാക്കുമോ എന്നായിരുന്നു എന്റെ പേടി. നിങ്ങളെന്താ തിരിച്ചു വരാത്തതെന്ന് അമ്മ ചോദിച്ചു. അപ്പോൾ തൊഴുതുകൊണ്ടിരിക്കുകയാണെന്നു മാത്രം പറഞ്ഞു. പിന്നെ അമ്മയുടെ ഫോൺ സ്വിച്ച് ഓഫ് ആയി. കുറച്ചു കഴിഞ്ഞപ്പോൾ ചേച്ചി വിളിച്ച് സിത്താരയുടെ അമ്മയോട് നീ അവളെ കൂട്ടി പോന്നു എന്ന് പറഞ്ഞിട്ടുണ്ടെന്ന് അറിയിച്ചു. അവിടെ നിന്ന് ഇറങ്ങുമ്പോൾ തന്നെ എന്റെ വീട്ടുകാരെ വിളിച്ച് ഞാൻ കാര്യം പറഞ്ഞിരുന്നു. അന്ന് നേരെ എറണാകുളത്തുള്ള എന്റെ ചേച്ചിയുടെ വീട്ടിലേക്കാണു വന്നത്. പിറ്റേന്നു രാവിലെ കോഴിക്കോടേക്കു പോയി. അവിടെവച്ചായിരുന്നു വിവാഹം.

എന്നെ പോലൊരാളെ മതി!

ഒരുപാട് പരിഹാസങ്ങൾ നേരിട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ നമ്മുടെ കാറ്റഗറിയിൽപ്പെടുന്ന ഒരാൾ മതിയെന്ന് ഞാൻ നേരത്തേ തന്നെ തീരുമാനിച്ചിരുന്നു. ട്രെയിൻ കയറാനൊക്കെ നിൽക്കുമ്പോൾ ഒരുപാടുപേർ നമ്മളെ അദ്ഭുതത്തോടെ നോക്കി സംസാരിക്കുകയും കളിയാക്കി ചിരിക്കുകയും ചെയ്യും. എറണാകുളത്ത് റെയിൽവേ സ്റ്റേഷനിലിറങ്ങിയപ്പോൾ ചേച്ചിയുടെ മോൾക്ക് ഒരു മിട്ടായി വാങ്ങുന്നതിനായി ഒരു കടയിൽ പോയി. അവിടെ നിൽക്കുമ്പോൾ കുറച്ചു ചേച്ചിമാർ വന്ന് മക്കൾ സ്കൂളിലേക്കു പോവുകയാണോ എന്നു ചോദിച്ചു. അത് ഞങ്ങളെ വല്ലാതെ വേദനിപ്പിച്ചു.

sitara-amal-wedding

സ്ഥിരമായി ഒരു ജോലിയില്ലാത്തതാണ് അമലും സിത്താരയും നേരിടുന്ന പ്രശ്നം. ചേച്ചി നടത്തുന്ന ഹോസ്റ്റലിൽ സഹായിയായി നിൽക്കുകയാണ് അമൽ. പലതവണ ജോലിക്ക് ശ്രമിച്ചെങ്കിലും ആരും വിളിച്ചില്ലെന്ന് സിത്താരയും കൂട്ടിച്ചേർത്തു. ‘‘ഒരിക്കൽ ഒരു ഇന്റർവ്യൂവിന് വിളിച്ചു. എന്റെ ഫോട്ടോ കണ്ടാണ് വിളിച്ചത്. അവർ പറഞ്ഞ ദിവസം ഞാൻ ജോലിയുടെ അഭിമുഖത്തിനായി പോയി. എന്നെ കണ്ടപ്പോൾ അത് എന്റെ ഫോട്ടോ തന്നെയാണോ എന്ന് അവർ ചോദിച്ചു. അതെ എന്ന് ഞാൻ മറുപടി നൽകി. അപ്പോൾ ശരി പിന്നെ വിളിക്കാം എന്നു പറഞ്ഞ് ഇതുവരെയും വിളിച്ചിട്ടില്ല.’’– സിത്താര പറഞ്ഞു. പൊക്കമില്ലാത്തതിനാലാണ് തന്നെ ഒഴിവാക്കിയതെന്നു പിന്നീട് മനസ്സിലായെന്നും സിത്താര കൂട്ടിച്ചേർത്തു. സ്വന്തമായി ഒരു വീടും ജീവിക്കാൻ ഒരു ജോലിയും വേണമെന്ന് മാത്രമാണ് ഇനി തങ്ങളുടെ ആഗ്രഹമെന്നും ഇരുവരും പറയുന്നു.

English Summary:

Love Knows No Bounds: Kerala Couple's Unconventional Love Story Goes Viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com