Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർത്തവ ദിനങ്ങളിൽ ഇനി സ്ത്രീകൾക്ക് അവധി!

Periods

ആർത്തവ ദിനങ്ങൾ ചില സ്ത്രീകള്‍ക്ക് അ‌ടക്കാൻ കഴിയാത്ത വേദനയുടേതു കൂടിയേതാണ്. മാനസികവും ശാരീരികവുമായ പിരിമുറുക്കത്തിനും സമ്മർദ്ദങ്ങള്‍ക്കുമൊക്കെ ഇടയിൽ തീർത്തും അവശയാകുമ്പോഴും കുടുംബത്തിലെയും ജോലി സ്ഥലത്തെയും ഉത്തരവാദിത്തങ്ങൾ വിട്ടുവീഴ്ച്ച ചെയ്യാതെ പൂർത്തിയാക്കുകയും വേണം. പെയിൻ കില്ലറുകൾ വാരിവിഴുങ്ങി പുറമെ പുഞ്ചിരിച്ചു നടക്കുന്ന പല പെൺകുട്ടികൾക്കും ഈ ദിനങ്ങൾ ഓർക്കുമ്പോൾ തന്നെ അസ്വസ്ഥമാണ്. ഇതിനൊക്കെ പരിഹാരമായി ആർത്തവ ദിനങ്ങളിൽ ശാരീരിക അസ്വാസ്ഥ്യം അനുഭവിക്കുന്ന സ്ത്രീകൾക്ക് പൂർണ വിശ്രമം നൽകാൻ പദ്ധതിയുമായി രംഗത്ത‌െത്തിയിരിക്കുകയാണ് ചൈനയിലെ ഒരു പ്രവിശ്യ. ആര്‍ത്തവ ദിനങ്ങളിൽ ഒന്നോ രണ്ടോ ദിവസമാണ് ഇവർക്കു വേണ്ടി അവധി നൽകാൻ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.

കിഴക്കേ ചൈനയിലെ ആൻഹുയ് പ്രവിശ്യയിലാണ് വരുന്ന മാര്‍ച്ച് മുതൽ പുതിയ തീരുമാനം നിലവില്‍ വരുന്നത്. 67ാമത് വാർഷിക സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. പ്രവിശ്യയിലെ വനിതാ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി. ഡോക്ടറിൽ നിന്നുള്ള സാക്ഷ്യപത്രം നൽകിയാൽ മാത്രമേ അവധി ആർത്തവാവധി നൽകുകയുള്ളു. മാത്രമല്ല പ്രസ്തുത അവധി നൽകാത്ത കമ്പനികൾക്കെതിരെ പിഴയൊടുക്കുകയും ചെയ്യും. തീരുമാനത്തെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ടെങ്കിലും ചിലർ വിമര്‍ശനങ്ങളും ഉയർത്തിയിട്ടുണ്ട്. ഒരേ സ്ഥാപനത്തിൽ അവധിയുടെ കാര്യത്തിൽ പുരുഷനും സ്ത്രീയ്ക്കും രണ്ടുനിയമം വരുന്നത് ഒ‌ട്ടും സ്വീകാര്യമല്ലെന്നും വിവേചന തുല്യമായ നിലപാടാണിതെന്നുമാണ് അവരുടെ വാദം. ജപ്പാൻ, തായ്‍വാൻ, ഇന്തോനേഷ്യ തുടങ്ങി ഇടങ്ങൾ ആർത്തവാവധി നിയമപരമായി അംഗീകരിച്ച രാജ്യങ്ങളാണ്.

related stories