ദൈവത്തെ നേരിൽ കണ്ട നിമിഷം ഓർത്ത് സുനു വർഗീസ്
Mail This Article
കൊച്ചി ∙‘ ആ കണ്ണുകളിലെ ആഴം ഞങ്ങൾക്ക് ദൈവത്തെ കാണിച്ചു തന്നു, അത് എളിമയുള്ള ദൈവമായിരുന്നു. അദ്ദേഹത്തിന്റെ മുന്നിൽ ഒന്നുമല്ലാത്ത ഞാൻ പോലും എത്ര അഹങ്കാരത്തോടെയാണ് അതുവരെ ജീവിച്ചിരുന്നതെന്നും അന്നു തിരിച്ചറിഞ്ഞു.’ രത്തൻ ടാറ്റയെ ഓർത്ത് സുനു വർഗീസ് തനിക്ക് എല്ലാം നഷ്ടപ്പെടുത്തിയ 2008 ലെ മുംബൈ താജ് പാലസ് ഭീകരാക്രമണത്തെ വീണ്ടും മറക്കാൻ ശ്രമിച്ചു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കടുങ്ങല്ലൂർ കണിയാംകുന്ന് വാഴക്കുന്നത്ത് വർഗീസ് തോമസിന്റെ ഭാര്യയാണ് സുനു.
‘രത്തൻ ടാറ്റ: എ ലൈഫ്’ എന്ന ജീവചരിത്രം എഴുതാൻ ഡോ.തോമസ് മാത്യു നേരിൽ സംസാരിച്ചവരുടെ കൂട്ടത്തിൽ സുനുവുണ്ട്. പുസ്തകത്തെ കുറിച്ചുള്ള തോമസ് മാത്യുവിന്റെ അവതരണം കേൾക്കാൻ എത്തിയപ്പോഴും സുനു വീണ്ടും സംസാരിച്ചു, തന്നെ പോലെ ഒരുപാടു പേരെ രത്തൻ ടാറ്റ ജീവിതത്തിലേക്കു പിടിച്ചുയർത്തിയതിനെപ്പറ്റി.
താജ് പാലസിലെ ജാപ്പനീസ് റസ്റ്ററന്റിലെ ടീം ക്യാപ്റ്റനായിരുന്നു വർഗീസ്. അന്നു സ്വന്തം ജീവൻ അപായപ്പെടുത്തി വർഗീസ് അടക്കമുള്ള ടാറ്റ ജീവനക്കാർ പലരെയും രക്ഷപ്പെടുത്തി. കൊല്ലപ്പെട്ട 11 ജീവനക്കാരുടെ കുടുംബത്തെ മാത്രമല്ല ടാറ്റ ചേർത്തു പിടിച്ചത്. അന്ന് ഉറ്റവരെ നഷ്ടപ്പെട്ട 200 കുടുംബാംഗങ്ങളെയും അദ്ദേഹം സംരക്ഷിച്ചു.
‘വർഗീസിന്റെ ശമ്പളം ഇന്നും എനിക്കു ലഭിക്കുന്നുണ്ട്. പിന്നീട് താജ് പബ്ലിക് സർവീസ് വെൽഫെയർ ട്രസ്റ്റിൽ ജോലി ലഭിച്ചപ്പോഴും അതു തുടർന്നു, ജോലിയിൽ നിന്നു പിരിഞ്ഞ ശേഷവും അതു തുടരുന്നു. രണ്ട് ആൺമക്കളും 25 വയസ്സു തികയുന്നതുവരെ പഠനച്ചെലവും രത്തൻ ടാറ്റയാണു തന്നത്.’
കൊല്ലപ്പെടുമ്പോൾ വർഗീസിനു 48 വയസ്സായിരുന്നു. അതിഥികളും ജീവനക്കാരും അടക്കം 58 പേരെ രക്ഷിച്ചാണു വർഗീസ് മരണത്തിനു കീഴടങ്ങിയത്.
അക്കൊല്ലം ഡിസംബർ 4നാണു സുനു ആദ്യമായി രത്തൻ ടാറ്റയെ നേരിട്ടു കണ്ടത്. ആക്രമണത്തിൽ കൊല്ലപ്പെടുകയും പരുക്കേൽക്കുകയും ചെയ്തവരുടെ കുടുംബാംഗങ്ങൾക്കായി മുംബൈ താജിൽ സംഘടിപ്പിച്ച സംഗമത്തിൽ. ‘വർഗീസിന്റെ മരണത്തിലൂടെ ഞങ്ങൾക്കു നഷ്ടപ്പെട്ടതു ‘ഗോൾഡൻ സ്റ്റാഫി’നെയാണ്. നിങ്ങൾക്കുണ്ടായ നഷ്ടമാകട്ടെ ഒരിക്കലും നികത്താനാവാത്തതും. ആശ്വസിപ്പിക്കാൻ വാക്കുകളില്ല. നിങ്ങൾക്കൊപ്പം എന്നും ഞങ്ങളുണ്ടാകും’– രത്തൻ ആ വാക്കുകൾ പാലിച്ചു. സുനുവിനോടും കുടുംബത്തോടും മാത്രമല്ല, അന്നവിടെ എത്തിയ എല്ലാവരോടും.
തനിക്കും മക്കൾക്കും ഉണ്ടായ വ്യക്തിപരമായ നഷ്ടം വലുതാണെങ്കിലും ജോലി ചെയ്ത സ്ഥാപനത്തിനു വേണ്ടി ഭർത്താവ് ജീവത്യാഗം ചെയ്തതിൽ അഭിമാനം കൊള്ളുന്നുവെന്ന സുനുവിന്റെ മറുപടി രത്തൻ ടാറ്റ ഓർത്തുവച്ചു. താജിന്റെ തകർച്ചയിൽ തളർന്നുപോയ തനിക്ക് സുനുവിന്റെ വാക്കുകൾ മനോധൈര്യം പകർന്നുവെന്നു ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ രത്തൻ ടാറ്റ എഴുതുകയും ചെയ്തു.