‘യുകെയിൽ നിന്നൊരു വട്ടുവന്നു, ഇന്ത്യയിലെ വട്ടുമായി കണ്ടുമുട്ടി: പിന്നെ പറയാനുണ്ടോ’
Mail This Article
സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന വിഡിയോയിലൂടെ ശ്രദ്ധേയമായ വ്യക്തിയാണ് റീന. പ്രായമൊക്കെ വെറും നമ്പറല്ലേ എന്നു വ്യക്തമാക്കികൊണ്ട് റീന പങ്കുവയ്ക്കുന്ന വിഡിയോകൾക്ക് കാഴ്ചക്കാരേറെയാണ്. എന്നാൽ ലുക്കിലും സ്റ്റൈലിലുമെല്ലാം ഏറെ വിമർശനങ്ങളും അവർ നേരിട്ടു. ഇപ്പോഴിതാ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ പങ്കുവച്ച റീനയുെട മനോഹരമായ മേക്ക് ഓവർ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
വധുവിന്റെ ലുക്കിലുള്ള റീനയുടെ ചിത്രങ്ങളും വിഡിയോയുമാണ് രഞ്ജു രഞ്ജിമാർ പങ്കുവച്ചത്. ‘‘ഓരോ മനുഷ്യർക്കും മോഹങ്ങളും ഉണ്ടാകും. റീന ചേച്ചി എന്നും എനിക്കൊരു എനർജി ഡ്രിങ്ക് പോലെയാണ്. എപ്പോ സംസാരിച്ചാലും മേക്കപ്പിനെ കുറിച്ചൊക്കെ പറയും. ഞാനും തമാശയ്ക്ക് പറയും. കൊച്ചിങ്ങു പോരെ. നമുക്കു മേക്കപ്പ് ചെയ്യാം എന്നൊക്കെ. സത്യം പറഞ്ഞാൽ ഒട്ടും പ്ലാൻ അല്ലായിരുന്നു. കാരണം മേക്കപ്പ് വർക്ക്ഷോപ്പ് കൊല്ലത്തു നടക്കുന്നു. അതിന്റെ തിരക്ക്. ഇടയ്ക്കു അക്കാദമിയിൽ പോയി കുട്ടികളെ കാണാൻ. ഡോറയിൽ പോകണം. ജസ്റ്റ് ഒന്നു കാണാം എന്ന് മാത്രമേ വിചാരിച്ചുള്ളൂ. വന്നപ്പോ എല്ലാം മാറി ഉടനെ പിള്ളേർ വിട്ടിൽ പോയി സാരി എടുത്തു. സുധി പൂവും വാങ്ങി വന്നു.’’ എന്ന കുറിപ്പോടെയാണ് റീനയുടെ മേക്ക് ഓവർ ചിത്രങ്ങൾ രഞ്ജു രഞ്ജിമാർ പങ്കുവച്ചത്. 39 മിനിറ്റുകൊണ്ടാണ് റീനയെ ഒരുക്കിയതെന്നും രഞ്ജു പറയുന്നു. റീനയും താനും ഒരുപോലെ സന്തോഷത്തിലാണെന്നും രഞ്ജു സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
ബ്രൈഡൽ ലുക്കിലുള്ള റീനയ്ക്കൊപ്പം ചുവടുവയ്ക്കുന്ന വിഡിയോയും രഞ്ജു പങ്കുവച്ചു. ‘യുകെയിൽ നിന്നും ഒരു വട്ടു വന്നു ഇന്ത്യയിലെ വട്ടുമായി കണ്ടുമുട്ടി. പിന്നെ പറയാൻ ഉണ്ടോ’ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്. മാമ്പഴ മഞ്ഞയിൽ കരിനീല ബോർഡർ വരുന്ന പട്ടുസാരിയിലാണ് റീനയുടെ ബ്രൈഡൽ ലുക്കിൽ രഞ്ജു ഒരുക്കിയത്. പിന്നിയിട്ട മുടി താമരപ്പൂവും മുല്ലപ്പൂവും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ഹെവി മേക്കപ്പാണ്. പിങ്ക് ഷെയ്ഡ് ലിപ്സ്റ്റിക്. കല്ലുകൾ പതിച്ച വലിയ ജിമിക്കി കമ്മലും ചോക്കറും വളകളും നെറ്റിച്ചുട്ടിയുമാണ് ആക്സറീസ്.
റീനയുടെ മേക്ക് ഓവർ വിഡിയോയ്ക്കു താഴെ നിരവധി കമന്റുകളും എത്തി. റീനച്ചേച്ചിയെ ഇത്രയും ഭംഗിയിൽ മുന്‍പ് കണ്ടിട്ടില്ലെന്നാണ് പലരും കമന്റ് ചെയ്തത്. വളരെ സുന്ദരിയായിരിക്കുന്നു എന്നിങ്ങനെയുള്ള കമന്റുകളും എത്തി.