ഇന്ത്യ ഞങ്ങളോട് പെരുമാറുന്നതിങ്ങനെ, പട്ടാളക്കാരന്റെ ഫേസ്ബുക്ക് പോസ്റ്റ്

Representative image

അതിര്‍ത്തിയില്‍ രാത്രി നമുക്ക് വേണ്ടി അവര്‍ ഉറക്കമില്ലാതെ ഇരിക്കുന്നു. അതുകൊണ്ടാണ് നാം സുരക്ഷിതരായി, സ്വതന്ത്രരായി ഉറങ്ങുന്നത്. രാഷ്ട്രത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കാന്‍ തയാറായി തന്നെയാണ് ഓരോ പട്ടാളക്കാരനും സൈന്യത്തിലെത്തുന്നത്. അതുകൊണ്ടുതന്നെ സമൂഹത്തില്‍ ഏറ്റവും ബഹുമാന്യവും സ്‌നേഹവും അര്‍ഹിക്കുന്നതും അവര്‍ തന്നെ. എത്രമാത്രം നമുക്ക് അവര്‍ക്കത് തിരിച്ചുനല്‍കാനാകും. ക്വാറയില്‍ പ്രത്യക്ഷപ്പെട്ട വിക്രം ബത്ര എന്ന സൈനികന്റെ പോസ്‌റ് വായിക്കേണ്ടതാണ്. റിപബ്ലിക് ഡേ പരേഡില്‍ പങ്കെടുക്കാനായി ഡല്‍ഹിയില്‍ പോയപ്പോള്‍ പ്രമുഖ ഹോട്ടലില്‍ നിന്നുണ്ടായ അനുഭവമാണ് അദ്ദേഹം വിവരിക്കുന്നത്...

ഞാന്‍ റിപബ്ലിക് ഡേ പരേഡില്‍ പങ്കെടുക്കാനായി ഡല്‍ഹിയില്‍ എത്തിയതായിരുന്നു. ഡല്‍ഹിയില്‍ എനിക്ക് രണ്ട് രാത്രി തങ്ങേണ്ടിയിരുന്നു. താജ് ഹോട്ടലിലാണ് ഞാന്‍ താമസിച്ചത്.

വൈകുന്നേരം ഞാന്‍ റിസപ്ഷനിലേക്ക് വിളിച്ച് എന്റെ ഡ്രസ് അയണ്‍ ചെയ്യുന്നതിനായി പറഞ്ഞു. കുറച്ചു സമയത്തിനുശേഷം ഡ്രസ് വാങ്ങാനായി റൂം സര്‍വീസ് ബോയ് വന്നു. യൂണിഫോം ഇസ്തിരിയിടുന്നതിനായി അവന് കൈമാറി. എന്റെ യൂണിഫോം കണ്ട അവന്‍ ഒന്നമ്പരന്നു. എന്നിട്ട് വിനയത്തോടെ ചോദിച്ചു താങ്കൾ പട്ടാളത്തിലാണോ? ഞാന്‍ മറുപടി പറഞ്ഞു, അതെ. അവന്‍ ഉടനടി പോക്കറ്റില്‍ നിന്ന് മൊബൈല്‍ എടുത്ത് എന്റെ കൂടെ നിന്ന് സെല്‍ഫി എടുത്തു. എന്നിട്ട് പറഞ്ഞു. ഞാന്‍ ആദ്യമായാണ് ഒരു പട്ടാളക്കാരനെ നേരില്‍ കാണുന്നത്. ഇതുവരെ സിനിമകളില്‍ മാത്രമേ കണ്ടിട്ടുള്ളൂ. എന്നിട്ട് ഒരു സല്യൂട്ടും തന്ന് ജയ്ഹിന്ദ് പറഞ്ഞു പോയി.

Representative image

കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ഡോറില്‍ ആരോ മുട്ടുന്ന ശബ്ദം. തുറന്നപ്പോള്‍ സുന്ദരികളായ രണ്ട് പെണ്‍കുട്ടികള്‍. കയ്യില്‍ സ്മാര്‍ട്ട്‌ഫോണുണ്ട്. അവര്‍ക്കും എന്റെ കൂടെനിന്ന് സെല്‍ഫിയെടുക്കണം. എങ്ങനെ പ്രതികരിക്കണമെന്ന് എനിക്കറയില്ലായിരുന്നു. ഒരു വിഡ്ഢിയെപ്പോലെ ഞാന്‍ ചിരിച്ചു. അവര്‍ക്ക് ഞാന്‍ ചോക്ലേറ്റുകള്‍ നല്‍കി.

ഒമ്പത് മണിയായപ്പോള്‍ എനിക്ക് റിസപ്ഷനില്‍ നിന്നും കോള്‍ വന്നു. ഡിന്നറിന് താഴെയെത്തണമെന്നും റൂമില്‍ സര്‍വ് ചെയ്യാന്‍ കഴിയില്ലെന്നും വിനയത്തോടെയുള്ള അറിയിപ്പ്. ഞാന്‍ താഴെപ്പോയി. അവിടുത്തെ ആംബിയന്‍സ് എനിക്ക് വല്ലാതെ ഇഷ്ടമായി. ഭക്ഷണം കഴിക്കാനുള്ള ഹാളിലെത്തിയപ്പോള്‍ മാനേജറുമായി ജീവനക്കാര്‍ കാത്തു നില്‍ക്കുന്നു. മാനേജര്‍ അടുത്തുവന്ന് പറഞ്ഞുഞങ്ങളുടെ ഹോട്ടലിലേക്ക് സ്വാഗതം. താങ്കളെപ്പോലുള്ള ഒരാള്‍ ഇവിടെ താമസിക്കാനെത്തിയതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. എനിക്കൊരു ബൊക്കെയും തന്ന്, എന്നോടൊപ്പം ഡിന്നറിന് ഇരുന്നാണ് അദ്ദേഹം പോയത്.

അടുത്ത ദിവസം, ഞാന്‍ ശരിക്കും അമ്പരന്ന് പോയി. രാഷ്ട്രപതി ഭവനിലേക്ക് എനിക്ക് പോകാന്‍ ഹോട്ടല്‍ ബിഎംഡബ്ല്യു കാര്‍ തന്നിരിക്കുന്നു. ഇത്തരത്തിലുള്ള വിഐപി ട്രീറ്റ്‌മെന്റൊന്നും എനിക്ക് ശീലമില്ല. ഞങ്ങള്‍ പട്ടാളക്കാര്‍ക്ക് ജിപ്‌സിയാണ് പ്രിയം.

ചെക്ക് ഔട്ട് ഡേ, വെക്കേറ്റ് ചെയ്യുന്ന ദിവസം ബില്‍ അടയ്ക്കാനായി ഞാന്‍ റിസപ്ഷനിലെത്തി. എന്റെ എടിഎം കാര്‍ഡ് നല്‍കി.

റിസപ്ഷനിസ്റ്റ്: ഇവിടെ താമസിച്ചതിന് നന്ദി സര്‍. എങ്ങനെയുണ്ടായിരുന്നു താമസം?

ഞാന്‍: വളരെ കംഫര്‍ട്ടബിള്‍ ആിരുന്നു. ബില്‍ തരൂ.

റിസപ്ഷനിസ്റ്റ്: താങ്കളുടെ ഇവിടുത്ത താമസം ഹോട്ടല്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുകയാണ്. നിങ്ങള്‍ ഞങ്ങളുടെ രാജ്യത്തെ കാക്കുന്നു. ഇത് അതിനുള്ള ചെറിയൊരു നന്ദിരേഖപ്പെടുത്തല്‍ മാത്രം. നിങ്ങളുടെ സേവനത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നു.

ബില്‍ അടയ്ക്കാതെ പണം ലാഭിച്ചുവെന്നതിലായിരുന്നില്ല എന്റെ സന്തോഷം. പട്ടാളക്കാര്‍ക്ക് നമ്മുടെ സമൂഹം ഇത്രമാത്രം വില കല്‍പ്പിക്കുന്നുവെന്നതിലായിരുന്നു അഭിമാനം തോന്നിയത്. ഇതില്‍ എന്റെ മനസ് വല്ലാതെ ആഹ്ലാദിച്ചു. എത്ര മഹത്തായ രാജ്യത്തിലാണ് ഞാന്‍ ജീവിക്കുന്നതെന്ന് തോന്നി. അതിനു ശേഷം ഈ സംഭവം വിവരിച്ച് ഞാന്‍ താജ് ഗ്രൂപ്പ് ഹോട്ടല്‍സിന്റെ സിഇഒക്ക് കത്തെഴുതി.

എന്നെ ആശ്ചര്യപ്പെടുത്തി അദ്ദേഹത്തിന്റെ മറുപടി എത്തി. രാജ്യത്തുടനീളമുള്ള താജ് ഹോട്ടലുകളില്‍ സൈനിക ഉദ്യോഗസ്ഥരുടെ താമസത്തിന് ഡിസ്‌കൗണ്ട് നല്‍കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചിരിക്കുന്നു.