ഷോപ്പിങ്ങിനായി വസ്ത്രശാലയിലേക്കു നടന്നടുക്കുകയാണ് ഒരു പെൺകുട്ടി, സ്വർണ്ണത്തലമുടി, നീണ്ടുമെലിഞ്ഞ ശരീരം, പൂച്ചക്കണ്ണുകൾ, അടിമുടി സുന്ദരിയാണവൾ. അവളെ നോക്കിയിരിക്കുമ്പോഴാണു മുമ്പെ നടക്കുന്ന പെൺകുട്ടിയെ പകർത്തിവച്ചതുപോലെ മറ്റൊരു പെൺകുട്ടി കടന്നു വരുന്നത്. ഇതെന്തു മറിമായം എന്നാലോചിച്ചു തലപുകയ്ക്കുമ്പോഴേക്കും അതാ അടുത്തയാൾ കൂടി, അവൾക്കും ആദ്യത്തെ രണ്ടുപേരുടെ ഫോട്ടോകോപ്പി തന്നെ. അവര്‍ മൂന്നുപേരും ഒന്നിച്ചാണു ജനിച്ചത്. ലോകത്തിൽ വച്ചു തന്നെ ഏറ്റവുമധികം സാമ്യങ്ങളുള്ള ത്രയങ്ങൾ, അഥവാ ഒരു പ്രസവത്തിൽ ജനിച്ച മൂന്നു കുട്ടികൾ.
അയർലൻഡ് സ്വദേശികളായ ലോറ, നികോള, ആലിസണ്‍ എന്നിവരെ വേർതിരിച്ച് പറയുകയെന്നു പറഞ്ഞാൽ പകച്ചു പോവുകയേ വഴിയുള്ളു കാരണം മൂന്നുപേര്‍ക്കും തമ്മിൽ യാതൊരു വ്യത്യാസങ്ങളുമില്ല. ഇരുപത്തിയൊമ്പതുകാരായ മൂന്നുപേർക്കും ഉയരവും വണ്ണവും എല്ലാം ഒരേപോലെയാണ്. ഒറ്റനോട്ടത്തിൽ ആരും തിരിച്ചറിയില്ലെന്നതു തങ്ങൾക്ക് ഏറെ കൗതുകകരമായിരുന്നു അങ്ങനെയാണ് ജീവിതവും യാതൊരു വ്യത്യാസങ്ങളുമില്ലാതെ ആയിരിക്കണമെന്നു തീരുമാനിച്ചത് ലോറ പറയുന്നു. കണ്ണെഴുതുകയോ മുടി ചീവുകയോ ക്രീം പുരട്ടുകയോ എല്ലാം ഒരുപോലെയാണിവർ. മൂവരുടെയും സൗന്ദര്യ വർധക ഉൽപ്പന്നങ്ങളും ഒരേ ബ്രാൻഡുകൾ തന്നെ.
വ്യത്യാസങ്ങളില്ലാത്ത ലോകത്തു ജീവിക്കുന്നത് ഇവർക്കു തൊഴിൽ കൂടിയാണ്, മൂന്നുപേരും മുൻനിര മോഡലുകളാണ്. ട്രിപ്‌ലെറ്റ്സിനെ വച്ചു പരസ്യങ്ങൾ ചെയ്യണമെന്ന ആവശ്യവുമായി നിരവധി പേരാണ് ഇവർക്കരികിലേക്ക് എത്തുന്നത്. സത്യത്തിൽ തങ്ങളുടെ പത്താംവയസു മുതല്‍ കമ്പനികൾ മോഡലിങ് ചെയ്യണമെന്നാവശ്യപ്പെട്ടു മുന്നോട്ടു വന്നിരുന്നുവെന്നു ലോറ പറയുന്നു, പക്ഷേ പതിനഞ്ചു വയസു പൂർത്തിയായതിനു ശേഷമേ മോഡലിങ് ചെയ്യൂ എന്നു തീരുമാനിച്ചിരുന്നു.
കുട്ടിക്കാലം മുതൽക്കേ മൂന്നുപേരും വേർപിരിയാനാവാതെയാണു വളർന്നത്. ഇനി ഏതെങ്കിലും അവസരങ്ങളിൽ വിട്ടു കഴിയുകയാണെങ്കിൽ 'സിസ്റ്റേഴ്സ് വാട്സ്ആപ്' എന്ന ഗ്രൂപ് വഴി പരമാവധി കാര്യങ്ങൾ പങ്കുവെക്കാൻ ശ്രമിക്കും. ഇന്നു ടെലിവിഷൻ ചാനലുകളുടെയും ഇൻറർനാഷണൽ ബ്രാൻഡുകളുടെയുമൊക്കെ പ്രിയപ്പെട്ട മോഡലുകളാണിവർ. കഴിഞ്ഞില്ല, പതിനായിരത്തോളം ഫാൻസുള്ള ഈ ട്രിപ്‌ലെറ്റ്സ് ലോകത്തെ സെക്സിയസ്റ്റ് സിസ്റ്റേഴ്സ് ലിസ്റ്റിലും ഇടം നേടിയിട്ടുണ്ട്.